
വികസനം കൊണ്ട് മറികടക്കാനാകാത്ത ജാതി

ആനന്ദു രാജ്
കെ റെയിലും വികസനവും ജാതിനശീകരണത്തിലേക്ക് നയിക്കുമെന്ന ആഖ്യാനങ്ങളും എഴുത്തുകളും ധാരാളമായി ഇപ്പോൾ എഴുതിയും പറഞ്ഞും കാണുന്നുണ്ട് . കേരളത്തിലെ ഇടത് മാർക്സിസ്റ്റുകളിലെ വലിയൊരു വിഭാഗവും,ഇടത് ലിബറലുകളും , സമാന ചിന്താഗതി വച്ചു പുലർത്തുന്നവരും ഈ നിലയിൽ അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട്. കാറൽ മാർക്സിന് ഇന്ത്യൻ ജാതീയതയെ മറികടക്കുന്നതിന് സമാന അഭിപ്രായം ഉണ്ടായിരുന്നു. അതുകൊണ്ടാവാം യാതൊരു പഠനവും ഇല്ലാതെ തന്നെ മേല്പറഞ്ഞ ആൾക്കാരെല്ലാവരും കെ റെയിലിനെ ജാതിനശീകരണീ യന്ത്രമായി പരിഗണിച്ചത്. 1853 ഓഗസ്റ്റ് 5ന് , ന്യൂ യോർക്ക് ഡെയിലി ട്രൈബ്യുണിൽ മാർക്സ് ഇങ്ങനെ എഴുതി,” The railway-system will therefore become,in India, truly the forerunner of modern industry […] Modern industry, resulting from railway system, will dissolve the hereditary divisions of labour, upon which rests the Indian castes, those decisive impediments to Indian progress and Indian power”. എന്നാൽ ഇന്ത്യയിൽ ഫലത്തിൽ മാർക്സ് കണക്കുകൂട്ടിയപോലെ അല്ല സംഭവിച്ചത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. കുതിച്ചുയർന്ന ക്യാപിറ്റലിസം ജാതിയെ ഉപയോഗപ്പെടുത്തി അധികാരഘടന രൂപപ്പെടുത്തുകയും, ദലിത്- ദലിതേതർ തമ്മിൽ പുതിയ ഫ്രിക്ഷൻ പോയിന്റ് ഉണ്ടാക്കിയെടുക്കുകയും ചെയ്തു . അതുകൊണ്ട് തന്നെ ഇപ്പോൾ കെ.റെയിൽ വരുന്നത് ജാതിവ്യവസ്ഥയെ തകർക്കാൻ ആണെന്ന് പറയുന്നതും മുൻകാലത്തിൽ എന്നപോലെ ക്യാപ്പിറ്റലിസ്റ്റ് സവർണ്ണത പറയുന്ന വാചോടാപം മാത്രമാവാനാണ് സാധ്യതകളേറെ.

സ്വച്ഛ് ഭാരത് അഭിയാനിലൂടെ ഇന്ത്യ മഹാരാജ്യം 2019ഓടെ സ്കാവഞ്ചർ ഫ്രീ ആക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നത് ഓർക്കുക . അതുവഴി മാന്വൽ സ്കാവഞ്ചിങ്ങ് ജോലികളിൽ ഏർപ്പെട്ടിരുന്ന ദലിത് മനുഷ്യരെ മറ്റ് മേഖലകളിലേക്ക് അധിവസിപ്പിക്കുമെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി കൊടുക്കുമെന്നും പരക്കെ വിലയിരുത്തലുകൾ ഉയർന്നു വന്നിരുന്നു .എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നല്ലോ. 2017 വരെ 16 മില്യൺ ശൗചാലയങ്ങൾ കെട്ടിപ്പൊക്കിയെന്ന് അവകാശപ്പെടുന്ന കേന്ദ്രം , ഈ ശൗചാലയങ്ങൾ ആര് വൃത്തിയാക്കണമെന്ന കാര്യത്തിൽ നയപരമായി നിശബ്ദത പാലിച്ചു . ഈ നിശബ്ദതയുടെ ദ്വാരം നികത്തിയത് മേൽപ്പറഞ്ഞ മനുഷ്യരെക്കൊണ്ടായിരുന്നു. 1949ൽ ബോംബെ ഗവണ്മെന്റ്, മാലിന്യ നിർമ്മാർജ്ജന ജോലികൾ ചെയ്യുന്ന ദലിതരുടെ ജീവിതാവസ്ഥ പഠിക്കാനും , അവരെ ഉദ്ധരിക്കാനും ആദ്യമായി വി.എൻ.ബാർവേ നയിക്കുന്ന കമ്മിറ്റിയെ ഏർപ്പാടാക്കിയത് മുതൽ ഇന്നുവരെ അതിന് സാധിക്കാത്തത് ഹിന്ദുത്വയുടെയും ജാതിയുടെയും നിലയിലുള്ള സാംസ്കാരിക-സാമൂഹികാവസ്ഥയ്ക്ക് കാര്യമായ മാറ്റം വരാത്തതുകൊണ്ട് തന്നെയാണ്.

ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരാൻ ധൃതി പിടിക്കുന്ന പ്രധാനമന്ത്രിയും കേന്ദ്രവും എന്നാൽ രണ്ടരക്കോടി മനുഷ്യരെ 65000 കിലോമീറ്റർ ദിവസേന അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോവുന്ന 14300 ട്രെയിനുകളിലെ വേസ്റ്റ് മാനേജ്മെന്റിന്റെ കാര്യങ്ങളിൽ ആകുലത കാണിക്കുന്നതായി കണ്ടില്ല .2020ഓട് കൂടി 68000 ബയോ ടോയിലെറ്റ്സ് പിടിപ്പിച്ചെന്നും 2021ഓടെ മുഴുവൻ ടോയ്ലറ്റ്സും ബയോ ആക്കിയെന്നും റിപ്പോർട്ട് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ 175000 ബോഗികളുള്ളതിൽ 1000 ബയോ ടോയ്ലറ്റ് പോലും പിടിപ്പിച്ചിട്ടില്ല എന്ന് രാധിക ബോർഡിയ ,യോഗേഷ് പവാർ എന്നിവർ ആർട്ടിക്കിൾ 14.കോമിനു വേണ്ടി കഴിഞ്ഞ വർഷം ഏപ്രിലിൽ എഴുതിയ പഠനത്തിൽ പറയുന്നു. അപ്പോൾ ആരാണ് ഈ മനുഷ്യവിസർജ്ജ്യം ഉൾപ്പടെ ഉള്ള മാലിന്യം നിർമ്മാർജനം ചെയ്യുന്നത് ? അത് പതിനായിരക്കണക്കോ ലക്ഷക്കണക്കോ വരുന്ന ദലിതരാണ് , വിശേഷാൽ ദലിത് സ്ത്രീകളാണ് (ഇതിൽ ജൻഡർ അപ്പ്രോച്ചും ആവശ്യമാണ്).

കെ റെയിൽ പദ്ധതിയിൽ മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് ? ആ ജോലിയിലേക്ക് ഉള്ള ഒഴിവിന് പി.എസ്.സി വിളിക്കുമോ ? തീർച്ചയായും ഇല്ല എന്നത് ഉറപ്പാണ് . കാരണം ഇന്ത്യൻ സാംസ്കാരികതയിൽ വൃത്തിയാക്കൽ ജാതികൾക്ക് നൽകിയിരിക്കുന്ന കടമയാണ്. ശുചിത്വമെന്നത് ഈ സംസ്കാരത്തിനുള്ളിൽ വ്യക്തിപരവും ആചാരപരവുമായിട്ടാണ് നിലനിൽക്കുന്നത് .ഇവിടെ അത് പൗര കടമയുടെ ഭാഗമല്ല . അതുകൊണ്ട് തന്നെ പൊതുവിടങ്ങൾ വൃത്തിയാക്കുന്നതിലോ , അത്തരത്തിലുള്ള ജോലി ചെയ്യുന്നതിനോ മറ്റ് സമുദായങ്ങൾ തല്പരരാവാൻ പോവുന്നില്ല . ഗ്രീൻ ട്രൈബ്യുണൽ സൈറ്റിലെ ,കെ റെയിൽ റിപ്പോർട്ടിൽ പറയുന്നത് ,”human wastes from the trains are to be removed, treated and disposed properly” എന്ന് മാത്രമാണ്(page 20-234). ഫ്ലൈറ്റിന്റെ നിലയിലുള്ള പ്രവർത്തനമാണ് ഉണ്ടാവാൻ സാധ്യത എന്ന് കേൾക്കുമ്പോൾ പോലും കേരളത്തിന്റെ ശുചിത്വ സങ്കൽപ്പത്തിൽ സംശയമുണ്ട് .മിക്കവാറും തമിഴ്നാട് നിന്ന് വന്നവരാണെന്ന് പറഞ്ഞു അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ചക്ലിയാർ ,അരുന്ധതിയാർ ജാതി ദലിതരെ കോൺട്രാക്ടിൽ എടുക്കാനാണ് സാധ്യത . 2018ൽ ശുചിത്വ മിഷൻ തെക്കൻ കേരളത്തിൽ കണ്ടെത്തിയ 600ലധികം വരുന്ന മാന്വൽ സ്കാവഞ്ചേഴ്സ് എന്നത് കെ റെയിൽ വരുന്നതോട് കൂടി ഇരട്ടിയിലധികമാവാനുള്ള സാധ്യതകളേറെയാണ്.
