
കേരളം അംബേദ്കരിലേക്ക്
ദളിത് രാഷ്ട്രീയത്തിന്റെ വികസിത വഴി
ഭാഗം 4

അനന്ദു രാജ്
കേരളത്തിന്റെ എഴുപതുകളെ കാര്യമായി ബാധിച്ചത് ഇന്ത്യയാകെ അക്കാലത്ത് അലയടിച്ചുകൊണ്ടിരുന്ന നക്സൽ മുന്നേറ്റമായിരുന്നു . കേരളത്തിൽ അന്ന് വരെ ഉയർന്നു വന്ന ദലിത് രാഷ്ട്രീയ പക്ഷങ്ങളുടെ പ്രാദേശിക സ്വഭാവംകൊണ്ടും , അവയ്ക്കൊന്നും തന്നെ കൃത്യമായ രാഷ്ട്രീയ വിഷനോട് കൂടിയൊരു പ്രത്യയശാസ്ത്രം വികസിപ്പിക്കാൻ സാധിക്കാതിരുന്നതും പുതു ദലിത് തലമുറയെ സംസ്ഥാനമൊട്ടാകെ നക്സൽ പ്രസ്ഥാനത്തോടും , നക്സൽ മുന്നേറ്റത്തോടും അടുപ്പിച്ചതായി വേണം മനസ്സിലാക്കാൻ. പി.ആർ.ഡി.എസ് , എസ്.ജെ.പി.എസ് തുടങ്ങിയ പ്രസ്ഥാനങ്ങൾക്കും സംസ്ഥാന രൂപീകൃതാനന്തരം അവരുടെ പ്രവർത്തകർക്ക് ഒരു ഏകീകൃത രാഷ്ട്രീയ സാഹചര്യം ഒരുക്കാൻ സാധിച്ചിരുന്നില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ് . അതിന് സാമൂഹിക കാരണങ്ങളും , അവർ വിശേഷാൽ നേരിട്ട ചില സംഘടനാ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി അംഗീകരിക്കേണ്ടതുമുണ്ട് . എങ്കിലും ദലിതർക്ക് ഒരു ഐക്യസ്വഭാവം ഉണ്ടെന്ന ബോധ്യത്തിലും നിലയിലും വലിയ ഒരു സാമൂഹിക പ്രസ്ഥാനമായി തന്നെ കേരള ഹരിജൻ ഫെഡറേഷൻ എഴുപതുകളിലും പ്രവർത്തിച്ചിരുന്നു . ഈ പ്രസ്ഥാനത്തിന് മാത്രമാണ് പ്രാദേശിക സ്വഭാവത്തിനപ്പുറമുള്ള ഒരു സംഘടനയായി വികസിക്കാൻ സാധിച്ചിരുന്നത് എന്നതും വിസ്മരിക്കാനാവില്ല .

വിമോചനസമരാനന്തരം ജാതിയുടെ പ്രവർത്തനത്തിന് തന്നെ ഒരു പരിണാമം സംഭവിച്ചിരുന്നു. നവോത്ഥാനത്തിനകത്ത് ഒരുമിക്കപ്പെട്ട ഉപജാതികൾ തമ്മിൽ പോലും കലഹം ഉണ്ടാക്കുന്ന സാമൂഹികസ്വഭാവം ഉണ്ടായിവന്നു . അങ്ങനെയാണ് ഈഴവരിലെ ഒരു കൂട്ടവും , നായർ സമുദായവയും , സുറിയാനി ക്രൈസ്തവരും ,മുസ്ലിങ്ങളിലെ ഒരു വിഭാഗവും ചേർന്നൊരു മധ്യവർഗ്ഗ സ്വഭാവമുള്ള അധികാരരൂപംകൂടി ഉണ്ടായിവന്നത് . ഇന്നും ഈഴവ സമുദായത്തിൽ തന്നെയുള്ള രാഷ്ട്രീയനേതാക്കൾക്ക്, ആ സമുദായത്തിലെ തന്നെ മറ്റൊരു രാഷ്ട്രീയ നേതാവിനെ “ചെത്തുകാരന്റെ മകനെന്ന്” വിളിക്കാൻ സാധിക്കുന്നത് ഉപജാതിയുടെ ഈ ശ്രേണീകൃത സ്വഭാവം സമൂഹത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെയാണ് . അങ്ങനെ നിലവിൽ വന്ന രാഷ്ട്രീയ ഘടനയ്ക്ക് വീണ്ടും പുതിയ ഘർഷണബിന്ദുക്കൾ(Friction points ) ഭൂപരിഷ്കരണത്തിലൂടെ ഉണ്ടായിവന്നു. അങ്ങനെ ദലിത് -ദലിതേതരർ എന്ന നിലയിലേക്ക് രാഷ്ട്രീയം പ്രത്യക്ഷത്തിൽ മാറ്റപ്പെട്ടു . ഇതിൽനിന്നുണ്ടായ തിരിച്ചറിവുകൾ , അവകാശബോധം എന്നിവയൊക്കെയാണ് ഒരു പരിധി വരെ വിപ്ലവം ആഗ്രഹിക്കാനും , 70കളിൽ ശക്തിപ്രാപിച്ചു കേരളത്തിലെ രണ്ടാം നിര ഇടത് റാഡിക്കലുകൾക്കൊപ്പം ചേരാനും കേരളത്തിലെ ദലിത് മനുഷ്യരെയും യുവജനങ്ങളെയും നിർബന്ധിതമാക്കിയത് . എന്നാൽ ഇത്തരത്തിൽ നിലപാട് എടുത്ത ബഹുഭൂരിപക്ഷ മനുഷ്യരും ജാതിയുടെ പ്രവർത്തനമായി സാമൂഹിക പ്രശ്നത്തെ മനസ്സിലാക്കി ആയിരുന്നില്ല ഇടത് റാഡിക്കൽ പ്രസ്ഥാനത്തിലേക്ക് ചേക്കേറിയത് , മറിച്ച് തൊഴിലാളിയോടുള്ള വിവേചനം എന്ന നിലയിലാണ് അവർ തങ്ങൾ നേരിടുന്ന സമകാലീന വിഷയത്തെ മനസ്സിലാക്കിയത്. ബാക്കി ചെറിയ ഒരു ശതമാനം ദലിതരായ യുവാക്കൾ സാമുദായിക പ്രശ്നമിതിലുണ്ടെന്ന് തിരിച്ചറിയുകയും , ജാതിയും വർഗ്ഗവും ഒരുപോലെ പ്രധാനമെന്നും പറഞ്ഞുകൊണ്ട് പ്രസ്ഥാനങ്ങൾ ആയി രൂപാന്തരപ്പെട്ടു . അതിൽ പ്രധാനപ്പെട്ട ഒന്നാണ് സീഡിയൻ.

