
സ്മാരകങ്ങൾ

അലീന കുര്യാക്കോസ്
ഞാൻ ഒരുവട്ടം കൂടി തിരിഞ്ഞുനോക്കി. അമ്മ എന്നെ നോക്കിനിൽപ്പുണ്ട്, ആ വാതിൽപടീടെ അരികിൽ നിന്ന് മാറിയിട്ടില്ല. കണ്ണിൽ ഒരു ചെറിയ വെള്ളത്തുള്ളി വട്ടംകറങ്ങുന്നുണ്ട്, ആ വെള്ളത്തുള്ളിയെ വേഗം സാരിത്തലപ്പ് വിഴുങ്ങി. എനിക്കും ചെറിയ കരച്ചിൽ വരുന്നുണ്ട്. പക്ഷെ കരയാൻ പാടില്ലല്ലോ, കാരണം ഞാൻ ഒരു ‘പുരുഷൻ’ ആണല്ലോ!
ഒരു ഇരുപ്പത്തിയൊമ്പതു വർഷങ്ങൾക്കു മുൻപ് മുറിനിക്കറുമിട്ടു എല്ലുന്തിയ കഴുത്തും കാണിച്ച് സ്കൂളിലേക്ക് സ്ലേറ്റും പെൻസിലും കൂടെ താഴെകണ്ടത്തുനിന്ന് പറിച്ച മഷിത്തണ്ടും പൊക്കിപ്പിടിച്ചു ഓടിയപ്പോൾ അമ്മ എന്നെ ഇങ്ങനെ നോക്കിനിന്നിട്ടില്ല. അനിയന്റെ കൂടെ കബഡി കളിച്ചപ്പോൾ, അവൻ എന്നെ തള്ളിയിട്ട് തൽഫലമായി എന്റെ മുട്ടിൽ കിളിർത്തുവന്ന പെയിന്റ് പോയ സ്മാരകം മാത്രമാണ് നിക്കറിന്റെ അറ്റത്തുകൂടി എന്നെ നോക്കി അന്ന് പല്ലിളിച്ചത്.
അനിയനും അനിയത്തിയ്ക്കും പൊക്കം വച്ചതോടെ എന്റെ മുട്ടുകളിലെ പെയിന്റ് പോയ സ്മാരകങ്ങളുടെ എണ്ണം കൂടി. പൊയിലിലെ റബ്ബറിന്റെ ഉള്ളിൽ അമ്മിണീനെ പുല്ലുതീറ്റിക്കാൻ കൊണ്ടോവുമ്പോഴും, കാലം തെറ്റി പെയ്യുന്ന മടിച്ചി മഴകാരണം പൊഴിഞ്ഞുപോയ കാപ്പിക്കുരു പെറുക്കാൻ താഴെകണ്ടത്തിൽ പോവുമ്പോഴും, അമ്മേടെ പുറകിലായി വരമ്പെണ്ണി നടക്കുമ്പോഴും, പാളവണ്ടിയിൽ ഇരുത്തി അനിയത്തീനെ വലിച്ചോണ്ടോടുമ്പോഴും, രാത്രിയിൽ മുറ്റത്തെ മുല്ലവള്ളിക്കു ഇച്ചിരി മഞ്ഞകലർന്ന യൂറിയവെള്ളം കൊടുക്കാൻ ഇറങ്ങുമ്പോഴുമെല്ലാം തട്ടീം തടഞ്ഞുവീണും പെയിന്റ് പോയ സ്മാരകങ്ങൾ വീണ്ടും പൊന്തിവന്നുകൊണ്ടേയിരുന്നു.
