
തീവ്ര-ഇടത് രക്ഷാകർതൃത്വം പുറന്തള്ളുന്ന ദളിത് – ആദിവാസി, സ്ത്രീ സ്വത്വങ്ങൾ

അനന്ദു രാജ്
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിലെ ഏറ്റവും കലുഷിതമായ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു തൊണ്ണൂറുകൾ (1990s). കേരളപ്പിറവിക്ക് ശേഷം ശക്തമായി നിലനിന്നിരുന്ന സ്ഥൂലരാഷ്ട്രീയത്തിന് ബദൽ ശബ്ദങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തോടെ ഉയർന്നുകേട്ടു . അയ്യങ്കാളി പട എന്ന പേരിൽ ഒരു കൂട്ടം ഇടത് റാഡിക്കലുകൾ 1996 ഒക്ടോബർ 4ന് പാലക്കാട് കളക്ടറെ ബന്ദിയാക്കി നടത്തിയ നാടകീയ സമരത്തോട് അന്നത്തെ ആദിവാസി നേതൃത്വം പ്രതികരിച്ചത് എപ്രകാരമാണ് എന്ന് പരിശോധിച്ചാൽ തന്നെ ഇത് വ്യക്തമാവും. പടയുടെ ബന്ദിയാക്കലിന് തൊട്ടടുത്ത ദിവസം തന്നെ തൃശ്ശൂരിൽ പ്രതികരണസംഘം നടത്തിയ പരിപാടിയിൽ സംസാരിച്ചുകൊണ്ട് സി.കെ.ജാനു ,’ഞങ്ങൾക്ക് ദത്തുപുത്രന്മാരെ ആവശ്യമില്ല’ എന്ന് പ്രസ്താവിക്കുകയുണ്ടായി . ആദിവാസി വിഷയങ്ങൾ സംസാരിക്കാനും അതിനായി പ്രവർത്തിക്കാനും ഞങ്ങൾ തന്നെ ഇവിടെയുണ്ടെന്നും ,രക്ഷകന്മാരായി ആരും ഞങ്ങൾക്ക് മുകളിൽ കർത്തൃത്വം എടുക്കേണ്ടതില്ലെന്നുമുള്ള മൂർച്ചയേറിയ രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത് . കേരളത്തിലെ ദലിത്-ആദിവാസി സമരങ്ങളെ ഹൈജാക്ക് ചെയ്തുകൊണ്ട് അടിത്തട്ട് മനുഷ്യർ നിർമ്മിക്കുന്ന സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങളെ റദ്ദ് ചെയ്യുക എന്ന സംഘടിത ശ്രമത്തിന്റെ ഭാഗമായിട്ട് തന്നെയാണ് പാലക്കാട് തീവ്രനാടകവും അരങ്ങേറിയത് .

ഇന്ത്യയുടെ അടിസ്ഥാന പ്രതിസന്ധിയായ ശ്രേണീകൃത ജാതി അസമത്വത്തെ അംഗീകരിക്കാതെയാണ് കേരളത്തിൽ എക്കാലവും ഇടത് -ഇടത് റാഡിക്കൽ – വലത് രാഷ്ട്രീയങ്ങൾ പ്രവർത്തിച്ചത് . യാഥാസ്ഥിതിക വലത് പക്ഷത്തിൽ നിന്ന് വ്യത്യസ്തമായി ജാതിയെ അഭിസംബോധന പോലും