
ഹിന്ദുത്വരാഷ്ട്രീയ ചരിത്രവും യു പി തെരഞ്ഞെടുപ്പും

അനന്ദു രാജ്
ഉത്തർപ്രദേശ് ഇലക്ഷൻ ഫലം വലിയ അത്ഭുതമായിട്ടൊന്നും തോന്നുന്നില്ല . ഇന്ത്യയുടെ തന്നെ ആകെയുള്ള പൊതുബോധത്തിന്റെ പ്രതിഫലനമായിട്ട് വേണം ഈ ഫലത്തെ മനസ്സിലാക്കാൻ. ഉത്തർപ്രദേശ് ഇലക്ഷന് ശേഷം അവിടെയുള്ള ആകെമൊത്തം മനുഷ്യരുടെയും മുഖത്ത് ‘മുസ്ലിങ്ങളെ തറ പറ്റിച്ചതിലുള്ള സംതൃപ്തി’ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. എത്രയോ അപഹാസ്യമായൊരു ചിന്തയാണിതെന്ന് നമുക്ക് തോന്നാമെങ്കിലും ഇന്ത്യയെ ഇന്ന് ഭരിക്കാൻ സഹായകമാവുന്ന വജ്രായുധം തന്നെയാണ് ഈ ഹിന്ദുത്വബോധം . ഉത്തർപ്രദേശിനെ മുൻനിർത്തി മാത്രം പറയുന്ന ഒരു കാര്യമല്ല ഇത് . ഇന്ത്യയ്ക്ക് മുകളിൽ സമഗ്രാധിപത്യം നേടിയെടുക്കുന്നതിൽ ബിജെപി-ആർ എസ് എസ് – ഹിന്ദുത്വവാദികൾക്ക് ഇന്ന് വലിയൊരളവിൽ കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെ ഇതിനൊരു തെളിവാണ് .
ബിജെപിയിൽ തുടങ്ങി ബിജെപിയിലൂടെ തുടരുന്ന ഒന്നല്ല ഇന്ത്യയുടെ ഹിന്ദുത്വത്തിലൂന്നിയുള്ള രാഷ്ട്രമീമാംസ .ഇന്ത്യയിലെ മുഖ്യ രാഷ്ട്രീയകക്ഷികളിലൂടെയെല്ലാം രാഷ്ട്രീയനിലപാടുകളിൽ അളവിന്റെ വ്യത്യാസത്തിൽ ഹിന്ദുത്വം തന്നെയാണ് നിലനിൽക്കുന്നത് . അയോധ്യയിൽ രാമക്ഷേത്രം ബിജെപി പണിയുമ്പോൾ മാർബിൾ ഞങ്ങൾ ഇടുമെന്ന് പ്രിയങ്ക ഗാന്ധി പറയുന്നതിലുള്ള സ്വാഭാവികതയെ ഇങ്ങനെ നോക്കി കാണണം. ബിജെപിയെ കൗണ്ടറുകൾ നിർമ്മിച്ച് എതിർക്കാൻ ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ പാർട്ടികൾക്കും ധൈര്യമില്ല എന്നത് തന്നെയാണ് യാഥാർഥ്യം. ആം ആദ്മിയും , കോൺഗ്രസ്സും ,എന്തിന് സിപിഐഎം പോലും ബിജെപിയുമായി അനാവശ്യ ഏറ്റുമുട്ടൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണ് . വലിയ തട്ടലും മുട്ടലും ഇല്ലാതെ സമാന്തരമായി സഞ്ചരിക്കാനുള്ള ശ്രമങ്ങളാണ് ഈ പ്രതിപക്ഷ കക്ഷികളിൽ പ്രകടമായുള്ളത്. കേരളത്തിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകളോ, കൊലപാതകങ്ങളോ നടക്കുമ്പോൾ കോൺഗ്രസ്സിന്റെ പാർട്ടി ഓഫീസുകൾ തല്ലിത്തകർക്കുന്ന സിപിഐഎംകാർ ബിജെപിയുടെ ഓഫീസുകളെ തൊടാതിരിക്കുന്നത് ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും (തല്ലിത്തകർക്കണം എന്നല്ല പറയുന്നത് ,രണ്ട് സമീപനം ഉദാഹരിച്ചതാണ്).
