
കണ്ണേറ്

ആർദ്ര കെ. എസ്
(“We become aware that the dream fear is no more justified by the dream content than the fear in phobia is justified by the idea upon which the phobia depends”- Sigmund Freud)
6.55.01 pm
വളരെ ലാഘവത്തോടുകൂടിയാണ് അയാൾ എൻ്റെ വീടിൻ്റെ ഉമ്മറത്ത് വണ്ടി നിർത്തിയത്. ചുവന്ന മേത്തൊട്ടിയ ടീ ഷർട്ടും മുട്ടോളം പോന്ന ട്രൗസറും ഇട്ട എന്നെയാണ് അയാൾ ആദ്യം കണ്ടിരിക്കുക എന്നുറപ്പാണ്. ഉച്ചമയക്കത്തിൻ്റെ ആലസ്യം മാറ്റാൻ കട്ടൻ ചായയുണ്ടാക്കി ഉമ്മറത്തിരിക്കുകയായിരുന്നു ഞാൻ. ഉറക്കച്ചടവിലും ആൾക്കാരുടെ മുഖം നോക്കി വശപ്പിശക് പറയുവാനുള്ള എൻ്റെ കഴിവ് പുറത്തെടുത്തു. ഒരു നാൽപത് ശതമാനത്തിലധികം വിളച്ചിൽ ആദ്യ ദർശനത്തിൽ കണ്ടുപ്പിടിക്കാൻ കഴിഞ്ഞില്ല. എന്നു വച്ചാൽ ‘ കുഴപ്പമില്ല ‘ എന്ന് നിരൂപിക്കുകയും ഫലത്തിൽ തോൽക്കാൻ സാധ്യതയുള്ളതുമായ പരീക്ഷയായി അയാൾ വണ്ടിയ്ക്കകത്ത് ഇരുന്നു. മുപ്പതിലേക്ക് കടന്ന് കാണണം. ഇരുപതിൻ്റെ തുടിപ്പിലൊന്നും വിവാഹം നടക്കാത്തതിൻ്റെ നിർവികാരത അയാളുടെ മുഖത്ത് അടിച്ചേൽപ്പിച്ചുക്കൊണ്ട് ഞാൻ സംശയ ഭാവത്തിൽ കൂർപ്പിച്ച് നോക്കി.
വഴിതെറ്റി വന്നതായിരിക്കും. ഗെയ്റ്റ് ഇല്ലാത്ത കൈമതിലിനകത്തെ നനഞ്ഞ, പുല്ലു മുളച്ച , തവിട്ട് മണ്ണിൽ അയാളുടെ കറുത്ത നാലാൾ കയറുന്ന വണ്ടി പതിഞ്ഞ് നിന്നു. മുന്നിൽ കാക്കി ഷർട്ടും നീല ജീൻസുമിട്ട് ,മുൻ വശത്തെ കണ്ണാടി ഫ്രെയിമിന് വട്ടം കെട്ടിയ ഓറഞ്ച് ചെണ്ടുമല്ലിക്കോർത്ത പൂമാലയ്ക്കിടയിലൂടെ കുടുസു പൂജാമുറിയിലെ ചില്ലിലിട്ട ദൈവത്തെ പോലെ അയാൾ എന്നെ തുറിച്ച് നോക്കി.
ഹോ! എന്തൊരു നോട്ടം.!
അയാളുടെ കൃഷ്ണമണികൾ എൻ്റെ ശരീരത്തിലൂടെ പാഞ്ഞ് നടന്നു. എൻ്റെ തടിച്ച കാലിലെ കറുത്തു ചുരുണ്ട രോമങ്ങൾക്കിടയിൽ നിന്ന് അയാളുടെ തിളങ്ങുന്ന കൃഷ്ണമണികൾ ഇടതുകൈക്കൊണ്ട് പറിച്ചെടുത്ത് ഞാൻ അയാൾക്ക് നേരെ എറിഞ്ഞു. ആക്സിലറേറ്റർ തിരിച്ച് പെട്രോൾ കത്തിച്ച് ബ്രേക്ക് മുഴുവനായും ചവിട്ടി ഓട്ടോ നിന്നിടത്ത് നിന്ന് വിറച്ചു.
