
ദലിത് രാഷ്ട്രീയത്തിന്റെ വികസിത വഴി
ഭാഗം 3

അനന്ദു രാജ്
ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ആയി സ്ഥാനമേറ്റ ഡോ.രാജേന്ദ്രപ്രസാദ് ബനാറസിൽ വച്ച് 201 ബ്രാഹ്മണരുടെ കാലുകഴുകിക്കൊണ്ടാണ് ഇന്ത്യൻ ജനാധിപത്യത്തിന് തുടക്കം കുറിച്ചത്. കോൺഗ്രസ്സിന്റെ സ്വാതന്ത്ര്യ സങ്കൽപ്പത്തെക്കുറിച്ച് ഡോ.ബി ആർ അംബേദ്കറിന് വലിയ ആശങ്ക ഉണ്ടായിരുന്നു . “കോൺഗ്രസ്സിന് വേണ്ട രീതിയിലുള്ള സ്വാതന്ത്ര്യമാണ് നേടുന്നതെങ്കിൽ , ജാതി ഹിന്ദുക്കൾ ദലിത്-ആദിവാസി പിന്നോക്കരോട് പണ്ട് ചെയ്തുകൊണ്ടിരുന്നത് തുടരുമെന്നതിൽ സംശയം വേണ്ട” എന്ന് അംബേദ്കർ പറയുന്നുണ്ട് . സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആകെമൊത്തത്തിലുള്ള അവസ്ഥ ഇത്തരത്തിലായിരുന്നു എന്ന് പറയാം . അതിന് കാരണം മുൻപ് പറഞ്ഞിട്ടുള്ളതുപോലെ സമുദായങ്ങളുടെ കയ്യിൽനിന്നും പ്രാദേശിക -രാജ്യ ഭരണം ഏറ്റെടുത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊക്കെയും ഒരു സവർണ്ണ ഒളിവാഴ്ച നിലനിന്നിരുന്നു എന്നതാണ് . അതുകൊണ്ട് തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ പാർട്ടികളുടെയും പ്രവർത്തനം മറ്റൊരു നിലയിലാവാതിരുന്നത് . അങ്ങനെയുള്ള സാഹചര്യത്തിലാണ് 1950തുകളിൽ ഡി.സി.യു.എഫ് (ദ്രാവിഡ ക്ലാസ്സ് യുണൈറ്റഡ് ഫ്രണ്ട്) രൂപംകൊള്ളുന്നത് .
ഇടതുപക്ഷത്തിന്റെ പ്രവർത്തനത്തിനകത്തെ ദലിത് വിരുദ്ധ രീതികളുമായി വിയോജിച്ചാണ് ആർ.എസ്.പി ക്കാരനായിരുന്ന ശ്രീ.സഭാരാജ് (അപ്പച്ചി) ഡി.സി.യു.എഫ് സ്ഥാപിക്കുന്നത് . മുൻകാല പി.ആർ.ഡി.എസ് പ്രവർത്തകനായിരുന്ന ശ്രീ.സഭാരാജ് പൊയ്കയിൽ അപ്പച്ചന്റെ ആദിദ്രാവിഡ സ്വത്വത്തിലധിഷ്ഠിതമായ പ്രവർത്തനത്തെ ഉൾക്കൊണ്ടാണ് ദ്രാവിഡ രാഷ്ട്രീയ വിപ്ലവത്തെ മുൻനിർത്തി ഡി.സി.യു.എഫ് സ്ഥാപിക്കുന്നത് . ഇത് ദലിത്-ആദിവാസി പിന്നോക്ക വിഭാഗത്തിന് എതിരെ നടക്കുന്ന അക്രമങ്ങൾക്ക് വലിയ തോതിൽ ഒരു പ്രതിപ്രവർത്തനം നടത്താനുള്ള പ്രേരണ സ്ഥാപകനിൽ ജനിപ്പിച്ചു എന്ന് തന്നെ പറയേണ്ടിവരും . അങ്ങനെ 50തുകളുടെ തുടക്കം മുതൽ ചേർക്കപ്പെട്ട കൂട്ടം എറണാകുളത്ത് വച്ച് 1958ലാണ് ഒരു സംഘടനയായി സ്ഥാപിക്കപ്പെട്ടത് . ജാതി മർദ്ദനങ്ങൾ ചെറുത്തുതോൽപ്പിക്കുകയും, ജാതി വ്യത്യാസങ്ങൾ മറികടക്കുകയും ചെയ്യുക എന്നതായിരുന്നു സംഘടനയുടെ പ്രഥമ ലക്ഷ്യം . അത്തരത്തിൽ വളരെ ശക്തമായ ഒരു മിലിറ്റന്റ് സ്വഭാവം സംഘടനയ്ക്ക് ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരും.

