
വാഴ്വിന്റെ നേര്‍ക്കാഴ്ചകള്‍

ഡോ. കെ.വി. തോമസ്
സത്യം സ്ഥാപിക്കാന്‍ വേണ്ടി നുണ പറയുന്നവരാണു കവികള്‍ എന്നൊരു നിരീക്ഷണം പണ്ടേയ്ക്കു പണ്ടേ ഉള്ളതാണ്. പക്ഷേ ‘ മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം’ എന്ന നുണ പറയാന്‍ കവി പ്രേരിതനാവുന്നതു ചിലപ്പോഴൊക്കെ ഗതികേടു കൊണ്ടും അപൂര്‍വം ചിലപ്പോള്‍ ദുര കൊണ്ടുമാവാം. പാടിയ കവിക്കും ആസ്വദിച്ച അനുവാചകനുമറിയാമായിരുന്നു ഇതെല്ലാം കളവാണെന്ന്. എന്തിന് കവി വചനം കേട്ടു കോരിത്തരിച്ച രാജാവിനുമറിയാമായിരുന്നു ഇതു തന്നെ സുഖിപ്പിച്ചു ചില്ലറ തട്ടാനുള്ള അടവാണെന്ന്. ഇങ്ങനെ എല്ലാവരും അറിഞ്ഞു കൊണ്ടുള്ള ഒരു ഒത്തുകളി. ഇതിനെ നാം കാവ്യ സങ്കേതങ്ങള്‍ എന്നു പേരിട്ടു പവിത്രീകരിച്ചു. നുണയാണെന്നറിയാമെങ്കിലും കേള്‍ക്കാന്‍ ഒരു സുഖം – അതായിരുന്നു ഒരു കാലത്തെ കാവ്യാനുഭവം എന്ന രസം.
എന്നാല്‍ അമ്മാതിരി രാജാക്കന്മാര് ഇന്നുമുണ്ട്. അവര്‍ നുണ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ നുണ നുണയാണെന്നു തെളിയിക്കാന്‍ കവി നേരിന്റെ കൈത്തിരികള്‍ തെളിക്കുന്നു. അതിനു പഴയ മാതിരി നാലും കൂട്ടിമുറുക്കിയ പൂര്ണോപമകള് മതിയാവില്ല. എന്തെന്നാല്‍ ഉപമയില്‍ നിന്നു പലതും ചോര്‍ന്നുപോയിരിക്കുന്നു. പുതിയ പലതും കടന്നുവന്നിരിക്കുന്നു. കാവ്യ ഭാഷയില്‍ ഗുരുതരമായ മാറ്റം സംഭവിച്ചിരിക്കുന്നു.
രാജാവിനു മുമ്പില്‍ പ്രജ സ്വയം മറയ്ക്കണം. വാക്കൈ പൊത്തി വ ളഞ്ഞു കൂടി നില്‍ക്കുന്നതാണ് അതിന്റെയൊരു ഇത്. സ്വന്തം ഭാഷയും മൂടണം.’ ഞാന്‍ ‘ മൂടി വച്ച് ‘അടിയന് ‘എന്നു പറയണം പ്രജ അമൃതു കഴിച്ചാലും ‘കാടി കുടിച്ചു ‘ എന്നേ പറയാവൂ. അതേസമയം രാജാവ് കാടി കുടിച്ചാലും അമൃതു കഴിച്ചു എന്നുപറയണം. രാജാവും നിവൃത്തിയുളളിടത്തോളം മറഞ്ഞേ നില്ക്കൂ. ഒരു വികാരവും പ്രജകള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുകയില്ല. പ്രജകള്‍ക്കു മുമ്പില്‍ രാജാവ് പൊട്ടിക്കരയുകയോ ആര്‍ത്തുചിരിക്കുകയോ ചെയ്യില്ല. രാജ്ഞിക്കു കോപം വന്നാല്‍ പരസ്യമായി കോപിക്കുകയില്ല. പകരം കോപം വരുമ്പോള്‍ പോയിരിക്കാന്‍ പ്രത്യേകം കെട്ടിടങ്ങളുണ്ട് രാജ്ഞി അവിടെപ്പോയി ഇരുന്നാല്‍ മൂപ്പത്തി ഇന്നു കലിപ്പിലാണ് എന്നു രാജാവു ധരിച്ചു കൊള്ളണം. ക്രോധാഗാരങ്ങളെപ്പറ്റയുള്ള പുരാണ പരാമര്‍ശങ്ങള്‍ ഓര്‍ക്കുക..