കാൻഷിറാം മുൻപ് കോൺഗ്രസ്സും , ബിജെപിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ ആണെന്നും അവർ സപ്നാഥും ,നാഗനാഥും ( സർപ്പം , മൂർഖൻ) ആണെന്നും പറഞ്ഞിട്ടുള്ളതാണ് . അതിനർത്ഥം രണ്ടുപേരുടെയും രാഷ്ട്രീയ വിഷൻ ഒന്നാണെന്ന് അല്ല മറിച്ച് രാഷ്ട്രീയവും , സാംസ്കാരികവും ,സാമൂഹികവുമായി രണ്ടാളും ഹിന്ദുത്വയിൽ ആണെന്നാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാം. അതുകൊണ്ട് തന്നെയാണ് ബിജെപിക്ക് ഇത്രയും വലിയ ഒരു അടിത്തറ ഇവിടെയുണ്ടായത് .അത് ബിജെപി ഉണ്ടാക്കിയതല്ല മറിച്ച് സ്വാതന്ത്ര്യസമരകാലം മുതൽ ദേശീയപ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും നിർമ്മിച്ചെടുത്തതും , വികസിപ്പിച്ചതുമായ ഒന്നിന്റെ മുകളിൽ ഒന്ന് ഇരുന്നു കൊടുക്കേണ്ട ആവശ്യമേ ബിജെപിക്ക് വന്നുള്ളൂ . ഇന്ത്യയുടെ ചരിത്ര-പൈതൃക സങ്കല്പങ്ങൾ ഒക്കെ തന്നെയും ഹിന്ദുത്വ മിത്തുകളുടെ അതികാല്പനികതയിൽ നിർമ്മിച്ചെടുത്തതാണെന്ന് ചരിത്രം വായിക്കുന്ന ആർക്കും മനസ്സിലാകും . ടാഗോർ മുന്നോട്ട് വച്ചതും ഗാന്ധിജി ഉൾപ്പടെ ഉള്ളവർ പിന്തുടർന്നതുമായ ദേശീയതാ സങ്കല്പവും വിശാലഹിന്ദു തത്വത്തിൽ നിന്ന് ഉരുത്തിരിഞ്ഞത് തന്നെയാണ് . ഈ ഹിന്ദു പൈതൃക-സ്വത്വത്തിൽ നിർമ്മിച്ച പ്രായോഗിക രാഷ്ട്രീയം സാമൂഹിക ജനാധിപത്യത്തെ ഗൗനിക്കാതെ , ജാതിയും ജൻഡറുമായി എൻഗേജ് ചെയ്യാതെ അധികാര രൂപത്തിൽ നിലനിൽക്കുന്ന ബ്രാഹ്മണിക്കൽ പാട്രിയാർക്കി തന്നെയാണ്.

ജവഹർലാൽ നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങൾ ഹിന്ദുത്വത്തെ വിമർശനാത്മകമായി കണ്ടിരുന്നു എന്ന് പൊതുവെ പറയാറുണ്ടെങ്കിലും , യഥാർത്ഥത്തിൽ നെഹ്റു ഇവയുടെ അടിവേരുകൾ ലക്ഷ്യം വയ്ക്കുകയോ , കൗണ്ടർ നിർമ്മിക്കുകയോ ചെയ്തിട്ടില്ല എന്ന് കാണാവുന്നതാണ് . അദ്ദേഹവും തന്റെ ‘ഡിസ്കവറി ഓഫ് ഇന്ത്യ’ പുസ്തകത്തിൽ രാജ്യചരിത്രത്തിൽ സ്വയം സങ്കല്പിച്ചുണ്ടാക്കിയ ‘ഏകത്വത്തെ'( Oneness) കുറിച്ച് പറയുന്നതുകാണാം .ഹിന്ദുത്വ സാംസ്കാരികതയിൽനിന്നാണ് അദ്ദേഹം എഴുതുന്നത് എന്നത് വ്യക്തമാണ്.