6.55.25 pm
‘ആരാ ? ‘
മറുപടി പറയുമെന്ന് വിചാരിച്ചിട്ടല്ല , വണ്ടി യെടുത്ത് പോകണം എന്ന ഭീഷണിയോടെയാണ് ഞാൻ ചോദിച്ചത്. അയാളുടെ കണ്ണുകൾ എൻ്റെ വായിലേക്ക് കയറി നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
എൻ്റെ സാമാന്യ ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു. പിന്നാമ്പുറം പോയി മണ്ണ് പറ്റി കിടക്കുന്ന മരമുട്ടി എടുത്ത് വന്ന് അയാളുടെ തലക്കിട്ട് ഒന്ന് കൊടുക്കാമായിരുന്നുവെന്ന് തോന്നി. തോന്നലുകളും ചെയ്തികളും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. മിണ്ടാതെ കുറച്ച് നേരമങ്ങനെ അവിടെ നിന്നു.
6.55.30 pm
‘താനെന്താടോ ഇങ്ങനെ തുറിച്ച് നോക്കുന്നത് ? ‘
ഇതിലൊതുക്കേണ്ടി വന്ന എൻ്റെ നിർഗുണമായ നാഗരികതയിൽ (Civilisation) എനിക്ക് അതൃപ്തി തോന്നി.
അയാൾ പ്രതികരിക്കാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ എൻ്റെ ചുണ്ടിൻ്റെ അനക്കങ്ങളെ നോക്കി ആക്സിലറേറ്റർ തിരിച്ചു.
ഹോ! എന്തൊരു .!
ഓട്ടോറിക്ഷയുടെ മുൻവശത്തെ ഉരുണ്ട ലൈറ്റുപോലെ അടുത്ത മഴയ്ക്ക് മുൻപുള്ള ഇളം വെയിലിൽ അയാളുടെ കണ്ണുകൾ തിളങ്ങി. എൻ്റെ ക്ഷമയെപ്പറ്റിയല്ല, അയാളുടെ തൊലിക്കട്ടിയെപ്പറ്റി ഞാൻ ആലോചിച്ചു. ഇത് ഇങ്ങനെ വിടാൻ പറ്റില്ല.
6.55.55 pm
‘ഇങ്ങനെ നിന്നുരുട്ടാതെ വണ്ടിയെടുത്തു പോടോ? ‘
അതിൻ്റെ ഗാംഭീര്യത്തിൽ അയാൾ ഒന്ന് പതറി എന്നുറപ്പ്.
അയാൾ ഓട്ടോറിക്ഷയുടെ ഹാൻഡിലിൽ നിന്ന് കൈയെടുത്ത് തൊട്ട് താഴെയുള്ള എന്തിലോ അമർത്തി. മുന്നിലെ ഹെഡ് ലൈറ്റിൽ നിന്നായിരിക്കണം പുതിയ ചൈനീസ് ടോർച്ചിൻ്റേതു പോലെ അതിലധികം വെളിച്ചം തെളിഞ്ഞു. ഹെഡ് ലൈറ്റിടാനുള്ള ഇരുട്ടാവുന്നതേയുള്ളൂ. എങ്കിലും വണ്ടിയെടുത്തു പോകാനായിരിക്കുമെന്നാണ് ഞാൻ ധരിച്ചത്. എൻ്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ വിറക്കുന്ന വണ്ടിയിൽ നിന്ന് അയാൾ പുറത്തിറങ്ങി.
സാമാന്യം നീളവും വെളുത്ത ശരീരവും ജിറാഫിൻ്റെ കഴുത്തുമുള്ള അയാൾ വീടിന് ഉമ്മറത്ത് വണ്ടിയുടെ ഇടത്തോർത്ത് അനങ്ങാതെ നിന്ന് എന്നെ ആകമാനം ഒന്ന് നോക്കിയ ശേഷം തിരിഞ്ഞ് നടന്നു. തിരിഞ്ഞു നോക്കാതെ അയാൾ ഗേറ്റുകളില്ലാതെ വീടിൻ്റെ ഉമ്മറം കടന്ന് പോയി.
