
ദിശാ രവി ആദ്യത്തെ പേരല്ല, അവസാനത്തെയും !

അനശ്വർ കൃഷ്ണദേവ്

അക്ഷയ് പി. പി.
2020 ഓഗസ്റ്റ് മുതൽ പ്രദേശികമായും 2020 നവംബർ മുതൽ രാജ്യവ്യാപകമായും രണ്ടാം മോഡി സർക്കാർ നിലവിൽ വരുത്തിയ കർഷക (വിരുദ്ധ) നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടന്നുവരികയാണ്. അന്ധമായ കോർപ്പറേറ്റ് പ്രണയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഇന്ത്യൻ നവലിബറൽ ഹിന്ദുത്വ സർക്കാരിന്റെ കർഷക (വിരുദ്ധ) നിയമങ്ങൾ എന്നത് പകൽ പോലെ വ്യക്തമാണ്. ജനാധിപത്യ പ്രക്രിയയെ വരെ അട്ടിമറിച്ചാണ് ഈ നിയമങ്ങൾ നിലവിൽ വന്നത്. ഇതിനെ തുടർന്ന് ലോകമെമ്പാടുമുള്ള പലവിധപ്പെട്ട മനുഷ്യർ ഇന്ത്യൻ കർഷകരോട് ഐക്യപ്പെട്ടു.

കർഷകസമരത്തെ അനുകൂലിച്ച്, ലോകമെമ്പാടുമുള്ള സ്നേഹവും അനുകമ്പയും ചരിത്രബോധവും ബാക്കിയുള്ള മനുഷ്യർ രംഗത്തെത്തുന്നത്, അത്തരം മൂല്യങ്ങൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ഭരണകൂടത്തെ വിറളിപിടിപ്പിക്കുക സ്വാഭാവികമാണ്. വാസ്തവത്തിൽ സമകാല ഇന്ത്യയെ സംബന്ധിച്ച് അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കർഷകസമരത്തെ അനുകൂലിക്കുന്ന ഏതൊരു ‘വൈദേശിക’ പ്രസ്താവനയും ‘രാജ്യാന്തര തലത്തിൽ ഭാരതത്തിന്റെ യശസിന് കളങ്കം വരുത്താനുള്ള പ്രൊപ്പഗാണ്ടയുടെ ഭാഗമാണ്’ എന്ന് ഭരണകൂടം പറഞ്ഞു. ഇതിനാൽ തന്നെ ഭരണകൂടത്തിന്റെ ‘പ്രൊപ്പഗാണ്ടയുടെ ഭാഗമല്ലാത്ത’, മഹത്തായ ഇന്ത്യൻ പ്രൊഫലുകൾ ഇതേ സന്ദേശം വള്ളിപുള്ളി മാറ്റിയെഴുതാതെ പ്രചരിപ്പിച്ചു. റിയന്ന, മിയ ഖലീഫ, ഗ്രെറ്റ തുൻബർഗ് മുതലായ ആഗോള സ്വീകാര്യതയുള്ള പ്രൊഫൈലുകൾ ഇന്ത്യൻ കർഷകസമരം ചർച്ചയാക്കിയതിലൂടെ, ഇന്ത്യൻ ‘നിയോലിബറൽ ഹിന്ദുത്വ ഭരണകൂടം’ തങ്ങളുടെ നിലനിൽപ്പ് സംബന്ധിച്ച് കാര്യമായി ആലോചിച്ചു എന്ന് ‘ഇന്ത്യൻ ഏകത്വ’ത്തിന് വേണ്ടി പ്രചരിപ്പിക്കപ്പെട്ട സോഷ്യൽ മീഡിയ സന്ദേശങ്ങളിലൂടെ സംശയരഹിതമായി തെളിയിക്കപ്പെട്ടു. ആഗോള തലത്തിൽ തങ്ങൾക്കെതിരെ ഉണ്ടാകുന്ന പ്രതിഷേധം ഒരു തരത്തിലും ആഭ്യന്തര കാര്യങ്ങളിൽ തങ്ങൾക്ക് പ്രതികൂലമാകാതിരിക്കാൻ നടത്തിയ ആദ്യ ശ്രമത്തിൽ ഒരുപരിധിവരെ അവർ വിജയിച്ചു. സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടുയുള്ളവർ അതിൽ ചാവേറുകളായി.

