
സെൽഫ് പോർട്രൈറ്റ്

അമലു
കാഴ്ച, നിറമുറ്റതും നിറം കെട്ടതും
ശബ്ദം, ഉയർന്നതും താഴ്ന്നതും
അങ്ങനെയങ്ങനെ
ഓരോ സമവാക്യങ്ങളോടും
കലഹിച്ച് കലഹിച്ച്
ഓരോന്നിലും ഒരായിരം
അറകളെ കണ്ടെടുക്കുകയാണിപ്പോൾ
1
കേൾവി
തടുക്കും മുൻപേ ഇറങ്ങിപ്പോയ
ഒറ്റചെവിയെ ഓർത്ത്
ശബ്ദങ്ങളുടെ മുൻപില്ലാത്തൊരു
സ്പെക്ട്രത്തെ
കണ്ടെടുക്കാനൊരുങ്ങുന്നു
“താൻ ബീഥോവനെ കേട്ടിട്ടുണ്ടോ?
മോസാർടിനെ, വിവാൾടിയെ?”
ഇല്ലെന്ന് പറയും മുൻപേ
ഇനി എങ്ങനെ മുഴുവനായി കേൾക്കും എന്നൊരു ചോദ്യം
ഞാൻ മുൻപ് എപ്പോളെങ്കിലും
പാട്ട് കേട്ടിരുന്നോ?!
കാർ സ്റ്റീരിയോയിൽ
ജർമ്മൻ ബാൻഡ് പാടുന്നു
“Du hast”
ആശുപത്രികിടക്കയിൽ
വേദനതിന്നുമ്പോൾ
ഒരു ചുംബനത്തിന്റെ വിടവിനെ
നീ പാട്ടുകൊണ്ടടയ്ക്കുന്നു
അടർന്ന ചെവികൊണ്ട്
നീ തന്ന പാട്ട് മുഴുവനായി കേൾക്കുന്നു
ഞാൻ ഉറക്കത്തിലേയ്ക്ക് നടക്കുന്നു
2
ശബ്ദം
Singing is not my cup of tea
എന്ന് കൂടെക്കൂടെ പറഞ്ഞിരുന്ന ഞാൻ
ഇപ്പോൾ ആ ചൂടുചായ ഊതിക്കുടിക്കുന്നു
പണ്ട് കേട്ട പാട്ടുകൾ പാടി
പ്രിയപ്പെട്ടവൾക്കയയ്ക്കുന്നു
കവിതകൾ ചൊല്ലിസൂക്ഷിക്കുന്നു
3
രുചി
നീ
4
കാഴ്ച
ഭൂമിയിൽ ഒരുനിറം പോലും
ആവർത്തിക്കുന്നതേയില്ല
മരം നോക്കൂ
എത്രയെത്ര പച്ചകൾ
പക്ഷിത്തൂവലിൽ
എത്രയെത്ര മഞ്ഞകൾ
ആകാശത്താകെ
എത്രയെത്ര നീലകൾ
കാണാവുന്നതൊക്കെ കണ്ടെടുക്കുന്നു
വരക്കാവുന്നതെല്ലാം
വരച്ചുചേർക്കുന്നു
ഞാൻ കണ്ട പച്ചയെ നിങ്ങൾ കണ്ടിട്ടേയുണ്ടാവില്ല എന്നൊരുറപ്പിന്മേൽ
സ്കെച്ച് പുസ്തകമടയ്ക്കുന്നു

5
സ്പർശം
മരവിച്ച കവിളിൽ
നീ മറന്നുവെക്കുന്ന
ചുംബനങ്ങളെ
ഞാൻ എങ്ങനെയറിയാനാണ്
ഒരുപക്ഷേ അങ്ങനെയൊന്നുണ്ടോ
എന്നുപോലും സംശയിച്ചുപോകും
മരവിച്ചുപോയ ഒറ്റവിരൽ
പൊള്ളൽപോലും അറിയുന്നില്ലല്ലോ
ഇനിയുള്ള സ്പർശം
ചിത്രംവരപ്പുപോലെ
ശ്രദ്ധയോടെ വേണം
ഒരു ബ്രഷ് സ്ട്രോക് പോലും
കൂടരുത്, കുറയരുത്
വരച്ചുതീർന്ന ചിത്രം പോലെ
ഓർമയിൽ
സൂക്ഷിക്കാനുള്ളതാണ് ഉടൽ
ഏതൊരറയ്ക്കും എപ്പോൾ വേണമെങ്കിലും
അടഞ്ഞുതുറക്കാവുന്ന വാതിലുണ്ട്
ചിലപ്പോൾ എന്നെന്നേക്കുമായി
അടഞ്ഞുപോയെന്നുവരാം
ചിലപ്പോൾ അടക്കാൻ വിട്ടുപോയേക്കാം