ശരീരത്തില്‍ തൊടാതെ എങ്ങിനെയാണ് ശരീരത്തിന്റെ ചൂട് അളക്കുന്നത്?

അനന്തപത്മനാഭന്
ഇപ്പോള്‍ ഈ കോവിഡ് കാലത്തു നമ്മള് ഒരു സ്ഥലത്തേക്ക് കയറി ചെല്ലുമ്പോള്‍ അവിടെ നമ്മുടെ ശരീരത്തിന്റെ ചൂട് നോക്കുന്ന ഒരു മെഷീന് നിങ്ങള്‍ കണ്ടിട്ടുണ്ടാവുമല്ലോ. എങ്ങിനെയാണ് ഈ മെഷീനിനു നമ്മുടെ ശരീരത്തിന്റെ ചൂട് അളക്കാന്‍ പറ്റുന്നത്? നമുക്ക് ഇതൊന്ന് ചെറുതായിട്ട് നോക്കിയാലോ?
നമ്മുടെ ശരീരത്തിന് ചുറ്റും ഒരു റേഡിയേഷന് ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? എന്നാല്‍ അങ്ങിനെ ഒന്ന് ഉണ്ട്. പക്ഷെ നമുക്ക് അത് നമ്മുടെ കണ്ണുകൊണ്ടു മാത്രം കാണാന്‍ പറ്റില്ല.
ഏതൊരു വസ്തുവിന് ചുറ്റും ഒരു റേഡിയേഷന് ഉണ്ടാവും. ഏതു തരത്തില്‍ ആണ് ആ റേഡിയേഷന് എന്നത് ആ വസ്തുവിന്റെ ചൂടിനനുസരിച്ചിരിക്കും. ഉദാഹരണത്തിന് ഒരു ഇരുമ്പു കമ്പിയെ ചൂടാക്കികൊണ്ടേയിരുന്നാല് ആ കമ്പി അവസാനം നല്ല ചുവന്ന നിറത്തില്‍ ആവുന്നത് നമുക്ക് കാണാന്‍ കഴിയും. ഇനി കുറച്ചുകൂടെ ചൂടാക്കിയാല്‍ ഇതേ കമ്പിയുടെ നിറം മാറുന്നത് കാണാം. നമ്മള് ഇപ്പോള്‍ പറഞ്ഞ ചുവന്ന നിറം വരുന്നതിനു കാരണവും ഒരു പ്രത്യേകതരം റേഡിയേഷന് ആ കമ്പിയില്‍ നിന്ന് പുറത്തേയ്ക്കുവരുന്നത് കൊണ്ടാണ്. അതായതു ഈ റേഡിയേഷന് ഒരു പ്രത്യേക സ്വഭാവം ഉണ്ട്. അതിനെ നമ്മള് തരംഗദൈര്‍ഖ്യം എന്നാണ് പൊതുവില്‍ വിളിക്കാറുള്ളത്.
നമ്മുടെ ശരീരത്തിന്റെ നോര്‍മല്‍ ചൂട് എന്ന് പറയുന്നത് ശരാശരി 37 ഡിഗ്രി സെല്‍ഷിയസ് ആണെല്ലോ. ഈ ഒരു ചൂടില്‍ നമ്മുടെ ശരീരത്തിന് ചുറ്റും ഒരു പ്രത്യേകതരം റേഡിയേഷന് ഉണ്ടാവും. അതിനെ നമ്മള് Infrared റേഡിയേഷന് എന്നാണ് വിളിക്കാറുള്ളത്. ഈ infrared റേഡിയേഷന് നമുക്ക് കണ്ണ് കൊണ്ട് കാണാന്‍ കഴിയില്ല. ഈ infrared റേഡിയേഷന് എത്രയുണ്ട് എന്ന് അളക്കുന്നത് വഴി നമ്മുടെ ശരീരം എത്ര ചൂടില്‍ ആണ് എന്ന് നമുക്ക് കണ്ടുപിടിക്കാന്‍ കഴിയും. ഇത് ചെയ്യണമെങ്കില്‍ നമുക്ക് സാങ്കേതികതയുടെ സഹായം വേണം. ഈ ഒരു സാങ്കേതികവിദ്യയാണ് നമ്മുടെ ശരീരത്തിന്റെ ചൂട് എത്രയുണ്ട് എന്ന് നമുക്ക് മനസ്സിലാക്കി തരുന്നത്.
നമ്മുടെ ശരീരത്തിന്റെ ചൂട് ഒരു അല്പം കൂടിയാല്‍, ആ സമയം നമ്മുടെ ശരീരത്തില്‍ നിന്ന് വരുന്ന infrared റേഡിയേഷന്റെ സ്വഭാവവും മാറും. ഈ ഒരു പൊതു തത്വം ഉപയോഗിച്ചിട്ടാണ് ശരീരത്തിന്റെ ചൂട് നമ്മളെ തൊടാതെ തന്നെ അളക്കാന്‍ കഴിയുന്നത്.