രണ്ടാം ഘട്ടത്തിൽ ഇന്ത്യക്കുള്ളിലെയും പുറത്തേയും ഇന്ത്യൻ ഭരണകൂടത്തിനെതിരായ വികാരത്തെ ഒരേപോലെ എതിർക്കേണ്ടത്, നിശ്ശബ്ദമാക്കേണ്ടത് എങ്ങനെ എന്ന് അവർ ആലോചിച്ചു. റിയന്നയുടെ മതം തിരഞ്ഞ്, അവർ ഇസ്ലാം ആണെന്ന് ഇന്ത്യയിൽ പ്രചരിപ്പിച്ച് ഇന്ത്യൻ ഹിന്ദുത്വദേശീയത ആശ്വസിച്ചു. മിയ ഖലീഫക്കെതിരെ പ്രയോഗിച്ചത് സദാചാരത്തിന്റെ പൊടിക്കൈകൾ ആയിരുന്നു. ഗ്രെറ്റ തുൻബർഗിലേക്ക് എത്തേണ്ട വഴി കണ്ടെത്തുകയായിരുന്നു അടുത്ത ലക്ഷ്യം. ദിശാ രവി എന്ന പെൺകുട്ടിയിലൂടെയാണ് അവർ വഴിവെട്ടിയത്. പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി ഗ്രെറ്റ നേതൃത്വം നൽകുന്ന Fridays For Future (FFF) എന്ന സംഘടനയുടെ ഇന്ത്യയിലെ സജീവ പ്രവർത്തകരിൽ ഒരാളായ ദിശാ രവി 2021 ഫെബ്രുവരി 13ന് അറസ്റ്റ് ചെയ്യപ്പെട്ടു. ചുമത്തപ്പെട്ട കുറ്റം, രാജ്യദ്രോഹം! കാരണം, കർഷകസമരത്തെ അനുകൂലിച്ച് ‘ടൂൾകിറ്റ്’ തയ്യാറാക്കി, ഖലിസ്ഥാനികൾക്ക് വേണ്ടി ഇന്ത്യയെ ഒറ്റുകൊടുക്കാൻ ശ്രമിച്ചു!

പാശ്ചാത്യർക്ക് പൊതുവേ മനസ്സിലാക്കാൻ കഴിയാതെ പോയ ഒരു പ്രതിഭാസമാണ് ഭാരതീയ മിത്തോളജിയിൽ മനുഷ്യർക്കൊപ്പം നിർബാധം കടന്നുവന്ന ജന്തുക്കളും വൃക്ഷലതാദികളും പർവ്വതങ്ങളും നദികളുമൊക്കെയെന്ന് ആനന്ദ് ഒരിക്കൽ എഴുതിയിട്ടുണ്ട്. ഇന്ത്യൻ പരിസ്ഥിതിവാദം തന്നെ വലിയ രീതിയിൽ മിത്തുകളുമായും വിശ്വാസങ്ങളുമായും ബന്ധപ്പെട്ടാണ് കിടക്കുന്നത്. വർഷങ്ങളായി RSS ഉം തീവ്രവലതുപക്ഷവും പരിസ്ഥിതി മേഖലയിൽ നിശബ്ദമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും ഈ സാധ്യതയെ സങ്കുചിത മതചിന്തയുമായി കൂട്ടിയിണക്കാനാണ്. ഇന്ത്യൻ മിത്തോളജിയിൽ വന്നുപോകുന്ന പാരിസ്ഥിതിക അടയാളങ്ങളെ മുഴുവൻ ഹിന്ദുത്വ ആശയങ്ങളുമായി ബന്ധിപ്പിക്കുകയെന്ന ഭാരിച്ച വർഗ്ഗീയ പ്രവർത്തനമാണവർ പരിസ്ഥിതിമേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രാദേശിക കാവുകളുടെ നവീകരണം മുതൽ ‘പുണ്യ’നദികൾ പുനരുദ്ധീരിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതികൾ വരെ ഈയൊരു ലക്ഷ്യത്തിലേക്കുള്ള ചുവടുകളാണ്. തീവ്ര പരിസ്ഥിതിവാദത്തിനും മധ്യവർഗ്ഗ-കാൽപ്പനിക പരിസ്ഥിതിവാദത്തിനും വലിയ വേരോട്ടമുള്ള പൊതുബോധമാണ് നമ്മുടേത്. ഈ നിരുപദ്രവകരമായ പൊതുബോധത്തിന്റെ മറ പിടിച്ചാണ് തീവ്ര വലതുപക്ഷത്തിന്റെ പരിസ്ഥിതി പ്രവർത്തനം അടുത്ത കാലം വരെ മുന്നോട്ടു പോയത്.

