
വിളി

അനൂപ് വി.എസ്.
അതിവിഷാദം
പടികടന്നു വരുന്നു.
നീയും ഞാനും കൈകോർത്തുനടന്ന
അതേ വഴിയിലൂടെ.
ഓർമകൾക്ക്
നമ്മുടെ കൈകോർക്കലിന്റെ മുറുക്കം.
കൈത്തലത്തിൽ പൊടിഞ്ഞ
വിയർപ്പിന്റെ നനവ്.
നീ
ജനലഴികളിലൂടെ
മുറിഞ്ഞുകാണുന്ന കാഴ്ച.
ഞാൻ
വെളിച്ചം കുറഞ്ഞ മുറിയിലെ
തടവുകാരൻ.
അടഞ്ഞവാതിലിൽ
പൊടുന്നനെ
മുട്ടു കേൾക്കുന്നു.
ക്രൂരവിഷാദമേ,
തുറക്കാതെ വയ്യല്ലോ
വാതിലിൽ മുട്ടുന്നത്
നീയാണെന്നറിഞ്ഞതിനുശേഷം
തീരെയും…