ഇത് യഥാർത്ഥത്തിൽ വലിയൊരു സുരക്ഷാബോധം പട്ടിക സമുദായങ്ങൾക്ക് നൽകിയിരുന്നു എന്ന് പറയാതിരിക്കാനാവില്ല . ഇതിന് ഉദാഹരണമാണ് മഹാരാജാസിൽ ദലിത് വിദ്യാർത്ഥികൾക്ക് മേൽ എസ്.എഫ്.ഐ നടത്തിയിരുന്ന മർദ്ദനങ്ങള്ക്കെതിരെയുണ്ടായ ഡി.സി.യു.എഫിന്റെ ഇടപെടൽ നടത്തിയ മാറ്റം. 1990കളിൽ മഹാരാജാസ് കോളേജിൽ നിരന്തരമായി ദലിത് വിദ്യാർത്ഥികൾ ഇടതുപക്ഷക്കാരാൽ ഉപദ്രവിക്കപ്പെടുന്നതിന് ഇടയിലാണ് 1995-ലെ മഹാരാജാസ് കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ദലിത് ഏകോപന സമിതി മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താൻ തീരുമാനിച്ചത് .ഇതേതുടർന്ന് തെരഞ്ഞെടുപ്പിനുശേഷം ദലിത് വിദ്യാര്‍ത്ഥികളെ അടിച്ചൊതുക്കുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് ദിവസം അപ്പച്ചിയും കൂട്ടരും ഇവിടെയെത്തുന്നത്. തിരഞ്ഞെടുപ്പ് ദിവസം മുക്കടയിൽ നിന്ന് എറണാകുളം എത്തിയ സ്ഥാപകൻ നേരെ സിപിഐഎം ജില്ല കമ്മിറ്റി ഓഫീസിലാണ് ആദ്യം ചെല്ലുന്നത്. ഞങ്ങളുടെ പിള്ളേരെ തൊട്ടാൽ എസ്.എഫ്.ഐക്കാരുടെ കൈ അരിയുമെന്ന് അന്നത്തെ ജില്ല സെക്രട്ടറി എ.പി വർക്കിയോട് അവിടെവച്ചു പറയുകയും തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലും ചെന്ന് സമാനമായി പറയുകയുണ്ടായി.

അത്രയും നാളും അക്രമാസക്തരായി നിലനിന്നവർ ഒക്കെ അന്നവിടെ ശാന്തശീലരായി നിന്നതും പിന്നീട് കോലാഹലം ഒന്നും ഉണ്ടായില്ല എന്നതുമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഫലമായുണ്ടായത്. ഇത്തരം റാഡിക്കൽ രീതികൾ ശരിതെറ്റുകളുടെ ചട്ടക്കൂടിന് പുറത്തുനിന്ന് അക്കാലത്തിന്റെ കണ്ണിലൂടെ നോക്കികാണേണ്ട ഒന്നാണ് . സ്വകർതൃത്വത്തിലൂന്നിയ സുരക്ഷാ കവചം ഒരു പരിധി വരെ ഇവരുടെ പ്രവർത്തനം ഉണ്ടാക്കിയിരുന്നു എന്ന് പറയേണ്ടിവരും .
ബി.സി.സി.എഫും വി.ഡി ജോണും
സ്വാതന്ത്ര്യാനന്തര മലയാളദേശത്തെ ആദ്യ ദശകത്തിൽ വ്യത്യസ്ത മതങ്ങളിലെ ദലിതർ പല വിധേന വേർതിരിവുകൾ മറികടക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട് .1952 മാര്‍ച്ച് 24-ആം തീയതി കോട്ടയത്തു വച്ച് ബാക്ക് വേര്‍ഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന് (ബി.സി.സി.എഫ്) എന്ന സംഘടന അങ്ങനെയാണ് രൂപീകൃതമാവുന്നത്.
മുൻകാല ദലിത് ക്രൈസ്തവ സംഘടനകളിൽ നിന്ന് വ്യത്യസ്തമായി കേവലം മെമ്മോറാണ്ടത്തിൽ ഒതുങ്ങാതെ സാമൂഹികമായ ഒരു ഐക്യരൂപീകരണവും , ശക്തമായ രാഷ്ട്രീയ സാധ്യതയും ബി.സി.സി.എഫിന് ഉണ്ടായിരുന്നു . വി.ഡി ജോൺ ആയിരുന്നു സംഘടനയുടെ സ്ഥാപകനേതാവ് . ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന വി.ഡി ജോൺ പുന്നപ്ര-വയലാർ സമരത്തിൽ ഒളിവിൽ പോയ വ്യക്തിയാണ്. തുടർന്ന് 1951ൽ ആലപ്പുഴ തീവെപ്പ് കേസിൽ അറസ്റ്റിലാവുകയും മാവേലിക്കര ജയിലിൽ ഒരു വർഷത്തോളം കിടക്കുകയും ചെയ്തു.