ലോകത്ത് വളക്കൂറുള്ള ക്ലാസിക്കൽ മധ്യവർഗ പരിസ്ഥിതിവാദത്തിലൂന്നിയുള്ള തൊലിപ്പുറത്തെ ചികിത്സയല്ല പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്ന് ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ’ (FFF) മനസിലാക്കുന്നു. ഘടനാപരമായ പരിഷ്കാരമാണ് ഈ മേഖലയിൽ അവർ ആവിഷ്കരിച്ചിട്ടുള്ളത്. സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരേയും വിദ്യാർഥികളേയും ഒരേപോലെ പരിഗണിച്ചുള്ള പാരിസ്ഥിതികാവബോധ നിർമ്മിതിയുടെ വഴിയാണ് അതിനുള്ളത്. എല്ലാ ലോകരാജ്യങ്ങളും പ്രാഥമിക വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രാധാന്യം ഇവിടെ ക്ലാസിക്കൽ പരിസ്ഥിതിവാദത്തിന്റെ ഘടനാപരമായ പരിഷ്കരണത്തിന് FFF ഉപയോഗിക്കുന്നു എന്ന് പറയുന്നത് അതിശയോക്തിയാവില്ല. ആ നിലയിൽ അതൊരു ഗ്രാസ് റൂട്ട് ലെവൽ പ്രക്രിയയാണ്. ഈ അവബോധം വാസ്തവത്തിൽ മനുഷ്യൻ/ പരിസ്ഥിതി എന്ന കേവല ദ്വന്ദ്വത്തിന് പുറത്ത് പരസ്പരം ബന്ധപ്പെട്ട് നിലനിൽക്കുന്ന യാഥാർത്ഥ്യത്തോട് സംവദിക്കാൻ ശ്രമിക്കുന്നു. പരിസ്ഥിതി ഏതോ അതീതശക്തിയായി മനസിലാക്കപ്പെടേണ്ട ഒന്നാണെന്ന ‘ഇന്ത്യൻ ദൈവിക പരിസ്ഥിതിവാദ’ത്തെ വാസ്തവത്തിൽ ഈ പുതിയ മനസിലാക്കൽ ചോദ്യം ചെയ്യുന്നുണ്ട്. അതിനാലാണ് ‘വംശശുദ്ധി പേറുന്ന’ ഇന്ത്യൻ ഭരണകൂടം ദിശയിലൂടെ ഗ്രേറ്റയിലേക്ക് നീളുന്നത്.

‘ചിപ്കോ പ്രസ്ഥാനത്തെ’ സംബന്ധിച്ച തന്റെ ലേഖനത്തിന്റെ ഒരു ഭാഗത്ത് രാമചന്ദ്ര ഗുഹ സമരത്തിന് നേതൃത്വം കൊടുത്ത ചണ്ടി പ്രസാദ് ഭട്ടിന് അക്കാലത്തെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ‘പാശ്ചാത്യ ശക്തികളുടെ പിണിയാൾ’ എന്നായിരുന്നു സോവിയറ്റ് യൂണിയനുമായി കോൺഗ്രസ് ഗവണ്മെന്റ കൂടുതൽ അടുത്തു തുടങ്ങിയ അക്കാലത്തെ ഒരു പ്രവർത്തകന്റെ ആക്ഷേപം. ഇന്ത്യയിൽ പിൽക്കാലത്തുണ്ടായ ആയിരക്കണക്കായ പരിസ്ഥിതി സമരങ്ങളുടെയെല്ലാം ആരംഭബിന്ദുവായ ചിപ്കോ സമരം അരങ്ങേറിയിട്ട് കൃത്യം 48 വർഷം തികയുമ്പോൾ ചണ്ടി പ്രസാദ് ഭട്ടിനെതിരെ ഉയർന്ന അതേ ആക്ഷേപം ദിശാ രവിക്കും ഗ്രെറ്റ ടുംബർഗിനുമെതിരെ ഉയർന്നിരിക്കുന്നു. പരിസ്ഥിതി പ്രവർത്തകരോടുള്ള ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ മാറ്റമില്ലാത്ത സമീപനത്തെയാണിത് കാണിക്കുന്നത്. പാരിസ്ഥിതിക മേഖലകളിലേക്ക് കടന്നുകയറിക്കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കും