ഇങ്ങനെ വികാരങ്ങള്‍ ഉള്ളിലൊളിപ്പിക്കുന്ന നാഗരികനാട്യത്തിന്റെ സാഹിതീയ പ്രതിരൂപമാണ് കവിതാധ്വനി. ഈ നാഗരികന് സൃഷ്ടിച്ചതാണ് നാഗര ലിപിയും ദേവനാഗരിയും ഗഡാഗഡിയന്‍ സംസ്കൃത കാവ്യങ്ങളും. ജീവിതവും കവിതയും എല്ലാം വക്രോക്തിമയം.
ധ്വനി ധ്വനി എന്നു പറഞ്ഞു കവിതയുടെ പിന്നാലെ അലച്ചു പാഞ്ഞ നൂറ്റാണ്ടുകളില്‍ നമ്മുടെ കവിതയ്ക്കോ നിരൂപണത്തിനോ എന്തെങ്കിലും മെച്ചമുണ്ടായോ? ധ്വനിയുടെ നൂറായിരം വകഭേദങ്ങള്‍ നുള്ളിക്കീറിയെടുത്ത് കുറെ ഭീകരസംജ്ഞകള് ഉണ്ടാക്കി എന്നതു നേര്. ‘അസം ലക്ഷ്യക്രമധ്വനി’ എന്നോ ‘വിവക്ഷിതാന്യ പരവാച്യ ധ്വനി’ എന്നോ ഒക്കെ കേട്ടാല്‍ പി.ജി. ക്ലാസില്‍ പഠിപ്പിക്കുന്നവര്‍ക്കു ചിലപ്പോള്‍ ആനന്ദം വര്‍ദ്ധിച്ചേക്കാം എന്നല്ലാതെ കവിതയുടെ ആസ്വാദനത്തിനോ അപഗ്രഥനത്തിനോ ഇത്തരം ബൗദ്ധിക വ്യായാമങ്ങള്‍ ഉതകിയതായി ചരിത്രമില്ല.
മഹാകവികളുടെ വാക്കുകള്‍ക്കു സാമാന്യത്തില്‍ കവിഞ്ഞ ഒരര്ത്ഥമുണ്ടാകും എന്ന സര്‍വവിദിതമായ ആശയത്തെ അംഗീകരിക്കാന്‍ കവിതയെ ധ്വനിയുടെയോ അലങ്കാരത്തിന്റെയോ മേശമേല്‍ മരവിപ്പിച്ചു കിടത്തി കീറിമുറിക്കേണ്ട കാര്യമില്ല. സൗന്ദര്യമള്ളിടത്തെല്ലാം ധ്വനി വേണമെന്ന ശാഠ്യവും നന്നല്ല. എല്ലാ സൗന്ദര്യത്തിന്റെയും അടിസ്ഥാനം ധ്വനിയല്ല. (ധ്വനി എന്നതുകൊണ്ട് പ്രസിദ്ധമായ ധ്വനി പദ്ധതിയെ മാത്രമല്ല ഞാനിവിടെ ഉദ്ദേശിച്ചത് താദൃശമായ ആധുനിക സമീപനങ്ങളും അതില്‍ പെടും)
കുറച്ചു പറഞ്ഞു കൂടുതല്‍ അര്ത്ഥമാക്കുന്നതു മാത്രമല്ല കവിത. നേരേ പറഞ്ഞും കൂട്ടിപ്പറഞ്ഞും – ചാടുക്തികള് കൊണ്ട് – കാവ്യസൗന്ദര്യമുണ്ടാക്കുന്ന ഒരു പാരമ്പര്യം നമുക്കുണ്ട്. നമ്മുടെ നാടന്‍ പാട്ടുകളും വര്ണനാപ്രധാനമായ കാവ്യങ്ങളും ധ്വനിയുടെ എതിര് മാര്‍ഗ്ഗത്തിലാണു ചരിക്കുന്നത്.