1800ലാണ് സര് വില്യം ഹെര്‍ഷെല്‍ ആദ്യമായി infrared എന്നൊരു റേഡിയേഷന് ഉണ്ട് എന്ന് കണ്ടുപിടിക്കുന്നത്. അന്ന് ഈ infrared റേഡിയേഷന് പ്രധാനമായും ചൂടളക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് കാലക്രമേണേ ഈയൊരു സാങ്കേതികവിദ്യയില്‍ ഒരുപാടൊരുപാട് പരിഷ്കരണങ്ങള്‍ നടന്നു. ഈയൊരു മുന്നേറ്റമാണ് നമ്മള് ഇന്ന് കാണുന്ന മെഷീനുകള്‍ക്കു അടിത്തറയാവുന്നത്. ശരീരത്തിന്റെ ചൂട് അളക്കാന്‍ മാത്രമല്ലകെട്ടോ ഈ ഒരു വിദ്യയുപയോഗിക്കുന്നത്. ഭിത്തികളിലെ വിള്ളല്‍ പരിശോധിക്കുന്നതിനുവേണ്ടിയും ഒക്കെ ഇത് ഉപയോഗിക്കാറുണ്ട്. ഇതിന്റെ എല്ലാം പിന്നില്‍ നമ്മള് നേരത്തെ പറഞ്ഞ പൊതുതത്വം തന്നെ. പട്ടാള ആവശ്യങ്ങള്‍ക്കായും ഇത് ഉപയോഗിക്കാറുണ്ട്. പറയുമ്പോള്‍ ഇത് ലളിതമായി തോന്നുമെങ്കിലും ഈയൊരു സാങ്കേതികവിദ്യയുടെ നിര്‍മാണം കുറച്ചധികം ബുദ്ധിമുട്ടുള്ള ജോലിയാണ്. ഈ ഇന്‍ഫ്രാറെഡ് റേഡിയേഷന് നഗ്നനേത്രംകൊണ്ടു കാണാന്‍ കഴിയില്ല എന്നും അതിനു സാങ്കേതികവിദ്യയുടെ സഹായം വേണമെന്നുമാണ് നമ്മള് കേട്ടത്. ഇനി നമുക്ക് രസകരമായ ഒരു കാര്യം ചെയ്യാം. അതിനു നമ്മുടെ കയ്യില്‍ ഒരു ടെലിവിഷന്‍ റിമോട്ട് വേണം. മിക്ക റിമോട്ടിന്റെയും മുന്‍ഭാഗത്തു ഒരു ചെറിയ ലൈറ്റ് ബള്‍ബ് കാണാം അല്ലെ. ഇനി ആ റിമോട്ടിന്റെ ഏതെങ്കിലുമൊരു ബട്ടന് ഒന്ന് അമര്ത്തിനോക്കിക്കെ, ആ ലൈറ്റ് മിന്നുന്നതായി കണ്ടോ? ഇല്ലെങ്കില്‍ കുഴപ്പമൊന്നുമില്ല. ആ ലൈറ്റ് മിന്നുന്നതായി നമ്മള് കാണില്ല എന്നതാണ് സത്യം. പക്ഷെ ഇനിയാണ് രസം. ഇനി നമ്മള് നമ്മളുടെ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു ആ ക്യാമറയ്ക്ക് നേരെ റിമോട്ട് പിടിച്ചിട്ടു ഏതെങ്കിലുമൊരു ബട്ടണ്‍ ഒന്ന് പ്രസ് ചെയ്തുകൊണ്ട് മൊബൈല്‍ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയാല്‍ നമുക്ക് ആ ലൈറ്റ് ബള്‍ബ് മിന്നുന്നതായി കാണാം. ഒരു വെള്ള നിറത്തിലുള്ള പ്രകാശം. യഥാര്‍ത്ഥത്തില്‍ ടെലിവിഷന്‍ റിമോട്ടുകളുടെ ഈ ലൈറ്റ് ബള്‍ബില്‍ നിന്നും വരുന്നത് ഇന്‍ഫ്രാറെഡ് റേഡിയേഷന് ആണ്. ഒരു പ്രത്യേക സ്വഭാവത്തിലുള്ള ഇന്‍ഫ്രാറെഡ് റേഡിയേഷന്. ഈയൊരു പ്രത്യേക സ്വഭാവത്തെയാണ് നമ്മള് നേരത്തെ തരംഗദൈര്‍ഖ്യം എന്ന് വിളിച്ചത്. ഈ ഇന്‍ഫ്രാറെഡ് റേഡിയേഷനെ നമ്മുടെ മൊബൈല്‍ ഫോണ്‍ ക്യാമറ കടത്തി വിടുന്നത് കൊണ്ടാണ് നമ്മള് ഇവിടെ ഈ ബള്‍ബ് പ്രകാശിക്കുന്നത് കാണാനായത്. അതായതു ക്യാമറയിലൂടെ നമ്മള് കാണുന്നത് നമ്മള് നഗ്ന നേത്രംകൊണ്ടു കാണുന്നത് പോലെയല്ല. ഇതൊരു പോരായ്മയാണ് ഈയൊരു പോരായ്മ മറികടക്കാന്‍, അതായതു ഒരു പരിധിവരെ മറികടക്കാന്‍ ഡിജിറ്റല്‍ ക്യാമറകളില്‍ ഇന്‍ഫ്രാറെഡ് ഫില്‍റ്ററുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ ഇന്‍ഫ്രാറെഡ് റേഡിയേഷനെ നൂറു ശതമാനവും തടഞ്ഞുവെച്ച് ഈ ഫില്റ്ററുകള്ക്കു കഴിയാത്തതു കൊണ്ടാണ് നമ്മള് ഇവിടെ ഈ ലൈറ്റ് ബള്‍ബ് മിന്നുന്നതു കണ്ടത്.