1951ൽ രാജേന്ദ്രപ്രസാദ് ഇന്ത്യൻ പ്രസിഡന്റ് ആയി സ്ഥാനം ഏൽക്കുന്നതിനു മുൻപ് അദ്ദേഹം ബനാറസിൽ പോയി 201 ബ്രാഹ്മണരുടെ കാലു കഴുകി വെള്ളം കുടിക്കുകയുണ്ടായി . ജനാധിപത്യത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന ഒരു രാഷ്ട്രപതിയിൽനിന്ന് ഇത്തരത്തിൽ ഒരു ദുഷ്പ്രവർത്തി ഉണ്ടായിട്ട് നെഹ്റു മൗനം പാലിച്ചത് അക്കാലത്ത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ഈ മൗനമായിരുന്നു മൃദുഹിന്ദുത്വത്തിന്, തീവ്രഹിന്ദുത്വത്തിനോടുള്ള പ്രതികരണമെന്ന് ഇന്ത്യൻ സ്വാതന്ത്ര്യാനന്തര ചരിത്രം വെളിവാക്കുന്നുണ്ട്.

അക്കാലത്തെ നെഹ്രുവിന്റെ വിമർശകരായിരുന്ന ഈ എം എസ്സും , ശ്യാമപ്രസാദ് മുഖർജിയും , സി.രാജഗോപാലാചാരിയും മൃദുഹിന്ദുത്വത്തിന്റെ കാര്യത്തിൽ ഒരേ തോണിയിൽ സഞ്ചരിച്ചു . അവരിൽ നിന്ന് വ്യത്യസ്തമായി ഹിന്ദുത്വത്തെ വിമർശിക്കുകയും ജാതിയെ മാറിക്കടക്കണമെന്ന് വാദിക്കുകയും ചെയ്ത് വിമർശകൻ ആയിരുന്നു റാം മനോഹർ ലോഹ്യ , എന്നാൽ അദ്ദേഹവും സാംസ്കാരിക മറികടക്കലിനെ തിരിച്ചറിഞ്ഞിരുന്നില്ല .വിമര്ശകരിൽ ഇവരോട് വിയോജിച്ചു നിന്നത് , ഡോ .ബി ആർ അംബേദ്കർ മാത്രമായിരുന്നെന്ന് കാണാം . അതുകൊണ്ട് തന്നെ തീവ്രജനാധിപത്യവാദി എന്ന് ആരോപിച്ചു അംബേദ്കറെ ചരിത്രത്തിൽനിന്ന് തന്നെ പുറത്താക്കാനോ മാറ്റിനിർത്താനോ ഉള്ള ശ്രമങ്ങൾ ആണ് പിന്നീട് നമുക്ക് കാണാൻ സാധിക്കുന്നത്.

ഹിന്ദുത്വ സാംസ്കാരികതയിൽ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയഭൂമികയിൽ പിന്നെ കാണാൻ സാധിച്ചത് ഹിന്ദു വികാരം ഉപയോഗപ്പെടുത്തുന്ന അധികാരവർഗ്ഗത്തെയായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം അസം , പഞ്ചാബ് സംസ്ഥാനങ്ങളിൽ പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്നുണ്ട്. സാമ്പത്തിക -സാംസ്കാരിക-ഭാഷ പരമായിട്ടുള്ള അടിച്ചമർത്തലുകൾക്ക് എതിരായിട്ടാണ് അസമിൽ പ്രക്ഷോഭം ഉണ്ടാവുന്നതെങ്കിൽ ,ഒരു ജനതയുടെ സ്വയംനിർണയാവകാശങ്ങൾക്ക് വേണ്ടിയായിരുന്നു പഞ്ചാബിലെ പ്രക്ഷോഭം നടന്നത് . പഞ്ചാബിലെ ഈ രാഷ്ട്രീയപ്രശ്നം അടിച്ചമർത്താൻ സിഖ് ന്യൂനപക്ഷങ്ങളായ പഞ്ചാബികൾക്ക് എതിരെ ഹിന്ദുവികാരം ഉണർത്തികൊണ്ട് അപകടകരമായ രാഷ്ട്രീയം കളിച്ച ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാനെന്ന വ്യാജേന നടത്തിയ വർഗ്ഗീയ നാടകമാണ് സുവർണ്ണക്ഷേത്രാക്രമണത്തിൽ കലാശിച്ചത്. എന്തായാലും ഇതിൽനിന്ന് ആളിപടർന്ന ഹിന്ദുവികാരത്തെ പ്രീണിപ്പിക്കാൻ കോൺഗ്രസ്സ് എടുത്ത നിലപാടായിരുന്നു ബാബറി മസ്ജിദ് ഹിന്ദുക്കൾക്കായി തുറന്നുകൊടുക്കുക എന്നത് . ആ രാഷ്ട്രീയബദ്ധമാണ് ഇന്നിപ്പോൾ കാണുന്ന നിലയിൽ ബിജെപിക്ക് കോൺഗ്രസ്സിനെ മറികടക്കാൻ ഏറ്റവുമധികം സഹായകമായത്.