വൻകിട ഡാമുകളുടെ നിർമ്മാണങ്ങൾക്കെതിരെയും വന നശീകരണങ്ങൾക്കുമെതിരെ 1970കൾ മുതൽ സജീവ സമരങ്ങളാണ് ഇന്ത്യയിലുടനീളം അരങ്ങേറിയത്. പരിസ്ഥിതി വിഷയങ്ങൾ ഉയർത്തിക്കൊണ്ടുള്ള സമരങ്ങൾക്ക് ആദ്യഘട്ടത്തിൽ സജീവ മാധ്യമ പിന്തുണ ലഭിച്ചിരുന്നെന്ന് മാത്രമല്ല, വായനക്കാരിലൊരു പാരിസ്ഥിതികാവബോധം വളർത്തിയെടുക്കുന്നതിനും അവർക്ക് സാധിച്ചിരുന്നു. തൊണ്ണൂറുകളിൽ ഇന്ത്യ ഔദ്യോഗികമായി ആഗോളവിപണിയുടെ ഭാഗമായതോടെ ഇന്ത്യൻ ഭൂപ്രകൃതിയുടെ സ്വാഭാവികത മൂലധനശക്തികളാൽ നിരന്തരം തകർക്കപ്പെട്ടുകൊണ്ടിരുന്നു. വലതുപക്ഷ വികസനം ചില പ്രത്യേക വിഭാഗങ്ങളെ തിരസ്ക്കരിക്കുകയും പരിസ്ഥിതിയെ ശിഥിലമാക്കുകയും ചെയ്തുകൊണ്ടാണ് മുന്നേറുകയെന്ന തിരിച്ചറിവിലേക്ക് ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗവും സ്വാഭാവിക വനമേഖലകൾ പോലും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നതെന്നുമുള്ള തിരിച്ചറിവിലേക്ക് ഇന്ത്യൻ മധ്യവർഗ്ഗവും എത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ ഇന്ത്യയിലുടനീളം നടന്ന സ്വതന്ത്രമായ പാരിസ്ഥിതിക സമരങ്ങളും ജനകീയ പ്രതിഷേധങ്ങളും അതാണ് കാണിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളുടെ തിരസ്ക്കരണം മൂലം നമ്മളറിയാതെ പോയ പത്തിലധികം ക്വാറി വിരുദ്ധ സമരങ്ങളും മൊബൈൽ ടവർ വിരുദ്ധ സമരങ്ങളും കഴിഞ്ഞ 5 വർഷത്തിനിടയിൽ കേരളത്തിൽ മാത്രമുണ്ട്. പരിസ്ഥിതി പ്രവർത്തകർക്കെതിരെ മുൻപെങ്ങുമില്ലാത്ത ആവേശത്തോടെ വേട്ടയാടൽ നടപടികളുമായി മുന്നോട്ടുപോകാൻ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതും മറ്റൊന്നുമല്ല; ഒരു ഫാക്ടറി തുറന്നാൽ, അവിടുത്തെ മലിനജലം എവിടേക്ക് പോകുന്നുവെന്ന ചോദ്യം, ഒരു ഡാം കെട്ടിയാൽ, അതിന്റെ കാലാവധി എത്ര വർഷമാണെന്ന ചോദ്യം… അങ്ങനെ നൂറുകണക്കിന് കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി വരുന്ന പരിസ്ഥിതി പ്രവർത്തകരെ അകറ്റി നിർത്തുകയെന്നത് പരിസ്ഥിതി ചൂഷകരായ ഏതൊരു മുതലാളിയുടേയും അത്യാവശ്യമാണ്. ഇന്ത്യൻ പാരിസ്ഥിതിക മേഖലയെ പൂർണ്ണമായും കോർപറേറ്റുകൾക്ക് കൈമാറാൻ ഭരണകൂടവും അതിനെ ചെറുക്കാൻ ജനങ്ങളും തീരുമാനിച്ചിരിക്കുന്ന സമകാലിക ഇന്ത്യൻ പശ്ചാത്തലത്തിലാണ് പരിസ്ഥിതി പ്രവർത്തകരുടെ/ പരിസ്ഥിതി പ്രവർത്തനത്തിന്റെ ന്യൂ വേവിൽ പെടുന്ന ദിശാ രവിയെ പോലുള്ളവരുടെ പ്രാധാന്യം.
