
ഡെക്കാൻ ഡയറീസ്

അര്ജുന് രവീന്ദ്രന്
I
ഒരുപാട് നാളത്തെ ജോലിത്തിരക്കിന് ശേഷം നാല് ദിവസത്തെ അവധി വീണുകിട്ടിയതാണ്. ഒരു ലോങ്ങ് ബ്രേക്ക് എടുത്തോളൂ എന്ന് ഡി സി മാനേജർ ഉണ്ണിയേട്ടൻ പറഞ്ഞു. പുള്ളി സാധാരണ അങ്ങനെ ഒരു ഓപ്ഷൻ തരാറില്ല.
“നിങ്ങൾ എല്ലാവരും കൂടി ലീവ് എടുത്ത് കറങ്ങാൻ പോയാൽ ഞാൻ ഒറ്റയ്ക്ക് ഇവിടെ എങ്ങനെ ഹാൻഡിൽ ചെയ്യും” എന്ന സ്ഥിരം പല്ലവി ഇത്തവണ ഉണ്ടായില്ല. കഴിഞ്ഞ മാസം കമ്പനി മികച്ച ലാഭം കൊയ്തിരുന്നു. അതിന്റെ പ്രത്യുപകാരമാവാം.
“ദൂരെയെങ്ങും പോവാൻ വയ്യ. ഒരു മൂഡ് ഇല്ല. ഒരു 100 കിമീ ദൂരത്തിനുള്ളിലാണെങ്കിൽ ഓക്കേ”
രാഹുലൻ മുൻകൂർ ആയി പറഞ്ഞിരുന്നു.
മൈസൂരിന്റെ പച്ചപുതച്ച കിഴക്കൻ ഭൂനിലങ്ങൾ സ്വപ്നം കണ്ട ആദിത്യന് തെല്ല് നിരാശ തോന്നി.
പോകേണ്ട സ്ഥലങ്ങളൊക്കെ കഴിഞ്ഞാഴ്ച തന്നെ ആദിത്യൻ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു. പലപ്പോഴും പോയ സ്ഥലങ്ങൾ തന്നെ.
ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലെ വിജനമായ കൊച്ചുകൊച്ചു മലകൾ ആദിത്യന്റെ ദൗർബല്യമാണ്. ട്രിപ്പ് പോവാമെന്നും പറഞ്ഞ് ഓരോ വാരാന്ത്യത്തിലും വല്ല മലയുടേയും കുന്നിന്റേയും മുകളിൽ ഞങ്ങളെ വലിച്ച് കയറ്റും. ചില മലമുകളുകളിലേയ്ക്ക് നടന്നു തന്നെ കയറേണ്ടി വരും. ഏറ്റവും ടോപ്പിലെത്തിയാലേ അവന് സമാധാനമാവൂ.
ഞാൻ കുറച്ച് നാളായി മിസ്റ്റിക്കുകളുടെ പിന്നാലെ ആണ്, വായിക്കുന്നതിൽ പകുതിയും മനസിലാകാറില്ലെങ്കിൽ കൂടിയും. ജെ കൃഷ്ണമൂർത്തിയുടെ ഫ്രീഡം ഫ്രം ദ നോൺ ഒറ്റയിരുപ്പിൽ വായിച്ച് തീർത്ത് അടച്ചു വച്ച് ഒരു ദീർഘനിശ്വാസം വിട്ടു. കാഴ്ചകൾക്കുമപ്പുറം അനുഭവങ്ങൾക്കുമപ്പുറം എന്തെങ്കിലുമുണ്ടോ എന്ന എന്റെ അന്വേഷണം എവിടെയുമെത്താതെ നിൽക്കുന്നു.
നമ്മൾ മൂന്ന് പേര് കൂടാതെ ഒരാൾ കൂടിയുണ്ടായിരുന്നു. ഇന്നുമുണ്ട്, കാണാൻ സാധിക്കാറില്ലെന്ന് മാത്രം.
ചില നഷ്ടങ്ങൾ വളരെ പേഴ്സണലാണ്. ചില സാമീപ്യങ്ങൾ, ചിലർ കടന്നുപോകുമ്പോഴുള്ള ശൂന്യത. അവ നികത്താൻ ഓർമകൾക്ക് കഴിഞ്ഞെന്ന് വരില്ല. ആ മൗനത്തിന് അർത്ഥങ്ങളുമുണ്ടാവുകയില്ല, പക്ഷെ ചിലപ്പോഴൊക്കെ മനസ്സുകൾ തമ്മിൽ സംസാരിച്ചെന്നു വരാം, ഓർമകൾക്കുമപ്പുറം നിന്നു കൊണ്ട്.
പണ്ടൊന്നും സംഭാഷണങ്ങൾക്കിടയിൽ ഇത്രയേറെ മൗനങ്ങൾ കടന്നുവരാറില്ലായിരുന്നു. ഞങ്ങൾ അറിയാതെ ഞങ്ങളിൽ വിടരുന്ന മൗനങ്ങൾ.
അവനും ആദിത്യനും ആയിരുന്നു ട്രിപ്പ് പോകാൻ ഏറ്റവും താൽപര്യം. ഒഴിവ് സമയങ്ങളിൽ പുസ്തകങ്ങൾ വായിച്ച് റൂമിൽ തന്നെ കുത്തിയിരിക്കുന്നതാണ് എന്റെ സന്തോഷം. അല്ലാത്ത സമയങ്ങളിൽ ഡയറിയിൽ വല്ലതും കുത്തിക്കുറിക്കും. രാഹുലന് ചെറിയ ചെറിയ യാത്രകൾ ഇഷ്ടമാണ്. ദൂരം കൂടുന്തോറും അവന്റെ താൽപര്യവും കുറഞ്ഞു വരും.
പക്ഷെ, യാത്രയെന്ന ഭ്രമം എന്നെയും മോഹിപ്പിക്കാറുണ്ട് ചിലപ്പഴൊക്കെ.
വീണ്ടും ഒരു യാത്രയുടെ പ്ലാനുമായി ആദിത്യൻ വന്നിരിക്കുകയാണ്. മൂന്ന് ദിവസത്തെ വിശദമായ പ്ലാനുണ്ട്. നാലാം ദിനത്തെ കുറിച്ച് പിന്നീട് തീരുമാനിക്കാം എന്ന് വിചാരിച്ചു. ആദ്യ ദിനം ചിക്ക തിരുപ്പതി. രണ്ടാം ദിനം കോലാർ. മൂന്നാം ദിനം ദേവരായന ദുർഗ. മൂന്നും മൂന്ന് ദിക്കിൽ.
ഞാൻ അവനെ നോക്കി കൈ മേലോട്ടുയർത്തി.
