
പെൺശബ്ദങ്ങൾ, നിലവിളികൾ…

അർച്ചന ലക്ഷ്മണൻ
സ്ത്രീധന മരണങ്ങൾ ഒരു തുടർകഥ ആയപ്പോൾ വിസ്മയയും സുചിത്രയുമെല്ലാം മാധ്യമങ്ങൾക്ക് ആഘോഷിക്കുവാനും ഫേസ്ബുക്ക് പേജുകൾക്ക് സങ്കടകടൽ പോസ്റ്റുകളിടാനുമുള്ള വിഷയങ്ങളായി ഒതുങ്ങി തുടങ്ങിയിരിക്കുന്നു. ദിവസങ്ങൾ കഴിയുന്തോറും ഈ പേരുകളും മറ്റനേകം പേരുകളുടെ കൂട്ടത്തിൽ നമ്മൾ സൗകര്യപൂർവം മറക്കുകയും ചെയ്യും. എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ട മരണങ്ങൾ വെറും സ്ത്രീധന പ്രശ്നം മാത്രമായി കാണുവാനുള്ളതാണോ? ഒരു ഐസ്ബർഗ് ഫിനോമിനോൺ പോലെ, ലിംഗവിവേചനം എന്ന കൊടിയ പ്രശ്നത്തിന്റെ ഒരു അഗ്രം മാത്രമല്ലേയിതും !
ഒരു മരണത്തിനു പിന്നാലെ അടിക്കടി വീണ്ടും സംഭവങ്ങൾ അരങ്ങേറിയെങ്കിൽ ഇതിൽ എത്ര ഇരട്ടി പെൺകുട്ടികൾ ഈ ദുരിതമനുഭവിക്കുന്നുണ്ടാകും ! ഉന്നത വിദ്യാഭ്യാസവും സാമാന്യം കെട്ടുറപ്പുള്ള ഒരു ചുറ്റുപാടുമുള്ള വിസ്മയയെ പോലുള്ള പെൺകുട്ടികൾ ഇതിൽ ബലിയാടാകുന്നുണ്ടെങ്കിൽ അത് പോലുമില്ലാത്ത വിഭാഗത്തിന്റെ നിലവിളി ആര് കേൾക്കും ?
ഈ വാർത്തകൾ വായിച്ചപ്പോൾ എന്നെ ഏറ്റവുമധികം അലട്ടിയത് മറ്റൊന്നായിരുന്നു. ഒരു പെണ്ണിനേക്കാൾ എന്ത് മേന്മയും പ്രിവിലേജിനുള്ള അർഹതയും ഒരാണിന് ഉണ്ട് എന്ന ധൈര്യത്തിലും അഹങ്കാരത്തിലുമാകും ഓരോ ആണും ഒരു സ്ത്രീയെ ശാരീരീരികമായും മാനസികമായും ഉപദ്രവിക്കുന്നത് ?
ഉത്തരം സിംപിളാണ്. പൗരാണിക കാലം മുതൽക്കേ, പുരുഷനേക്കാൾ രണ്ടാം കിടയാണ് സ്ത്രീ എന്ന് ഇന്നാട്ടിലെ ഓരോ ആണിനേയും പെണ്ണിനേയും പറഞ്ഞു പഠിപ്പിച്ച ഈ സിസ്റ്റം തന്നെയാണ് തകരാറ്. വളർന്നു വരുമ്പോൾ മറ്റൊരു പുരുഷന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും മാത്രം വില നൽകി വ്യക്ത്തിത്ത്വമില്ലാതെ ജീവിക്കാൻ ഓരോ പെൺകുട്ടിയെയും പ്രൈം ചെയ്യുന്ന ഗ്രേറ്റ് ഇന്ത്യൻ ഫാമിലി സിസ്റ്റം തന്നെയാണ് അതിനുത്തരവാദി. പെൺമക്കളെ അടക്കവും ഒതുക്കവും പഠിപ്പിക്കാൻ വെമ്പുന്ന, അവരെ മുറ്റമടിക്കാനും പാത്രം കഴുകുവാനും ട്രെയിനിങ് നൽകുന്ന വീട്ടുകാരിൽ എത്ര പേര് ആൺമക്കളെ ഇതേ അടക്കവും ഒതുക്കവും പഠിപ്പിക്കാൻ മുതിരും? സമയവും അസ്സമയവും കൊണ്ടുള്ള വേലി കെട്ട് ഇന്നാട്ടിലെ ഏതെങ്കിലും പുരുഷൻ അനുഭവിച്ചിട്ടുണ്ടാകുമോ? ഇഷ്ടമുള്ള വസ്ത്രം ഇഷ്ടമുള്ള രീതിയിൽ ധരിക്കാൻ ഏതെങ്കിലും ആണിന് മറ്റുള്ളവരുടെ അനുവാദത്തിന് കാത്തു നിൽക്കേണ്ടി വന്നിട്ടുണ്ടാകുമോ? പെൺകുട്ടിയെ ചൊല്ലി നിൽക്കുന്ന ഈ ഇൻസെക്യൂരിറ്റിയുടെ പരിണിത ഫലമാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി മറ്റൊരാണിന്റെ കയ്യിൽ പെണ്ണിനെ സേഫ് ആയി ഏല്പിക്കുക എന്നത്.