ചെയ്യേണ്ടതില്ലെന്നും വർഗ്ഗസമരത്തിലൂടെ ജാതിവിവേചനവും ലിംഗവിവേചനവും തനിയെ ഇല്ലാതാകുമെന്നുമുള്ള അതികാല്പനികതയിലാണ് ഇടത്-ഇടത് റാഡിക്കൽ പ്രസ്ഥാനങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിലനിൽക്കുന്നത് . മാർക്സിയൻ സിദ്ധാന്തത്തിലെ അടിസ്ഥാന ദ്വന്ദ(binary) പാരികല്പനകളായ അടിത്തറ-ഉപരിഘടന (Base-Superstructure) വാദത്തിന്റെ സൈദ്ധാന്തിക പരിമിതി ബ്രാഹ്മണിസത്തോട് ചേർന്നുപോകുന്ന നിലയിൽ തന്നെ വികസിപ്പിച്ചാണ് ഇന്ത്യൻ കമ്മ്യൂണിസത്തിന് തറക്കല്ല് ഇട്ടത് തന്നെ . അതുകൊണ്ടാണ് രാജ്യാന്തരതലത്തിൽ തന്നെ രൂപപ്പെട്ടു വന്ന മുതലാളിത്തം ജാതിയെ ഉപയോഗപ്പെടുത്തി പുതിയ ഘർഷണ ബിന്ദുക്കൾ (Friction Points) ഉണ്ടാക്കിയപ്പോളും ജാതിയെ പരിഗണിക്കാതെ സാമ്പത്തിക-തൊഴിൽ വർഗ്ഗ സങ്കൽപ്പത്തിൽ മാർക്സിയൻ ഇടതുപക്ഷം നിലകൊണ്ടത്. സുജാത ഗിഡ്ലയുടെ ‘Ants among Elephants'(2017) എന്ന പുസ്തകത്തിൽ കെ.ജി.സത്യമൂർത്തിയുടെ(മുൻ നക്സലൈറ്റ്) ഒരു അനുഭവം പറയുന്നുണ്ട് .തെലുങ്കാന വിപ്ലവകാലഘട്ടത്തിൽ അദ്ദേഹം പങ്കെടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ജാഥയിൽ നിന്ന് ഒരു ഊഴിയ അടിമയെ (Bonded Labourer) ജന്മി പിടിച്ചുകൊണ്ടു പോവുമ്പോൾ നേതാക്കൾ മൗനാനുവാദം നൽകുകയും അദ്ദേഹം അതുകണ്ട് നിസ്സഹായനായി നിന്നുകൊണ്ട് ഏത് തൊഴിലാളിക്ക് വേണ്ടിയാണ് പിന്നെ ഈ വിപ്ലവം എന്ന് ചോദിക്കുകയും ചെയ്യുന്നു .ലോകത്താകമാനം മാർക്സിന്റെ തന്നെ പരിമിതിയെയോ, പ്രാദേശികമായുള്ള സാമൂഹിക വ്യത്യസ്തതകളെയോ മറികടക്കാൻ ഉണ്ടായ ശ്രമങ്ങൾ (ഇ.പി .തോംപ്സണിന്റെ idea of applying historical sociology to British working class പോലുള്ളവ ) ഇന്ത്യൻ കമ്മ്യൂണിസം പരിഗണിക്കുകയോ, നടത്തുകയോ ചെയ്യാതെ ജാതിയെ വർഗ്ഗത്തിന് പുറത്തെവിടെയോ നിലനിർത്തി എന്നത് തന്നെയാണ് സത്യമൂർത്തിയുടെ അനുഭവവും വിരൽചൂണ്ടുന്നത്.