ഈ ജയിൽ വാസ സാഹചര്യത്തിലാണ് അദ്ദേഹം തന്റെ സമുദായത്തിന്റെ അവസ്ഥ മറ്റൊരു രീതിയിൽ പുനർചിന്തനം ചെയ്തത്. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ ഉച്ചനീചത്വങ്ങളും ,സാമൂഹിക അസമത്വം നശിക്കേണ്ടതിന്റെ അനിവാര്യതയും മുൻനിർത്തിയാണ് അദ്ദേഹം ബി.സി.സി.എഫ് സ്ഥാപിക്കുന്നത് .
സഭയുമായിട്ടുള്ള സംഘട്ടനങ്ങൾക്ക് അപ്പുറം സ്റ്റേറ്റ് തങ്ങളെ പരിഗണിക്കേണ്ടതുണ്ട് എന്നതായിരുന്നു വി.ഡി ജോണ്‍ മുന്നോട്ട് വച്ച നിലപാട് എന്ന് ചരിത്രകാരനായ വിനിൽ പോൾ പറയുന്നുണ്ട് . 1957 മുതലുള്ള അദ്ദേഹത്തിന്റെയും സംഘടനയുടെയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെയും സമരങ്ങളുടെയും ഫലമായിട്ടാണ് ദലിത് ക്രൈസ്തവര്‍ക്ക് പകുതി ലംപ്സ്ഗ്രാന്റ് ലഭിച്ചതും അതിന് പുറമേ 25 രൂപ പ്രതിമാസ സ്റ്റൈപ്പന്റും ഹരിജന്‍ അഡ്വൈസറി ബോര്‍ഡിലും ജില്ലാ ബോര്‍ഡുകളിലും പ്രാതിനിധ്യവും ഒരു ശതമാനം ജോലിസംവരണവും സർക്കാർ അനുവദിച്ചത്. അതേപോലെ ദലിത് ക്രൈസ്തവര്‍ക്ക് പബ്ലിക് സര്‍വ്വീസിലും പ്രൊഫഷണല്‍ കോളേജുകളിലും ഒരു ശതമാനം സീറ്റുസംവരണം നേടിയെടുത്തതും തുടർന്ന് ദലിത് കോളനികളില്‍ 5% ദലിത് ക്രിസ്ത്യാനികള്‍ക്ക് വീട് അനുവദിച്ചു കിട്ടിയതും വി.ഡി ജോണിന്റെയും ബി.സി.സി.എഫ് ന്റെയും പ്രവര്ത്തനഫലമായിട്ടുതന്നെയാണ് . ഇത്തരത്തിൽ സ്റ്റേറ്റിനോട് നിരന്തര കലഹം നടത്തുമ്പോൾ തന്നെയും തന്റെ ജനത സഭയ്ക്കുള്ളിൽ നേരിടുന്ന വിഷയങ്ങളിലും അദ്ദേഹം ശക്തമായി ഇടപെട്ടിരുന്നു .അത്തരത്തിലൊന്നാണ് 1990 ഏപ്രില്‍ 12 ന് ഒരു പുലയ ക്രിസ്ത്യാനിയുടെ ശവം സഭയുടെ സെമിത്തേരിയിലെ പൊതു കല്ലറയുടെ സെല്ലില്‍ ഒരു സുറിയാനി ക്രിസ്ത്യാനിയുടെ മുകളില്‍ മറവു ചെയ്തുവെന്ന് പറഞ്ഞ് അടുത്ത ദിവസം തന്നെ സവർണ്ണ ക്രൈസ്തവർ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുക്കുകയും മറ്റൊരു സ്ഥലത്ത് കുഴിച്ചിടുകയും ചെയ്ത വിഷയം. ഇതിൽ സമരം നടത്തുകയും ,സഭയുടെ ഉച്ചനീചത്വത്തെ പരസ്യപ്പെടുത്തി നിയമപ്രശ്നം ഉയർത്തുവാനും അദ്ദേഹം ശ്രമിച്ചു . അങ്ങനെ കേരളത്തിലെ ദലിത് ക്രൈസ്തവരെ ഒരു പൊളിറ്റിക്കൽ ശക്തിയായി കൂടി വികസിപ്പിക്കാനുള്ള എല്ലാവിധ ശ്രമങ്ങളിലും ബി.സി.സി.എഫിന്റെ പങ്ക് ശക്തമായിരുന്നു എന്ന് പറയേണ്ടിവരും .