6.56.08 pm
പകപ്പ് മാറ്റി വച്ച് ഓട്ടോറിക്ഷയുടെ അടുത്തേക്ക് കുതിക്കാൻ എനിക്ക് തോന്നി.
പക്ഷെ അയാൾ കണ്ണിൽ നിന്ന് പോകുന്നത് വരെ ഞാൻ അനങ്ങിയില്ല.
6.56.15 pm
ഉമ്മറത്തേക്ക് വലിഞ്ഞ് നടന്നു. വണ്ടിയിൽ നിന്ന് വരുന്ന വെളിച്ചത്തെ മുറിച്ച് ഒരു വശത്തേക്ക് മാറി നിന്നു. അയാൾ യാതൊരു അസ്വാഭാവികതയുമില്ലാതെ ലാഘവത്തോടെ നടന്ന് പോകുന്നു. കണ്ണിൽ നിന്ന് പോകുന്നതുവരെ ഞാനവിടെ തന്നെ നിന്നു.
തിരിഞ്ഞ് ഓട്ടോറിക്ഷയെ നോക്കി.
അടുത്തു പോകാൻ തോന്നിയില്ല. അയാളിത് എന്ത് ഭാവിച്ചാണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.
പത്രത്തിൽ പല കാലങ്ങളിൽ വായിച്ച പല വാർത്തകൾ എൻ്റെ തലയിൽ നട്ടം തിരിയാൻ തുടങ്ങി.
പെട്രോൾ കത്തിച്ച് നിന്ന് വിറയ്ക്കുന്ന ഓട്ടോറിക്ഷ വല്ല കേടും വന്ന് നിർത്തിയിട്ടതാകുമെന്ന് വിചാരിക്കുന്നതിന് പിറകെ മറ്റനേകം ആലോചനകൾ തലയിൽ വന്നടിഞ്ഞു.
6.56.35 pm
വേഗത്തിൽ നടന്ന് വീട്ടിൽ കയറി വാതിലടച്ചു.
ക്ലോക്കിലെ സൂചി രാത്രിയിലെപ്പൊഴോ നിന്നു പോയത് ഒൻപതിലവിടെ നിൽക്കുന്നു.
വാതിലടച്ചിട്ടും വണ്ടിയുടെ കിതപ്പ് വീടിനകത്തേക്ക് കേട്ടു.
ക്ലോക്കിൻ്റെ സൂചിക്കൊപ്പമിടിക്കുന്ന നെഞ്ചിടിപ്പിൻ്റെ കാരണം മാറ്റാൻ ചെവിയിൽ ഇയർഫോൺ തിരുകി.
Plug into nirvana എന്ന് അതിൻ്റെ കവറിൽ എഴുതിയത് കണ്ടു. ഒന്നും സംഭവിച്ചിട്ടില്ല എന്ന കണക്കെ പാട്ട് ലിസ്റ്റ് പരതി.
6.57.00 pm
ഒന്ന് രണ്ട് പാട്ടുകൾ ചെവിയിൽ കുത്തി നേരം കൊന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി. ഉരുണ്ട കൃഷ്ണമണി പാതിമണ്ണിൽ കുഴിച്ചിട്ടതു പോലെ അതവിടെ കിടന്ന് വിറക്കുന്നു. ഒന്നു പുറത്തേക്കിറങ്ങി നോക്കാമെന്ന് വച്ചാൽ പേടി ഇരച്ചുകയറുന്നത് മനസ്സിലാവുന്നുണ്ട്. അയാൾ പോയി കുപ്പിയിൽ വല്ല ആസിഡും വാങ്ങി വന്ന് മുഖത്തൊഴിച്ചാലോ! ഹോ!