“ഇങ്ങനൊരു ചാൻസ് പിന്നെ കിട്ടില്ലടാ. മാക്സിമം എക്സ്പ്ലോർ ചെയ്യാം”
“എന്റെ വണ്ടീടെ കണ്ടീഷൻ നിനക്കറിയാല്ലോ”
“നമ്മളില്ലേ. എടുത്തിട്ട് വാ. അത് അങ്ങനെ പുക തുപ്പട്ടെ. അതിനും വേണ്ടേ ഒരു എന്റർടെയിൻമെന്റ്”
ആദിത്യൻ ആവേശം കൂട്ടി. ഒരാളെ എങ്ങനെയെങ്കിലും ട്രാക്കിലെത്തിച്ചെടുക്കാൻ അവന് വലിയ മിടുക്കാണ്. കാണാൻ പോകുന്ന കാഴ്ചകളുടെ ഭംഗിയും യാത്രാനുഭവങ്ങളുടെ വശ്യതയുമൊക്കെ പറഞ്ഞ് നമ്മളെ വശത്താക്കും.

II
ഹൊസ്കോട്ടെയ്ക്ക് 30 കിലോമീറ്റർ കിഴക്കാണ് ചിക്ക തിരുപ്പതി.
വൈകുന്നേരത്തോടടുത്ത സമയത്ത് ഞങ്ങൾ പതുക്കെ യാത്ര തിരിച്ചു. മഞ്ഞിന്റെ നേർത്ത പടലങ്ങളുണ്ട്.
ട്രിപ്പ് പോകുമ്പോഴൊക്കെ സാധാരണ അവൻ ആണ് വണ്ടിയോടിക്കാറ്, ഞാൻ പുറകിൽ ഇരിക്കാറാണ് പതിവ്. ആദിത്യനും രാഹുലനും ഒരു ബൈക്കിൽ. പരസ്പരം തമാശകൾ പറഞ്ഞും കളിയാക്കിയും ഫോട്ടോസ് എടുത്തും ഒരു ഓളത്തിൽ അങ്ങ് പോവും. ഒരുപാട് കുന്നിൻപുറങ്ങളിൽ ഒരുമിച്ച് താഴ്വാരം നോക്കിയിരുന്നിട്ടുണ്ട്. ഒരുപാട് വഴികളിൽ, ഒരുപാട് ഒറ്റയടിപ്പാതകളിൽ സ്വപ്നങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇന്നും അദൃശ്യമായ ആ സംരക്ഷണ വലയം ഞങ്ങളെ പൊതിഞ്ഞുനിൽക്കും പോലെ തോന്നാറുണ്ട്. അവൻ പണ്ടും അങ്ങനെ ആയിരുന്നു.
“പ്രിയ സഖാവേ, നീയെന്റെ പുറകിലത്തെ സീറ്റിൽ ഉണ്ടെന്ന് കരുതട്ടെ” മൗനങ്ങൾക്കപ്പുറത്ത് നിന്ന് ഞങ്ങൾ പരസ്പരം സംസാരിച്ചു.
തണുപ്പുള്ള പാതകളിലൂടെ വഴികാട്ടിയായെരിയുന്ന ചുവന്ന ഗോളത്തിന് സലാം പറഞ്ഞുകൊണ്ട് ഞങ്ങൾ കുതിച്ചുപാഞ്ഞു.
ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലെ തണുപ്പുള്ള വൈകുന്നേരങ്ങളിലൂടെ വണ്ടിയോടിച്ചു പോകാൻ നല്ല രസമാണ്. നെല്ലില്ലാത്ത പാടങ്ങളും പലവിധ കൃഷിയിനങ്ങളും യൂക്കാലിപ്റ്റസ് മരങ്ങളും അവയ്ക്കിടയിലൂടെ അസ്തമയ സൂര്യന്റെ ഒളിച്ചു കളിയും കാണാം. ഹൈവേയരുകിലെ പച്ച ബോർഡിലെ വെളുത്ത അക്ഷരങ്ങൾ തേടിയുള്ള കൊച്ചു കൊച്ചു യാത്രകൾ. വലിയ വലിയ ലക്ഷ്യങ്ങളില്ലാതെ, പ്ലാനിംഗോ പഠനമോ ഇല്ലാതെ, അധികമൊന്നും പ്രതീക്ഷിക്കാതെ, കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെട്ട് തിരിച്ചുവരാറുള്ള യാത്രകൾ. അത്തരം യാത്രകളിൽ, തിരിച്ചു വരുമ്പോൾ ബാക്കിയാകുന്ന സന്തോഷം അളവറ്റതാണ്. പോകുന്നതും വരുന്നതും ഒരേ വഴിയിലാണെങ്കിൽ കൂടിയും രണ്ട് തലത്തിലായിരിക്കും കാഴ്ചകൾ. തിരിച്ചു വരവിലെ കാഴ്ചകൾക്ക് നിറപ്പകിട്ടു കൂടും. ഭയമകന്നില്ലാതാവും, യാത്രികനും പ്രകൃതിയുമൊന്നാവും.
പ്രതീക്ഷകളുടെ അമിതഭാരമില്ല, ക്യാമറ തുരുതുരാ അമർത്തി യാത്രയുടെ രസം കൊല്ലണമെന്നില്ല. കാഴ്ചകൾ ഫുൾ വൈബിൽ ആസ്വദിക്കണം, നഗ്നനേത്രങ്ങളിൽ എല്ലാ നിറങ്ങളുമെത്തണം.
ഹെഡ്സെറ്റിൽ നിന്ന് ചെവിക്കുള്ളിലേയ്ക്ക് തെന്നിയൊഴുകുന്ന പാട്ടുകളും കേട്ട് തണുപ്പുള്ള ഇളംവെയിൽ നേരത്ത് പാതകൾ പിന്നിടുമ്പോൾ 96 ലെ രാം ആണോ ഞാൻ എന്ന് വരെ തോന്നിപ്പോകാറുണ്ട്. ഒരു സ്വപ്നലോകത്തെന്ന പോലെയുള്ള സഞ്ചാരത്തിനൊടുവിൽ ചിക്ക തിരുപ്പതിയിൽ എത്തിച്ചേർന്നു.
ചെറിയ തിരുപ്പതി എന്നാണ് കന്നഡയിൽ അർത്ഥം. തിരുപ്പതിയോളം പ്രാധാന്യം കൽപ്പിച്ചു പോരുന്നു. ഒരു ക്ഷേത്ര നഗരത്തിന്റെ ചൂടും ചൂരും പഴമയുടെ അടയാളങ്ങളുമുണ്ട്. നാട്ടുവിളകളുടെ പച്ചപ്പുതപ്പണിഞ്ഞ മാലൂർ താലൂക്കിൽ തമിഴ്നാട് ബോർഡറിൽ നിന്നും ഏറെ അകലയല്ലാതെ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രം. ഞങ്ങളിൽ നിന്ന് പൈസ ഒന്നും തന്നെ വാങ്ങാതെ ഹെൽമറ്റും ചെരുപ്പും സൂക്ഷിച്ച പൂക്കടക്കാർ മുതൽ വഴിവക്കിലെ ഓരോ മുഖങ്ങളിലും ഗ്രാമത്തിന്റെ നൈർമല്യവും കാരുണ്യവും. ഈശ്വരസാക്ഷാത്കാരമെന്നത് നിർലോഭമായ മനുഷ്യസ്നേഹം തന്നെയെന്ന് ഓരോ യാത്രകളിലും വെളിവാകുന്നു.
