
ചിദംബരത്തെ ‘എരി’

അളകനന്ദ ലാല്‍
ചിദംബരത്ത് പോയി വന്ന് മൂന്ന് മാസങ്ങള്‍ കഴിഞ്ഞാണ് പ്രദീപന് പാമ്പിരിക്കുന്നിന്റെ ‘എരി’ എന്ന നോവല്‍ വായിക്കുന്നത്. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ പ്രസക്തമായ ബന്ധമൊന്നുമില്ല. പക്ഷേ പരസ്പരബന്ധമില്ലാത്ത പുസ്തകങ്ങളേയും സ്ഥലങ്ങളേയും കൂട്ടി യോജിപ്പിക്കുന്ന ആദ്യത്തെ വായനക്കാരിയല്ല ഞാനെന്ന് തീര്‍ച്ച. വായിക്കുന്നവര്‍ക്ക് കുറേ കൂടുതല്‍ deja vu നിമിഷങ്ങളുണ്ടാവും ജീവിതത്തില്‍ എന്നാണ് തോന്നിയിട്ടുള്ളത്. വായിച്ചു മറന്ന അനുഭങ്ങളിലൂടെ എവിടെയെങ്കിലും വെച്ച് കടന്നു പോവാം. തന്റേത് മാത്രമായ വേദനയെന്ന് ചേര്‍ത്തുപിടിച്ച ഒരു നിമിഷം വളരേ സാധാരണമായി ഒരു നോവലിന്റെ നടുക്ക് വെച്ച് നേര്‍ക്കുനേര്‍ വന്നു നില്ക്കാം. വായിക്കുന്ന കഥാപാത്രങ്ങളെ ഏതെങ്കിലുമൊരു ട്രെയിന്‍ യാത്രയില്‍ വച്ച് കണ്ടുമുട്ടിയിട്ടുള്ളതായോ ഇനി കണ്ടുമുട്ടിയേക്കാമെന്നോ തോന്നുന്നതും എനിക്കു മാത്രമായിരിക്കില്ല. സാധ്യമായ കഥാനുഭവങ്ങളില്‍ ചിലപ്പോള്‍, ഞാനെന്നെ തന്നെ കൊണ്ടു വെയ്ക്കാറുണ്ട്. മനോഹരമായ ചിത്രങ്ങളുടെ ബാക്ക്ഗ്രൗണ്ടില്‍ സ്വന്തം പോട്രൈറ്റ് എഡിറ്റ് ചെയ്തു ചേര്‍ക്കും പോലെ. ചെന്നൈയിലുണ്ടായിരുന്നപ്പോള്, രാവിലെ, പഠിക്കുന്ന അക്കാദമിയിലേക്ക് നടന്ന് പോവുമ്പോള്‍ പുനത്തിലിന്റെ ‘വാകമരങ്ങ’ളിലെ ഡെയ്സിയായി എനിക്കെന്നെ സങ്കല്പിക്കാമായിരുന്നു. അന്ന് താമസിച്ചിരുന്ന വീടിനു മുന്നില്‍ വലിയൊരു വാകമരമുണ്ടായിരുന്നു. ‘തിരിച്ചറിയപ്പെടാത്തതും തിരിച്ചു കിട്ടാത്തതുമായ സ്നേഹത്തിന്റെ കണ്ണീര്’ എന്ന വരികള്‍ വായിച്ചു കരഞ്ഞിരുന്ന ഒരു കാലത്തെയോര്‍ത്ത് ചിരിച്ചു കൊണ്ട് നിറയെ ചുവന്ന പൂക്കള്‍ വീണു കിടക്കുന്ന വഴിയിലൂടെ ഞാന്‍ നടന്നു. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെന്തവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം..’.