സ്വന്തമായി ശരീരമനക്കിയില്ലേലും അപ്പനപ്പാപ്പൻമാരായി ശരീരമനക്കി വിയർപ്പലിയിച്ചു കൊത്തിയും കിളയ്ച്ചും ഉണ്ടാക്കിയ പൊയിലും വയലും എന്തിനു താഴെകണ്ടവുമെല്ലാം കുറച്ചായി കുറച്ചായി പലവട്ടം വിറ്റ്, ആ കാശെല്ലാം ചന്ദ്രേട്ടന്റെ ഷാപ്പിൽ നിക്ഷേപിച്ച അപ്പൻ ഒരു ത്രിസന്ധ്യാനേരത്ത് എവിടെനിന്നോ പെട്ടെന്ന് പൊട്ടിമുളയ്ച്ച കുറ്റബോധത്തിന്റെ അഴിയിൽ ചുറ്റപ്പെട്ട് നെഞ്ചുനീറി വാപൊളിച്ചു ഏതോ കഴുക്കോലിൽ തൂങ്ങിനിൽക്കുന്നതു കണ്ടയന്നാണ്, അവസാനമായി മുട്ടുതട്ടി പെയിന്റ്പോയ അന്ത്യസ്മാരകം ഉയർന്നത്. അതും അമ്മയെ വിളിക്കാൻ ഉള്ള വെപ്രാളത്തിൽ ഓടിയതു കൊണ്ടുമാത്രം. പിന്നെയങ്ങോട്ടു സ്മാരകങ്ങളില്ല, എണ്ണിനടക്കാൻ വരമ്പില്ല, മഷിത്തണ്ട് പറിക്കാൻ താഴെകണ്ടമില്ല, അമ്മിണിയ്ക്കു വിശപ്പില്ല, അനിയനും അനിയത്തിയ്ക്കും പാളവണ്ടിയുമില്ല.
നഷ്ടങ്ങൾ ഞങ്ങൾക്കു മാത്രമായിരുന്നില്ല. അപ്പൻ കുടിക്കാതെ രണ്ടുകാലിൽ നിവർന്നുനിന്ന സന്ധ്യകളിൽ നിർബന്ധിച്ചു കുടിപ്പിച്ച് നാലുകാലിൽ ഇഴയിപ്പിച്ച് സ്ഥിരലാഭം കൊയ്തോണ്ടിരുന്ന ചന്ദ്രേട്ടനും ഒരു വലിയ നഷ്ടം സംഭവിച്ചു. അങ്ങനെ നഷ്ടങ്ങളുടെ കണക്കുകൾ ആരംഭിക്കുകയായി. അകാലത്തിൽ കാലമായ ഒത്തിരി കടങ്ങൾ മാത്രം തന്ന് അപ്പൻ യാത്രയായി. “നീയാണല്ലോ മൂത്തോൻ. ഇങ്ങനെ പുസ്തകോം പിടിച്ചോണ്ട് നടന്നൂടാ. പോയി അമ്മയ്ക്കും താഴെയുള്ള ഉടപ്പിറന്നോർക്കും എന്നേലും തിന്നാൻ കൊടുക്കാൻ നോക്ക്”, “അപ്പൻ പോയീന്നുവെച്ച് ബാക്കിയുള്ളോർക്കു ജീവിക്കണ്ടേ. പോയി അവരെ നോക്ക്”, “അയ്യേ ഒരുമൂലേല് കുത്തിയിരുന്ന് ഇങ്ങനെ കരേണത് നമ്മൾ ആണുങ്ങൾക്കു പറഞ്ഞിട്ടുള്ള കാര്യല്ല”, തുടങ്ങി ഉപദേശങ്ങളുടെയും, ക്ഷേമം പറയലിന്റെയും, എന്തിനു കുത്തുവാക്കുകളുടെയും ഇടയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞങ്ങൾ വളർന്നു, കൂലിപ്പണിക്കുപോയി തളർന്നു, ഇഞ്ചിയും വാഴയും നട്ട് നട്ടെല്ല് നിവർന്നു. തുമ്പിയെ പിടിച്ചുനടന്നിരുന്ന ഓമന കൈകൾ തൂമ്പ പിടിച്ച് തഴമ്പിച്ചു.
