
ഉമർ ഖാലിദ്: വെറുപ്പിനെതിരെ ചുരുട്ടിയ ഒടുവിലത്തെ മുഷ്ടി.

അൻസാർ കെ
പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന് ഡൽഹി പോലീസ് കലാപ ഗൂഢാലോചന കേസിൽ അകപ്പെടുത്തി യുഎപിഎ ചുമത്തിയ ജെഎൻയു സർവകലാശാലയിലെ മുൻ ഗവേഷകനും വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിന്റെ ജാമ്യ ഹരജി മൂന്നുവട്ടം മാറ്റിവച്ചതിനുശേഷം കോടതി വീണ്ടും തള്ളിയിരിക്കുന്നു. യുഎപിഎ ചുമത്തി ജയിലിൽ അടക്കപ്പെട്ട പൗരത്വ സമര നേതാക്കളിൽ ആറുപേർക്ക് മാത്രമാണ് ഇതേവരെ ജാമ്യം ലഭിച്ചിട്ടുള്ളത് എന്നിരിക്കെ രാജ്യത്ത് നിലനിൽക്കുന്ന മുസ്ലിം പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാൻ ഭരണകൂടം, പൊതുബോധം എന്നീ ഘടകങ്ങൾക്കൊപ്പം ജുഡീഷ്യറിയുടെ സമീപനങ്ങളെ കൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്.
പൗരത്വ സമരങ്ങളുടെ കൂടി പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ വംശഹത്യയെ ഇതര വംശഹത്യകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിനെ തുടർന്ന് ഉണ്ടായ നിയമ വ്യവഹാരങ്ങളാണ്. മുസ്ലിംകൾക്കെതിരെ ഏകപക്ഷീയമായി നടത്തപ്പെട്ട വംശഹത്യാ പദ്ധതിയുടെ പേരിൽ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലിംകൾ തന്നെയാണ്. മുസ്ലിം സമുദായ അംഗങ്ങൾ ആക്രമിക്കപ്പെട്ട കേസുകളിൽ പോലും മുസ്ലിംകൾക്ക് എതിരെ, വിശിഷ്യാ വിദ്യാർത്ഥി നേതാക്കൾക്കെതിരെ തന്നെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇത്തരം ഭരണകൂട ഭീകരതകൾക്ക് അനുകൂലമായ നിലപാടുകളാണ് ഇതുമായി ബന്ധപ്പെട്ടതും സമാനവുമായ കേസുകളിൽ രാജ്യത്തെ വ്യത്യസ്ത കോടതികളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മുസ്ലിംകളുടെ രാഷ്ട്രീയ ചോദ്യങ്ങൾ മുതൽ അവരുടെ സാന്നിധ്യം പോലും ദേശവിരുദ്ധമായാണ് അവതരിപ്പിക്കപ്പെടാറുള്ളത്. ഭരണകൂടം നടപ്പിലാക്കി വരുന്ന ഇത്തരം വയലൻസുളെ സാധൂകരിക്കുന്ന അഭിപ്രായ പ്രകടനങ്ങളും, വിധികളും ആണ് രാജ്യത്തെ വിവിധ കോടതികളിൽ നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്. ഹിജാബ് വിഷയത്തിലെ കോടതി ഇടപെടലുകൾ തന്നെ പരിശോധിച്ചാൽ ഇത് വ്യക്തമാവുന്നതാണ്. ഭരണഘടന പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനം ഉണ്ടായിട്ടു പോലും ആ അവകാശങ്ങൾ ലംഘിക്കപ്പെട്ടതിനെ സാധൂകരിക്കുന്ന നടപടിയാണ് കർണ്ണാടക ഹൈകോടതിയിൽ നിന്നും ഉണ്ടായത്. എന്നാൽ സുപ്രീം കോടതിയാവട്ടെ ഈ വിഷയം അടിയന്തര പ്രാധാന്യമുള്ള ഹരജിയല്ല എന്നു പരാമർശിച്ചതിലൂടെ മുസ്ലിം സമുദായത്തിന്റെ മൗലിക അവകാശങ്ങളെ സംബന്ധിച്ച ചോദ്യങ്ങളെ പോലും എങ്ങിനെയാണ് രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ അരികു വൽക്കരിക്കുന്നത് എന്നതിന്റെ ഉദാഹരണം ആവുകയാണ് ചെയ്തത്.

