വിക്ക്

അപര്ണമംഗലശ്ശേരി
സത്യമായും പണ്ടെനിക്ക് വിക്കില്ലായിരുന്നു.
ഞാനിക്കണ്ട മതിലിന്മേലൊക്കെ,
കണക്കും കവിതയുമെഴുതി നടന്നു.
വഴിക്കുകണ്ട മരത്തിന്മേലൊക്കെ
വലിഞ്ഞുകേറി കായും പൂവും തിന്നു.
ഇടയ്ക്കിരുന്നു ,
നടന്ന് നടന്ന് ഞങ്ങള്‍ പത്തുപേരായാല്
ഉറക്കെച്ചിരിച്ചു.
എനിക്കന്ന് വിക്കെന്നല്ല,
ഭാരംപോലുമില്ലായിരുന്നു.

പിന്നെപ്പിന്നെ വളര്‍ന്ന് വളര്‍ന്ന്
പലര്‍ക്കും വാലുമുളച്ചു,
ഇടയ്ക്കു ഞാനൊരു പാട്ടുപാടുമ്പോള്‍
പത്തുപേരു ചേര്‍ന്നെന്റെ
വായടച്ചു,
ഉറുമ്പിനും, ഓന്തിനും പശുവിനും വിശന്നില്ല
ഇന്നിട്ടും ഞാന്‍ വിശന്നുമരിച്ച് വഴിയില്‍ക്കിടന്നു,
കണക്കു ചോദിച്ച കവിതയ്ക്കൊക്കെ
തലക്കെട്ടിനുതാഴെ കുത്തേറ്റു.
സത്യമായും എന്നോട് വിക്കിപ്പോയി
എന്നല്ല,
ശ്വാസംമുട്ടിയെന്റെ ഭാഷമുറിഞ്ഞുപോയി.