പാടത്തും, വല്ലവന്റെ പറമ്പിലും പണിയെടുക്കാൻ തുടങ്ങിയപ്പോൾ എന്നെ വീട്ടിൽ അമ്മയ്ക്ക് സ്നേഹിക്കാൻ കിട്ടാതെയായി. മനസ്സിലെ സ്നേഹത്തിന്റെ മുക്കാൽ ഭാഗവും എന്നപോലെ ഉറിയിലെ കറിയും ഏറെക്കുറെ അനിയന് സ്വന്തമായി. പിന്നെ രണ്ടുകണ്ണുകളും ഒരേപോലെയാണെങ്കിലും അതിൽ ഇളയകണ്ണിനോടു ഒരു പ്രത്യേകവാത്സല്യം പതിവാണല്ലോ. എനിക്കതിൽ ഒരു പരാതിയുമില്ലായിരുന്നു, ഇപ്പോഴും ഇല്ല. അവൻ എന്റെ അനിയനല്ലേ, അവൻ വളരട്ടെ.
അങ്ങനെ കാലക്രമേണ അവൻ വളർന്നു, ഞാനും. അഞ്ചുവയസ്സിനു ഇളയതാണെങ്കിലും അനിയത്തികുട്ടി കുട്ടിത്തം വേഗം വെടിഞ്ഞു. കുറച്ചു വർഷങ്ങൾക്കുമുമ്പ് പാവാടയിൽ ആദ്യമായി കണ്ട ചുവപ്പുപോലെ നെറ്റിത്തടത്തിലും ഒരു ചുവപ്പുതിലകം ചാർത്താനായിയെന്ന് ഒരു സന്ധ്യക്ക് അമ്മ പറഞ്ഞു. അന്നുമുതൽ അവൾക്കൊരു തിലകക്കുറി ഉണ്ടാവുന്ന ദിവസംവരെ വീണ്ടും എന്റെ നെഞ്ചിൽ നൊമ്പരത്തിന്റെ പെയിന്റ്പോയ സ്മാരകങ്ങൾ ഉയർന്നു. അവൾക്കു ആരോടും ഒരു പ്രേമവും ഇല്ലായിരുന്നു. കാരണം, അവൾക്കത് ഒരു ശെരിയാണെങ്കിലും അമ്മയ്ക്ക് അത് ആദത്തിനും ഹവ്വയ്ക്കും പറുദീസാനഷ്ടമായതിന്റെ അത്രവലിയ തെറ്റായിരുന്നു. വെയിലുകൊണ്ടു പറമ്പിൽ എന്റെയൊപ്പം തന്നെ കാപ്പിപ്പറിക്കാനും, കുരുമുളകു ചിക്കാനും എല്ലാം നടന്നിരുന്നവൾ ആയിരുന്നതിനാൽ അവൾ ലേശം ഇരുണ്ടതായിരുന്നു. കീഴ്ചുണ്ടിൽ ഒരു ചെറിയ വെട്ടിന്റെ പാട് അവൾക്കുണ്ടായിരുന്നു. ഒരുച്ചയ്ക്കു ധൃതിപ്പെട്ടു കുനിഞ്ഞിരുന്നു കപ്പവെട്ടിയപ്പോൾ, ഏതോ ഒരുകാരണത്താൽ വെട്ടുകൊണ്ടുണ്ടായ പാടായിരുന്നു അത്. എങ്കിലും, ആ ചെറിയപാടിനു മറച്ചുവെക്കാൻപറ്റുന്നതല്ലായിരുന്നു അവളുടെ വലിയ ഹൃദയം.