കേരളത്തിൽ എന്നാൽ ഇത്തരത്തിൽ ഒരു ബിജെപി ഭരണസാധ്യത ഇതുവരെ നിലവിൽ വരാതിരിക്കുന്നതിൽ നവോത്ഥാനത്തിനകത്ത് അടിസ്ഥാനജനവിഭാഗങ്ങൾ നിർമ്മിച്ച മൂല്യബോധ്യങ്ങളുടെ പങ്ക് വളരെ വലുതാണ്. അതേപോലെ തന്നെ ജാതി സംഘടനകൾ തമ്മിലുള്ള പരസ്പര വൈരുധ്യങ്ങളും , വ്യത്യസ്ത ആത്മീയ ധാരസങ്കല്പങ്ങളും ‘വിശാലഹിന്ദു’ എന്ന രാഷ്ട്രീയ സാധ്യതയെ റദ്ദ് ചെയ്തു . മാത്രമല്ല ജാതി-മത സംഘടനകളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുകയും ചെയ്തു. അതായത് മൃദുഹിന്ദുത്വ നിലപാടുകളിൽ നിന്നുകൊണ്ട് ഇടത്-വലത് രാഷ്ട്രീയപാർട്ടികൾ ബിജെപിയുടെ സ്ഥാനം അപഹരിച്ചു. ജാതിയുമായി എൻഗേജ് ചെയ്യാതെ നിലനിന്നുകൊണ്ട് ഹിന്ദു സവർണ്ണ ബോധത്തിന് അനുകൂലമായി തന്നെ കേരളരാഷ്ട്രീയവും നിലകൊണ്ടു. ജാതിയെ അദൃശ്യതയിൽ നിർത്തി സാമ്പത്തികാടിത്തറയെ മാത്രം ഊന്നിപ്പറഞ്ഞുകൊണ്ട് ഒരു ഹിന്ദു-ശൂദ്ര-സവർണ്ണ പ്രതലത്തിൽ കേരളത്തെ എത്തിച്ചതിൽ സിപിഎംന്റെ പങ്ക് അവിതർക്കിതമാണ് . അതിൻപ്രകാരം മോദിയും ബിജെപിയും ഇന്ത്യയ്ക്ക് മുകളിൽ സമഗ്രാധിപത്യം നേടിയതുപോലെയാണ് കേരളത്തിൽ സിപിഎം നേടിയതും . വ്യക്ത്യാരാധനയും , മാധ്യമങ്ങൾക്ക് മുകളിൽ ഉള്ള അധികാരവും , വിമർശനാതീത പ്രവർത്തന പ്രഖ്യാപനവും ഹിന്ദു ഫാഷിസത്തിന്റെ അടയാളങ്ങൾ തന്നെയാണ്.