തിരിച്ചു വരുന്ന നേരത്ത് ബുള്ളറ്റുമായി കുതിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു. മാലൂരിന്റെ ദൃശ്യഭംഗി കണ്ടുമടങ്ങുന്നതാവണം അവളും. കുറച്ച് ദൂരം സമാന്തരമായി വണ്ടിയോടിച്ചു, ഒന്നും സംസാരിക്കാതെ.
ഇരുൾ വീണ് തുടങ്ങിയ വൈകുന്നേരത്ത് ചിരിച്ച് കൈവീശി അവൾ എന്നെ വിട്ട് മുന്നോട്ടകന്നു.
“മലയാളിക്കുട്ടി തന്നെയാണെന്ന് തോന്നുന്നു”
ആദിത്യനും രാഹുലനും ഏറെ മുന്നിലെത്തിയിരുന്നു. അവർ റോഡ് സൈഡിൽ ബൈക്ക് പാർക്ക് ചെയ്ത് തുഴഞ്ഞു വരുന്ന എന്നെ കാത്തിരിപ്പുണ്ടായിരുന്നു.
സ്ഥിരം പുച്ഛഭാവത്തിൽ രാഹുലൻ എന്നെയൊന്ന് നോക്കി. “എന്ത് ചെയ്യാനാ” എന്ന അർത്ഥത്തിൽ ഞാൻ കൈ മേലോട്ടുയർത്തി.
ഹോസ്കോട്ടെയ്ക്ക് അടുത്തുള്ള ബാസവണ്ണയുടെ ഫാമിലാണ് അന്ന് രാത്രി ഞങ്ങൾ തങ്ങിയത്. തണുപ്പ് വീണ രാത്രി നേരത്ത് പുറത്തിരുന്ന് കുറെ നേരം ബാസവണ്ണയുമായി ഞങ്ങൾ വർത്തമാനം പറഞ്ഞു. പറശ്ശിനിക്കടവ് മുത്തപ്പന്റെ അടുത്ത് വന്നിട്ടുണ്ടെന്ന് ബാസവണ്ണ വലിയ ആവേശത്തോടെ പറഞ്ഞു. നായ് സ്നേഹി ആയ രാഹുലൻ ഫാമിലെ നായക്കുഞ്ഞുങ്ങളെ താലോലിച്ചു. വയറുനിറയെ പന്നിയിറച്ചിയും ചോറും കഴിച്ച് അന്ന് രാത്രി സുഖമായി ഉറങ്ങി.
പിറ്റേന്ന് ഉച്ചയാവോളം കുന്നിൻ മുകളിലെ സപ്തമാതാ ദേവസ്ഥാനത്ത് ചിലവഴിച്ച ശേഷം ഉച്ചതിരിഞ്ഞ നേരത്ത് കിഴക്ക് കോളർ മലനിരകളെ പുൽകാൻ യാത്രയായി. ചെറുമഴയ്ക്കൊപ്പം പീലി നിവർത്തിയാടിയ മാലൂരിലെ മയിലുകൾ ഞങ്ങൾക്ക് യാത്രാനുവാദം തന്നു.
കോലാർ എത്തുന്നതിന് മുൻപായി അനേകം മലകളുണ്ട്. മലകൾക്ക് മുകളിൽ കുഞ്ഞ് കുഞ്ഞ് കോവിലുകൾ.
റോഡരികത്തായി ഇടത് വശത്തൊരു തടാകവും വലത് ഭാഗത്ത് അൽപം ദൂരെ ഒരു മലയും മലയുടെ മുകളിൽ ഒരു കോവിലും കണ്ടു.
“ഈ മല നമ്മൾ കേറിയിട്ടില്ല”
ആദിത്യന് ആവേശം വന്നു. ഞാൻ നിസ്സഹായനായി രാഹുലനെ നോക്കി.
“കുന്ന് കയറി ഊപ്പാടിളകും. ആദ്യം കുറച്ച് നേരം ഇവിടെയിരിക്കാം.” രാഹുലൻ നേരെ ചെന്ന് തടാകക്കരയിൽ ഇരുന്നു.
നേരമിരുട്ടാറായി. തടാകക്കരയിലെ ചുവന്ന സന്ധ്യയെയറിഞ്ഞു. അവിടെ നിന്ന് മനം കുളിർത്തപ്പോൾ തെക്കൻ ദിക്കിലായി തെളിഞ്ഞ വെളിച്ചങ്ങൾ തേടി യാത്രയായി. ഉച്ചിയിലെ കോവിലിലേയ്ക്കുള്ള വൈദ്യുതവിളക്കുകൾ കണ്ട് ഞങ്ങൾ വിസ്മയം പൂകി. വലിയ വെള്ളാരങ്കല്ലുകൾ പോലുള്ള പാറക്കൂറ്റൻമാരെയടുക്കി വച്ച കോലാർ മലനിരകൾ. മലമടക്കിൽ ചില്ലകൾ വിരിച്ച് പക്ഷിക്കൂട്ടങ്ങളെ തേടുന്ന ഭീമൻ പേരാൽ. പഴമയുടെ അടയാളങ്ങൾ പേറി തകർന്ന കൽമണ്ഡപങ്ങൾ. വിസ്മയമായി മലഞ്ചെരുവിലെ കുളം. താഴ്വാരത്തെ ചുവന്ന മണ്ണിലെ തരിശുനിലത്ത് മനുഷ്യനാൽ നട്ടുനനച്ചുരുവാക്കപ്പെട്ട പച്ചപ്പ്. മായോനമരും മലക്കോവിൽ.
രാവോളം മലമുകളിലിരുന്ന് നിലാവ് പരക്കുന്നത് കണ്ടു. കോലാറിനുമപ്പുറത്തുള്ള ആവണിയിലെ ശിവരാത്രി നാളിൽ കണ്ട അതേ നിലാവ്. അന്ന് അവിടുത്തെ കാലിച്ചന്തയിലെ കാളകളുടെ കൂടെ നിന്ന് ആദിത്യൻ എടുത്ത ആ ഫോട്ടോ നോക്കി ഞങ്ങൾ കുറെ ചിരിച്ചു. രാവേറെ ഇരുട്ടിയാണ് അന്ന് തിരിച്ച് പോയത്. നാട് കാക്കുന്ന ഡെക്കാൻ ദൈവങ്ങളെ പലയിടത്തും കണ്ടതായി തോന്നി. പഴയ കന്നഡത്തിലുള്ള ശീലുകൾ എന്റെ ചെവിയിൽ മാത്രം അലയടിച്ചുകൊണ്ടിരുന്നു.