അവളുടെ ചിരിയിലെ പ്രശാന്തത തിരുഹൃദയരൂപത്തിലെ ഈശോയുടെ കണ്ണിലെ പ്രശാന്തതയ്ക്കു സമമായിരുന്നു. അത്രയ്ക്കും നിഷ്കളങ്ക. എന്റെ മുഖത്തെ കരടിനെയ്യ്ക്കുവേണ്ടി കാത്തിരിക്കുന്ന കുറ്റിരോമങ്ങൾ വലിച്ചുരസിച്ചിരുന്ന ആ നിഷ്കളങ്ക കണ്ണുകൾ ഒടുവിൽ തിലകക്കുറിയ്ക്കു മുമ്പിൽ സന്തോഷാർത്ഥം അടഞ്ഞു. അവളെ വേറെ വീട്ടിലേക്കു പറഞ്ഞയക്കണമെന്ന സങ്കല്പം കണ്ടുപിടിച്ച ആ മൂത്തുനരച്ച കാർന്നോരെ, അയാൾ ആരായാൽത്തന്നെയും, ഞാൻ ആയിരംവട്ടം ഉള്ളിൽ തെറിവിളിച്ചു. എന്നെ വിശ്വസിച്ച് പാളവണ്ടിയിൽ അന്ന് കണ്ണുംപൂട്ടിയിരുന്ന ആ കൊച്ചുപെൺകുട്ടി ഇന്ന് വലിയ പരിചയംപോലുമില്ലാത്ത ആറടിപൊക്കമുള്ള ഒരു ആൺപിറന്നവന്റെ കൂടെ ഇറങ്ങിപോവുന്നു. എന്നാലും എനിക്ക് ഒന്ന് കരയാൻ പറ്റില്ലല്ലോ. ഞാനൊരു ‘ആണല്ലേ’!
അങ്ങനെ അവളും പോയി. ഞാൻ കരഞ്ഞില്ല. അധികം വൈകാതെ എന്നെപോലെ തന്നെ അനിയനും ഒരു വല്ല്യ വീട്ടുടമയായി മാറി. ഇഞ്ചിനടാനും, വരിപ്പുവെട്ടാനുമെല്ലാം അവനും അറിയാമെന്നായി. എന്റെ കീഴിലല്ലാതെ പണമുണ്ടാക്കാൻ അറിയാമെന്നായി, കൂട്ടുകാരെ ഉണ്ടാക്കാൻ അറിയുന്നവനായി, അത്യാവശ്യത്തിനു ചീറ്റുകളിച്ചു ജയിക്കാൻ പഠിച്ചവനായി, അങ്ങനെ ഒരു കല്യാണം കഴിക്കണം എന്നുമായി. എല്ലാറ്റിനുമുപരിയായി, അവൻ അമ്മേടെ പൊന്നോമനയും അഭിമാനപാത്രവുമായി. എനിക്കതിൽ പരാതിതോന്നിയിട്ടില്ല, ഇപ്പോഴും ഇല്ല. പെട്ടെന്നൊരു ദിവസം നെല്ലിന്റെ നിറമുള്ള ഒരു അനിയത്തികുട്ടിയേയുംകൂട്ടികൊണ്ടവൻ വീട്ടിലേക്കുവന്നപ്പോൾ ഏറ്റവും വലിപ്പമുള്ള മുറി, അതുവരെ എന്റേതായിരുന്ന ആ മുറി, അവർക്കു കൊടുക്കുന്നതിൽ എനിക്ക് പരാതിയൊന്നും തോന്നിയില്ല. അവന്റെ അതേ ഉണ്ടക്കണ്ണുകളുള്ള മാക്കാച്ചിത്തവളയെ പോലെ കരയുന്ന ഒരാൺകുഞ്ഞിനെയും, ചീവീടുപോലെ ഒച്ചയുണ്ടാക്കുന്ന ഒരു പെൺകുഞ്ഞിനെയും വാരിയെടുത്ത് മടിയിൽവെച്ചപ്പോൾ കുറച്ചുവർഷങ്ങൾക്ക് മുമ്പ് സിന്ദൂരത്തിലകം ചാർത്തി പടിയിറങ്ങിപോയ ആ പത്തൊമ്പതുകാരി പെൺകുട്ടിയുടെ കണ്ണിൽ ഞാൻ കണ്ട അതേ പ്രശാന്തത എന്റെ ഹൃദയത്തിലും എനിക്ക് അനുഭവപെട്ടു. അവരുടെ കാലിട്ടടിച്ചുകൊണ്ടുള്ള ആ കളിയും, നിലത്തു മൂത്രമൊഴിക്കുമ്പോളുള്ള