
ലക്ഷ്യം നിറവേറ്റുന്ന പട

അന്ന കീർത്തി
1996ല്‍ എന്തിന് വേണ്ടിയാണോ അയ്യങ്കാളി പട വേറിട്ടൊരു പോരാട്ടവുമായി എത്തിയത് ആ ലക്ഷ്യം ഒരിക്കല്‍ കൂടി നിറവേറ്റുകയാണ് കമല്‍ കെ.എമ്മിന്റെ പട എന്ന സിനിമ. ആദിവാസികള്‍ നേരിടുന്ന ഭൂപ്രശ്നത്തിലേക്ക് മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയായിരുന്നു അന്ന് നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് പാലക്കാട് കളക്ടറെ ബന്ദിയാക്കി കൊണ്ടുള്ള പ്രതിഷേധം നടത്തിയത്.

പറയുന്ന രാഷ്ട്രീയത്തിലെ വ്യക്തതയിലൂടെയും മികച്ച മേക്കിങ്ങിലൂടെയും അയ്യങ്കാളി പട കാല് നൂറ്റാണ്ടിനു മുന്‍പ് മുന്നോട്ടുവെച്ച ആവശ്യത്തെയും ആശയത്തെയും പട കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ബ്രട്ടീഷുകാരേക്കാള് ക്രൂരമായാണ് സ്വതന്ത്ര കേരളവും ഇവിടുത്തെ മാറിമാറി വന്ന ഇടതുവലത് സര്‍ക്കാരുകളും ആദിവാസികളോട് പ്രവര്‍ത്തിച്ചതെന്ന് സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിന്റെ പ്രത്യാഘാതങ്ങളില്‍ ഏറ്റവും ക്രൂരമായത് ആദിവാസികള്‍ മലയാളികളില്‍ നിന്നും അനുഭവിക്കുന്ന അപരവത്കരണമായിരിക്കണം. ആദിവാസികളും അവര്‍ പതിറ്റാണ്ടുകളായി നേരിടുന്ന ഭൂമിക്ക് മേലുള്ള അധികാരമടക്കമുള്ള ഒരു പ്രതിസന്ധിയും മുഖ്യധാരക്ക്, അത് വാര്‍ത്ത മാധ്യമങ്ങളായാലും സിനിമയായാലും, ഒരിക്കലും പ്രൈം വിഷയമായിരുന്നില്ല.
ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമിയില്ലാത്തിതനോടും അവരുടെ വീടുകളിലെ പട്ടിണിമരണങ്ങളോടും ‘അതൊക്കെ അവരുടെ സ്ഥലങ്ങളില്‍ സാധാരണമല്ലേ, അതിലെന്താ ഇത്രമാത്രം പറയാന്‍’ എന്ന് ചോദിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ആദിവാസികള്‍ക്കും അവരെ കുറിച്ചറിയാന്‍ താല്പര്യമുള്ളവര്ക്കും അവര്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമായി റിസര്‍വ് ചെയ്തുവെച്ചിട്ടുള്ളതാണ് ഇതെല്ലാം പ്രമേയമായി വരുന്ന സിനിമകള്‍.
അവിടെയാണ് കമല്‍ കെ.എം. പുതിയ പാത തുറന്നിരിക്കുന്നത്. ആര്‍ട്ട് സിനിമാക്കാര്‍ക്ക് വേണ്ടി മാത്രമായി മാറ്റിവെച്ചിരുന്ന അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങളെ കൊമേഴ്സ്യല്‍ സിനിമയുടെ ഒത്ത നടുവിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് അദ്ദേഹം.