കെ റെയിൽ ഭൂമിയും ദലിതരും
കെ റെയിലിന്റെ നിർമ്മാണത്തിൽ ദലിതരുടെ ഭൂമിയൊന്നും പോകുന്നില്ലെന്നും അതിനാൽ തന്നെ ദലിതർ ഭയപ്പെടേണ്ടതില്ലെന്നുമുള്ള പ്രചരണവും ഇതോടൊപ്പം വ്യാപകമായി നടക്കുന്നുണ്ട് . ഒരു പരിധി വരെ ദലിതരുടെ ഭൂമി നഷ്ടപ്പെടുന്നില്ല എന്ന് പറയാമെങ്കിലും , ഭൂമി നഷ്ടപ്പെടുന്നവരും ഉണ്ടെന്നത് യാഥാർഥ്യമാണ്. എന്നാൽ അതിലും പ്രധാനപ്പെട്ട ഒരു കാര്യം ദലിതർക്കുമേൽ ഉണ്ടാവാൻ സാധ്യതയുള്ള ഭൂമിയിന്മേലുള്ള റെസ്ട്രിക്ഷനാണ് . അതായത് കെ റെയിൽ ഭൂമിയിൽനിന്ന്(land) പുറത്താക്കാൻ സാധ്യതയുള്ളത് മധ്യവർഗ്ഗ സവർണ്ണരെ ആണെന്നതാണല്ലോ വാദം . അങ്ങനെ തന്നെ എടുക്കുകയാണെങ്കിൽ , ഭൂമി നഷ്ടപ്പെട്ട ആളുകൾ സ്വാഭാവികമായി പുതിയ ഭൂമി വാങ്ങുകയും അവിടേയ്ക്ക് മാറുകയും ചെയ്യും. ഇത് വലിയൊരളവിൽ ദലിതരായ മനുഷ്യർക്ക് ആ പ്രദേശത്തേക്ക് കടന്നുചെന്നു ഭൂമി വാങ്ങാനും ,സമീപത്ത് സെറ്റിൽ ചെയ്യാനും ഉള്ള റെസ്ട്രിക്ഷന് വഴി തെളിയിക്കും. ഇതിന് ഉദാഹരണമായി വളരെ അടുത്തകാലത്ത് ആലപ്പുഴയിലും ,റാന്നി മന്ദമരുതിയിലും നടന്ന സംഭവങ്ങളെ നമുക്ക് എടുക്കാവുന്നതാണ്. രണ്ടിടത്തും ഒപ്പ്രസ്സർ കാസ്റ്റിൽ(oppressor castes) പെടുന്നവർ തങ്ങളുടെ അയൽവക്കത്ത് ദലിതർ താമസിക്കാൻ അനുവദിക്കില്ല എന്ന് പറയുകയാണുണ്ടായത്.