ഡൽഹി വംശത്യ യുമായി ബന്ധപ്പെട്ട കേസുകളിൽ തന്നെ പൗരത്വ സമരത്തിന്റെ മുൻ നിരയിൽ ഉണ്ടായിരുന്ന നിരവധി മുസ്ലിം വിദ്യാർത്ഥി നേതാക്കൾക്കാണ് മതിയായ തെളിവുകൾ പോലും ഇല്ലാതെ ചുമത്തപ്പെട്ട കേസുകളിൽ ജാമ്യം പോലും നിക്ഷേധിക്കപ്പെട്ട് വർഷങ്ങളോളം തടവു ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ഈ ലേഖനം തയ്യാറാക്കുന്ന സമയത്തു പോലും ഉമർ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള നേതാക്കൾ തടവിലാണുള്ളത്. അതേസമയം പരസ്യമായി മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ കലാപത്തിന് ആഹ്വാനം നടത്തുകയും വംശീയമായ കൊലവിളി നടത്തുകയും ചെയ്ത കപിൽ മിശ്ര അടക്കമുള്ള ബി.ജെ.പി , ആർ.എസ്.എസ് നേതാക്കൾ ഇപ്പോഴും നിയമ നടപടികൾക്കു പുറത്താണ് ഉള്ളത്. എന്തിനേറെ പറയുന്നു ഉമർ ഖാലിദിന് ജാമ്യം നിക്ഷേധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെയാണ് ഡൽഹി കലാപവുമായി തന്നെ ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനും ബി.ജെ.പി. എം.പി പർവേഷ് വർമക്കും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജികൾ പരിഗണിക്കവെ “വിദ്വേഷ പ്രസംഗങ്ങൾ ചിരിച്ച് കൊണ്ടായാൽ കുറ്റകരമല്ല” എന്ന നിരീക്ഷണം ഡൽഹി ഹൈ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ഒരു വശത്ത് നിയമ സംവിധാനങ്ങളിൽ പോലും മുസ്ലിം അപര വൽകരണങ്ങൾ തകൃതിയായി നടക്കുമ്പോൾ ഭരണകൂടം ആവട്ടെ തങ്ങളുടെ അപരവത്കരണ പ്രൊജക്റ്റിന്റെ മറ്റൊരു തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . വംശീയ വിദ്വേഷം മാത്രം മുന്നിൽ കണ്ടു കൊണ്ട് ചരിത്രത്തെ വളച്ചൊടിച്ചു നിർമിച്ച കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന പ്രൊപഗണ്ട സിനിമയായ കാശ്മീർ ഫയൽസിന് മുമ്പെങ്ങും ഇല്ലാത്ത വിധം നികുതി ഇളവു മുതൽ സിനിമ കാണാൻ സര്ക്കാർ ഉദ്യോഗസ്ഥർക്ക് അവധി വരെ പ്രഖ്യാപിക്കുന്നത് ഇതിൻ്റെ സൂചനകളാണ്.
നിലവിലെ അവസ്ഥയിൽ രാജ്യം ഭരിക്കുന്ന പാർട്ടിയും അവർ പ്രതിനിധാനം ചെയ്യുന്ന ആശയവും മുസ്ലിം എന്ന അപരനെ പ്രതിഷ്ടിച്ചു കൊണ്ട് ഭൂരിപക്ഷം വരുന്ന ഇതര ജനങ്ങളെ ഹിന്ദു ദേശീയത ഉണ്ടാക്കി അതിൻ്റെ കീഴിൽ ഒന്നിച്ചു കൂട്ടിയാണ് നിലനിൽക്കുന്നത്, അതാവട്ടെ ഭരണഘടന പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾക്കും മൂല്യങ്ങൾക്കും കടകവിരുദ്ധവുമാണ് . അതുകൊണ്ട് തന്നെ മുസ്ലിംകൾ ഉന്നയിക്കുന്ന രാഷ്ട്രീയ ചോദ്യങ്ങളിൽ കോമ്പ്രമൈസ് ചെയ്തു കൊണ്ട് ഫാസിസത്തിൽ നിന്നോ , ഹിന്ദുത്വയിൽ നിന്നോ ഒരു തരത്തിലുമുള്ള മോചനവും രാജ്യത്തിന് സാധ്യവുമല്ല. അതിനാൽ ഇവിടെ നിലനിൽക്കുന്ന ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കാൻ ഭരണകൂടത്തോടും , രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥയോടും നിരന്തരം വിമർശനാത്മകമായി ഇടപെടുന്ന, മുസ്ലിം ചോദ്യങ്ങളെ ഗൗരവത്തിൽ പരിഗണിക്കുകയും അതിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്തതുമായ ഒരു രാഷ്ട്രീയ മുന്നേറ്റത്തിൻ്റെ സാധ്യതകൾ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതുണ്ട്.