കേരളത്തിലെ നക്സൽ പ്രസ്ഥാനം 1960കളുടെ രണ്ടാം പാതിയിലാണ് ആരംഭിക്കുന്നത് . കുന്നിക്കൽ നാരായണൻ, വർഗീസ് , ഗോവിന്ദൻ, വെള്ളത്തൂവൽ സ്റ്റീഫൻ അടങ്ങിയ ആദ്യ നിര തന്നെ ജാതിയുടെ സൈദ്ധാന്തിക വശത്തെ പരിഗണിക്കാതെയാണ് പ്രവർത്തനമാരംഭിച്ചത് . പാർലമെന്ററി സ്വഭാവത്തിലേക്ക് നീങ്ങാൻ ശ്രമിച്ചുകൊണ്ട് ഇരുന്ന കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെക്കാൾ തീവ്ര നിലപാടിലൂടെ യാന്ത്രികവർഗ്ഗസമരം നടത്തുക മാത്രമായിരുന്നു ഇവരുടെയും ഉദ്ദേശം. ഈ യാന്ത്രികസമരത്തിലേക്ക് ദലിത്-ആദിവാസി ആളുകളെ ആകർഷിക്കുവാൻ വേണ്ടി തന്നെയായിരുന്നു റാഡിക്കലുകളുടെ ശ്രമങ്ങൾ മുഴുവനും. അതിനായിട്ട് കർഷകതൊഴിലാളി ,ഭൂരഹിതർ എന്ന് മാത്രം ഒരു ചട്ടക്കൂട് ഉണ്ടാക്കി ആദിവാസി-ദലിതരെ അതിനുള്ളിലാക്കി ഉപയോഗപ്പെടുത്താനുള്ള രീതിയാണ് ഇവർ പിന്തുടർന്നത് . അതിലൂടെ വ്യക്തിക്കും സമുദായത്തിനും സമൂഹത്തിനുമേലുള്ള ജാതിയുടെ വ്യത്യസ്ത ഘടകങ്ങളെ റദ്ദ് ചെയ്യ്തുകൊണ്ട് വർഗ്ഗസ്വഭാവത്തിലുള്ളതിലേക്ക് മാത്രമായി ചുരുക്കാൻ ശ്രമിച്ചു .അതിനെ മറികടന്നു ദലിത്-ആദിവാസികൾ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ചെറുക്കാനും അവർ മടിച്ചില്ല .
അതിനുദാഹരണമാണ് 1989ൽ സെപ്റ്റംബർ 1ന് സവർണ്ണജാതിമേധാവിത്വത്തിനെതിരെ “അധസ്ഥിത നവോത്ഥാന മുന്നണി” മനുസ്മൃതി ചുട്ടെരിച്ചപ്പോൾ പിറ്റേദിവസം വൈക്കത്ത് സിപിഐ(എം എൽ) റെഡ് ഫ്ലാഗ് “വർണ്ണസമരമല്ല ,വർഗ്ഗസമരമാണ് നടക്കേണ്ടത്” എന്ന പോസ്റ്റർ ഒട്ടിച്ചു പ്രതിഷേധിച്ചത് . മനുസ്മൃതി ചുട്ടെരിക്കേണ്ടന്നും വർഗ്ഗസമരമാണ് നടത്തേണ്ടതെന്നും പറഞ്ഞുകൊണ്ട് ഇക്കൂട്ടർ ദലിത്-ആദിവാസി മുന്നേറ്റങ്ങളെ നേരിടാൻ ശ്രമിച്ച ആദ്യത്തെയോ അവസാനത്തെയോ സംഭവമായിരുന്നില്ല ഇത്.

നക്സൽ പ്രസ്ഥാനം ഒരു ബ്രാഹ്മണിക സ്വഭാവത്തിലുള്ള തീവ്രഭൂമികയാണ് എന്നതായിരുന്നു യാഥാർഥ്യം. ബ്രാഹ്മണിസത്തിന്റെ എല്ലാ വിധ മൂല്യങ്ങളെയും പിന്തുടരുന്ന ഒരു പ്രസ്ഥാനമായിട്ടാണ് അതിന്റെ ചരിത്രം നമുക്ക് മുന്നിൽ തുറന്നുകിടക്കുന്നത് . ആദ്യകാല നക്സലുകളിൽ ഒരാളായിരുന്ന കെ.