1967-68 കാലഘട്ടത്തിൽ കേരളത്തിലെ ദലിത് വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ (പ്രത്യേകിച്ചും സ്റ്റൈപ്പന്റ് പോലുള്ളവ) പ്രശ്നവൽക്കരിച്ചുകൊണ്ട് എസ്.രാജപ്പൻ, കെ കെ മന്മഥൻ, വി. പദ്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ കേരള സ്റ്റൈപ്പന്ററി സ്റ്റുഡന്റസ് അസോസിയേഷൻ (കെ.എസ്.എസ്.എ) എന്നൊരു സംഘടന ഉണ്ടായിവരുകയും എന്നാൽ അത് വിദ്യാർത്ഥികളുടെ മാത്രം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഒതുങ്ങി നിൽക്കുന്നതിനാൽ അത് മാറി സീഡിയനായി വികസിച്ചു എന്നും പറയാൻ സാധിക്കും കാരണം രണ്ടിന്റെയും നേതൃനിര ഒന്നു തന്നെയായിരുന്നു. കെ.കെ മന്മഥൻ , വി പദ്മനാഭൻ ,കെ .കെ.എസ് ദാസ് , എം.ജെ പ്രസാദ് എന്നിവരായിരുന്നു സീഡിയന്റെ നേതൃത്വം എന്ന് പറയുന്നത് . ഭൂമി പ്രശ്നം തന്നെയായിരുന്നു സീഡിയൻ ആദ്യമായി മുന്നോട്ട് വച്ചത് . അങ്ങനെ ദലിത് വിഷയത്തെ മാർക്സ്-ലെനിൻ-മാവോ-അംബേദ്കർ രീതിശാസ്ത്രത്തിനകത്ത് വായിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടാണ് സീഡിയൻ പ്രവർത്തനം നടത്തിയത് . ഫിലോസോഫിക്കലി അടിച്ചമർത്തപ്പെട്ട ദലിത് എന്നത് ദേശീയതയാണ് എന്ന് മുന്നോട്ട് വച്ച സീഡിയൻ കാര്യമായി അംബേദ്കറെ ഉപയോഗപ്പെടുത്തുന്നതായോ , അദ്ദേഹത്തെ മനസ്സിലാക്കിയിരുന്നതായോ പറയാൻ സാധിക്കില്ല . മറിച്ച് മാർക്സിനുള്ളിൽ അംബേദ്കറെ നിർത്തിക്കൊണ്ട് ഇടത് റാഡിക്കൽ സ്വഭാവമുള്ള പ്രസ്ഥാനമായിട്ടാണ് സീഡിയൻ നിലനിന്നത് .1990ൽ ഈ പ്രസ്ഥാനം പൂർണ്ണമായും ഇല്ലാതായിപോയതും ഇതിനാലാണ് . കെ കെ കൊച്ച് ,സണ്ണി കപിക്കാട് , കെ കെ ബാബുരാജ് എന്നിവരൊക്കെ 1980കളിലെ സീഡിയൻ പ്രവർത്തകർ ആയിരുന്നു.

ഈ 1980ളാണ് കേരള ദലിത് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദശകം. ബാബാസാഹേബ് അംബേദ്കർ ഒരു രാഷ്ട്രീയ ആശയവും ,പ്രത്യയശാസ്ത്രവുമായി വായിക്കപ്പെടുന്നത് യഥാർത്ഥത്തിൽ ഇക്കാലം മുതലാണ് . ദലിത് രാഷ്ട്രീയചരിത്രത്തിന്റെ പുതിയ ഏട് അവിടെ തുടങ്ങുകയാണ്.