
പ്രണയവാചകം

ആർദ്ര. വി എസ്
നീ ഇരുന്നിരുന്ന
കറങ്ങുന്ന കസേര
ശൂന്യമാകുമ്പോഴാണ്
ആ ഇത്തിരിയിടത്തിലാണ്
ഞാൻ ജീവിച്ചിരുന്നതെന്ന്
മനസ്സിലാവുന്നത്.
കസേരയിൽ
ചാരിയിരിക്കാതെ
അതിന് വേദനിക്കരുതെന്ന്
ആഗ്രഹിക്കും വിധം
അരികു പറ്റിയിരുന്ന്
നീ പിയാനോ വായിക്കുന്നു.
നീണ്ട വിരലുകളെ
നൃത്തം ചെയ്യിച്ചു കൊണ്ട്
പാട്ടുകൾ പാടുന്നു .
ശ്രുതി തെറ്റിച്ചു പാടിച്ചിരിക്കുന്ന
എന്നെ നോക്കി
നീ നെറ്റി ചുളിക്കുന്നു …
നിന്റെ നീണ്ട വിരലുകൾക്ക്
എവിടെയും
നൃത്തം ചെയ്യാനറിയുമായിരുന്നു…
വളഞ്ഞുപുളഞ്ഞുള്ള
അവയുടെ ചലനം
കെട്ടുപിണയുന്ന
പാമ്പുകളെ ഓർമിപ്പിക്കുമായിരുന്നു.
ഞാനത് പറയുമ്പോഴെല്ലാം
കാരണമില്ലാതെ നീ ചിരിക്കുമായിരുന്നു..
അപ്പോഴെല്ലാം എനിക്ക്
ദേഷ്യം വരുമായിരുന്നു…
ഒരു പാമ്പിനെ പോലെ
ചുറ്റി വരിഞ്ഞ്
കാരണമൊന്നുമില്ലാതെ
നിന്നെ കൊന്നു കളയണമെന്ന്
എന്റെ രഹസ്യ ഡയറിലെ
നടുപ്പേജിൽ
ഞാൻ കുറിച്ച് വെച്ചിരുന്നു..
ആ ഡയറി ഇപ്പോൾ കളഞ്ഞുപോയി..
നീ ഇല്ലാത്ത ഈ നേരത്ത്
ഞാൻ ആ ഡയറിയെ ഓർക്കുകയാണ്…
നിന്നെ ഞാൻ ഓർക്കുന്നേയില്ല..
പക്ഷെ
കറങ്ങുന്ന കസേരയിലേ
ഒഴിഞ്ഞയിടം
എന്തൊരു അസ്വസ്ഥതയാണ്.
പോകുമ്പോൾ
അതുകൂടെ കൊണ്ടുപോകാമായിരുന്നു
നിനക്ക്..
അതെന്നെ
കാരണമൊന്നുമില്ലാതെ
ജീവിക്കാൻ പ്രേരിപ്പിക്കുന്നു …