
ലോ ഓഫ് അട്രാക്ഷൻ

അപർണ ചിത്രകം
എന്നാലും
ഏതു വാക്കിനു പുറത്തായിരിക്കും
ഭൂമിയിപ്പഴും സൂര്യനുചുറ്റുമിങ്ങനെ?
ചേർന്നെരിയാനും
അകന്നുമാറാനുമാകാത്തവിധം
ഏതോർമ്മയിലാവണം
ഈ വട്ടംകറക്കം?
കഷ്ടമാണ്.
എങ്കിലും സമാധാനിക്കാറുണ്ട്
ഒരിക്കലുമെത്താത്തൊരിടത്തേക്കുള്ള
സ്വയംമറന്ന പാച്ചിലിൽ
നീലച്ചിറകുവിരിച്ച്
ഭൂമിയാവുന്നല്ലോ ചിലപ്പഴൊക്കെ ഞാനും…
സൂര്യനതറിയുന്നുണ്ടോ എന്തോ…!