വടക്കന്‍പാട്ടിലും മറ്റും കാണുന്നത് ധ്വനി കാവ്യത്തിന്റെ സംക്ഷിപ്തതയല്ല. എത്ര പറഞ്ഞാലും മതിവരാത്ത നാട്ടു വര്‍ത്തമാനത്തിന്റെ നിഷ്കളങ്ക ലാവണ്യമാണ്. കവിതയുടെ
ഈ നാടോടി പാരമ്പര്യം കണ്ണശന്‍, ചെറുശ്ശേരി എഴുത്തച്ഛന്, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരിലേക്കു സംക്രമിച്ചിട്ടുണ്ട്. എന്തിന്, പൂന്താനത്തിന്റെ കവിത ആസ്വാദ്യമാകുന്നത് ധ്വനന ഭംഗി കൊണ്ടല്ലല്ലോ. മറിച്ച് സങ്കടങ്ങള്‍ പച്ചയ്ക്കു പറയുന്നതിന്റെ ആത്മാര്‍ത്ഥത കൊണ്ടാണ്.
2
മൂടിപ്പൊതിഞ്ഞു കാര്യങ്ങള്‍ പറയുന്ന രീതി പുതിയ കവിത മിക്കവാറും ഉപേക്ഷിച്ചതായി കാണുന്നു. മിക്കവരും പിന്തുടരുന്ന വൃത്തനിരാസത്തിന്റെ കാരണം ഒരു പക്ഷേ ഇതാകാം. കാര്യങ്ങളെ ഒതുക്കി പറയാന്‍ വൃത്തം പ്രലോഭിപ്പിക്കും.
ഇപ്രകാരം ‘നേരേ വാ നേരേ പോ’ എന്ന മട്ടിലുള്ള ചടുലവും തീക്ഷ്ണവുമായ ആഖ്യാനരീതി പുതുകവികളില്‍ പലരും അവലംബിച്ചതായി കാണാം.
എന്തായാലും രാജേഷ് മോന്‍ജി എന്ന കവിയുടെ രീതി അതാണ്.
‘ ആമസോണില്‍ കിട്ടാത്ത മക്കാനിപ്പൊ തികള്‍’ എന്ന ശീര്‍ഷക കവിതയില്‍ തന്നെയുണ്ട് ഇക്കവിതകളുടെ തണ്ടിയും തരവും.
എന്തും വിലയ്ക്കു കിട്ടുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യക്കുത്തകയാണല്ലോ ആമസോണ്‍. പക്ഷേ അവിടെ കിട്ടാത്ത ചില നാടന്‍ രുചികളും അനുഭവങ്ങളുമുണ്ട്. ആഗോളവത്കരണത്തിന്റെ സ്റ്റീം റോളര്‍ കയറിയിറങ്ങിയിട്ടും ബാക്കിയായ ചില പുല്ക്കൊടികള്. ചെറുത്തു നില്ക്കാന് ചെറുതിനാണെളുപ്പം എന്ന് അവ നമ്മെ പഠിപ്പിക്കുന്നു.
‘ വലിയ മനിച്ചേരേ പറഞ്ഞു വിടപ്പാ , ചെറിയ മനിച്ചേരേ പിടിച്ചിരുത്തപ്പാ’ എന്നു പറഞ്ഞ നാടന്‍കവി ചെറുതു സുന്ദരമാണെന്നു മാത്രമല്ല ശക്തവുമാണെന്നു തിരിച്ചറിഞ്ഞവനാണ്.
ഒരു കാലഘട്ടത്തിലെ സാമൂഹിക പരിണാമത്തിന്റെ സാക്ഷിയും കാരണവുമായി നിന്ന കുഞ്ഞിരായീന്റെയും അവന്റെ ചായമക്കാനിയുടെയും കഥ പറയുന്ന ഇക്കവിത കേരളത്തിലെ നവോത്ഥാന ജാഗ്രതയുടെ നേര്‍ക്കാഴ്ചയാണ്.
‘വന്നു പോകുന്നവര്‍ക്കൊക്കെ
കുഞ്ഞിരായീന് ഒരു പൊതി സമ്മാനിച്ചു.
ആദ്യ ദിവസം വന്നു
നിലത്തു കുനിഞ്ഞിരുന്ന ചേന്നന്
അപ്പൊതി കിട്ടിയതില്‍ പിന്നെയാണ്
ബെഞ്ചിലിരിക്കാന്‍ തോന്നിയത്
അപ്പൊതി കിട്ടിയതില്‍ പിന്നെയാണ്
കുന്നത്തുകമ്മള് പറയരോടൊപ്പം ചെളിയിലിറങ്ങിയത്.
കുഞ്ഞോതീന്‍ ഹാജിക്ക്
കണക്കനെ കാണുമ്പോഴുളള ആട്ട്
ചിരിയായി മാറിയത്.’
ഈ മക്കാനിപ്പൊതി എന്തെന്നറിയാന്‍ കാവ്യസിദ്ധാന്തങ്ങളില് മുങ്ങിത്തപ്പേണ്ട കാര്യമില്ല. സാമാന്യയുക്തി മാത്രം മതി.
