
ദലിത് രാഷ്ട്രീയത്തിന്റെ വികസിത വഴി
ഭാഗം 2

അനന്ദു രാജ്
കേരളത്തിന്റെ മണ്ണിന് വലിയ ഇടതുപക്ഷ വളക്കൂറ് ഉണ്ടായിരുന്നതായി രാമചന്ദ്ര ഗുഹ എഴുതുന്നുണ്ട്. കേരളരൂപീകരണത്തിന് ശേഷമുള്ള ഇലക്ഷൻ ഇക്കാര്യം സ്ഥിതീകരിക്കുന്നുമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അടിത്തറ എന്നത് വളരെ കൃത്യമായും ദലിത് -ഒബിസി വിഭാഗങ്ങൾ ആയിരുന്നു. അതോടൊപ്പം ഒരു വിഭാഗം നായർ സമുദായക്കാരും ഉണ്ടായിരുന്നു. കേരളത്തിലുണ്ടായിരുന്ന സുറിയാനി ക്രൈസ്തവരെ സംബന്ധിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തോട് വലിയ കൂറുണ്ടായിരുന്നു എന്ന് പറയാൻ സാധിക്കില്ല. ആഗോളതലത്തിൽ ‘കത്തോലിക്ക സഭയും’ ‘കമ്മ്യൂണിസ്റ്റ് സഭയും’ തമ്മിൽ നടക്കുന്ന പ്രത്യയശാസ്ത്ര കടിപിടി ഇതിനുപുറകിൽ ഉണ്ടെന്ന് കരുതേണ്ടിവരും.

എന്തായാലും കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ , സർക്കാരിനോ ഒന്നുംതന്നെ സാമുദായികമായ പ്രശ്നത്തെ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ലാത്തത് കൊണ്ട് കേരള രാഷ്ട്രീയം പതിവ് സവർണ്ണ സ്വഭാവത്തിൽ തന്നെ തുടർന്നു. അതേസമയം ദലിത് -പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ വലിയ അളവിൽ ഈ രാഷ്ട്രീയത്തിന് കിട്ടിയിരുന്നു താനും. അതിന് പ്രധാന കാരണം പ്രത്യയശാസ്ത്രപരമായി തങ്ങൾ കേരള നവോത്ഥാനത്തിന്റെ തുടർച്ചയാണെന്ന് പൊതുവിലും അടിത്തട്ടുജനവിഭാഗങ്ങൾക്ക് മുന്നിലും പറയാനും വിശ്വസിപ്പിക്കാനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നത്കൊണ്ടാണ്. ഇത്തരത്തിലുള്ള ഒരു പ്രച്ഛന്നതയുടെ നൈതികതയില്ലായ്മ അവരുടെ പ്രവർത്തനത്തിലും നിലനിന്നിരുന്നു. അടിത്തട്ട് മനുഷ്യർക്ക് യാതൊരു വിധ പ്രാതിനിധ്യവും, ഗുണവും ഇല്ലാതെ നടന്ന പ്രവർത്തനങ്ങളോട് കലഹിച്ചാണ് ദലിത് സമുദായ സംഘടനകളും, ദലിത് രാഷ്ട്രീയവും വീണ്ടും മുന്നോട്ട് വന്നത് .
ചരിത്രം പുനർരൂപവൽക്കരിച്ചുകൊണ്ടാണ് നവോത്ഥാന തുടർച്ചയിൽ ഇടതുപക്ഷം തങ്ങളുടെ പേര് എഴുതിച്ചേർത്തത്. ദലിത് രാഷ്ട്രീയ ദാർശനികനായ മഹാത്മാ അയ്യൻകാളിയെ തന്നെ കേവല വിപ്ലവകാരി എന്ന നിലയിലേക്ക് താഴ്ത്തിപിടിക്കാൻ ഇത്തരം ചരിത്രരൂപീകരണം കൊണ്ട് ഒരു പരിധി വരെ സാധിച്ചു. കേരളീയരുടെ യുക്തിബോധത്തെ വളരെ പിടിവാശിയുള്ള ഒറ്റവരി രൂപത്തിലുള്ള ചരിത്രത്തിന്റെ ഉള്ളിലേക്ക് മാറ്റിസ്ഥാപിക്കാൻ ഇടത് പ്രത്യയശാസ്ത്രങ്ങൾക്ക് കഴിഞ്ഞു. ഇതുവഴി നേടിയെടുത്ത സാമൂഹിക-രാഷ്ട്രീയ മൂലധനം അവരുടെ മുന്നോട്ടുള്ള ദലിത് വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുകമറയായി നിലനിന്നു.