ആ കുസൃതി ചിരിയും എന്റെ വീടിനു ഒരു പറുദീസായുടെ പ്രതീതിത്തന്നിരുന്നു. അവർക്കു വേണ്ടി ഓരോ കളിപ്പാട്ടങ്ങൾ ഓടിനടന്നു വാങ്ങലായിരുന്നു എന്റെ പുതിയ വിനോദം. ആനന്ദത്തിമിർപ്പിനിടയിൽ, റബ്ബർഷീറ്റ് അടിക്കാനും, കാപ്പിയ്ക്കു കവാത്തുചെയ്യാനൊന്നും ഞാൻ മറന്നില്ല. പരാതികളില്ലാതെ പോയ എന്റെ ജീവിതത്തിൽ, അധികം വൈകാതെ ഒരു പരാതിയുമായി അമ്മ വന്നു. അമ്മയ്ക്ക് വയസ്സാകുന്നു, ഇനി മുന്നോട്ട് എത്രകാലം എന്നറിയില്ല, അതിനാൽ ഈ വീടും ചുറ്റുപാടും അനിയന് കൊടുത്തേക്കാം, നീ ഒരു കല്യാണം കഴിക്കൂ എന്നായിരുന്നു അമ്മേടെ പരാതികളടങ്ങിയ അപേക്ഷ. എനിക്ക് കല്യാണത്തിന് താല്പര്യമില്ലെന്നറിച്ചപ്പോൾ, അവനു മക്കളൊക്കെ വളർന്നുവരികയായതിനാൽ നീ അക്കരയിലെ പൗലോസുമാമന്റെ മോൻ പീറ്ററിന്റെ ഒപ്പം ദുബൈായ്ക്ക് പോവൂ, അങ്ങനെയാണെങ്കിൽ നമുക്ക്കു റച്ചൂടെ വലിയ വീട് വെക്കാലോ, സൗകര്യം ആവുമല്ലോ, നിനക്കും വലിയ മുറിയിൽ കിടക്കാലോ, എന്നൊക്കെയുള്ള പ്രതീക്ഷകളുടെ പട്ടിക പുറത്തെടുത്തു. അവസാനം, “മോനെ നീയാണ് മൂത്തോൻ. നീയാണ് വയസ്സായ അമ്മേനെ നോക്കേണ്ടത്” എന്നുംകൂടി കൂട്ടിച്ചേർത്തു.
കോക്കാച്ചിത്തവളേന്നെയും ചീവീടുകുഞ്ഞിനെയും കളിപ്പിച്ചു മതിയായിരുന്നില്ല. ഒരു കല്യാണം കഴിക്കണം, കോക്കാച്ചിപിള്ളേര് വേണമെന്നൊക്കെ പണ്ട് തോന്നിയിരുന്നു, പക്ഷെ മൂന്ന് വയറുകൾ നിറയ്ക്കാൻ ഓടുന്നതിനിടയിൽ എവിടെ സമയം. ഒടുവിൽ, സമയം കിട്ടിയപ്പോൾ മുടിനരച്ച, ഒരു പാതികിളവനാൽ, ഒരു പെണ്ണിന്റെയും സ്വപ്നങ്ങൾ നശിപ്പിക്കപ്പെടരുതെന്നു തോന്നി. കൂട്ടുകാരോടൊപ്പം ചീട്ടുകളിക്കണമെന്നെനിക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അതിനുമുൻപ് പലതും ചെയ്തു തീർക്കാനുണ്ടായിരുന്നു. അപ്പൻ മരിച്ചപ്പോൾ കൂട്ടായി തന്ന കടങ്ങൾ പതിവയറാൽ ആരെയും ഒന്നും അറിയിക്കാതെ വീട്ടിത്തീർക്കുമ്പോഴും, ചെറിയ ഒരു കൂര വെക്കുമ്പോഴും, അനിയത്തികുട്ടിയെ സകല സുഖങ്ങളും ആശീർവദിച്ചു പറഞ്ഞയക്കുമ്പോഴും ആരും എന്റെ വയറു നിറഞ്ഞാണോയിരിക്കുന്നത് എന്നൊന്നും അന്വേഷിച്ചിട്ടില്ല, പരാതിപ്പെട്ടിട്ടില്ല, അറിയാൻ ശ്രമിച്ചിട്ടുമില്ല.