സിനിമയുടെ ഴോണര്‍ മുതല്‍ അഭിനേതാക്കള്‍ വരെയുള്ള ഓരോ ഘടകങ്ങളും പരിശോധിക്കുമ്പോള്‍ ഈ സിനിമ ആരോടാണ് സംവദിക്കേണ്ടതെന്ന കാര്യത്തില്‍ കമല്‍ കെ.എമ്മിന് കൃത്യമായ ധാരണയുണ്ടെന്ന് വ്യക്തമാകും. അയ്യങ്കാളി പട കളക്ടറേറ്റിലേക്ക് കാലെടുത്ത് വെക്കാന്‍ തീരുമാനിക്കുന്നത് ആദിവാസിയുടെ പ്രശ്നം അത് ഈ നാടിന്റെ മുഴുവന്‍ പ്രശ്നമാണെന്ന തിരിച്ചറവിലേക്ക് ജനങ്ങളെ നയിക്കാന്‍ വേണ്ടിയായിരുന്നു. കമല്‍ കെ.എം സ്വീകരിച്ചിരിക്കുന്ന പാതയും സമാനമാണ്.
പതിറ്റാണ്ടുകളായി തുടരുന്ന ആദിവാസി ഭൂപ്രശ്നവും അതിനോടുള്ള സര്‍ക്കാരിന്റെ സമീപനങ്ങളും, മണിക്കൂറുകള്‍ ഒരു കളക്ടറെ ബന്ദിയാക്കിയാല്‍ തീര്‍പ്പുണ്ടാക്കാന്‍ പറ്റുന്നവയല്ലെന്ന്. അന്ന് കളിത്തോക്കും നൂലുണ്ടയും മാത്രം കൈയ്യില്‍ വെച്ചെത്തിയ അയ്യങ്കാളി പടക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. വിളയോട് ശിവന്‍കുട്ടിയും കല്ലറ ബാബുവും അജയന് മണ്ണൂരും രമേശന് കാഞ്ഞങ്ങാടുമെല്ലാം അന്നും ഇന്നും തങ്ങളുടെ ലക്ഷ്യം ആദിവാസി ഭൂപ്രശ്നത്തെ ചര്‍ച്ചയാക്കുക എന്നതായിരുന്നുവെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ആദിവാസികളില്‍ നിന്ന് കയ്യേറിയ ഭൂമികള്‍ പിടിച്ചെടുത്ത് അവര്‍ക്ക് തന്നെ തിരികെ നല്‍കണമെന്ന 1975ലെ ആദിവാസി ഭൂനിയമത്തില്ഭേദഗതി വരുത്തിയ നായനാര്‍ സര്‍ക്കാരിന്റെ നടപടിയെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ജനങ്ങള്‍ അറിയണമെന്നാണ് അവര്‍ ആഗ്രഹിച്ചത്.
1971ന് ശേഷം കയ്യേറിയ ഭൂമികള്‍ തിരിച്ചു പിടിച്ച് നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ മറികടന്ന നായനാര്‍ സര്‍ക്കാര്‍ 1971 എന്ന വര്‍ഷം 1986 ആക്കുകയും ആദിവാസികളില്‍ നിന്ന് കയ്യേറിയ ഭൂമിക്ക് പകരം മറ്റെവിടെയെങ്കിലും ഭൂമി നല്കിയാല് മതിയെന്നും നിയമ ഭേദഗതി കൊണ്ടുവരികയായിരുന്നു.
സിനിമയില്‍ കാണുന്നതു പോലെ, ഈ ഭേദഗതിയെ കുറിച്ചും അത് പിന്‍വലിക്കണമെന്ന പ്രതിഷേധത്തിന്റെ ആവശ്യത്തെ കുറിച്ചും ആകാശവാണിയില്‍ സംപ്രേഷണം ചെയ്യണമെന്നാണ് അയ്യങ്കാളിപ്പട ആവശ്യപ്പെടുന്നത്. ആ ആവശ്യത്തെ നിരാകരിച്ച ആകാശവാണി ബുള്ളറ്റിനെതിരെ അവര്‍ ക്ഷുഭിതരാകുന്നതും സിനിമയിലുണ്ട്.