റാന്നിയിലെ പ്രശ്നത്തിൽ “ദിശ കേരളയുടെ” ഫാക്ട് ഫൈൻഡിങ് ടീമുമായി ബന്ധപ്പെട്ട് എത്തുകയും നേരിൽ ചോദിച്ചറിയുകയും ചെയ്ത കാര്യമാണ് . വർഗീസ് എന്നയാൾ തന്റെ 24 സെന്റ് സ്ഥലം 6 ദലിത് കുടുംബങ്ങൾക്കായ് വീതിച്ചു നൽകുകയുണ്ടായി. എന്നാൽ ഈ സ്ഥലത്തിന് സമീപത്തു താമസിക്കുന്ന സവർണ്ണ ക്രൈസ്തവ കുടുംബങ്ങൾ അതിന് എതിരായി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ,ഭീഷണിപ്പെടുത്തകയും ,താമസിക്കാൻ സമ്മതിക്കില്ല എന്ന് കട്ടായം പറയുകയും ചെയ്തു. പോലീസ് ഉൾപ്പടെ ഉള്ളവർ അവിടെ നടക്കുന്ന പ്രശ്നങ്ങളിൽ കാസ്റ്റ് പ്രശ്നം ഒന്നുമില്ല എന്നും വഴിത്തർക്കമാണെന്നു പറയുകയും ചെയ്തു .എന്നാൽ തങ്ങളെ ജാതിപരമായി അധിക്ഷേപ്പിച്ചെന്നും ,മോശമായി തങ്ങളോട് സംസാരിച്ചെന്നും ഭീഷണി മുഴക്കിയെന്നും ദലിതരായ ആ മനുഷ്യർ ഞങ്ങളോട് പറഞ്ഞു.ഈ നിലയിൽ അധികാരികൾക്ക് പ്രോസസ്സ് ചെയ്യാനോ ,ഇടപെടാനോ കഴിയാത്തതും താല്പര്യമില്ലാത്തതുമായ വിധത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള ജാതി നിയന്ത്രണങ്ങൾ( Caste Restrictions) നിലനിൽക്കുകയും പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ,കെ റെയിലും ഈ റെസ്ട്രിക്ഷനുകളുടെയും സാമൂഹ്യ അസമത്വങ്ങളുടെയും തോത് വർധിപ്പിക്കാനാണ് സാധ്യത.

കെ റെയിലിന്റെ ഇതുവരെയുള്ള മുന്നോട്ട് പോക്കിലെ ജനാധിപത്യമില്ലായ്മ , പരിസ്ഥിതിയ്ക്ക് ഏൽപ്പിക്കാവുന്ന ആഘാതം എന്നിവയെ മറച്ചുപിടിച്ച് ജാതിയെ തകർക്കും എന്നൊക്കെ പറയുന്നത് ഭാവനപരമായ ഒരു സങ്കൽപ്പം മാത്രമാണ്. അങ്ങനെയെങ്കിൽ കേരളത്തിന് പുറത്തെ സമാനമായ വികസനങ്ങൾ ജാതിയെ ഇല്ലാതാക്കിയേനെ എന്നത് ഓർക്കുക. പൗരബോധത്തിലേക്ക് ഇനിയും എത്തിയിട്ടില്ലാത്ത, ഇന്നും ഹിന്ദുത്വ സവർണ്ണ ബോധത്തിൽ ജീവിക്കുന്ന മലയാളികൾ കെ റെയിൽ വരുന്നതോടെ മാറുമെന്ന് പറയുന്നവർ ഭരണകൂടത്തെയും , പൊതുജനത്തെയും ഒന്നുകൂടി സൂക്ഷിച്ചു നോക്കുന്നത് നന്നായിരിക്കും . സാമ്പത്തിക സംവരണം കൊണ്ടുവന്ന , അനുപമയ്ക്കും ദീപയ്ക്കും എതിരെ സ്ത്രീവിരുദ്ധ നിലപാടുകൾ എടുത്ത , ദലിത് കൊലപാതകങ്ങളും മറ്റ് അട്രോസിറ്റികളും നടപ്പിലാക്കിയ ട്രൈബൽ മനുഷ്യരെ അദൃശ്യവൽക്കരിച്ച ,ഇസ്ലാമോഫോബിക്കും ക്യുർഫോബിക്കുമായ ആ പഴയ ഭരണകർത്താക്കളും നേതാക്കളും സവർണ്ണജനങ്ങളും തന്നെയാണ് ഇപ്പോഴും .
ജാതിയുടെ മറികടക്കൽ സംസ്കാരികമായ പൊളിച്ചെഴുത്തിലൂടെ മാത്രം സാധ്യമാവുന്ന ഒരു യാഥാർഥ്യമാണ് . അല്ലാതെയുള്ള ശ്രമങ്ങൾ ജാതിയെ മറ്റ് നിലകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ഇവോള്വ് ചെയ്യിക്കുകയോ ചെയ്യും എന്നുള്ളത് തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഞാൻ അടങ്ങുന്ന ദലിതരായ മനുഷ്യർക്ക് പറയാനുള്ളത് ഇത്രമാത്രമാണ്.
“നിങ്ങൾ അതിവേഗ പോസ്റ്റ് ഹ്യൂമൻ യാത്രകളിലെ സാധ്യതകൾ തിരയുമ്പോൾ ഞങ്ങൾ ഇപ്പോഴും ഹ്യൂമൻ ആയി പരിഗണിക്കപ്പെടാൻ നിരന്തരം പോരാടിക്കൊണ്ടിരിക്കുകയാണ് . ഞങ്ങളെ പിന്നോട്ട് വലിക്കരുത് .”