
ക്വിയര്‍ മനുഷ്യരില്ലാതെ പടുത്തുയര്‍ത്തിയ അധികാരഘടനകളാണ് മാറേണ്ടത്.

അനസ് എൻ. എസ്.
അധികാരരൂപങ്ങള്‍ക്ക് നിലനില്ക്കാന് വേണ്ടത് ചോദ്യം ചെയ്യപ്പെടാത്ത ശീലങ്ങളാണ്. അതിന്റെ ആജ്ഞാനുവര്‍ത്തികളുടെ അടിമത്തസമാനമായ അനുസരണത്തിലാണ് ബഹുരൂപികളായ പല അധികാരഘടനകളും നിലനില്‍ക്കുന്നത്. മതങ്ങള്‍, നിയമവ്യവസ്ഥ, ആരോഗ്യരംഗം എന്നിവയാണ് ഈ വ്യവസ്ഥിതിയുടെ താല്പര്യങ്ങള് പാലിക്കപ്പെടാന്‍ നിയോഗിക്കപ്പെട്ട വ്യവഹാരങ്ങള്‍.
ഈ ഘടന സിസ്ജെന്‍ഡര്‍ നോര്മേറ്റീവും ഹെറ്ററോനോര്മേറ്റീവും അല്ലോനോര്മേറ്റീ(Allonormative)വും ആണെന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം. ഭൂമിയില്‍ ആണും പെണ്ണും ആയി മാത്രമേ മനുഷ്യര്‍ ജനിക്കുന്നുള്ളൂ എന്ന് തീരുമാനിച്ച് അത് ഇന്റര്‍സെക്സ് മനുഷ്യരെ ആദ്യം പുറത്താക്കുന്നു. അങ്ങനെ ആണും പെണ്ണും എന്ന ശരീരത്തില്‍ ജനിക്കുന്നവര്‍ ആ തന്മയോടെ തന്നെ വളരും എന്ന് നിര്‍ബന്ധബുദ്ധിയോടെ ചിന്തിച്ച് അവര്‍ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെയും നോണ്‍ ബൈനറി വ്യക്തികളെയും അരികുവല്ക്കരിക്കുന്നു. ആണും പെണ്ണുമായി ജനിച്ചു ജീവിക്കുന്നവര്‍ പരസ്പരം മാത്രമേ ലൈംഗികമായി ആകര്‍ഷിക്കപ്പെടുകയുള്ളൂ എന്ന് നിഷ്കര്‍ഷിച്ച് അവര്‍ സ്വവര്‍ഗാനുരാഗികളെയും ബൈസെക്ഷ്വല്‍ പാന്‍സെക്ഷ്വല്‍ മനുഷ്യരെയും മാറ്റിനിര്‍ത്തുന്നു. എല്ലാ മനുഷ്യരും ലൈംഗികമായി ബന്ധപ്പെടാന്‍ കഴിയുന്നതാണ് ‘സ്വാഭാവികത’ എന്ന് ഉറപ്പിച്ച് അസെക്ഷ്വല്‍ മനുഷ്യരെയും ചിത്രത്തില്‍ നിന്ന് അസ്വാഭാവികര് എന്ന ലേബലോടെ മാറ്റി നിര്‍ത്തുന്നു. ഈ തീരുമാനങ്ങളെ ഉറപ്പിക്കുന്നത് മതത്തിന്റെ പുണ്യ-പാപ സങ്ങല്പങ്ങളും മെഡിക്കല്‍ സയന്‍സിന്റെ നോര്‍മല്‍-അബ്നോര്‍മല്‍ തരംതിരിവുകളും നിയമത്തിന്റെ കുറ്റകൃത്യങ്ങളുടെ പരിധി നിശ്ചയിക്കലും കൊണ്ടാണ്.
ഇങ്ങനെ ജീവിക്കാന്‍ ഒരു തരത്തിലും സുഗമമല്ലാത്ത ഒരു സമൂഹത്തിലേക്കാണ് ഓരോ ക്വിയര്‍ വ്യക്തിയും ജനിച്ചു വീഴുന്നത്. അങ്ങനെ ജനിച്ച ഒരു വ്യക്തിയാണ് അനന്യ. തെറ്റാണ്, തോന്നിവാസമാണ്, അഹങ്കാരമാണ്, തല്ലുകൊള്ളിത്തരമാണ്, മാനസികരോഗമാണ്, വളര്‍ത്തുദോഷമാണ് എന്നിങ്ങനെ മാറി മാറി അധിക്ഷേപം ചൊരിയുന്ന ഒരു സിസ് ഹെറ്ററോ നോര്‍മേറ്റീവ് സമൂഹത്തില്‍ സംഘര്‍ഷങ്ങളൊഴിഞ്ഞ ഒരു ജീവിതം സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു ജനതയാണ് ക്വിയര്‍ മനുഷ്യരുടേത്. ജെന്‍ഡര്‍ ഐഡന്റിറ്റിയുടെ അതിസങ്കീര്‍ണ പ്രശ്നങ്ങള്‍ നേരിടുന്ന ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് സമൂഹത്തിന്റെ മുന്‍വിധിയും പരിഹാസവും ഏല്‍പ്പിക്കുന്നത് ആഴമുള്ള മുറിവാണ്. ഈ ദുഷിച്ച വ്യവസ്ഥിതിയെ ശക്തമായി നേരിട്ട് ധൈര്യത്തോടെ ജീവിച്ച വ്യക്തിയാണ് അനന്യ. അങ്ങനെയുള്ള അനന്യയെ വരെ തകര്‍ത്തു കളയുന്ന ഒരു വ്യവസ്ഥിതിയാണ് ഇവിടെ നിലനില്‍ക്കുന്നത് എന്നത് തന്നെയാണ് ഒരു ക്വിയര്‍ വ്യക്തിയെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത്.