കൂട്ടുകാരെ കൂട്ടി വന്ന് ബലാൽക്കാരം ചെയ്താലോ!
ഇതിപ്പൊ എന്തിനുള്ള പുറപ്പാടാണ്!
ഞാൻ പൂർവ്വകാലത്തിൽ പ്രണയത്തിലായിരുന്ന രണ്ട് പേരെയും ഓർത്തു. അവർ എന്നെ ഓർക്കുന്നുണ്ടോ എന്ന് പോലും സംശമാണ്. ഓർത്ത് വച്ച് തിരിച്ചടി തരാൻ മാത്രം ഞാൻ അവരെ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് മാത്രമല്ല അവരൊക്കെ തനി പാവമായിരുന്നു.
എന്ന് വച്ച് ഞാനറിയുന്നവർ , ഇടപ്പെട്ടവർ, കേട്ടവർ ..അവരൊക്കെ സാധുക്കളാണെന്നല്ല.
സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ വല്ലാതെ ഭയപ്പെട്ട ഒരു പേരായിരുന്നു റിപ്പർ സേനൻ. കുത്തനെയുള്ള കുന്ന് കയറി, രണ്ട് വളവുകൾ കടന്ന് റബർ തോട്ടത്തിന് നടുക്കുള്ള സ്ക്കൂളിലേക്ക് ഒറ്റയ്ക്ക് കേറുമ്പോൾ ഞാൻ റിപ്പർ സേനനെ പേടിച്ചിരുന്നു. ഒറ്റയ്ക്ക് കാണുന്ന പെൺകുട്ടികളെ അയാൾ റിപ്പറുക്കൊണ്ട് തലയ്ക്കടിച്ച് കൊല്ലുമെന്ന കഥ ഞാൻ വിശ്വസിച്ചത് ഒരിക്കൽ റിപ്പർ സേനൻ ജയിലിൽ നിന്നിറങ്ങിയ വാർത്ത പത്രത്തിൽ കണ്ടതിൽ പിന്നെയാണ്.
കൂടെക്കൂടെ പിന്നിലേക്ക് തിരിഞ്ഞ് നോക്കി , ശൂന്യതയുറപ്പിച്ച് ശ്വാസം വിട്ട് കുന്ന് കയറുന്നത് ഓർമ വന്നു. അയാളെ ഇതു വരെ കണ്ടിട്ടില്ലാത്തതു കൊണ്ട് എൻ്റെ ഭാവനയിൽ ‘റിപ്പർ ‘ ഒരു വലിയ ആയുധമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഒരാളെ തലയ്ക്കടിച്ചു കൊന്ന് ചോരയൊലിക്കുന്ന ഒരു യന്ത്രം.
6.57.11 pm
നേരെ വാതിൽ തുറന്ന് ഉമ്മറത്തേക്കിറങ്ങി.
മാനത്ത് കാറ് കേറി ,മഴമേഘം മൂടിയിട്ടുണ്ട്. തുലാം മാസം ഇതൊക്കെയുള്ളതാണ്.
വണ്ടി നിന്നിടത്തൂന്ന് വിറച്ചുക്കൊണ്ടേയിരിക്കുന്നു.
എന്നെ നോക്കുകയാണെന്ന് തോന്നി.
അസത്ത്.
എൻ്റെ മേത്ത് ടോർച്ചടിച്ച് നോക്കി നിൽക്കുകയാണ്.
മഴ പെയ്യുന്നതിന് മുൻപ് അയാളീ ശകടമൊന്ന് എടുത്തു കൊണ്ടു പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു !
കുറഞ്ഞത് പെട്രോൾ വറ്റി ഈ വിറച്ചിലൊന്ന് നിർത്തിയിരുന്നെങ്കിൽ!
ഒരടി പുറത്തേക്കിറങ്ങി. എന്തൊരു ആകൃതിയാണ്. ഒരു പാറക്കഷണം പോലെ ഉമ്മറത്ത് ചേർന്ന് കിടക്കുന്നു. വണ്ടിയിൽ വല്ല ബോംബും ഉണ്ടായിരിക്കും. സെക്കൻ്റുകൾക്കുള്ളിൽ അത് പൊട്ടിത്തെറിച്ച് ഇവിടം മുഴുവൻ ചാമ്പലായാൽ!