III
പിറ്റേ ദിവസം ദേവരായന ദുർഗയിലേയ്ക്കുള്ള യാത്ര. ബാംഗ്ലൂർ സിറ്റിയിൽ നിന്ന് തുംകൂർ റോഡിലേയ്ക്ക് കയറിയ ശേഷം ദൊബ്ബാസ്പേട്ടിൽ വച്ച് മധുഗിരി റോഡിലേയ്ക്ക് തിരിഞ്ഞു. ഷോർട്ട്കട്ടിലൂടെ പല ഡെക്കാൻ ഗ്രാമങ്ങളും പിന്നിട്ട് ഞങ്ങൾ മുന്നോട്ട് കുതിച്ചു.
വണ്ടി ഇടയ്ക്കിടെ പണി തരുന്നതിനാൽ ‘നീ ആദ്യം കേറി പോയ്ക്കോ’ എന്ന് ആദിത്യനും രാഹുലും പറഞ്ഞു. അത് തന്നെയാണ് നല്ലത് എന്ന് എനിക്ക് തോന്നി. ഞാൻ ഒരൽപം വേഗത്തിലോടിച്ച് DD ഹിൽസ് എന്ന ദേവരായനദുർഗയുടെ അടിവാരത്തെത്തി. വലിയ കുന്നും ഞെരുക്കമില്ലാത്ത കാടുകളും കണ്ടു. ഒന്നിച്ച് ചുരം കയറാം എന്നവർ പറഞ്ഞിരുന്നെവെങ്കിലും ഒരൽപം ആവേശത്തോടെ ഞാൻ മുന്നോട്ട് നീങ്ങി.
ഇടത് വശത്ത് ചെറിയ ഒരു തടാകവും തടാകക്കരയിൽ പൈൻ മരങ്ങളും കണ്ടു. ഒരൽപനേരം നിന്ന് ആ വനഭംഗി ആസ്വദിച്ചു. പൈൻമരക്കൂട്ടത്തിനുള്ളിലേയ്ക്ക് ഇരുട്ട് ചുഴന്ന് തുടങ്ങി. ഭയപ്പെടുത്തുന്ന ഒരു നിശബ്ദത. കുരങ്ങന്മാരല്ലാതെ മറ്റൊരു ജീവികളും ഉണ്ടാവില്ലായിരിക്കും എന്ന് ഞാൻ ആശ്വസിച്ചു. തടാകം വിട്ട് കയറ്റം കയറിത്തുടങ്ങിയപ്പഴേക്കും വണ്ടി നിന്ന് പോയി. എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ട് ആയില്ല. ചുറ്റും നോക്കി. ഏതോ പക്ഷികളുടെ കരച്ചിൽ മാത്രം കേൾക്കാം.
“വല്ല പുള്ളിപ്പുലിയും വന്ന് ചാടുമോ?” കാൽവിരലുകളിലൂടെ ഭയം ഇരച്ചു കയറിത്തുടങ്ങി. തുംകൂർ ജില്ലയിലെ ഉൾനാടൻ പ്രദേശങ്ങളിൽ പുള്ളിപ്പുലികൾ അത്യപൂർവമല്ല, പ്രത്യേകിച്ച് കാട്ടുപ്രദേശങ്ങളിൽ.
പുള്ളിപ്പുലി. അത് വിശന്നിട്ടാണ് വരുന്നതെങ്കിലേ പ്രശ്നമുള്ളൂ. വല്ലാത്ത വല്ല മനുഷ്യന്മാരുമാണെങ്കിലോ!
ആദിത്യനെയും രാഹുലനെയും വിളിച്ചപ്പോൾ അവർ പത്ത് കിലോമീറ്റർ അകലെയാണ്. അമിതാവേശം കാണിച്ചതിന് ഇത്തിരി തെറിയും കേൾക്കേണ്ടി വന്നു. പതിനഞ്ച് കിലോമീറ്റർ ദൂരെ നിന്ന് അവർ വരുന്നതും കാത്ത് ഞാൻ ഒരു കലുങ്കിൽ തളർന്നിരുന്നു. ചുറ്റുമുള്ള തുറന്ന കാട് എന്നെ വരിഞ്ഞുമുറുക്കുന്നത് പോലെ തോന്നി.
അങ്ങനെ ആകെ പേടിച്ചിരിക്കുമ്പോഴാണ് പുറകിൽ നിന്ന് ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടത്.
എവിടെയോ കണ്ട മുഖം.
അത്ഭുതം! മാലൂരിൽ വച്ച് കണ്ട ബുള്ളറ്റിൽ സഞ്ചരിക്കുന്ന പെൺകുട്ടി. ഒരു സഹായം ആവശ്യമുള്ള സമയമായിരുന്നു. മൈൻഡ് ചെയ്യാതെ പോകുമോ എന്ന് ഭയന്നു.
“എന്തുപറ്റി”? എന്റെ CT 100 ബൈക്കിനോട് ചേർത്ത് ബുള്ളറ്റ് നിർത്തി അവൾ ചോദിച്ചു.
“കയറ്റത്തിനിടെ ഓഫ് ആയി”
“ഈ വലിയ കേറ്റം കേറിക്കഴിഞ്ഞാ പിന്നെ നിരപ്പായ റോഡാണ്. ഞാൻ കൂടെ വരാം. പതുക്കെ തള്ളിക്കയറ്റിയാൽ മതി. കുറച്ച് ദൂരം ഞാനും തള്ളാം. താൻ ബുള്ളറ്റ് എടുത്തോ.”
ആ യാത്രക്കിടെ ഞങ്ങളൊരുപാട് നേരം സംസാരിച്ചു. പേരോ കൂടുതൽ വിവരങ്ങളോ ഒന്നും പറഞ്ഞില്ല. എന്റെ പേര് ശ്യാം എന്നാണെന്ന് അവൾക്കെങ്ങനെയോ അറിയാമായിരുന്നു.
“നിങ്ങളുടെ ഒരു കഥാസമാഹാരം ഞാൻ വായിച്ചിട്ടുണ്ട്” അവൾ പറഞ്ഞു.
“അതൊക്കെ ആൾക്കാർ വായിക്കാറുണ്ടോ?” എനിക്ക് അത്ഭുതം തോന്നി. ഒന്ന് മാത്രമാണ് എഴുതിയത്, പിന്നെ ആ മേഖലയിൽ കൈ വച്ചിരുന്നില്ല.
“എന്തുകൊണ്ടാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്?” ഞാൻ ചോദിച്ചു
“മറ്റുള്ളവരുടെ സമയത്തിന് വേണ്ടി കാക്കണ്ട. പിന്നെ, ഫ്രീഡം ഉണ്ട്. യാത്രയിലായാലും ജീവിതത്തിലായാലും. അതല്ലേ എല്ലാവരും കൊതിക്കുന്നത്? അവളുടെ കണ്ണുകൾ ഏതോ ചിന്തയിലാണ്ടു.
ഞാൻ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി.