ഇന്ത്യയിൽ ബിജെപിയുടെ രാഷ്ട്രീയം മോദിയിൽനിന്നും വികസിച്ചതായിരുന്നു ഇത്തവണത്തെ ഉത്തർപ്രദേശ് വിജയത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് . ഇലക്ഷനിൽ കൃത്രിമം കാണിച്ചു എന്ന് ആക്ഷേപങ്ങൾ ഉണ്ടെന്നു പറയുമ്പോഴും യോഗിയുടെ നേതൃത്വത്തെ ഉയർത്തിക്കാട്ടി ഇലക്ഷനെ നേരിടാനായി എന്നത് ബിജെപിയുടെ രാഷ്ട്രീയവികാസത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കർഷകസമരവും , ഹത്രാസും , പിന്നോക്കവിഭാഗകൊലപാതകങ്ങളും , ഇസ്ലാം വിരോധവും, കോവിഡ് സമയത്തെ മോശം ആരോഗ്യപാലനവും ഒന്നും തന്നെ ഇവരുടെ വിജയത്തെ ബാധിച്ചില്ല എന്നത് ഈ ജനതയുടെമേൽ ബിജെപി നേടിയ അപകടകരമായ സാംസ്കാരിക ആധിപത്യത്തെയാണ് കാണിക്കുന്നത്.

എങ്കിലും സമാജ്വാദി പാർട്ടിയും ബി എസ് പിയും ഒക്കെ കൂടി ഒരുമിച്ചിരുന്നെങ്കിൽ ഇത്തവണ മറിച്ചൊരു സാധ്യതയും അവിടെ നിലവിലുണ്ടായിരുന്നു . എന്നാൽ ഇലക്ഷന് മുൻപ് തന്നെ ബി.എസ്.പി യെ സമാജ്വാദി പാർട്ടി തള്ളിപ്പറഞ്ഞതും ,അവരെ ബിജെപി അനുകൂലികൾ ആക്കി ചിത്രീകരിച്ചതും അവർ തമ്മിലുള്ള അലയൻസ് സാധ്യതകളെയും ബിഎസ്പി യുടെ അധികാര സാധ്യതകളെയും പ്രതികൂലമായി ബാധിച്ചു. ബിഎസ്പിക്ക് ഇത്തവണ അവരുടെ കോർ വോട്ട് മാത്രം ലഭിച്ചതും , പവർ വോട്ടുകൾ എസ്.പിയിലേക്ക് പോയതും അതിനാലാണ്.

ബിഎസ്പിയും മായാവതിയും ബിജെപി അനുകൂലികൾ ആണെന്ന ആരോപണം പാടെ തള്ളിക്കളയാൻ സാധിക്കുന്ന നിലയിലായിരുന്നു വിധിയെഴുത്തിന് ശേഷം മായാവതി നടത്തിയ പത്രസമ്മേളനം .അതിൽ മായാവതി പരസ്യമായി തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തെ തള്ളുന്നതായി നമുക്ക് കാണാൻ സാധിക്കും . അതുകൊണ്ട് തന്നെ ബിഎസ്പിക്ക് നഷ്ടമായ വോട്ട് ഷെയർ സമാജ്വാദി പാർട്ടിക്ക് അനുകൂലമായെന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ചും മുസ്ലിം വോട്ടുകൾ . ഇവർ തമ്മിലുണ്ടായ പരസ്യ സംഘർഷം ബിജെപിയെ വലിയ നിലയിൽ സഹായിച്ചു .മുസ്ലിം വിരുദ്ധ ലിബറലുകളും ,സവർക്കറൈറ്റ് യുക്തിവാദികളും ,സവർണ്ണ-ശൂദ്ര-ഒബിസി ഹിന്ദുക്കളും ബിജെപിക്ക് വോട്ട് നൽകി(ബിജെപിയുടെ ജയിച്ച മെമ്പർമാരിൽ ഒരു മുസ്ലിം നാമധാരി പോലുമില്ലെന്ന് ശ്രദ്ധിക്കണം). അതേപോലെ എസ്.പി യുടെ തിരിച്ചുവരവ് അരാഷ്ട്രീയതയും, വയലൻസും കൊണ്ടുവരുമെന്നും അവർ ഹിന്ദു ഐക്യം തകർക്കും എന്ന പ്രചരണങ്ങളും ഒരു പരിധി വരെ ബിജെപിയെ സഹായിച്ചു എന്നുവേണം മനസ്സിലാക്കാൻ.