സാമാന്യ നിരീക്ഷണങ്ങള്‍ അസാധ്യമാക്കും വിധം ഓരോ കവിതയും ഒന്നിനൊന്നു വ്യത്യസ്തമാണ്. പുതു കവിതയുടെ പ്രത്യേകതയാണത്.
ആകക്കൂടി പറയാവുന്നത് പെണ്മയ്ക്കു കവി കൊടുക്കുന്ന പ്രാധാന്യമാണ്.
അമ്മ, കാമുകി, സ്നേഹിത, ഭാര്യ എന്നീ വ്യത്യസ്ത ഭാവങ്ങളില്‍ ഒട്ടേറെ കവിതകളില്‍ പെണ്മ നിറഞ്ഞു നില്ക്കുന്നു.
പലപ്പോഴും അമ്മയ്ക്കു മുന്‍തൂക്കം ലഭിക്കുന്നുമുണ്ട്. ആണധികാര വ്യവസ്ഥയോടുളള കവിയുടെ സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ അങ്ങനെ സംഭവിക്കുന്നതാണ്.
സ്നേഹവും സംരക്ഷണവുമാണല്ലോ മാതൃത്വത്തിന്റെ/ സ്ത്രീത്വത്തിന്റെ സ്ഥായീഭാവങ്ങള് . ‘കുപ്പായം തുന്നുന്ന കുരുവികള്‍’ എന്ന കവിതയില്‍ സംരക്ഷണമായും ‘മുലകളുള്ള മരങ്ങള്‍’ എന്ന കവിതയില്‍ സ്നേഹ വാത്സല്യങ്ങളായും ഈ ഭാവങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
‘വിശപ്പിന്റെ താളം അതാണ് ആദിതാള’ മെന്നു തിരിച്ചറിയുന്ന (ആദിതാളം എന്ന കവിത ) ഇക്കവി ‘വാമൊഴിയായി കിട്ടിയതു പകര്‍ത്തിയെഴുതുമ്പോള്‍ അക്ഷരങ്ങളില്‍ ചോര പൊടിയുന്നു എന്ന് ‘കവിതയുടെ ദൂരം’ എന്ന കവിതയില്‍ പറയുന്നു.
പഴയ ഫ്യൂഡല്‍ വ്യവസ്ഥയില്‍ കെട്ടിടങ്ങളുടെ വളര്‍ച്ച തിരശ്ചീനമായിട്ടാണ് ( Horizontal) -നാലുകെട്ട്, എട്ടുകെട്ട്, പതിനാറുകെട്ട് എന്നിങ്ങനെ പറമ്പാകെ പരന്ന്. ആധുനിക നാഗരിക സംസ്കൃതിയിലാകട്ടെ കെട്ടിടങ്ങള്‍ ലംബമായി വളരുന്നു. Urbanization turned archetecture vertical . മനുഷ്യാനുഭവങ്ങളിലും ഈ ദിശാവ്യതിയാനം കാണാം. ആ പുതിയ കാലത്തിന്റെ സൃഷ്ടിയാണ് ‘ഹരിതം’ ഫ്ലാറ്റില്‍ തളച്ചിടപ്പെട്ട ഒരു ചെടിയുടെ ആത്മഗതം.
നഗരാനുഭവങ്ങള്‍ ഇപ്രകാരം പുതിയ കാഴ്ചകളും മൂല്യവ്യവസ്ഥകളും സൃഷ്ടിക്കുന്നു. അതിന്റെ തുടര്‍ച്ചയായി രൂപപ്പെടുന്ന urban Folklore ന്റെ മിന്നലാട്ടങ്ങള്‍ പല കവിതകളിലും കാണാം.
കുട്ടികളെ രക്ഷിക്കാനെത്തുന്ന മായാവി ഇപ്പറഞ്ഞ urban Folklore ന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട സങ്കല്പമാണ്.
‘ കുട്ടികള്‍ നിന്നെ വിളിക്കുന്നുണ്ട്.
