
ശരീരശാസ്ത്രം

അനഘ. ടി. ജെ

ഒരു കാടൊട്ടാകെ
വിറപ്പിക്കാന്‍ കഴിയുന്ന
മനോഹരമായ ശബ്ദത്തിനുടമ –
യായിരുന്നെന്റെ പ്രണയിനി.
മുതുകിലും നെഞ്ചിലും
രോമങ്ങളാല്‍ ആലിംഗനം
ചെയ്യപ്പെട്ടിരുന്നവള്….
ചുംബനങ്ങളിലോ
മീശ രോമത്തിന്റെ
സ്പര്‍ശസുഖവും.
അടയാളപ്പെടുത്തുവാനും
മറ്റുള്ളവരില്‍ നിന്നും
വ്യത്യസ്തയാവാനും
സാധിക്കുമായിരുന്നവള്.
എന്തുകൊണ്ടോ എന്റെ
സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കും
മുകളിലവള്‍ സ്ഥാനം
പിടിച്ചിരിന്നു….
അവളുടെ ആലിംഗനത്തില്‍
ആരുമറിയാതെ പോയൊരു
ഹൃദയ താളം കേള്‍ക്കാം.
എങ്ങും അടയാളപ്പെടുത്തി
വയ്ക്കാന്‍ കഴിയാത്തൊരു
പിറവിയുടെ വേദന അതില്‍
മുഴങ്ങിയിരുന്നു.
ആ വേദനയില്‍ പങ്കു
ചേര്‍ന്നതേ ഇല്ല ഞാന്‍…
ഒന്നു കൂടെ ചേര്‍ത്തങ്ങു
പിടിക്കയന്നല്ലാതെ
എന്തിനധികം ഇന്നുമവളുടെ
മീശ രോമങ്ങളിലെ
നനവെനിക്ക് സ്വര്‍ഗ്ഗ സുഖം.