ബ്രഹ്മണിസത്തിന് സൈദ്ധാന്തിക അടിത്തറ എന്നോണമാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രം വികസിച്ചുവന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ്സും മറ്റ് വലതുപക്ഷ രാഷ്ട്രീയങ്ങളും ചരിത്ര -സാമൂഹിക രീതീശാസ്ത്രം എന്ന നിലയിൽ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെ തന്നെ ഉപയോഗപ്പെടുത്തി. അങ്ങനെ ജാതിയെ പരിഗണിക്കേണ്ടതില്ലാത്ത രാഷ്ട്രീയത്തെ അക്കാഡമികമായിപ്പോലും കേരള രാഷ്ട്രീയം പിന്താങ്ങി. ഡോ .ബി ആർ അംബേദ്കറുടെ രാഷ്ട്രീയ കാഴ്ചപാടുകളോട് പൊതു പ്രതലത്തിൽ സംവദിക്കേണ്ടി വരില്ല എന്നൊരു ഗുണം ഇതിലൂടെ കോൺഗ്രസ്സ് കണ്ടിരിക്കണം കാരണം അംബേദ്കറുടെ സോഷ്യൽ കോൺഫെറൻസിന്റെ പതനവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് അദ്ദേഹത്തിന്റെ കാലശേഷം പോലും ദേശീയ തലത്തിൽ സൈദ്ധാന്തികമായി മറുപടി പറയാൻ കോൺഗ്രസ്സിന് സാധിച്ചിരുന്നില്ല. അങ്ങനെ രാഷ്ട്രീയ പൊതുസ്വഭാവത്തിന് ഏകമായ സ്വത്വം നൽകപ്പെടുകയും അതിൽ കാൽ നാട്ടി ജനാധിപത്യ സർക്കാർ 1957ൽ രൂപപ്പെടുകയും ചെയ്തു.
ഇടതുപക്ഷ പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയെന്നത് അവരുടെ ട്രേഡ് യൂണിയനുകൾ തന്നെ ആയിരുന്നു . അതുകൊണ്ടാണ്
കേരളത്തിലെ ദലിത് വിഭാഗങ്ങളുടെ ചലനാത്മകതയ്ക്ക് ട്രേഡ് യൂണിയനുകൾ വഹിച്ച പങ്കുകളെ പറ്റി അക്കാഡമികമായ നിരവധി വായനകൾ നിലവിലുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടി ദലിതർക്ക് വേണ്ടി സ്കൂളുകൾ പണിതെന്നും, ഭൂമി നൽകിയെന്നും പാൻ ഇന്ത്യൻ തലത്തിൽ പ്രചരണങ്ങൾ ഇന്നും നടക്കുന്നുണ്ട്. എന്നാൽ ഇവയൊക്കെ തന്നെയും ഡോ ബി ആർ അംബേദ്കർ വളരേ മുൻപ് തന്നെ സൂചിപ്പിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ ഉദാരത സ്വഭാവത്തിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെടുന്നതാണെന്ന് പറയാതെ വയ്യ . വർഗ്ഗനിരൂപണത്തിന്റെ അടിത്തറയിൽ അല്ലാതെ കേരളത്തിലെ ട്രേഡ് യൂണിയനുകൾക്ക് സ്വതന്ത്ര സ്വഭാവുമുള്ളതായി അറിവില്ല. അതുകൊണ്ട് തന്നെ ‘തൊഴിലാളികളുടെ വിഭജനത്തെ’ സംബന്ധിച്ച് ഇവർക്ക് ധാരണ ഉണ്ടായിരുന്നില്ല . ഇത്തരം സമസ്യകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് കല്ലറ സുകുമാരൻ 1982ൽ കെ.ജി.ഡബ്ള്യൂ.യു (കേരള ജനറൽ വർക്കേഴ്സ് യൂണിയൻ) തുടങ്ങിയത്.
കല്ലറ സുകുമാരൻ സ്വാതന്ത്ര്യാനന്തര കേരള ദലിത് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഏടാണ് . കേരളത്തിൽ അംബേദ്കറുടെ രചനകൾ അത്ര കാര്യമായി ഇറങ്ങിയിട്ടില്ലായിരുന്ന കാലത്ത് അംബേദ്കറെ മുൻനിർത്തി രാഷ്ട്രീയവായന നടത്തിയ വ്യക്തിത്വമാണ് കല്ലറ സുകുമാരൻ . അങ്ങനെയാണ് 1957ൽ പീരമേട് താലൂക്ക് ഹരിജൻ ഫെഡറേഷൻ അദ്ദേഹം തുടങ്ങുന്നത് . സംഘടനയുടെ പേര് അന്വർത്ഥമാക്കുന്നപോലെ പ്രാദേശിക സ്വാഭാവത്തിലുള്ള ഒന്നായിരുന്നു ഇതെങ്കിലും ജാതി മത രാഷ്ട്രീയ വിഷയങ്ങളെ അഭിസംബോധന ചെയ്തിരുന്നു എന്നതായിരുന്നു ഇതിന്റെ പ്രത്യേകത.

തുടർന്ന് 1962 ഓഗസ്റ്റിൽ “ഹൈ റേഞ്ച് ഹരിജൻ ഫെഡറേഷൻ” എന്ന് പുനർനാമകരണം നടത്തിക്കൊണ്ട് ഇടുക്കി ജില്ല മുഴുവനായി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയുണ്ടായി . ഇതേപോലെ അറുപതുകളിൽ മറ്റ് സംഘടനകളും കാര്യമായ പ്രവർത്തനങ്ങൾ എല്ലാ ഭാഗത്തുനിന്നും ഇതേപോലെ നടത്തിത്തുടങ്ങിയിരുന്നു . സ്വാതന്ത്ര്യാനന്തരം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അല്പം രഹസ്യ സ്വഭാവം നൽകിക്കൊണ്ട് നിന്ന പി.ആർ.ഡി.എസ് ഒക്കെ കാര്യമായി നിലയിൽ എഴുത്ത് പ്രവർത്തനം നടത്തുന്നതായി കാണാവുന്നതാണ് . ഇക്കാലത്ത് അവരുടെ മുഖപുസ്തകമായ ‘ആദിയർദീപത്തിൽ’ അംബേദ്കറും , മഹാത്മാ അയ്യൻകാളിയും നാരായണ ഗുരുവും പുനർവായിക്കപ്പെടുന്നതായി കാണാവുന്നതാണ് .