ഇന്‍ഫ്രാറെഡ് റേഡിയേഷന് ഉപയോഗിച്ച് ധാരാളം സാങ്കേതികവിദ്യകള്‍ നമ്മുടെ ലോകത്തുണ്ട്. പട്ടാള ആവശ്യങ്ങള്‍ക്കായി ലക്ഷ്യ സ്ഥാനം കണ്ടുപിടിക്കാനുള്ള മിസൈലുകളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാറുണ്ട്. ഇത് മാത്രമല്ല, കുറഞ്ഞ ദൂരത്തേയ്ക്കു സന്ദേശം കൈമാറാന്‍ വേണ്ടിയും ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയുപയോഗിക്കാറുണ്ട്. നമ്മള് നേരത്തെ പറഞ്ഞ റിമോട്ടിന്റെ ബട്ടണ്‍ ദൂരെ നിന്ന് അമര്‍ത്തുമ്പോള്‍ ഈ ലൈറ്റ് ബള്‍ബില്‍ നിന്നും ഇന്‍ഫ്രാറെഡ് റേഡിയേഷന് വരികയും അത് ടീവിയില്‍ ഘടിപ്പിച്ചിട്ടുള റിസീവറിലേക്കു പോവുകയും ചാനല്‍ മാറുകയും ചെയ്യുന്നതിന്റെ അടിസ്ഥാനവും ഈ ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യയാണ്. കാലാവസ്ഥ പഠനകള്ക്കാവശ്യമായ സാറ്റലൈറ്റ് ചിത്രങ്ങളെടുക്കുന്നതിലും ഈ ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ തള്ളിക്കളയാനാവില്ല. ഈയൊരു പ്രക്രിയയില്‍ റോസ് പ്രത്യേക തരംഗദൈര്‍ഖ്യമുള്ള ഇന്‍ഫ്രാറെഡ് റേഡിയേഷന് വന്നാല്‍ ആ ഉപകരണത്തിന്റെ സ്ക്രീനില്‍ ഒരു പ്രത്യേക നിറം കൊടുക്കണം എന്നും നമ്മള് ആദ്യമേ സെറ്റ് ചെയ്ത് വെക്കും. ഇതേപോലെ തന്നെ വേറെ ഒരു തരംഗദൈര്‍ഖ്യമുള്ള റേഡിയേഷന് വന്നാല്‍ വേറെ ഒരു നിറം എന്ന രീതിയിലും സെറ്റ് ചെയ്യും . സാങ്കേതിക വിദ്യയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇതിനെ ഫാള്‍സ് കളറിംഗ് എന്ന് പറയും. നമ്മുടെ വീട്ടുപകരങ്ങളായ ടോസ്സ്റ്ററുകളിലും മറ്റും ചൂട് കടത്തിവിടാനായും ഈ ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ നമ്മള് ഉപയോഗിക്കാറുണ്ട്.
നമ്മള് സ്ഥിരമായി കേള്‍ക്കാറുള്ള എഞ്ചിനീയറിംഗ് എന്ന ശാഖയുടെ ഒരു വലിയ പങ്ക് ഇവിടെ നമുക്ക് കാണാന്‍ കഴിയും.
നമ്മള് സ്ഥിരമായി, തമാശക്കാണെങ്കിലും കൂടി, ഒരു കാര്യം പറയും ‘ഞാനീ സ്കൂളിലും കോളേജിലും പഠിച്ച കണക്കും ശാസ്ത്രവുമെല്ലാം ഞാന്‍ എന്റെ ജീവിതത്തില്‍ ഉപയോഗിക്കാറില്ല, വെറുതേ ഇതൊക്കെ പഠിച്ചിട്ടു എന്തിനാ !’ ഇതിന്റെ ഉത്തരമാണ് മുകളില്‍ കണ്ടത് . നമ്മള് നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന എല്ലാവിധ ടെക്നോളോജിയുടേയുമൊക്കെ പിറകില്‍ നമ്മള് പണ്ട് സ്കൂളിലും കോളേജിലുമൊക്കെ പഠിച്ച കാര്യങ്ങളും തന്നെയാണ്.
ഒന്നാലോചിച്ചു നോക്ക്, ശരിക്കും എത്രമാത്രമാണ് ശാസ്ത്രം നമ്മുടെ സമൂഹത്തിനെ സഹായിക്കുന്നത്. ശാസ്ത്രവും സമൂഹവും ഇടകലര്‍ന്നു തന്നെയാണ് പോവുന്നത് എന്ന് നമുക്ക് കാണാന്‍ കഴിയും.