ഓരോ മനുഷ്യർക്കും ഓരോ കഥകൾ ഉണ്ടാവും. നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത, പരിചയം പോലും ഇല്ലാത്ത കഥകൾ.നമ്മൾക്ക് പരിചിതമല്ലാത്ത മറ്റൊരു ലോകത്ത് നടന്ന കഥകൾ. അതിൽ കണ്ണീരും വിയർപ്പും പോരാട്ടവും അതിജീവനവുമെല്ലാമുണ്ടാവും. ഞാൻ എന്റെ തന്നെ പല കഥകൾ മനസ്സിലോർത്തെടുക്കാൻ ശ്രമിച്ചു. കുറേ നേരത്തെ മൗനം മാത്രം ബാക്കിയായി.
ആദിത്യന്റെ ബൈക്ക് അടിവാരത്ത് വച്ച് പഞ്ചർ ആയി എന്ന് ഫോൺ ചെയ്തു പറഞ്ഞു. രണ്ട് കിലോമീറ്റർ അകലെയുള്ള പഞ്ചർ ഷോപ്പിലേയ്ക്ക് അവർ വണ്ടി തള്ളുകയാണ്.
ഞങ്ങൾ ഏതാണ്ട് മുകളിലെത്തി. നല്ല തണുത്ത കാറ്റ് അടിച്ചുതുടങ്ങി. സൂര്യൻ താഴ്ന്നു കൊണ്ടിരിക്കുന്നു.
മലമുകളിലുള്ള ചെറിയ ഒരു ടെമ്പിൾ ടൗൺ ആണ് ദേവരായന ദുർഗ. അമ്പലത്തോട് ചുറ്റി ചെറിയ ഒരു അങ്ങാടിയും ഏതാനും വീടുകളും. അങ്ങാടിയിൽ ഭംഗിയുള്ള വസ്തുക്കൾ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. പുതിയ ഒരാളുടെ കൂടെ പുതിയ കാഴ്ചകൾ കാണുന്നത് വേറിട്ട ഒരു അനുഭവമാണ്. യോഗനരസിംഹ ഭോഗനരസിംഹ ക്ഷേത്രങ്ങളൊക്കെ ഞങ്ങൾ ചുറ്റിനടന്ന് കണ്ടു. മലമുകളിലെ ചെറിയ തടാകം ഒരു അത്ഭുതക്കാഴ്ച പോലെനിക്ക് തോന്നി. ചുവപ്പും വെളുപ്പും വരയിട്ട ക്ഷേത്രമതിൽ അസ്തമയസൂര്യനഭിമുഖമായി വെട്ടിത്തിളങ്ങി നിൽക്കുന്നു. അമ്പലമതിലും തടാകവും പിന്നിട്ട് മലവക്കിൽ ആകാശം തൊട്ട് ഞങ്ങൾ നിന്നു.
നാളെ ഡയറിയിലേയ്ക്ക് പകർത്തിയെഴുതാൻ ചില വരികൾ ഞാൻ മനസ്സിൽ കുറിച്ചു.
“നീണ്ടുവളർന്ന തലമുടി എനിക്കിപ്പോൾ ഒരു കവചമായിരിക്കുകയാണ്. ഒരു കരിമ്പടം പോലെ അതെന്നെ മറച്ചുപിടിക്കുന്നു.”
ദേവരായനദുർഗയിലെ അസ്തമയങ്ങൾക്ക് വല്ലാത്തൊരു സ്വർണവർണമാണ്. ഇരുട്ട് മൂടുമ്പോൾ കൂടുതൽ സുവർണമായിക്കൊണ്ടിരിക്കുന്നു. ആ വലിയ ഒറ്റമരം ചില്ലകൾ വിരിച്ച് സൂര്യന്റെ മുഴുവൻ പൊൻപ്രഭയും തന്നിലേയ്ക്ക് വലിച്ചു താഴ്ത്തി. അതിന്റെ ഇലകളുടെ പച്ചനിറം രാവ് കാർന്നെടുത്തു തുടങ്ങി. ചുറ്റുമുള്ള മലനിരകൾ ഒരു കോട്ട പോലെ വളഞ്ഞു നിൽപ്പുണ്ടായിരുന്നു.
“ശ്യാം. നിങ്ങൾ ആരെയെങ്കിലും ഇഷ്ടപ്പെട്ടിട്ടുണ്ടോ?” കുറെ നേരത്തെ മൗനത്തിന് ശേഷം അവൾ പെട്ടെന്ന് എന്നോട് ചോദിച്ചു.
“എനിക്കെല്ലാവരേയും ഇഷ്ടമാണല്ലോ”
“അങ്ങനെയുള്ള ഇഷ്ടമല്ല. ശെരിക്കുമുള്ള ഇഷ്ടം.”
“ശരിയായ ഇഷ്ടവും ശരിയല്ലാത്ത ഇഷ്ടവും ഉണ്ടോ?”
“ഉണ്ട്. കുറച്ചുകൂടി ഭംഗിയിൽ പറഞ്ഞാൽ പ്രണയം”
“ഉം”
“അവർ തിരിച്ച് ഇഷ്ടപ്പെട്ടിട്ടുണ്ടോ”
“ഉണ്ട്. ഒരു സുഹൃത്തായി, ജ്യേഷ്ഠനായി അതുമല്ലെങ്കിൽ അനിയനായി”
അവൾ പൊട്ടിച്ചിരിച്ചു.
“താനോ?”
“ഉം”
“തിരിച്ചോ?”
“അതറിഞ്ഞാൽ അവരെന്നെ ബ്ലോക്ക് ചെയ്യും. ഞാൻ അവരുടെയൊന്നും സങ്കൽപത്തിലെ സുന്ദരി ആയിരുന്നില്ല”
അവൾ ചിരിച്ചു.
“ആരാപ്പാ ഇവിടെ സുന്ദരിയും സുന്ദരനും അല്ലാത്തെ. പിന്നെ സങ്കൽപം. ഭ്രാന്താണ് സങ്കൽപങ്ങൾ. എല്ലാം വെറും സങ്കൽപം ആണെന്ന് മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ മനുഷ്യന്”
ഞാൻ എഴുന്നേറ്റ് ഒരൽപ ദൂരം മുന്നോട്ട് നീങ്ങി താഴ്വാരത്തിലേയ്ക്ക് നോക്കി. വിദൂരതയിൽ ഇരുപൊട്ടുകൾ പോലെ രണ്ട് ബൈക്കുകൾ. ആദിത്യനും രാഹുലനും ചുരം കയറി ആ കൊച്ചു മലയ്ക്ക് മുകളിലേയ്ക്ക് വരികയാണ്.
കുറെ ദൂരം വെറുതെ താഴ്വാരം നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു.
“നേരമിരുട്ടിത്തുടങ്ങി. ഞാൻ ഇറങ്ങട്ടെ”
“ഇനി എങ്ങോട്ടാ?”
“ഇപ്പൊ തുംകൂർ ഉള്ള കൂട്ടുകാരിയുടെ റൂമിലേയ്ക്ക്. നാളെ ഗുഡിബണ്ടയിലേയ്ക്ക്”
ഞാൻ വാപൊളിച്ച് ചിരിച്ചു.
