
എന്റെ മരണത്തോടെ

അൻസിഫ് അബു
അതോടെ
അനാഥമാകുന്ന
എന്റെ മുറി
ഒരു സ്വതന്ത്രറിപ്പബ്ലിക്കാവുന്നു.
അതിനെ
അലസമായിരിക്കാൻ
അനുവദിക്കാതിരുന്ന
ഒരാൾ
പിന്നെ അവിടേക്ക്
മടങ്ങിയെത്തിയില്ല.
ഉറുമ്പുകൾക്ക്
സ്വൈര്യമായിരിക്കാം,
അവിടെ
ഇനിയൊരു യുദ്ധമുണ്ടാവുകയില്ല.
കലാപങ്ങൾ അവസാനിച്ചതായി
അവർക്ക് സമാധാനിക്കാം.

ചുമരിലെ ആണികൾക്ക്
സമാധാനമായിരിക്കാം,
ആഴ്ന്നിറങ്ങാൻ
ഇനിയുമേൽക്കേണ്ടി വരുന്ന
അടിയുടെ വേദനയെച്ചൊല്ലിയുള്ള
വേവലാതികളിൽ
നിന്ന്
അതിന് സ്വതന്ത്രമാവാം.
ജൂണിന്
സ്വസ്ഥമായി ഉറങ്ങാം
ആ കലണ്ടർ
ഇനിയൊരിക്കലും
ജൂലൈ
ആവില്ലെന്ന ഉറപ്പ്
ഇപ്പോൾ അതിനുണ്ടാവും.
സമയത്തെക്കുറിച്ചുള്ള
അസമയസന്നിഗ്ധതകൾ
ഒന്നുമില്ലാതെ
ആ ക്ളോക്കിന്
ഇനി മുന്നോട്ട് ചലിക്കാം.
ദൈവവിശ്വാസിയുടേതല്ലാത്ത
ആ ബൈബിളിന്
ഇനി ദൈവരാജ്യത്തിലേക്ക്
മടങ്ങാം.
അവസാനം
വായിച്ച
പുസ്തകത്തിലെ
മടക്കിവച്ച
പതിനാറാം പേജിന്
ഇനി
എന്റെ ഓർമയുടെ ഭാരം
ചുമക്കേണ്ടി വരില്ല.
എന്റെ
മരണത്തോടെ
അനാഥമാകുന്ന
മുറി
ഉറപ്പായും
ഒരു
സ്വതന്ത്രപരമാധികാര
റിപ്പബ്ലിക്ക് ആവും.
നിനക്കവിടെ പൗരത്വമുണ്ടാവുകയില്ലെന്ന്
മാത്രം
1 Comment
നല്ലത് 🍀