പിന്നെ കരുതി വെച്ചിരുന്ന മറ്റൊരു ബാക്ക്ഗ്രൌണ്ട് ഇമേജ് – ഒരു റെയില്‍വേ സ്റ്റേഷനിലില് ഒറ്റയ്ക്കിരുന്ന് പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയുടേതായിരുന്നു. ഏത് കഥയില്‍ നിന്നാണെന്ന് കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ല, പക്ഷേ അതങ്ങനേ സാധ്യമായ യാത്രയ്ക്ക് ശേഷമാണ് ചിദംബരത്ത് എത്തുന്നത്. മിലന് കുന്ദേരയുടെ ‘The Unbearable Lightness of Being’ എന്ന പുസ്തകത്തില്‍ തെരേസ എന്ന കഥാപാത്രത്തേക്കുറിച്ച് ഇങ്ങനേ പറയുന്നുണ്ട് -‘.. she loved to walk down the street with a book under her arm. It had the same significance for her as an elegant cane for a dandy a century ago. ‘
കാരൈക്കലിലേക്കുള്ള ട്രെയിന്‍ കാത്ത് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ‘ചിദംബരസ്മരണ’ വായിക്കുമ്പോള്‍ അതിലേ കടന്ന് പോവുന്ന ട്രെയിന്‍ യാത്രക്കാരുടെ മനസ്സില്‍ പതിയുന്ന എന്റെ ചിത്രം ഞാന്‍ വെറുതേ സങ്കല്പിച്ച് നോക്കുന്നുണ്ടായിരുന്നു. എനിക്കപ്പോള്‍ ഞാന്‍ ‘ലിറ്റില്‍ വുമണ്‍’ എന്ന നോവലിലെ ജോ മാര്‍ച്ച്. രംഗസ്വാമിയുടേയും കനകാംബാളിന്റേയും ചിദംബരത്തേക്കുറിച്ച് വായിക്കുന്ന ജോ. ഹോ, പരമാവധി സ്വപ്നജീവിയാണ് ഞാനെന്ന് മനസ്സിലായല്ലോ !
ശരി, ഇനി ‘എരി’ പ്രത്യക്ഷപ്പെട്ടതിനേക്കുറിച്ച് പറയാം.
‘പറയന് എരി ഒരത്ഭുതം തന്നെയായിരുന്നു’ എന്നു തുടങ്ങുന്ന നോവല്‍ ഒരു ഭാഷാഗവേഷകന്റെ അന്വേഷണമാണ്, പറയനാര്‍പുരത്തെ നവോത്ഥാനനായകനായ എരിയുടെ ഐതിഹ്യത്തെക്കുറിച്ച് മനുഷ്യരുടെ ഓര്‍മ്മകളിലൂടെ നടത്തുന്ന ചരിത്രാന്വേഷണം. എരി അസാധരണമാം വിധം ശക്തനാണ്.
‘എരിയുന്ന ജീവിതമെന്റെ ദൈവേ
എരിയാതെ നിര്ത്തണമെന്നുമെന്നും
എരിയെന്നില്‍ വാഴുന്ന കാലത്തോളം
എരിയുന്നുണ്ടുള്ളത്തില് എന്റെ ദൈവം’ എന്ന് വായിച്ചപ്പോള്‍ ഞാന്‍ ദൈവമേ എന്ന് വിളിച്ചു പോയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം തിരുവണ്ണാമലൈയിലെ ഒരു ഗുഹാശ്രമത്തിനടുത്ത് കണ്ട എരിവിളക്കാണ് അപ്പോള്‍ മനസ്സിലേക്ക് വന്നത്. ഇരുട്ടത്ത് കാറ്റില്‍ കെടാതെ മുനിഞ്ഞുകത്തി നിന്ന ഒരു തിരി.