“ചുരമിറങ്ങുമ്പോൾ പുലി പിടിക്കാതെ നോക്കിക്കോണം”
“പുലി ഉണ്ടെങ്കിൽ ഒന്ന് കാണാമായിരുന്നു. പുലി പോയിട്ട് ഒരു പൂച്ച പോലുമുണ്ടാവില്ല ശ്യാമേ”
“എന്നാലും സൂക്ഷിക്കണം”
“നല്ല കണ്ടീഷനിൽ ഉള്ള വണ്ടി ഉണ്ടെങ്കിൽ ഒരു പുലിയും പിടിക്കില്ല”
അവൾ കൈ വീശി പിരിഞ്ഞു.
“പറ്റുമെങ്കിൽ ഞങ്ങളും നാളെ ഗുഡിബണ്ടയിൽ വരും”
അവൾ പിന്തിരിഞ്ഞ് നടന്നപ്പോൾ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ അത് കേട്ടുവോ എന്നറിയില്ല.
അവൾ പോയി അൽപനേരം കഴിഞ്ഞ ശേഷം ആദിത്യനും രാഹുലനും എത്തി.
“നീ എന്ത് ചെയ്യുവായിരുന്നു?” ആദിത്യൻ ചോദിച്ചു.
“ഒരാളോട് സംസാരിച്ചിരിക്കുവായിരുന്നു.”
“ആര്?”
“ഒരാളുണ്ടായിരുന്നു. ഒരു പെൺകുട്ടി.”
“ ഒരു പെൺകുട്ടി ഒറ്റയ്ക്ക്?”
“അതെ. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെൺകുട്ടി”
“അങ്ങനെയാണോ പേര്”
“അല്ല. ഈ പ്രത്യേക സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിൽ അങ്ങനെ തന്നെ പറയണമല്ലോ. കാർ ഓടിക്കുന്ന പെൺകുട്ടി, ബൈക്ക് ഓടിക്കുന്ന പെൺകുട്ടി. ആൺകുട്ടികൾ ആണെങ്കിൽ ഈ ചോദ്യവും ഉണ്ടാവില്ല, പ്രത്യേക വിശേഷണങ്ങളും വേണ്ട”
“ഓ, ഇതിനാണല്ലേ നീ നേരത്തെ മല കേറി വന്നേ”
“വന്നപ്പോ കണ്ടു. അത്രേ ഉള്ളൂ”
ദേവരായനദുർഗ കൂടുതൽ ചുവന്നുതുടങ്ങിയിരിക്കുന്നു.
എന്താ ഒരു ഭംഗി – ആദിത്യൻ ചുറ്റിലും നോക്കി ഉന്മാദം കൊണ്ടു. രാഹുലൻ താഴ്വാരത്തിലെങ്ങോ നോക്കി എന്തോ ആലോചിച്ചുകൊണ്ട് നിന്നു.
ഓഗസ്റ്റിലെ അണഞ്ഞു തുടങ്ങിയ ഡെക്കാൻ വെയിലിൽ ആദിത്യൻ വെള്ളച്ചോക്ക് കൊണ്ട് ഒരു പാറയിൽ എഴുതിയിട്ടു.
“ഇനിയും മെയ്മാസം വരും, പൂക്കൾ പൂക്കും, ചുവന്നു തുടക്കും, കൊഴിഞ്ഞു വീഴും, ഇടവപ്പാതിയിലെ പുതുമഴയിൽ നനഞ്ഞ് മണ്ണിലലിഞ്ഞമരും, ഓർമയുടെ ദീപ്തസ്മാരകങ്ങൾ മനസിലുയരും, പുതിയ വാനം തെളിയും, കാലവർഷക്കരിമേഘങ്ങൾ ദൂരമണയും, ഉപവസന്തം വരും.”
“ബാംഗ്ലൂരിൽ ഇടവപ്പാതിയോ?” രാഹുലൻ ചോദിച്ചു.
“ഇരിക്കട്ടെ ന്ന്” ആദി ഒരു ചിരി പാസാക്കി.
“ഇത് ഇന്നലെ ഞാൻ ഡയറിയിൽ കുറിച്ചിട്ട വരികൾ അല്ലേ?” ഞാൻ പെട്ടെന്നോർത്തെടുത്തു.
“അതെ. എനിക്കിഷ്ടപ്പെട്ടു. ഞാൻ എടുത്തു. ഫേസ്ബുക്കിൽ മാത്രമാണ് കോപ്പിയടി എന്ന് നീ വിചാരിച്ചോ?”
ഇതാര് കാണാൻ? മലയാളികൾ ആരെങ്കിലും ഇവിടെ വരാറുണ്ടോ?
“ആരെങ്കിലും കാണാനാണോ ശ്യാമേ നമ്മളൊക്കെ എഴുതുന്നത്.”
“ആണ്. ആരെങ്കിലും കാണാൻ തന്നെയാണ് എഴുതുന്നത്. അല്ലേ. അല്ല എന്നൊക്കെ പറഞ്ഞാൽ അതൊരു മറയാണ്?” ഞാൻ ചിരിച്ചു.
“നാളെ നമുക്ക് എവിടെയാ പോകണ്ടേ?” തിരിച്ചിറങ്ങും വഴി ആദിത്യൻ ചോദിച്ചു.
“ഗുഡിബണ്ട” ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല.
“പേരിന് ഒരു മൊഞ്ചില്ല”
“സ്ഥലം നല്ല പള പളാന്നാണ്.”
ഞാൻ വാ പൊളിച്ച് ആ വിദൂരസ്ഥലം സ്വപ്നം കണ്ടിത്തിരി നേരം നിന്നു.
ഈ പാട്ടയുമായി അത്ര ദൂരം എത്താൻ പറ്റുവോ? രാഹുലൻ ന്യായമായ ഒരു സംശയം ചോദിച്ചു.
“നിങ്ങൾ രണ്ട് തടിമാടന്മാരുള്ളതിന്റെ ധൈര്യം മാത്രം. അഥവാ നിന്ന് പോയാലും തള്ളി ബാംഗ്ലൂരിൽ എത്തിക്കുവല്ലോ” ഞാൻ ഒരു കാലിച്ചിരി പാസാക്കി.
അന്ന് രാത്രി ദൊബ്ബാസ്പേട്ടിലെ ഒരു പഴഞ്ചൻ ഹോട്ടൽ മുറിയിലെ ടിവിയിൽ പഴയ കന്നഡ ചിത്രങ്ങൾ കണ്ട് ഞങ്ങൾ നേരം കൂട്ടി.

IV
പിറ്റേ ദിവസം, പരമാവധി കാഴ്ചകൾ ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ ചിക്കബല്ലാപ്പുര വഴിയാണ് ഞങ്ങൾ ഗുഡിബണ്ടയിലേയ്ക്ക് യാത്രയായത്. നന്ദി ഹിൽസിന്റെ തെക്കൻ താഴ്വാരത്തിലൂടെ ഞങ്ങൾ ചിക്കബല്ലാപ്പുര എത്തി. അവിടെ നിന്ന് വീണ്ടും വടക്കോട്ട് യാത്രയായി.