അതിലൊന്നും അന്ന് എനിക്ക് പരാതിയില്ലായിരുന്നു, കാരണം പരാതിപ്പെടാൻപോലും സമയം ഇല്ലായിരുന്നു.
അവധിക്കു വന്ന പീറ്ററിന്റെ കൂടെ ദുബൈായ്ക്കു പോവാനായി, ഞാനിന്ന് വീട്ടിൽ നിന്ന് പടിയിറങ്ങിയപ്പോൾ എനിക്കൊരു കാര്യം മനസിലായി, ഇനി ഇവിടെ, ഈ വീട്ടിൽ എന്റെ ആവശ്യം ഇല്ലായെന്ന്. എന്നെകൊണ്ടുള്ള ആവശ്യം കഴിഞ്ഞു. പക്ഷെ, എനിക്ക് ഈ വീട് ആവശ്യമുണ്ട്. കോക്കച്ചീനെയും, ചീവീടിനെയും, ആവശ്യമുണ്ട്. അനിയനെ ആവശ്യമുണ്ട്. അമ്മയെ ആവശ്യമുണ്ട്. എന്റെ വിയർപ്പിൽ കുളിച്ചു നിൽക്കുന്ന ഒരോ കഴുക്കോലിനെയും ആവശ്യമുണ്ട്. പക്ഷെ എന്റെ ആവശ്യങ്ങൾ കേവലം കാര്യസാധ്യത്തിനുവേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് എന്നെ സ്നേഹിക്കാനും എനിക്ക് തിരിച്ചു സ്നേഹിക്കാനും വേണ്ടിയുള്ളതായിരുന്നു. എല്ലാവർക്കും എന്നോട് സ്നേഹമായിരുന്നു എന്നാണു ഈ പടിയിറങ്ങുന്നതുവരെ ഞാൻ കരുതിയിരുന്നത്. പക്ഷെ, ആ സ്നേഹത്തിന്റെ പേര് “മൂത്തോൻ” എന്നായിരുന്നു. മൂത്തോൻ എന്നാൽ സ്നേഹിക്കേണ്ടവൻ, പരാതികളില്ലാത്തവൻ, കരയാത്തവൻ, നെഞ്ചുനീറിയാലും മുന്നോട്ടുപോവേണ്ടവൻ, ജീവിതം ബാക്കിയുള്ളവർക്കായി സമർപ്പിക്കേണ്ടവൻ എന്നൊക്കെയാണ്. പടികളിറങ്ങുമ്പോൾ ഞാൻ ഒരുവട്ടം കൂടി തിരിഞ്ഞുനോക്കി. അമ്മ എന്നെ നോക്കിനിൽപ്പുണ്ട്, ആ വാതിൽപടീടെ അരികിൽ നിന്ന് മാറിയിട്ടില്ല. കണ്ണിൽ ഒരു ചെറിയ വെള്ളത്തുള്ളി വട്ടംകറങ്ങുന്നുണ്ട്, ആ വെള്ളത്തുള്ളിയെ വേഗം സാരിത്തലപ്പ് വിഴുങ്ങി. അമ്മയും ഒടുവിൽ ആ വാതില്പടിയുടെ അരികിൽനിന്നു മാറി. എന്റെ നെഞ്ചിലെ അറുതിയില്ലാത്ത നീറലിന്റെ ചുവപ്പിൽ, ഒരു പെയിന്റ്പോയ സ്മാരകം ഉയരുകയാണ്: അമ്മേ, എനിക്ക് പരാതികളില്ല. ഞാൻ കരയില്ല. ഞാൻ ഒരു മനുഷ്യനല്ല! കേൾക്കുന്നവർക്കും, കാണുന്നവർക്കും, ഞാനൊരു ക്ലീഷേയാണ്. പക്ഷെ, എനിക്ക് ഇതെന്റെ ജീവിതമല്ലേ!