ആ ആകാശവാണിയില്‍ നിന്നും വ്യത്യസ്തമായി അയ്യങ്കാളിപ്പട അടിസ്ഥാനപരമായി മുന്നോട്ടുവെച്ച ആദിവാസി പ്രശ്നത്തെ ഏറ്റവും സമഗ്രതയോടെ കമല്‍ കെ.എം സിനിമയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഒരു ഏച്ചുകൂട്ടലിന്റെയോ ക്ലാസെടുക്കലിന്റെയോ ലാഞ്ജന പോലുമില്ലാതെ, ത്രില്ലര്‍ മോഡില്‍ നിന്നും ഒരു നിമിഷം പോലും താഴോട്ടു പോകാതെയാണ് ഈ ആശയ വ്യക്തത സംവിധായകന് കൈവരിച്ചിരിക്കുന്നത് എന്നതു കൂടി ശ്രദ്ധിക്കണം.
പട കേരളത്തിലെ ആദിവാസി ഭൂപ്രശ്നങ്ങള്ക്കുള്ള പരിഹാരമാര്ഗങ്ങളൊന്നുമല്ല മുന്നോട്ടുവെക്കുന്നത്. അതൊന്നും അത്ര എളുപ്പമല്ലെന്ന് ഈ സിനിമ കാണുന്നവര്‍ക്ക് തീര്‍ച്ചയായും ബോധ്യം വന്നുകാണണം. ചീഫ് സെക്രട്ടറിയായ പ്രകാശ് രാജ് കഥാപാത്രം പറയുന്ന 36 വര്‍ഷങ്ങള്‍ക്ക് ശേഷവും പിന്നീട് വന്ന, 25 വര്‍ഷം കഴിഞ്ഞ ഈ 2022ലും, ആദിവാസി ജീവിതങ്ങളില്‍ മാറ്റങ്ങളൊന്നും നടന്നിട്ടില്ലെന്ന് സിനിമയുടെ അവസാന ഭാഗങ്ങള്‍ കാണുമ്പോള്‍ വ്യക്തവുമാണ്.
പക്ഷെ നമ്മുടെ തൊട്ടടുത്ത് ഒരു ജനത അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട് ജീവിക്കുകയാണെന്ന ബോധ്യം കാണുന്നവരിലുണ്ടാക്കാന് ഈ സിനിമക്ക് കഴിയുന്നുണ്ട്. ആദിവാസി ഭൂനിയമങ്ങളെന്തെന്ന് അറിയാനുള്ള, അതേ കുറിച്ച് അന്വേഷിക്കാനുള്ള ചെറുതല്ലാത്ത ആകാംക്ഷ പ്രേക്ഷകരിലുണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അതുതന്നെയാകണം അയ്യങ്കാളിപ്പടയെ പോലെ കമല്‍ കെ.എമ്മും ആഗ്രഹിച്ചിരിക്കുക.
അടുത്ത കാലത്തായി തമിഴില്‍ അംബേദ്കറൈറ്റ് പൊളിറ്റിക്സും ദളിത് വിഭാഗം നേരിടുന്ന പ്രശ്നങ്ങളും പ്രമേയമാക്കി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വരെ നായകനായ സിനിമകള്‍ ഇറങ്ങുന്നുണ്ട്, മെഗാ സ്റ്റാറുകളും യുവതാരനിരയുമൊക്കെ അത്തരം സിനിമകളിലൂടെ കളക്ഷന്‍ റെക്കോര്ഡികളിടുന്നുണ്ട്. പക്ഷെ മലയാളം ആ വഴിയിലേക്ക് ഇനിയും നീങ്ങിയിട്ടില്ല. അവിടെയും മാറ്റത്തിന് പ്രതീക്ഷകള്‍ വെക്കാവുന്ന മാതൃകയാണ് പട
തുറന്നുവെച്ചിരിക്കുന്നത്.
സംവിധായകന് പാ.രഞ്ജിത്ത് കമല്‍ കെ.എമ്മിനെ അഭിനന്ദിച്ചു കൊണ്ടെഴുതിയ വാക്കുകള്‍ ഇവിടെയാണ് കൂടുതല്‍ അര്‍ത്ഥവത്താകുന്നത്.
