
ഡിസംബറിലെ വെളുത്ത പൂവ്

ആർദ്ര അക്ഷരി
അപാർട്ട്മെന്റിന്റെ ഒരു കോണിൽ
നിന്നു ഞാൻ താഴോട്ട് നോക്കി.
വിളറിയ വെളുപ്പിൽ ചുവന്ന പൂക്കളുള്ള
ചുരിദാറിൽ അവളവിടെ നടക്കുന്നുണ്ട്.
മുകളിലത്തെ അവരുടെ മുറിയിൽ
നിന്നും അവളുടെ ചേട്ടന്റെ
നിലവിളി ഉറക്കെയുറക്കെ കേൾക്കാം.
അവളെന്നെ തലയുയർത്തി നോക്കി.
ചുവരിലാകെ ഊറിത്തുടങ്ങിയ
ഇരുണ്ട പച്ച.
മുന്നിൽ എന്നിലേക്കെന്ന് തുറന്നു
വെച്ച രണ്ടു ജനാലകൾ.
അവളുടെ കവിളിൽ
കാറ്റിൽ ഇല കണക്കെ
തൊട്ടപ്പോൾ കുഴിഞ്ഞു പോയ നുണകൾ .
കണ്ണിനു ചുറ്റും
കനത്തു കെട്ടിയ വർഷങ്ങൾ.
ഒറ്റ നിമിഷം, ഞാൻ തല വെട്ടിച്ചു.
അമ്മ മരിച്ചതിന്റെ പിറ്റേന്ന്
തലയുയർത്തി ലോകത്തെ നോക്കുന്നൊരുവളെ
എങ്ങനെ നേരിടാനാണ്!
വേഗം വേഷം മാറി
ഡിസംബറിന്റെ തണുപ്പിൽ
കനലുറഞ്ഞു പോയ കണ്ണുകളുള്ള
നഗരത്തിന്റെ കയ്യും പിടിച്ച്
ഞാൻ നടക്കാനിറങ്ങി.