ദിശാ രവിയുടേത് കേവലമൊരു വിഷയവുമായി മാത്രം ബന്ധപ്പെട്ട, വ്യക്തിതലത്തിലുള്ള പ്രശ്നമായല്ല കാണേണ്ടത്. അതിലൊരു ദീർഘകാലത്തെ അടിച്ചമർത്തലിന്റെയും തിരസ്ക്കരണത്തിന്റെയും ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. സൽവാ ജുദൂം മുതൽ മാവോയിസ്റ്റ് അടിച്ചമർത്തൽ വരെ നീളുന്ന കോർപറേറ്റ് അനുകൂല ഭരണകൂട നടപടികളുടെ തുടർച്ചയിലാണ് ദിശാ രവിയുടെ പേരുമുൾപ്പെടുത്തേണ്ടത്. ധാതുസമ്പന്നമായ ഇന്ത്യൻ വനമേഖലകൾ കോർപറേറ്റ് ഖനനത്തിന് വിട്ടുകൊടുക്കാനുള്ള ഭരണകൂട നീക്കങ്ങൾക്ക് തടസം നിൽക്കുന്നതിന്റെ പേരിൽ കൂടിയാണ് മാവോയിസ്റ്റ് പാർട്ടി പ്രവർത്തകരെ വ്യാജ ഏറ്റുമുട്ടലൂകളിലൂടെയും മറ്റും ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് സ്റ്റാൻ സ്വാമിയെ പോലുള്ള പല പരിസ്ഥിതി പ്രവർത്തകരെയും തടവിലാക്കിക്കൊണ്ടിരിക്കുന്നു. ‘ഭീമ ഹോറെഗാവ്’ കേസിലടക്കം ഉൾപ്പെടുത്തി പല പരിസ്ഥിതി പ്രവർത്തകരെയും ജയിലിലടയ്ക്കുകയോ വേട്ടയാടുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനെയൊന്നും പക്ഷെ പരിസ്ഥിതിക്ക് നേരെ ഭരണകൂടവും സ്വകാര്യകുത്തകകളും നടത്തിക്കൊണ്ടിരിക്കുന്ന, നടത്താനുദ്ദേശിക്കുന്ന കൈയ്യേറ്റങ്ങൾക്ക് തടസ്സം നിന്നതിന്റെ പേരിൽ നേരിടേണ്ടി വരുന്ന ഭരണകൂട അടിച്ചമർത്തലായി മനസ്സിലാക്കാൻ നമ്മുക്ക് സാധിക്കുന്നില്ല. അതിന് കാരണം നമ്മുടെ പൊതുബോധത്തിൽ ആഴത്തിൽ വേരോടിയിട്ടുള്ള മധ്യവർഗ്ഗ പാരിസ്ഥിതിക ബോധവും കോർപറേറ്റ് ഫണ്ടിങ്ങിലൂടെ പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ ഇടപെടലുമാണ്. ഇന്ത്യൻ ഭരണഭർഗ്ഗത്തിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ നേരിട്ടോ അല്ലാതെയോ പ്രവർത്തിക്കുന്ന, അതിനെ ഏതെങ്കിലും രീതിയിൽ പ്രതിസന്ധിയിലാക്കാനിടയുള്ള മുഴുവനാളുകളുടെയും പുതിയ പ്രതിനിധി മാത്രമാണ് ദിശാ രവി. ദിശാ രവി അനുഭവിക്കാൻ പോകുന്ന ശിക്ഷ, കോർപറേറ്റ് വിരുദ്ധ പാരിസ്ഥിതിക പ്രവർത്തനത്തിന്റെ വഴിയിലേക്ക് ഭാവിയിൽ വരാനിരിക്കുന്ന ലക്ഷക്കണക്കിന് സമരമനുഷ്യർക്കുള്ള താക്കീതുകൂടിയാണ്.

ഒന്നുകൂടി ചുരുക്കിയാൽ, കാൽ നൂറ്റാണ്ടിന്റെയെങ്കിലും ഗൃഹപാഠത്തിലൂടെയാണ് ഇന്ത്യൻ വലത് ഭരണകൂടങ്ങൾ ഫാസിസത്തിലേക്കുള്ള വഴി തെളിച്ചെടുത്തത്. അതിനാൽ തന്നെ ഇന്ത്യൻ ഫാസിസം അധികാരം പ്രയോഗിക്കുന്നത് പൗരന് മുകളിൽ കേവലമായല്ല. രാഷ്ട്രത്തിന്റെ (state) എല്ലാ ഘടകങ്ങളിലും അതിന്റെ വേരാഴ്ന്നുകഴിഞ്ഞു.