അജിത ,” സ്ത്രീകൾ സ്ത്രീകളെന്നനിലയിൽ അനുഭവിച്ചിരുന്ന വിഷയങ്ങൾ നക്സൽബാരി പ്രസ്ഥാനത്തിന് വിഷയമേ ആയിരുന്നില്ല” എന്ന് പറഞ്ഞിട്ടുള്ളതായി സാറ ജോസഫ് ഓർമ്മയുടെ തീനാളങ്ങളുടെ അവതാരികയിൽ എഴുതുന്നുണ്ട്. പുരുഷാധിപത്യത്തിന്റെ ദൃംഷ്ടകളും , സവർണ്ണതയുടെ മേൽക്കോയ്മ സ്വഭാവവും, ബ്രാഹ്മണിസത്തിന്റെ മേന്മ വാദവും നക്സലുകളുടെ പ്രവർത്തനങ്ങളിൽ പ്രത്യക്ഷമായിരുന്നു. ആരാധനപാത്രരൂപീകരണമെന്ന ബ്രാഹ്മണിക്കലായ രീതീ ഇവർ പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്തിരുന്നതായി കാണാം . “അടിയോരുടെ പെരുമൻ” ഉണ്ടായിവരുന്നത് അവിടെ നിന്നാണ് . നക്സൽ വർഗീസിനെ ഒരു ആരാധനാപാത്രമാക്കി ആദിവാസികൾക്കും ദലിതർക്കുമിടയിൽ മാറ്റിയത് വർണ്ണ-ജാതി വ്യവസ്ഥയോടുള്ള കലഹത്തിനെ മനസ്സിൽക്കണ്ടായിരുന്നില്ല , മറിച്ച് നക്സലുകൾക്ക് വേണ്ടി വർഗ്ഗസമരത്തിന്റെ കാലാൾപടയാവാൻ വേണ്ടിയായിരുന്നു . വർഗീസിന്റെ വല്ലിയോടുള്ള പ്രക്ഷോഭമോ ,നക്സലുകൾ ആദിവാസികൾക്കുവേണ്ടി നടത്തിയ മറ്റ് പ്രവർത്തനങ്ങളോ ആദിവാസികൾക്ക് യാതൊരു ഗുണവും ചെയ്യതില്ല എന്നല്ല പറയുന്നത് മറിച്ച് അവ സങ്കീർണ്ണവും ,ദുർബലവുമായ അവസ്ഥയിൽ ആദിവാസി ജനതയെ എത്തിച്ചു എന്നുള്ളതാണ്. ഇത്തരം പ്രവർത്തനങ്ങളൊക്കെ തന്നെയും പിൻകാലത്തും സാമൂഹികാസമത്വത്തെ മറികടക്കാൻ സാധിക്കാതെ ആവേശകമ്മറ്റികളായി പരിസമാപ്തി അടയുക മാത്രമാണ് ഉണ്ടായത്.
കേരളം 1980കളോടെ സൂഷ്മരാഷ്ട്രീയത്തിലേക്ക് കടന്നു വരികയും ദലിത് – ആദിവാസി -സ്ത്രീ മുന്നേറ്റങ്ങളും ,ചർച്ചകളും ഉണ്ടായിവരികയും ചെയ്തു . സവർണ്ണ യാഥാസ്ഥിതികതകളുടെ കാവലാളുകളായ വലതുപക്ഷവും , നവബ്രാഹ്മണിസത്തിന്റെ വക്താക്കളായി നിലകൊണ്ട ഇടതുപക്ഷവും താർക്കികമായി പോലും പ്രതിസന്ധിയിൽ ആവാൻ തുടങ്ങിയത് കേരളപ്പിറവിക്ക് ശേഷം ഇവിടെ മുതലാണ് . പ്രക്ഷുബ്ധ വാദ-പ്രതിവാദങ്ങളുടെ ദശകത്തിന് അവസാനത്തിൽ സ്വത്വബോധമുള്ള പ്രതിഷേധങ്ങളും ,പ്രത്യയശാസ്ത്രവികാസവും , സമരങ്ങളും കണ്ടു തുടങ്ങി. 1990കളോടെ ഭൂമിപ്രശ്നം ഉൾപ്പടെ സാമൂഹികനീതിയിൽ അധിഷ്ഠിതമായ എല്ലാവിധ വിഷയങ്ങൾക്കുംവേണ്ടി ജനാധിപത്യ പോരാട്ടങ്ങൾ അടിത്തട്ട് ജനത തുടങ്ങിയിരുന്നു . എന്നാൽ ഇത് ഏത് വിധേനയും തടഞ്ഞു ‘തൊഴിലാളിവർഗ്ഗസർവാധിപത്യം’ സ്ഥാപിക്കുകയായിരുന്നു ഇടത് റാഡിക്കലുകളുടെ ശ്രമം . മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് എതിരായി നിലപാടെടുത്ത കോൺഗ്രസ്സിനും ,ബി ജെ പി ക്കും സമാനമായി വർഗ്ഗപോരാട്ടത്തിനെ ഭിന്നിപ്പിക്കുന്ന ഒന്നാണ് സംവരണം എന്ന് സിപിഐ(എംഎൽ) റെഡ് ഫ്ലാഗ് നിലപാട് പറഞ്ഞുകൊണ്ട് അവരതിന് മുന്നിട്ടിറങ്ങി. സാമ്പത്തിക സംവരണത്തെ ചേർത്തുപിടിച്ച മറ്റ് ഇടതുപക്ഷ പാർട്ടികളും ഒഴുക്കിനൊപ്പം സഞ്ചരിച്ചു .