6.57.20 pm
മഴ തൂളി തുടങ്ങുന്നതു കണ്ടപ്പോൾ ഞാൻ ഉള്ളിലേക്ക് കയറി. വാതിലടച്ച് ജനലിലൂടെ നോക്കാമെന്ന് കരുതി. മഴ കനത്താൽ അയാളുടെ വരവ് കേൾക്കാൻ പറ്റില്ല. എങ്ങാനും മയങ്ങി പോയാൽ … എത്ര സമാധാനക്കേട് വന്നാലും ഉറങ്ങാൻ എനിക്ക് പ്രയാസമില്ല. ഉറങ്ങുമ്പോൾ സ്വപ്നത്തിൽ ഒന്നോ രണ്ടോ തവണ കൊല്ലപ്പെട്ട തൊഴിച്ചാൽ , മറ്റെല്ലായിപ്പോഴും ഞാൻ രക്ഷപ്പെടാറുണ്ട്.
6.57.32 pm
മഴ ചാറി തുടങ്ങി. പൂച്ചയുടെ കണ്ണുകൾ പോലെ മഴയിൽ വണ്ടിവെളിച്ചം തിളങ്ങി.
ഈ മഴയത്ത് അയാൾ വരുന്ന ശബ്ദം കേൾക്കില്ല. എത്ര നേരം ഇങ്ങനെ ജനൽ നോക്കി ഇരിക്കുമെന്ന് അറിയില്ല. ഒച്ച നിന്നോയെന്നു നോക്കാൻ ജനൽ ഇത്തിരി തുറന്ന് നോക്കി. തണുത്ത കാറ്റ് നുഴഞ്ഞ് കയറി എൻ്റെ മുലക്കണ്ണുകളെ ഉത്തേജിപ്പിച്ചു. കുപ്പായത്തെ കുത്തി പുറത്ത് ചാടി.
ഇല്ല .
അവിടെ തന്നെ കിടന്ന് വിറയ്ക്കുകയാണ്. അതിൻ്റെ ചാവി കിട്ടിയാൽ ഊരി വയ്ക്കാമായിരുന്നു. മഴ തോർന്നാൽ അങ്ങനെയൊന്ന് ആലോചിക്കാവുന്നതേയുള്ളു.
6. 57.40 pm
തണുത്ത കട്ടനൊന്ന് ചൂടാക്കി കുടിക്കണമെങ്കിൽ അടുക്കളയിലേക്ക് ചെല്ലണം. അപ്പോഴെങ്ങാൻ അയാൾ വന്നാൽ ! അവിടെ തന്നെയിരുന്നു.
6. 57.55 pm
മഴ തോരുന്നുണ്ട്. ചെറിയ ചാറ്റലും മൂടലും മഴക്കാലത്ത് ഉള്ളതാണ്. മെല്ലെ നടന്ന് വാതിൽ തുറന്ന് പുറത്തിറങ്ങി. ലൈംലൈറ്റിൽ എന്നെ നിർത്തി ശകടം നിന്ന് വിറയ്ക്കുന്നു. അടുത്തേയ്ക്ക് ചെന്ന് ചാവി എടുത്ത് , അതിൻ്റെ പുളകം കൊളളൽ നിർത്തണമെന്ന് വിചാരിക്കുന്നു.
മുറ്റത്തേക്കിറങ്ങി.
അടുത്തേക്ക് ചെല്ലാൻ പേടി ! വെള്ളമൊലിച്ച് നിന്ന് വിറയ്ക്കുകയാണ്.
മഴ നനഞ്ഞ കണ്ണാടി ഫ്രെയിമിലൂടെ നോക്കി. പൂമാലയ്ക്ക് നടുവിൽ അയാൾ ഇരുന്നിടം ശൂന്യമായി കിടക്കുന്നു.