എത്ര സിംപിളായാണ് ഒരു പെണ്ണിന്റെ ജീവിത ലക്ഷ്യം വിവാഹം മാത്രമാണ് എന്ന കൊടിയ വിഷം നമ്മൾ പോലുമറിയാതെ നമ്മുടെയല്ലാം മനസ്സിലേക്കു ഇൻജെക്ട് ചെയ്തു കയറ്റിയിരിക്കുന്നത്. ഇത്രയൊക്കെ ആയിട്ടും നോക്കൂ, മരിച്ച പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയുമാണ് നമ്മൾ വീണ്ടും രക്ഷക്കായി തേടുന്നത്, വിവരങ്ങൾ അവൾ അവരെ അറിയിച്ചിരുന്നെങ്കിൽ രക്ഷ കിട്ടുമായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്. അതാണ് തെറ്റ്. വീണ്ടും വീണ്ടും നമ്മൾ സ്ഥാപിക്കുന്നത് സ്ത്രീ അബലയാണ് എന്ന് തന്നെയാണ്. പെണ്ണിനെ അബലയാക്കി, അവൾക്ക് താങ്ങാകുന്ന ഒരു സപ്പോർട്ട് സിസ്റ്റം അല്ല നമുക്കാവശ്യം, മറിച്ചു അവളെ സ്വയംപര്യാപ്തയാക്കി ശക്തയാകുക എന്നതാണ്, സമത്വമാണ്. ഒരാണിന്റെ താങ്ങില്ലാതെ ജീവിക്കുക എന്നത് അതിശയോക്തിക്ക് പകരം നോർമലൈസ് ആവുകയാണ് വേണ്ടത്. അവളെ തല്ലിച്ചതച്ചപ്പോഴും ആൺ അഹന്തയ്ക്ക് തോന്നിയ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നിരിക്കണം – ഞാൻ ആണാണ്, എനിക്കെന്തും ആവാം എന്ന്. ആ ആൺ അഹന്ത വേണം അടിച്ചമർത്താൻ.
ഇനി ‘എന്തിനെല്ലാം സഹിച്ചു നിൽക്കുന്നു, ഇറങ്ങി പോന്നൂടെ ‘ എന്ന് ചോദിക്കുന്നവരോട് – നമ്മുടെ പേർസണൽ സന്തോഷത്തേക്കാൾ വലുതാണ് നമുക്ക് ചുറ്റുമുള്ളവരുടെ സന്തോഷമെന്നും, നാട്ടുകാർ എന്ത് പറയും എന്നും, മറ്റെന്തിനേക്കാളും ചിന്തിക്കാൻ സെറ്റ് ചെയ്തിരിക്കുകയാണ് നമ്മുടെയെല്ലാം മനസ്സിനെ. സ്ത്രീകൾക്ക് ആശ്രയമാകേണ്ടവർ പോലും ‘എന്നാൽ അനുഭവിച്ചോ ‘ എന്ന് പറയുന്നിടത്തു, ആരോട് തുറന്ന് പറയണം നമ്മൾ, ആരിൽ പ്രതീക്ഷയർപ്പിക്കണം നമ്മൾ ? സ്ത്രീകൾക്ക് വിദ്യാഭാസം നൽകി എന്നതുകൊണ്ട് മാത്രം ഒരു മാറ്റം സൃഷ്ടിക്കാൻ സാധിക്കില്ല എന്ന് തെളിഞ്ഞു കഴിഞ്ഞു. ഉയിർത്തെഴുനേറ്റ് പ്രതിരോധിക്കേണ്ട കാലമാണ് ഇനി.
മരണപെട്ടു കിടക്കുന്ന പെൺകുട്ടികളെ നോക്കി കണ്ണുനീർ പൊഴിക്കുന്ന, പുരോഗമനം പ്രസംഗിക്കുന്ന സമൂഹത്തോട്, കണ്ണുനീരല്ല കുറ്റബോധമാണ് വേണ്ടത്. അവരെ കൊന്നത് നിങ്ങൾ ഓരോരുത്തരും തന്നെയാണ്. കുലസ്ത്രീയാക്കി പെണ്ണിനെ വളർത്തി, പെണ്ണിന്റെ സ്ഥാനം നിന്റെ താഴെയാണ് എന്ന് പറയാതെയും പറഞ്ഞും ഓരോ ആണിനേയും വളർത്തി വലുതാക്കി, സ്ത്രീകൾക്കെതിരെയുള്ള ഓരോ അക്രമത്തിനും നിശബ്ദത പാലിച്ചു, മഹത്തായ ഭാരതീയ അടുക്കളയെ പെണ്ണിന്റെ മാത്രം ഉത്തരവാദിത്തമാക്കി മാറ്റി നിങ്ങൾ നടത്തികൊണ്ടൊരിക്കുന്ന കൂട്ടക്കൊല.
എല്ലാ അസമത്വങ്ങളും സഹിച്ചു ഇതെല്ലം തങ്ങളുടെ കടമയാണെന്നും തങ്ങൾ ഇതിൽ സന്തുഷ്ടരാണെന്നും സ്വയം പറഞ്ഞു വിശ്വസിപ്പിച്ചു ഓരോ സ്ത്രീയും കെട്ടിപ്പൊക്കിയ വലിയ നുണകഥയാണ് നമ്മുടെ നാട്ടിലെ ഓരോ കുടുംബത്തിന്റെയും അടിത്തറ. ആ നുണക്കഥകൾ തിരുത്താൻ തയ്യാറാകാത്തിടത്തോളം കാലം ഇനിയും വിസ്മയമാരും ഉത്രജമാരും ഉണ്ടായികൊണ്ടേയിരിക്കും – നമുക്ക് ചാനൽ ചർച്ചകൾ നടത്താൻ, #feeling sad പോസ്റ്റുകളിടാൻ. അത് വരെ, സൈനിങ് ഓഫ്…