ഇടത് റാഡിക്കലുകളുടേതടങ്ങുന്ന ഇത്തരം സംഘടിത പരിശ്രമങ്ങളെ സൈദ്ധാന്തികമായും അല്ലാതെയും തടയിട്ടത് അക്കാലത്തെ ദലിത്-ആദിവാസി ബുദ്ധിജീവികളുടെ ഇടപെടലുകളിലൂടെയായിരുന്നു. മാർക്സിയൻ അവബോധത്തിനുള്ളിൽ അക്കാലംവരെയും അകപ്പെടുത്തിയ ദലിത്-ആദിവാസി ജനതയ്ക്ക് സ്വകാര്യ സ്വത്ത് നിർമ്മാണം സാധിച്ചില്ലെന്നും അതിനാൽ ഒരു സാമ്പത്തിക വർഗ്ഗം ഈ ജാതികൾക്കിടയിൽ ഉണ്ടായില്ല എന്നും അതുകൊണ്ട് സാമുദായികമായ ഏകീകരണം ഇവരുടെയിടയിൽ സാധ്യമല്ല എന്നും അക്കാലത്തെ പ്രമുഖ ചരിത്രകാരന്മാർ വിലയിരുത്തിയപ്പോൾ അതിനെ ഈ വൈജ്ഞാനിക വിഭാഗത്തിലൂടെ ഭാഗികമായെങ്കിലും മറികടക്കാൻ അടിസ്ഥാനജനവിഭാഗത്തിന് സാധിച്ചു . ഇവരുൾപ്പെടുന്ന അനവധി മനുഷ്യരുടെ നിരന്തര ശ്രമത്തിന്റെ ഫലമായിട്ടാണ് പിൻകാലത്ത് പലവിധ സമരങ്ങൾ ദലിത്-ആദിവാസി ജനതകൾ സ്വന്തം കർതൃത്വത്തിൽ നടത്തിയത് . അതുകൊണ്ട് തന്നെ ഇതിനെ ഇല്ലായ്മചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടുവേണം സമരങ്ങളെ ഹൈജാക്ക് ചെയ്യുന്ന അയ്യങ്കാളിപ്പടയുടേത് പോലെയുണ്ടായ തീവ്ര പ്രവർത്തനങ്ങളെ മനസ്സിലാക്കേണ്ടത്. സാമൂഹിക ജനാധിപത്യത്തിലൂന്നിയ അടിത്തട്ട് സമരങ്ങളെ ഇല്ലാതാക്കുകയും അക്രമസ്വഭാവത്തിലുള്ള ആളുകളാക്കി ദലിത്-ആദിവാസി മനുഷ്യരെ ചിത്രീകരിക്കുവാനുമാണ് ഇത്തരത്തിലുള്ള തീവ്രപ്രവർത്തനങ്ങൾ വഴിതെളിച്ചത്. അടിസ്ഥാനജന വിഭാഗങ്ങളുടെ ഭൂസമരങ്ങളെ ഒരുപാട് വൈകിപ്പിച്ചതിലും ഇത്തരം ഇടപെടലുകൾ കാരണമായിട്ടുണ്ട് .അതുകൊണ്ടൊക്കെ തന്നെയാണ് ഇത്തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും അവയുടെ പ്രത്യയശാസ്ത്രവും നടത്തുന്ന ഇരട്ടത്താപ്പ് ഉൾകൊണ്ട അടിത്തട്ട് വിഭാഗങ്ങൾ അവരെ അകറ്റിനിർത്തേണ്ടത് അനിവാര്യതയാവുന്നത്.