
ദലിത് രാഷ്ട്രീയത്തിന്റെ വികസിത വഴി

അനന്ദു രാജ്
കേരളത്തിന്റെ ദലിത് രാഷ്ട്രീയചരിത്രത്തിന് ഒരു നൂറ്റാണ്ടിനു മുകളിൽ പഴക്കമുണ്ട് . ഇന്ത്യൻ നവോത്ഥാനചരിത്രത്തിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ മുന്നേറ്റങ്ങളിൽ നിന്ന് ഉയിർക്കൊണ്ട കേരളീയ നവോത്ഥാനത്തിന് അതുല്യമായ സ്ഥാനമാണുള്ളത് . ഇത്തരത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അയ്യൻകാളിയിലും പൊയ്കയിൽ അപ്പച്ചനിലും തുടങ്ങുന്ന ദലിത് മുന്നേറ്റങ്ങളാണ് സുശക്തമായതും സംഘടനാനിലവാരത്തിലുള്ളതും സാംസ്കാരിക പ്രജനനത്തിന് വഴി തെളിക്കുകയും ചെയ്ത ആദ്യ ദലിത് മുന്നേറ്റങ്ങൾ. അതുവരെയുണ്ടായ ദലിത് മുന്നേറ്റങ്ങളിൽ നിന്നും സാമൂഹിക മാറ്റത്തിനപ്പുറം മഹാത്മാ അയ്യൻകാളിയും പൊയ്കയിൽ അപ്പച്ചനും തുടങ്ങിവെച്ച ഈ പുതിയ ദലിത് രാഷ്ട്രീയം ജാതിയെ മറികടന്നു ജനാധിപത്യത്തിലേക്ക് സമൂഹത്തിനെ കൈപിടിച്ചു കയറ്റുന്ന വലിയ സാമൂഹിക പ്രജനനമായിട്ടാണ് കാണാൻ സാധിക്കുന്നത്.

ദലിത് കർതൃത്വത്തിന്റെ രാഷ്ട്രീയമാണ് യഥാർത്ഥത്തിൽ കേരളീയ സംസ്കാരത്തെയും , സമൂഹത്തെയും പുതുക്കിപ്പണിതത് എന്ന് തന്നെ പറയേണ്ടിവരും . സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രസ്വാതന്ത്ര്യം മുതൽ വ്യക്തിസ്വാതന്ത്ര്യം വരെ മലയാളികൾക്ക് പറഞ്ഞുകൊടുത്തത് ഈ ദലിത് രാഷ്ട്രീയമാണ് . “പൊതു” എന്ന വിവക്ഷ സമൂഹത്തിന്റെ ഭാഗമാക്കിയ ഈ പ്രവർത്തനകാലഘട്ടം പുതിയൊരു ദിശാബോധത്തിലൂന്നുകയും ചെയ്യുന്നതിനാലാണ് ഇതിനെ ആധുനിക ദലിത് രാഷ്ട്രീയത്തിന്റെ ഒന്നാമത്തെ ഫേസ് ആയി കണക്കാക്കേണ്ടത് അനിവാര്യമാവുന്നത്.
ഡോ ബി ആർ അംബേദ്കർ തന്റെ ജാതി നിർമ്മൂലനം എന്ന കൃതിയിൽ ഹിന്ദുസമൂഹത്തിനുള്ളിലെ അടഞ്ഞ അറകളായ ജാതികളെ പറ്റി പറയുന്നുണ്ട് .സെമിറ്റിക് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിന്ദുസമൂഹത്തിൽ നിലനിൽക്കുന്ന ഓരോ ജാതിയും അടഞ്ഞ സഹകരണമായിട്ടാണ് നിലനിൽക്കുന്നത് . അതുകൊണ്ട് മറ്റ് മതത്തിൽ പെട്ടവർ മതപരിവർത്തനം ചെയ്തു വന്നാൽ ഇതിനുള്ളിൽ സ്ഥാനമുണ്ടാവുകയില്ല. അതിനാൽ ഹിന്ദുമതത്തിന് മിഷനറി പ്രവർത്തനത്തിന് സാധിക്കില്ല എന്നും അംബേദ്കർ എഴുതുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ന്യൂനപക്ഷ മർദ്ദകകൂട്ടം മാത്രമായിരുന്നു ഹിന്ദുസമൂഹം . ദലിത് രാഷ്ട്രീയം ഈ മർദ്ദക കൂട്ടം സാംസ്കാരികമായിത്തന്നെ നിർമ്മിച്ച സാമൂഹിക അസമത്വത്തിനോട് കലഹിച്ചുകൊണ്ടാണ് വികസിച്ചുവന്നത്.