ബൈനറിയില്‍ മാത്രമാണ് പൂര്‍ണതയെന്ന സങ്കല്പം ആഴത്തിലാണ് സമൂഹമനസ്സില്‍ വേരോടിയിരിക്കുന്നത്. ഒരു വ്യക്തി തന്റെ ശരീരത്തിനനുസരിച്ച ജെന്‍ഡര്‍ സ്വത്വത്തെ അല്ല തിരിച്ചറിയുന്നതെങ്കില്‍ ഉടന്‍ ആണ്-പെണ് ദ്വന്ദ്വത്തിലെ എതിര്‍ലിംഗത്തിലേക്ക് ശാരീരികമായി തന്നെ മാറുന്നതാണ് പൂര്‍ണതയെന്ന ചിന്ത വളരെ വ്യാപകമാണ്. ജെന്‍ഡര്‍ ക്വിയര്‍ ആയോ നോണ്‍ ബൈനറി ആയോ ഒരു വ്യക്തിക്ക് നിലനില്‍ക്കാമെന്നും ശസ്ത്രക്രിയ എന്നത് എല്ലാ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്കും ആവശ്യം വരാറില്ല എന്നൊന്നും തിരിച്ചറിയാന്‍ ഈ ബൈനറി-പൂര്‍ണത തലയ്ക്ക് പിടിച്ചവര്‍ക്ക് മനസ്സിലായി എന്ന് വരില്ല. അതിനാലാണ് SRS എന്ന പ്രക്രിയയ്ക്ക് മുമ്പ് അത് നടത്തുന്ന മെഡിക്കല്‍ സംഘം അത് നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയുമായി നടത്തേണ്ട ആശയവിനിമയങ്ങള്‍ അങ്ങേയറ്റം ആവശ്യമാണ് എന്ന് വരുന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ Renai Medicity പോലെയുള്ള കേന്ദ്രങ്ങള്‍ ഈ ശസ്ത്രക്രിയയുടെ സക്സസ് റേറ്റ്, ബോധവല്കരണം, ഘട്ടം ഘട്ടമായ തയ്യൊറെടുപ്പ് എന്നിവയെ നിസാരവല്കരിച്ച് കാശ് ലക്ഷ്യം വെച്ച് മാത്രം ഇത്തരം ശസ്ത്രക്രിയകള്‍ പ്രയോഗിക്കുന്നത്. ലോകത്ത് പലയിടത്തും ഇത്തരത്തില്‍ പണം വാങ്ങി ചൂഷണം ചെയ്യുന്ന തരത്തില്‍ യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ജറികള്‍ നടത്തുന്ന അവസ്ഥയുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ മാനുഷികപരിഗണന അര്‍ഹിക്കുന്നില്ല എന്ന ചിന്തയാണ് ഒരു മനഃസ്താപവുമില്ലാതെ നിരുത്തരവാദപരമായി ഇതൊക്കെ ചെയ്തുകൊണ്ട് ദുരിതപൂര്‍ണമായ ജീവിതത്തിലേക്ക് പലര ട്രാന്‍സ് മനുഷ്യരെയും തളളി വിടുന്നത്. വേണ്ട രീതിയില്‍ ജെന്‍ഡര്‍ സ്വത്വത്തെ മനസ്സിലാക്കുന്ന ആശയവിനിമയം നടക്കാതെ കാശിന് വേണ്ടി നടക്കുന്ന SRS ന് ശേഷം ഡീട്രാന്സ് അവസ്ഥയിലൂടെ പോകേണ്ടി വരുന്ന മനുഷ്യരും ലോകത്തുണ്ട്. ഒരു നോണ്‍ ബൈനറി ജെന്‍ഡര്‍ ഫ്ളൂയിഡ് വ്യക്തിയെ വേണ്ടവിധം ആശയവിനിമയം നടത്താതെ SRS ന് വിധേയമാക്കിയാല്‍ ആ വ്യക്തിക്ക് പില്ക്കാലത്ത് ആ സര്‍ജറിയോട് പൊരുത്തപ്പെടാന്‍ ആവാത്ത അവസ്ഥകള്‍ വന്നേക്കാം. അത്തരം വ്യക്തികളാണ് പിന്നീട് ഡീട്രാന്സ് അവസ്ഥയിലേക്ക് പോവുക. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ശസ്ത്രക്രിയ നടപടികളാണ് ഇതിനും കാരണം.
