
ജാസ്മിൻ

അനുപ്രിയ മനോജ്
വെളുപ്പിനെ ഭയന്നിരുന്ന ജാസ്മിൻ,
വരകളെ മറന്ന്
ചുവരുകളിൽ
നിഴൽക്കൂത്ത് നടത്തി
മുറിയിലസാധ്യമാംവണ്ണം
ഇരുട്ടുമൂടിയിട്ടും
നാലുമണിയുടെ പുലർച്ചകളെ
അവൾ ഭയപ്പെട്ടു
ഡെറ്റോൾ മണം പരക്കുന്ന
വെളിച്ചത്തിൻ്റെ
സൂചിമുനകളിലൂടെ സിരകളിലേക്ക്
ഉറുമ്പരിച്ചു കയറിയിരുന്നു
ഇടിക്കാനും മാന്തിപ്പറിക്കാനും
തോന്നുന്ന ഈരടികളോട്
മത്സരിച്ചു തോൽവിയേറ്റു വാങ്ങി
ഇനിയുമിങ്ങനെ നിലവിളിച്ചാൽ ,
ചുവരുകളെ വേദനിപ്പിച്ചാൽ ,
കാലുകളിൽ ചങ്ങലകളുടെ കൊളുത്തിൻ
വലിപ്പം കുറയുകയും
ഷോക്കുകളുടെ എണ്ണം കൂടുകയും ചെയ്യുമെന്നവൾക്കറിയാം
പൊട്ടിപ്പെണ്ണെന്ന് വിളിക്കുന്നവർക്കറിയില്ലല്ലോ
വെള്ളച്ചുവരുകളുടെ ഭാരം