എന്നാൽ ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് എന്ന നിലയിലേക്ക് ഉയർന്നു വരാൻ സമയമായപ്പോൾ ജനാധിപത്യത്തിന്റെ വരവിൽ തങ്ങളുടെ വിശേഷാധികാരം നഷ്ടമാവും എന്ന് മനസ്സിലാക്കിയ മർദ്ദക സവർണ്ണർ ഭൂരിപക്ഷമാക്കി ഹിന്ദുമതത്തെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി . ഇതിന്റെ ഭാഗമായിട്ടാണ് ക്ഷേത്രപ്രവേശനത്തെ ഒക്കെ നമ്മൾ നോക്കിക്കാണേണ്ടത്. ഇത് ഒരുതരത്തിൽ ജാതിയെ വ്യത്യസ്ത പ്രതലങ്ങളിൽ നിലനിർത്തിക്കൊണ്ടുള്ള വിശാലഹിന്ദു സമൂഹം നിർമ്മിക്കാനുള്ള സാംസ്കാരിക സഹവർത്തിത്വ(Cultural Symbiosis) ശ്രമമായിരുന്നു. എന്നാൽ കേരളത്തിനകത്തെ ദലിത് കർതൃത്വത്തിലൂന്നിയ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും (പി ആർ ഡി എസ് , എസ് ജെ പി എസ് ) , മറ്റ് ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ദലിത്-ബഹുജൻ രാഷ്ട്രീയത്തിന്റെയും പ്രവർത്തനം പ്രാദേശിക അടിസ്ഥാനത്തിലെങ്കിലും ഹൈന്ദവവൽക്കരണത്തെ തള്ളിക്കളഞ്ഞിരുന്നു. ദലിത് കർതൃത്വത്തിലും ,സ്വത്വത്തിലും നിർമ്മിക്കപ്പെട്ട സംവിധാനങ്ങളിലൂടെ സാമൂഹികജനാധിപത്യം ഉണ്ടാവുമെന്ന ഉറപ്പ് ഇതിലുള്ള മനുഷ്യർക്കുണ്ടായിരുന്നു എന്നതാണ് ഇതിന് ആധാരം .

സ്വാതന്ത്ര്യാനന്തരം സ്ഥൂലവും സൂഷ്മവുമായ മാറ്റങ്ങൾ രാജ്യത്തുടനീളം ഉണ്ടായി. സമുദായങ്ങളുടെ ഐഡന്റിറ്റി തീരുമാനിക്കുന്നത് സ്റ്റേറ്റ് ആണെന്ന നിലയിലേക്ക് കാര്യങ്ങൾ മാറി . പിന്നോക്കവിഭാഗങ്ങൾക്കോ, ദലിതർക്കോ ആനുകൂല്യങ്ങളും നിയമപരിരക്ഷയും ലഭിക്കണമെന്നുണ്ടെങ്കിൽ അവർ ഹിന്ദുക്കൾ ആയിരിക്കണം എന്ന നിലയിലുണ്ടായ നിയമമാറ്റമായിരുന്നു ഇതിന് കാരണം . ഹിന്ദുത്വ വിരുദ്ധ അടിത്തട്ട് മുന്നേറ്റങ്ങളും അതിലെ മനുഷ്യരുമെല്ലാം പ്രത്യയശാസ്ത്രപരമായല്ലെങ്കിലും പ്രത്യക്ഷത്തിൽ ഹിന്ദു ആവേണ്ട അവസ്ഥ സംജാതമായി. ദലിത് രാഷ്ട്രീയത്തിന്റെ ആദ്യ ഫേസിന്റെ നീണ്ട കാലഘട്ടം അതിന്റെ പര്യവസാനത്തിലേക്ക് എത്തുന്നതായി കാണപ്പെട്ടു . ഇതിനെ തുടർന്നു വളരെ പ്രത്യക്ഷമായി തന്നെ സ്റ്റേറ്റ് സവർണ്ണ മർദ്ദക രൂപമായി പരിവർത്തനപ്പെടുന്നത് കാണാവുന്നതാണ്. സാമൂഹികവും ,സാംസ്കാരികവുമായിത്തന്നെ ദലിത്-പിന്നോക്കരെ അടിച്ചമർത്താനും അയിത്തം തുടരാനും ശ്രമിച്ചു. വിമോചനസമരകാലത്തെപ്പറ്റി പലവിധ വിശദീകരണങ്ങൾ ഉണ്ടായിവരുമ്പോളും യഥാർത്ഥത്തിൽ അതിലേക്ക് നയിച്ച ചേതോവികാരം ജാതിയാണെന്ന് പറയേണ്ടിവരും.സമരകാലത്തെ ഹിംസാത്മക മുദ്രാവാക്യങ്ങളും , ക്രിസ്റ്റഫർ സേനയുടെ ഒക്കെ ദലിത്-ഈഴവർക്ക് നേരെയുള്ള ആക്രമണവും സ്റ്റേറ്റിന്റെ ബ്രാഹ്മണിക്കൽ ഒളിവാഴ്ചയുടെ (deep state) ഉദാഹരണങ്ങൾ ആണ്.
(തുടരും)