‘പടയുടെ തിരക്കഥയാണ് ഈ സിനിമയെ ഏറെ മികച്ചതാക്കുന്നത്. ഒരു വിട്ടുവീഴചക്കും തയ്യാറാകാതെ നടന്ന സംഭവങ്ങളെ ആവിഷ്കരിച്ചതിന് അഭിനന്ദനങ്ങള്‍. ദളിതരുടെയും ആദിവാസികളുടെയും ഭൂമി അവര്‍ക്ക് തന്നെ തിരിച്ചുനല്‍കേണ്ടതാണ്. അതിനുവേണ്ടി നമ്മള് എല്ലാവരും പോരാടണം. ഇതെല്ലാം പ്രേക്ഷകരുമായി ഏറ്റവും കണക്ട് ചെയ്യുന്ന രീതിയില്‍ പടയെ ഒരുക്കിയതിന് വീണ്ടും അഭിനന്ദനം,’ എന്നാണ് പാ. രഞ്ജിത്തിന്റെ ട്വീറ്റ്.

ഏറ്റവും കൂടുതല്‍ സിനിമാപ്രേമികള്‍ ആസ്വദിക്കുന്ന ഴോണറുകളിലൊന്നായ ത്രില്ലര്‍ തെരഞ്ഞെടുത്തതാണ് പടയില്‍ ഒരുപക്ഷെ ഏറ്റവും അഭിനന്ദനം അര്‍ഹിക്കപ്പെടുന്നത്. പറയപ്പെടുന്ന സംഭവത്തിന്റെ അവസാനം എന്താണെന്ന് അറിഞ്ഞവരെ പോലും ഒരു നിമിഷം പോലും ബോറടിപ്പി്ക്കാതെ പിടിച്ചിരുത്താന്‍ സിനിമക്കാകുന്നുണ്ട്. നടന്ന സംഭവത്തെ അധികരിച്ചെടുക്കുന്ന സിനിമകള്‍ എത്രയോ ഉദ്വേഗഭരിതമാക്കാമെന്നതിനും പട മികച്ച ഉദാഹരണമാണ്. മികച്ച തിരക്കഥയോട് അതിലും മികച്ച സംവിധാനം കൂടിച്ചേരുന്ന അപൂര്‍വ്വമായ കാഴ്ചയും പടയുടെ ഓരോ സീനിലും കാണാം.
റിലീസിന് മുന്‍പേ പടക്ക് ആളെ കൂട്ടിയത് അതിലെ അഭിനേതാക്കളാണ്. ഇന്ന് മുഖ്യധാരയില്‍ വലിയ പ്രേക്ഷകപ്രീതിയുള്ള കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും വിനായകനും ദിലീഷ് പോത്തനും ഒന്നിച്ചെത്തുന്ന സിനിമ എന്നത് തന്നെയായിരുന്നു പ്രമേയത്തേക്കാള്‍ ഒരുപക്ഷെ പടയുടെ സ്വീകാര്യത ആദ്യമേ ഉറപ്പിച്ചത്. വലിയ പ്രൊമോഷന് പരിപാടികളില്ലാതിരുന്നിട്ടു കൂടി പടക്കായി കാത്തിരിക്കാന്‍ ഇവരുടെ സാന്നിധ്യം സഹായിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.
ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്സും എ.വി.എ പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഈ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായതും ഇത്തരം പ്രമേയങ്ങള്‍ക്ക് നിര്‍മ്മാതാക്കളെ കിട്ടില്ലെന്ന ആശങ്കകള്‍ക്കും ചെറിയൊരു ആശ്വാസമാകുന്നുണ്ട്. അങ്ങനെ പ്രേക്ഷകര്‍ക്കിടയിലെ സ്വീകാര്യതയ്ക്കപ്പുറം സിനിമാ മേഖലയ്ക്കകത്ത് പോലും മാറ്റങ്ങള്‍ക്ക് വഴിവെക്കാന്‍ പടയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇതുകൊണ്ടൊക്കെ തന്നെ കമല്‍ കെ.എമ്മിന്റെ പട അയ്യങ്കാളി പടയുടെ ലക്ഷ്യം നിറവേറ്റുകയാണെന്ന് ഉറപ്പിച്ചു പറയാനാകുന്നത്.