അനന്യയ്ക്ക് നേരിടേണ്ടി വന്നതും മാനദണ്ഡങ്ങളെ ചടങ്ങ് മാത്രമാക്കി കാശ് ലക്ഷ്യം വെച്ച് നടത്തുന്ന ശസ്ത്രക്രിയപ്രക്രിയ കൊണ്ടുണ്ടായ അനാസ്ഥയാണ്. അങ്ങേയറ്റം സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ പരാജയപ്പെട്ടപ്പോഴും യാഥാസ്ഥിതികമനോഭവക്കാര് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരടക്കമുള്ള ക്വിയര്‍ വ്യക്തികളെ ക്രൂശിക്കുന്ന തരത്തില്‍ വീണ്ടും പെരുമാറുന്ന കാഴ്ചയാണ് പിന്നെയും കാണുന്നത്. മെഡിക്കല്‍ സമൂഹത്തിന്റെ ഉത്തരവാദിത്തലംഘനത്തിന് ക്വിയര്‍ മനുഷ്യരെ കുറ്റപ്പെടുത്തുന്ന മതയുക്തികളെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. SRS ന്റെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതിനെ ചോദ്യം ചെയ്യുന്നതിനു പകരം ട്രാന്‍സ്ജെന്‍ഡര്‍ എന്ന സ്വത്വം ഈ ഭൂമിയിലില്ല എന്നും SRS തന്നെ വേണ്ടാത്ത ഒന്നാണെന്നും സ്ഥാപിക്കാനാണ് ഇത്തരക്കാര്‍ അനന്യയുടെ മരണത്തെ ഉപയോഗിക്കുന്നത്. ഡീട്രാന്സ് അവസ്ഥയിലുള്ളവരെ അവര്‍ അതിന്റെ സാധൂകരണത്തിന് ഉപയോഗിച്ച് പ്രചരണം സംഘടിപ്പിക്കുന്നുമുണ്ട്. ട്രാന്‍സ്ഫോബിയ ഇങ്ങനെ ട്രാന്‍സ് വ്യക്തികളുടെ മരണമുപയോഗിച്ചു പോലും പ്രചരിപ്പിക്കപ്പെടുന്ന ഈ സമൂഹത്തില്‍ ഒരു ക്വിയര്‍ വ്യക്തിക്ക് എന്ത് സുരക്ഷയാണുള്ളത്.
അനന്യയ്ക്ക് പിന്നാലെ ജീവിതപങ്കാളി ആത്മഹത്യ ചെയ്തതിന്റെ സാമൂഹികകാരണങ്ങള്‍ എന്താണെന്ന് ചിന്തിക്കാന്‍ പോലും പലരും തയ്യാറായിട്ടില്ല. ഒരു ക്വിയര്‍ വ്യക്തിയെ ജീവിക്കാന്‍ അനുവദിക്കാത്ത ഘടനകളുടെ ആണിക്കല്ലിളകേണ്ടതുണ്ട് ഇനിയും ക്വിയര്‍ ആത്മഹത്യകള്‍ ഇല്ലാതാകാന്‍.
ഇവിടെ വേണ്ടത് സമൂലമായ മാറ്റമാണ്. ക്വിയര്‍ മനുഷ്യര്‍ കൂടി ഇവിടെ ജീവിക്കുന്നുണ്ട് എന്ന ഉറച്ച ധാരണയില്‍ നിന്ന് കൊണ്ട് സകല സാമൂഹികമേഖലകളും മാറേണ്ടതുണ്ട്. പുരോഗമനത്തിന്റെ പേരില്‍ ഇടയ്ക്കിടയ്ക്ക് ‘ക്വിയര്‍ മനുഷ്യരും മനുഷ്യരാണ്’ എന്ന് അറ്റസ്റ്റ് ചെയ്ത് സര്ട്ടിഫിക്കറ്റിറക്കുന്നിടത്ത് തീരുന്നില്ല ഇത്രകാലം ക്വിയര്‍ മനുഷ്യരെ മാറ്റിനിര്‍ത്തിയതിനുള്ള പ്രായശ്ചിത്തം. എംപതിയിലൂന്നിയ നിയമനിര്‍മാണങ്ങളാണ് ജീവിച്ചിരുന്ന അനന്യയ്ക്ക് ലഭിക്കാതെ പോയത്. ക്വിയര്‍ ചരിത്രം എന്നും രക്തസാക്ഷികളുടെ ചോരകൊണ്ട് മാത്രം കണ്ണുതുറക്കാന്‍ തയ്യാറായ അധികാരികളെ കണ്ട് രൂപം കൊണ്ടതാണ്. ഇവിടെയും അങ്ങനെ തന്നെയാവുന്നു എന്നത് നാം സാമൂഹികമായി എത്ര പിന്നിലാണ് എന്നതിന്റെ സൂചനയാണ്.
മാറാന്‍ ഒരുപാടുണ്ട് എന്ന ബോധ്യത്തില്‍ നിന്ന് കൊണ്ടുവേണം അനന്യയോട് ഐക്യപ്പെടാന്‍.