അതേപോലെ ക്രിമിനലുകൾക്ക് എതിരെ വലിയ നിയമവാഴ്ച കൊണ്ടുവന്നു എന്ന നിലയിലെ രാഷ്ട്രീയ പ്രഖ്യാപനങ്ങളും ,ഇലക്ഷൻ സമയത്ത് ചെയ്യുന്ന ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾ എന്നീ പ്രഹസനങ്ങളും ബിജെപിക്ക് അധികാരം നിലനിർത്തുന്നതിൽ സഹായകമായി . നൈതീകമായ യാതൊരു രാഷ്ട്രീയ ഉദ്ദേശവുമില്ലാത്ത ,സാമൂഹ്യ ജനാധിപത്യത്തിന് സഹായകമല്ലാത്ത ഒരു പ്രക്രിയ മാത്രമായിട്ടാണ് ഇലക്ഷൻ സമയത്തെ മേല്പറഞ്ഞ ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനത്തെ കാണാൻ സാധിക്കുന്നുള്ളൂ . കാരണം എല്ലാവർക്കും സൗജന്യ റേഷൻ കൊടുക്കുന്ന ഈ നടപടി യാഥാർഥ്യത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഉതകുന്നതല്ല.ഇത്തരത്തിലുള്ള ഭക്ഷണമില്ലായ്മയുടെ കാരണത്തിന് പരിഹാരം കണ്ടത്താതെയുള്ള ഇലക്ഷൻ സമയത്തെ സൗജന്യ റേഷൻ ബിജെപിയുടെ രാഷ്ട്രീയ കുബുദ്ധി മാത്രമാണ് .എന്നിരുന്നാലും ബിജെപിയുടെ ഇത്തവണത്തെ വിജയത്തിന് ഇവയൊക്കെ ചെറുതല്ലാത്ത പങ്ക് തന്നെ വഹിച്ചിട്ടുണ്ട് .
രാജ്യത്തെ മറ്റ് രാഷ്ട്രീയ പ്രതിപക്ഷങ്ങൾ ഇനി എങ്ങനെയാണ് ബിജെപിയെ നേരിടുന്നത് എന്ന് കാത്തിരുന്നു കാണേണ്ടതുണ്ട് . സിപിഐഎം അടങ്ങുന്ന ഇടതുപക്ഷത്തിന്റെ വോട്ട് ഷെയർ കുത്തനെ ഇടിഞ്ഞു ഉത്തരാഖണ്ഡിലും ,ഉത്തർപ്രദേശിലുമൊക്കെ 0.04% വും ,0.01% വും മാത്രമായിരിക്കുന്നു . കോൺഗ്രസ്സിന് രാഷ്ട്രീയ ചലനാത്മകതയ്ക്കായി ഓരോ സംസ്ഥാനത്തും ശക്തരായ നേതാക്കളെ ആവശ്യമായിട്ടുണ്ട് . ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും സവർണ്ണ വിദ്യാർത്ഥി നേതാക്കളെ കൊണ്ടുവന്ന് നേതൃത്വത്തിൽ നിർത്താതെ സമൂഹത്തിലെ താഴെതട്ടിന്റെ അവസ്ഥകളെ അറിയാവുന്ന നേതാക്കൾ അതിനായി വരേണ്ടതുണ്ട് അല്ലെങ്കിൽ അവരും സിപിഐഎംന്റെ അവസ്ഥയിലേക്ക് കൂപ്പുകുത്തും .അതേസമയം ഇന്ത്യയിലെ മധ്യവർഗ്ഗ സവർണ്ണതയുടെ ബോധ്യങ്ങൾക്ക് കൃത്യമായതും , സാമൂഹിക ജനാധിപത്യത്തിന് വലിയ വെല്ലുവിളി ഉണ്ടാക്കുന്നതുമായ ആം ആദ്മി പാർട്ടിയുടെ പ്രവർത്തനം ബിജെപിയുടെ രാഷ്ട്രീയ വിഷന് സഹയാകമാവുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ഹിന്ദുത്വ മൂല്യങ്ങൾ അടങ്ങിയിട്ടുള്ള ആം ആദ്മിക്ക് ലഭിക്കുന്ന കയ്യടി നൈതിക രാഷ്ട്രീയത്തിന് വിലങ്ങുതടിയാണ്.