6. 57.60 pm
അടുത്ത് ചെന്നു. വിറയ്ക്കലിൻ്റെ തീവ്രത കൂടിയ പോലെ. ആരോ ആക്സിലറേറ്റർ കൊടുത്തിട്ടുണ്ട്. ഇനിയിപ്പോ വണ്ടിയിൽ ആരെങ്കിലും ഉണ്ടോ. ഏയ് ! ഒരാളെ ഉണ്ടായിരുന്നുള്ളൂ. അയാൾ ഇറങ്ങി പോയിട്ട് നേരം കുറച്ചായി. ഒന്നു കൂടെ ഉള്ള് ഓടിച്ച് നോക്കി. ഒന്നുമില്ല. ഒന്ന് തൊട്ടു നോക്കിയാലോ എന്നാണ് . പക്ഷെ പേടിച്ചിട്ട് ഒരു രക്ഷയില്ല.
6.58.04 pm
ധൈര്യം സൊരുക്കൂട്ടി ഒന്ന് തൊട്ടു നോക്കി. ചടപടെ .. കൈ പിന്നിലേക്ക് വലിച്ചു. ഒരു കൊഴുത്ത ദ്രാവകം കൈയ്യിൽ ഒട്ടിയൊലിച്ചതു പോലെ. അറപ്പല്ല, മറ്റെന്തോ ആണ് തോന്നിയത്. ആകെ ചൂളിപോയി.
എന്ത് കുന്തമാണിത്! തൊട്ട് നോക്കണ്ടായിരുന്നു. ഇനി എന്തായാലും ഇല്ല. അടുത്ത മഴയ്ക്ക് മുമ്പ് ഇതിലൊരു തീരുമാനമായിരുന്നെങ്കിൽ നന്നായിരുന്നു. എന്നാലും അയാൾക്ക് പ്രാന്താണോ! ഇങ്ങനെ ഒരു പരിചയവുമില്ലാത്ത വീട്ടിൽ വന്ന് കയറി കണ്ണെറിഞ്ഞ് നിക്കാൻ, വണ്ടിയിട്ട് പോവാൻ !
അടുത്ത മഴ കനക്കുന്നതിന് മുമ്പ് വീട്ടിലേക്ക് കേറാമെന്ന് കരുതി.
6.58.11 pm
ഉള്ളിലേക്ക് കേറിയപ്പോൾ വെളിച്ചം വീണ്ടും എൻ്റെ ശരീരത്തിൽ അടിച്ചു. ഞാൻ അതിനെ കൂർപ്പിച്ചൊന്ന് നോക്കി. വാതിൽ അമർത്തിയടച്ചു.
6.58.15 pm
കട്ടിലിൽ പോയി കിടക്കണമെന്ന് തോന്നി. വേണ്ട. ഉമ്മറത്തേക്ക് ഒരു കണ്ണുള്ളതാണ് നല്ലത്. ജനൽ നോട്ടം കിട്ടുന്നിടത്ത് കസേരയിട്ടിരുന്നു. കാല് നീട്ടി ജലനിൽ വച്ചു.
ഉറങ്ങി പോവരുതെന്ന് ജപിച്ചു.
6.58.35 pm
ചാടിയെണീറ്റു. ഉറങ്ങി പോയതാണ്. നോക്കിയിരുന്ന് ഏതോ നേരത്ത് കണ്ണടഞ്ഞു പോയിരുന്നു. പുറത്ത് പാതി ഇരുട്ടായിട്ടുണ്ട്. മഴ ചാറുന്നുണ്ട്. വാതിൽ തുറന്ന് പുറത്തിറങ്ങി.
ഒന്നല്ല , ഒരു പോലത്തെ രണ്ടെണ്ണം. തിളക്കം തുപ്പി, വെള്ളമൊലിച്ച് , ചളിമണ്ണിൽ ആരോ കൊടുന്നിട്ടിരിക്കുന്നു.