മഞ്ഞപ്പൂക്കൾ ഇതളടർന്ന് വീണ പാതയോരങ്ങൾ കടന്ന്, ആൽമരച്ചില്ലകളെ തൊട്ടുതലോടി, മലമടക്കുകളിൽ നിന്നും വരുന്ന കുളുർത്ത കാറ്റേറ്റ്, ചുവന്ന ബൈരസാഗരത്തെ കൺകുളുർക്കെ കണ്ട് ഞങ്ങൾ ഗുഡിബണ്ടയിലെത്തി. പാതയോരത്തെ ഗ്രാമങ്ങൾ ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമ ഓർമിപ്പിച്ചു. ഗുണ്ടൽപേട്ടിനെ കാളും ഭംഗിയുള്ള സ്ഥലങ്ങൾ തന്നെ എന്ന് ഞാനും ആദിത്യനും മൗനസംഭാഷങ്ങളിലൂടെ പരസ്പരം തലയാട്ടി സമ്മതിച്ചു. പൊതുവെ ഒന്നും സമ്മതിച്ചു തരാത്ത രാഹുലനും ഈ കാര്യത്തിൽ അനുകൂലമായ നിലപാട് ആയിരുന്നു.
ഗുഡിബണ്ട ടൗണിലെ ചായക്കടയിൽ നിന്ന് ചായ കുടിക്കുമ്പോഴും ഞാൻ ആ ബുള്ളറ്റ് അങ്ങുമിങ്ങും പരതി. ആരെയും കണ്ടില്ല.
ഗുഡിബണ്ട ഫോർട്ടിലേയ്ക്കുള്ള വലിയ കയറ്റം ഞങ്ങൾ നടന്നുകയറി. കുത്തനെയുള്ള പെരുങ്കയറ്റം. പടികൾ ഉണ്ടായിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ട് അറിഞ്ഞില്ലെങ്കിലും വിയർത്ത് ശീലിക്കാത്തത് വിനയായി. പലവട്ടം ഞങ്ങൾ തളർന്നിരുന്നു. സ്ഥിരമായി രാവിലെ ഓടാൻ പോകുന്നത് ആരംഭിച്ചതിനാൽ ആദിത്യൻ ഞങ്ങളെക്കാൾ ഉന്മേഷവാനായിരുന്നു.
ഉയരം കൂടുന്തോറും ഒരു സ്വർഗലോകത്തെന്ന പോലെ കാഴ്ചകൾക്ക് മധുരമേറി വന്നു.
ഒരു മലമുകളിലാണ് ഫോർട്ട്. പ്രകൃതിദത്തമായ വലിയ പാറക്കെട്ടിന് മുകളിലായി മനോഹരമായ ഒരു കോട്ട. നിറയെ കാടുകയറിയിരുന്നു എങ്കിലും അതിന്റേതായ ഒരു ഭംഗി വേറെ തന്നെയുണ്ട്. കാട്ടുപൊന്തകളെ വകഞ്ഞു മാറ്റി അതിസാഹസികമായി ഞങ്ങൾ കയറി. പാമ്പുകളുണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു. ആദിത്യൻ അപ്പോഴേയ്ക്കും സെൽഫി പ്രയോഗം തുടങ്ങിയിരുന്നു.
ഏറ്റവും മുകളിൽ ഒരു ശിവക്ഷേത്രമുണ്ട്. ശ്രീരാമനും വിശ്വാമിത്രനും ചേർന്ന് പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം. അവിടെയൽപനേരം ഇരുന്നു.
“റോബിൻ ഹുഡ് കഥകളിലെ പോലുള്ള ഒരു വീരനായകനായ ബൈരേ ഗൗഡ പണിതതാണ് ഈ കോട്ട.” ഗൂഗിൾ നോക്കി ആദിത്യൻ കണ്ടുപിടിച്ചു.
“എത്ര മനുഷ്യന്മാർ ഇവിടെയൊക്കെ ജീവിച്ചിരുന്നിട്ടുണ്ടാവും അല്ലേ. എത്രയെത്ര യുദ്ധങ്ങൾ നടന്നിട്ടുണ്ടാവും” അവൻ അത്ഭുതം തൂകി.
ഞാൻ ചുറ്റിലും നോക്കി. പതിനേഴാം നൂറ്റാണ്ടും പതിനെട്ടാം നൂറ്റാണ്ടും ഏതോ ഡൈമെൻഷനിൽ ഒളിച്ചിരിപ്പുണ്ട്. വല്ല ടൈം സ്ലിപ്പും സംഭവിക്കുമോ എന്ന് ഞാൻ ഭയന്നു. അങ്ങനൊരിടം.
കോട്ടയ്ക്ക് മുകളിൽ നിന്നുള്ള കാഴ്ചകൾ അതിസുന്ദരമായിരുന്നു. ഗുഡിബണ്ട ടൗൺ. ബൈരസാഗരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ. ദൂരെ മലനിരകൾ. ചുറ്റുപാടും നല്ല പച്ചപ്പ്. കുറെ നേരം കാഴ്ചകൾ നുകർന്ന് തിരിച്ചിറങ്ങി.
സബ്ബലഹള്ളി തടാകക്കരയിലേയ്ക്കുള്ള യാത്രയാണ്. ഗുഡിബണ്ടയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് സബ്ബലഹള്ളി. എന്റെ വണ്ടി വല്ലാതെ പുക തുപ്പി തുടങ്ങി. കൂടാതെ ഭയങ്കര ശബ്ദവും. നേരത്തെ പറഞ്ഞത് പോലെ ഇവിടെ നിന്ന് ബാംഗ്ലൂർ വരെ തള്ളേണ്ടി വരുമോ എന്ന് ഞാൻ മനസ്സിലോർത്തു.
“ഒന്നും ചെയ്യാനില്ല. രണ്ടും കൽപ്പിച്ചെടുക്കുക. ബാക്കി വരുന്നടത്ത് വച്ച് നോക്കാം” രാഹുലൻ മുന്നിൽ നിന്ന് വിളിച്ചു പറഞ്ഞു. കടകൾ പോയിട്ട് മനുഷ്യന്മാർ തന്നെ അപൂർവം. വല്ലപ്പോഴും ആടുകളേയും തെളിച്ച് മുന്നോട്ട് പോകുന്ന ഗ്രാമീണ മനുഷ്യരെ മാത്രം കാണാം.
അതിനിടയിൽ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെൺകുട്ടിയേയും ബുള്ളറ്റിനേയും ഞാൻ വീണ്ടും തിരഞ്ഞുകൊണ്ടിരുന്നു.
ഞങ്ങൾ സബ്ബലഹള്ളിക്കരയിലെത്തി. ഗുഡിബണ്ടയിലെ കടുംപച്ചക്കുന്നുകളും ഇളംപച്ചക്കുന്നുകളും കുഞ്ഞുവയലുകളും കടന്ന്, മലവെള്ളത്തിൽ മുട്ടോളം മുങ്ങിയ കാട്ടുമരങ്ങൾ കടന്ന്, ലേപക്ഷിയുടെ തൊട്ടടുത്ത് ഒരു സ്വപ്നതീരം.