രക്ഷകനെക്കാണാതെ
പെണ്‍കുട്ടികള്‍
വാ പൊത്തിയടയ്ക്കപ്പെട്ട്
പൊന്തകളില്‍ ഞെരിയുന്നുണ്ട് ‘
(മായാവി രക്ഷപ്പെട്ടോ )
നാം കാണുന്നതിന്റെയും അനുഭവിക്കുന്നതിന്റെയും അടിയില്‍ അനന്തജന്മങ്ങളുടെ അറിവും അനുഭവവുമുണ്ട്. വാട്ടര്‍മാര്‍ക്കു പോലെ ആ അറിവുകളും അനുഭവങ്ങളും നമ്മുടെ ജീവിതത്തില്‍ മുദ്രിതമായിരിക്കുന്നു. ശ്രദ്ധിച്ചു നോക്കിയാലേ അവ കണ്ണില്‍പ്പെടൂ അപ്പോള്‍ ഓരോ വാട്ടര്‍മാര്‍ക്കിലും ഒരായിരം കടലുണ്ടെന്നു വെളിപ്പെടും (വാട്ടര്‍മാര്‍ക്ക് )
മനുഷ്യന് ഒറ്റപ്പെട്ട ഒരു ദ്വീപല്ല. ഇന്നലെയില്‍ നിന്ന് ഇന്നിലേക്കും നാളെയിലേക്കും നീളുന്ന പരമ്പരയിലെ ഒരു കണ്ണി. നമ്മുടെ കിണറ്റിലെ വെള്ളം നമ്മുടെ മാത്രം വെള്ളമല്ല. ഭൂമിക്കടിയിലെ മഹാതടാകത്തിന്റെ ഒരു മിന്നായം മാത്രം. ഭാഷയും സംസ്കാരവും ഇങ്ങനെ മറഞ്ഞിരുന്നു വ്യക്തിയെ നിര്‍ണയിക്കുകയും നയിക്കുകയും ചെയ്യുന്നു.
‘ഉണ്ണിക്കുട്ട്യാശാരി
തന്ത്രം ചെയ്തു പണിത്
ഉമ്മറത്തു കുഴിച്ചിട്ട
പ്ലാപ്പെട്ടിയിലെ
ചെമ്പുതകിടുകളില്‍
ഉറങ്ങുന്ന നീചന്മാരെ
വിറ്റു കാശാക്കി
പാഠപ്പുസ്തകം വാങ്ങിയതു കൊണ്ടാണ്
ഞാന്‍ മലയാളം പഠിച്ചത്.
ആ നീചന്മാര്
പേനയില്‍ മഷിയായി
നിറയുന്നതു കൊണ്ടാവാം
എന്റെ വാക്കുകളില്‍ ഇന്നും
തോന്ന്യാസം സ്ഫുരിക്കുന്നത്.
(ഗുളികന്)
Mankind ന്റെ സ്ഥാനം Man – Unkind പിടി ച്ചെടുക്കുന്നതിന്റെ ആകുലതകളാണിക്കവിതകളിലെമ്പാടും. ഇന്നത്തെ ജ്ഞാനവ്യവസ്ഥ സത്യത്തിന്റെ നേര്‍ക്കാഴ്ച മറയ്ക്കുന്നു എന്ന് ഇക്കവി സങ്കടപ്പെടുന്നു.
‘വിഴുപ്പു വിഴുപ്പാണെന്നറിയാത്ത പഠിപ്പ്
വിഴുപ്പു തന്നെയല്ലേ’ എന്നു കവി ചോദിക്കാന്‍ കാരണം അതാണ് (അത്താണി )
ഇക്കവിതകള്‍ ഉള്‍ക്കൊള്ളാന്‍ ആനന്ദവര്ദ്ധനനെയോ അന്നംഭട്ടിദീക്ഷിതരെയോ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല. കണ്ണുകള്‍ ചുറ്റുമുള്ള ജീവിതത്തിലേക്കു തുറന്നു വെച്ചാല്‍ മതി. തേടുകയും നേടുകയും പരാജയപ്പടുകയും തകരുകയും എന്നിട്ടും പൊരുതുകയും ചെയ്യുന്ന മനുഷ്യന്റെ ധര്മ്മവീര്യത്തിന്റെയും കര്മസന്നദ്ധതയുടെയും നേര്‍ക്കാഴ്ചകള്‍ ഇക്കവിതകള്‍ അവതരിപ്പിക്കുന്നു. മനുഷ്യാനുഭവത്തിന്റെ സാമാന്യതയിലേക്കു നോക്കാന്‍ വ്യക്ത്യനുഭവത്തിന്റെ അനന്യതയിലേക്കു നോക്കിയാല്‍ മതി എന്ന ചിരന്തന സത്യം ഈ കവിതകള്‍ ഓര്‍മപ്പെടുത്തുന്നു.