പറയനെരിയുടെ രൂപത്തെക്കുറിച്ചുള്ള സൂചനകള്‍ നോവലില്‍ വന്നു തുടങ്ങിയപ്പോഴാണെനിക്ക് മറ്റൊരാളെ ഓര്‍മ്മ വന്നത്, ചിദംബരം നടരാജക്ഷേത്രത്തിന് പുറത്ത് വെച്ചു കണ്ട ഒരു ടൂറിസ്റ്റ് ഗൈഡ്. ടൂറിസ്റ്റ് ഗൈഡായിരിക്കുമെന്ന് ഞാനനുമാനിച്ചതാണ്. കൂടെയുണ്ടായിരുന്ന ഇംഗ്ലീഷുകാരനായ വിദേശിക്ക് വിവരണങ്ങള്‍ കൊടുത്ത് കൊണ്ട് നടന്നു വരികയായിരുന്നു അയാള്‍. ദൃഢഗാത്രന്, ഒറ്റനോട്ടത്തില്‍ ആരേയും ആകര്‍ഷിക്കുന്ന കറുത്ത ശരീരം. കളരി അഭ്യാസികളേ പോലെ ചുവന്ന മുണ്ട് ചുറ്റിയതായിരുന്നു വേഷം. തീര്‍ച്ചയായും ഏതെങ്കിലും ആയോധനകലയില്‍ അഭ്യസ്തന്. ചുരുണ്ട മുടി ഘാന ബ്രെയിഡുകളായി പിന്നി മുകളിലേക്ക് കെട്ടിയിരുന്നു. അടുത്തെത്തിയപ്പോള്‍ ഒഴുക്കനേയുള്ള അയാളുടെ ഇംഗ്ലീഷ് ഭാഷ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു.. മറ്റേതെങ്കിലും രാജ്യക്കാരനായിരിക്കുമെന്ന് ഞങ്ങള്‍ തമ്മില്‍ പറഞ്ഞു. ഒരു തവണ ക്ഷേത്രം ചുറ്റിക്കഴി രണ്ടാമതും ഞങ്ങളെ കടന്നു പോയപ്പോള്‍, ഞങ്ങളുടെ കണ്ണുകളിലെ കൗതുകം ശ്രദ്ധിച്ചിട്ടാവണം അയാളല്പം മുന്നോട്ട് നടന്നിട്ട് തിരിഞ്ഞു നോക്കി ചിരിക്കുകയുണ്ടായി.
‘കറുത്ത സുന്ദരമായ രൂപം. ഉയരം പാകത്തിന്. തോളോളം മുടി….
നല്ല പല്ലുകള്‍. തീക്ഷ്ണവും ആഴമുള്ളതുമായ കണ്ണുകള്‍. ഐശ്വര്യം തുളുമ്പുന്ന നിറം.. ‘
ഇത്രയും വായിച്ചപ്പോഴേക്കും എന്റെ മനസ്സിലെ പറയനെരിക്ക് അയാളുടെ രൂപമായി. ഒറ്റക്കാലില്‍ നിന്ന നില്പ്പില് പതിന്നാലടി ഉയരത്തില്‍ കരണം മറിയാനും അതിവേഗത്തില്‍ ചലിച്ച് മണ്ണില്‍ നിന്ന് മറഞ്ഞു നില്ക്കുന്ന ഒടിവിദ്യ കാണിക്കാനുമറിയുന്ന എരിയേക്കുറിച്ച് വായിച്ച ഓരോ വരിയിലും ഞാനയാളെ ഓര്‍ത്തു. അവരോടന്ന് സംസാരിക്കാതിരുന്നതിലെനിക്ക് ഖേദമുണ്ട്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നിങ്ങളോടെനിക്ക് അയാളെക്കുറിച്ച് കൂടുതല്‍ പറഞ്ഞു തരാന്‍ പറ്റുമായിരുന്നു. ഞാന്‍ തുടക്കത്തിലേ പറഞ്ഞല്ലോ ഈ രണ്ടു സംഭവങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ല. പക്ഷേ നോവല്‍ വായിച്ചു കഴിഞ്ഞാണ് അവരെ കാണുന്നതെങ്കില്‍ ആ നിമിഷത്തില്‍ ഞാന്‍ ‘അമ്പോ, എരി’ എന്ന് വിളിച്ചു പോയേനേ.