ജടായു ചിറകറ്റ് വീണ ലേപക്ഷി ഒരതിരിനപ്പുറത്ത് ത്രേതായുഗത്തിന്റെ സ്മാരകശിലയായിരിപ്പതിറിഞ്ഞിരുന്നെങ്കിലും അതിരുകൾ ഭേദിക്കാനനുമതിയില്ല. മഹാമാരി വരച്ച അതിരുകൾ അക്ഷരാർത്ഥത്തിൽ ഭാരതഖണ്ഡത്തെ ഖണ്ഡങ്ങളാക്കിയിരിക്കുന്നു.
തടാകത്തിന് മറുകരയിൽ ഒരു വലിയ മലയുണ്ട്. കാട് പുതച്ച് കിടക്കുന്ന വന്മല.
തടാകത്തിന് ഇങ്ങേക്കരയിൽ ശലഭങ്ങളെ പോലെ പാറി നടന്ന ചിന്താശകലങ്ങളിൽ ഭൂതത്തേയും ഭാവിയേയും കണ്ടു. അങ്ങുമിങ്ങുമോടി നടക്കുന്ന നായ്ക്കുരുന്നുകളോട് വർത്തമാനം പറഞ്ഞു. ബോധമനസ്സിലിരുന്നു കൊണ്ട് പ്രകൃതിയെന്ന മഹാബോധത്തെ അൽപ്പമൊന്നറിഞ്ഞു. ജെ കെ യും രമണമഹർഷിയും ഓഷോയുമൊക്കെ എന്റെ അരികത്ത് വന്ന് നിന്ന പോലെ തോന്നി. ഒടുക്കം ഞാൻ അവരായി തീരുന്നതായും, ഞാൻ എല്ലാമായി തീരുന്നതായും തോന്നി.
ഈ സുന്ദര ചിന്തയെ എല്ലാം ഭേദിച്ചത് എന്റെ ബൈക്കിന്റെ കണ്ടീഷൻ ആയിരുന്നു. ജെ കെ പറയുന്നത് പോലെയുള്ള കണ്ടീഷനിംഗ് അല്ല, അത് ഇത്തിരി ചൊറ പിടിച്ച ഒരു കണ്ടീഷൻ തന്നെയായിരുന്നു.
ആദിത്യനും രാഹുലനും ഞാനും തടാകക്കരയിൽ കുറെ നേരം ഇരുന്നു. കൂട്ടിനുള്ളത് ശാന്തശീലരായ കുറച്ച് നായകൾ. കാട്ടുനായകൾ അല്ല, നാടൻ നായകൾ. നഗരത്തിലെ തെരുവുനായയുടെ പകുതി വലുപ്പമോ മസിൽ പവറോ ഇല്ല.
വൈകുന്നേരത്തെ നേരിയ കോടമഞ്ഞണിഞ്ഞു ചുറ്റും നിൽക്കുന്ന കുഞ്ഞുമലകളിൽ മറ്റ് മൃഗങ്ങളുമുണ്ടെന്ന് കരുതി. മയിലുകളുടെ കൂവൽ ശബ്ദം അല്ലാതെ മറ്റൊന്നും കേട്ടില്ല, മറ്റാരെയും കണ്ടില്ല.
സ്വർഗത്തിലൽപ്പകാലം ചിലവിട്ട് മടങ്ങിപ്പോയ നാടോടികളുടെ കൂടാരത്തിന്റെ അടയാളങ്ങൾ മണ്ണിൽ കാണാം. ഞങ്ങളുമൊരൽപ്പനേരം ചിലവിട്ട് മടങ്ങി.
“ തിരികെയുള്ള പാതയിൽ വീണ്ടും ബോധമനസിന്റെ തണലിലേയ്ക്ക്. ഒന്നായിരിക്കുന്നതിൽ നിന്നൊറ്റയായി മാറുന്നതിന്റെ ഇരുളിലേയ്ക്ക്.” തിരിച്ചുവരുമ്പോൾ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നീട് എഴുതാനായി മനസ്സിൽ ഉരുവിടുന്ന പല കാര്യങ്ങളും ഒടുക്കം മറന്നുപോവുകയാണ് പതിവ്.
താഴ്വരകളുടെ കൂറ്റാക്കൂറ്റിരുട്ട് ഭേദിക്കാൻ നിലാവിന് കഴിഞ്ഞില്ല. ഹെഡ്ലൈറ്റിന്റെ വെളിച്ചം മാത്രം അകമ്പടിയായി ഞങ്ങൾ മുന്നോട്ടാഞ്ഞു.
ഗുഡിബണ്ട ടൗണും ബൈരസാഗരവും കഴിഞ്ഞ് അൽപം ദൂരെയെത്തിയപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെൺകുട്ടി ഞങ്ങൾക്ക് മുന്നിലായി ഞങ്ങളെക്കാൾ വേഗത്തിൽ റോയൽ എൻഫീൽഡ് ബൈക്കുമായി കുതിക്കുന്നുണ്ടായിരുന്നു. പുകതുപ്പിക്കൊണ്ട് കിതച്ച് നീങ്ങിയ എന്റെ CT 100 ബൈക്ക് വല്ലാതെ വിയർത്തു. എങ്കിലും ഞാൻ ഭയന്നത് പോലെ വഴിയിലെവിടെയും ബൈക്ക് നിന്ന് പോവുകയുണ്ടായില്ല. ഇരുട്ടേറുന്തോറും വഴികാട്ടിയായി അവൾ തന്നെ മുന്നിൽ പാഞ്ഞുകൊണ്ടിരിക്കുന്നു. ബെംഗളൂരു നഗരമെത്തുന്നത് വരെ ആ വെളിച്ചമുണ്ടായിരുന്നു. നഗരമെത്തിയപ്പോഴേക്കും വിളക്കുകൾക്കിടയിലെവിടെയോ അവൾ മറഞ്ഞു. ഞാൻ നാലുപാടും നോക്കി. ആരെയും കണ്ടില്ല.
റൂമിലെത്തിയ ശേഷം ഉടനെ ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചിട്ടു.
“ചില സാമീപ്യങ്ങളുണ്ട്. അദൃശ്യമായി നമ്മളെ സംരക്ഷിച്ച് വെളിച്ചത്തിലേയ്ക്ക് നയിക്കുന്ന ചില സാമീപ്യങ്ങൾ. ”
ഡയറിയടച്ചുവച്ച് പിറ്റേ ദിവസത്തെ ഓർഡറിന്റെ സോഴ്സിങ്ങിനുള്ള ഫയൽ തയ്യാറാക്കുന്നതിൽ ഞാൻ വ്യാപൃതനായി. കോലാർ മലമടക്കുകളിൽ വച്ച് കേട്ട കന്നഡ ഫോക്ക് ഗാനത്തിന്റെ ശീലുകൾ അപ്പോഴും എന്റെ കാതിൽ വന്നുപെയ്തുകൊണ്ടിരുന്നു.