
സെയിന്റ് ഇട്ടിയവിര

അമലു
പുകയില ചുരുട്ടി ചുക്കാ നിറച്ച്
ശ്രദ്ധയോടെ തെറുത്തുകെട്ടിയ
ബീഡിയുടെ പുകയൂതിവിട്ട്
പഴയ നാടകഗാനങ്ങൾപാടി
പഴങ്കഥകൾ പറഞ്ഞിരുന്നു ഇട്ടിയവിര
കഥകളെ മുഴുമിപ്പിക്കാതെ
രായ്ക്ക് രാമാനം
വീടുവിട്ടുപോയ ഇട്ടിയവിരയ്ക്ക്
അക്ഷരങ്ങളുറക്കാത്ത കൊച്ചുമകൾ
കത്തുകളെഴുതി
പുത്തനുടുപ്പും ചെരിപ്പും
കളർപെൻസിലുകളും
അങ്ങനെ
അപ്പന്റെ പോക്കറ്റിനസാധ്യമായതൊക്കെ
പുണ്യാളൻ കൊണ്ടുതരുമെന്ന്
അമ്മ പറഞ്ഞു
ഓരോ തവണ കാണാൻ വരുമ്പോഴും
ഇട്ടിയവിര കൊച്ചുമകളുടെ
അസാധ്യകാര്യങ്ങൾ നിവർത്തിക്കുന്ന
പുണ്യാളനായി
ഒരു സാധാരണദിവസം
കവലയ്ക്ക് നടക്കാനിറങ്ങിയ ഇട്ടിയവിരയെ
ദൈവം സ്വർഗത്തിലേയ്ക്ക്
കൂട്ടിക്കൊണ്ടുപോയി
അന്ന് രാത്രി
സ്വപ്നത്തിൽ കൊച്ചുമകൾക്ക്
ദർശനം കൊടുത്തു ഇട്ടിയവിര
ഇട്ടിയവിരക്കൊരു പള്ളിവേണം
പള്ളിയിൽ കൊച്ചുമകൾ
ആണ്ടുകുർബാന ചൊല്ലണം
തെറുത്ത ബീഡി പുകച്ചു നിന്ന
ഇട്ടിയവിരക്ക്
രണ്ട് തൂവെള്ള ചിറകുകൾ
തലക്കുചുറ്റും സ്വർണവെളിച്ചം
ഇട്ടിയവിരയുടെ പള്ളിയിൽ
കൊച്ചുമകൾ കുർബാന ചൊല്ലി
അൾത്തരയിലെ ചാരുകസേരയിൽ
കാലിനീട്ടിയിരുന്ന്
കട്ടൻ കുടിച്ച്
ഇട്ടിയവിര ബീഡിതെറുത്തു
സ്തുതിപ്പ് ബീഡിപ്പുകപോലെ
ഇട്ടിയവിരയെ ചൂഴ്ന്നു
സ്വർഗസ്ഥനായ ചാച്ചന്
സ്തുതിയായിരിക്കട്ടെ.

വര: നിധിൻ വി. എൻ.