ഒരേ പോലെ ! രണ്ടും എന്നെ തുറിച്ച് നോക്കുകയാണ്. പെട്ടെന്ന് ആരോ ആക്സിലറേറ്റർ കൊടുത്ത പോലെ രണ്ടും നിന്നിടത്ത് നിന്ന് വിറയ്ക്കലിൻ്റെ വേഗം കൂട്ടി. അതിൻ്റെ ഉള്ളിൽ ആരെങ്കിലുമുണ്ടെന്ന് തോന്നിയില്ല. കറുത്ത രണ്ട് ഗോലികൾ പോലെ മുറ്റത്തെ ചളിയിൽ കിടന്ന് വിറക്കുകയാണ്. അതിൽ നിന്ന് വരുന്ന വെളിച്ചം എന്നെ സ്കാൻ ചെയ്യുകയാണെന്ന് തോന്നി. വല്ല അന്യഗ്രഹ ജീവികളുമായിരിക്കുമെന്ന് എനിക്ക് തോന്നി.
ഉള്ളിൽ അന്തം വിട്ട് , വായ പൊളിക്കാതെ ഞാൻ ഉമ്മറത്ത് നിന്നു.
രണ്ട് ലൈറ്റുകൾക്കിടയിലൂടെ പുറത്തിറങ്ങി പരിശോധിക്കണമെന്ന് വിചാരിച്ചാൽ മഴ ചാറുന്നുണ്ട്.
6.58. 48 pm
കുടയെടുത്ത് മെല്ലെ മുറ്റത്തിറങ്ങി. രണ്ടാമത്തേതിൻ്റെ അടുത്തേക്ക് നടന്നു. മോതിരമില്ലാത്ത മോതിരവിരൽക്കൊണ്ട് ഒന്ന് തൊട്ട് നോക്കി. തൊട്ടതും വിറയ്ക്കലിൻ്റെ തീവ്രത കൂടി. ചളിയിൽ കിടന്ന് പുളയുന്നതു പോലെ തോന്നി.
6. 59.08 pm
രണ്ട് നാലായി
6.59. 09 pm
നാല് ആറായി
6.59.10 pm
ആറ് എട്ടായി
6.59.11 pm
എട്ട് പത്തായി
6.59.12 pm
ഇനി എണ്ണുന്നില്ല.
അല്ല. എണ്ണാൻ പറ്റുന്നില്ല.മുറ്റത്തിനി സ്ഥലമില്ല. പെരുകി പെരുകി മുറ്റം മുഴുവൻ കറുത്ത ഗോലികൾ നിറഞ്ഞിരിക്കുന്നു. വീടിനു മുകളിലേക്ക് പറ്റി പിടിച്ച് കയറുന്നുണ്ട് കുറച്ചെണ്ണം. അവറ്റകൾക്ക് ജീവനുള്ള പോലെ. ജനലിലും മേൽക്കൂരയിലും ഒട്ടിപിടിച്ച് നിന്ന് വിറയ്ക്കുന്നു. കറുത്ത പരലുകൾ പോലെ, ഗോലികൾ പോലെ, … ടോർച്ചിൻ്റെ വെളിച്ചം തുപ്പി നനഞ്ഞ് കിടക്കുന്നു. ചോരയുള്ള എന്തോ അതിനകത്ത് കടന്ന് മിടിക്കുന്നുണ്ട്. രണ്ടിൻ്റെ ഗുണിതങ്ങളായി പല വലുപ്പത്തിൽ വെള്ളമൊലിപ്പിച്ച് തിളങ്ങി, എന്നെ നോക്കുക്കയാണ്. നോക്കിക്കൊണ്ടേയിരിക്കുന്നു.
ഹോ! എന്തൊരു നോട്ടം.
*വോയറിസം എന്ന ഇംഗ്ലീഷ് വാക്കിൻ്റെ അർത്ഥത്തെ കണ്ണേറ് എന്ന വാക്കിലേക്ക് ചേർക്കുന്നു.
(Voyeur – an unduly prying observer
Voyeurism- the practice of obtaining sexual gratification from observing others ; Merriam Webster)