
വാൻഗോഗ്

അക്ഷയ് രാജ്
കാമുകി: വിട പറയും മുമ്പ് നീയെനിക്കെന്തു നൽകും.?
കാമുകൻ: എന്നിൽ നിന്ന് നിനക്കെന്താണ് വേണ്ടത്?
കാമുകി: നിൻ്റെ കണ്ണു തരുമോ?
കാമുകൻ: അയ്യോ പറ്റില്ല. എനിക്കിന്ന് ചെങ്കണ്ണാണ്.
കാമുകി: അപ്പോ നിൻ്റെ മൂക്കു മതി.
കാമുകൻ: അയ്യോ അതും പറ്റില്ല. കാരണം നാളെ ഞാനൊരു വിപ്ലവം മണക്കുന്നു.
കാമുകി: എങ്കിൽ നീ തന്നെ പറയുക എന്തു തരുമെന്ന്?
കാമുകൻ: ഞാൻ നിനക്കെൻ്റെ ചെവി തരാം. അതു മതിയോ?
കാമുകി: അയ്യോ ചിത്രകാരനല്ലാത്ത നിൻ്റെ ചെവി എനിക്കു വേണ്ട.
കാമുകൻ: എങ്കിൽ നിന്നെക്കുറിച്ചെഴുതുന്ന ഈ പെരു വിരൽ തരാം. മതിയോ?
കാമുകി: അതു മതി.
കാമുകൻ: അതു കൊണ്ട് നീയെന്തു ചെയ്യും?
കാമുകി: ചോരയുണങ്ങും മുമ്പ് ഇതു ഞാനെൻ്റെ ഹൃദയത്തിൻ്റെ ആഴങ്ങളിൽ കുഴിച്ചിടും.
കാമുകൻ: അതെന്തിന്?
കാമുകി: നിൻ്റെ ഓർമ്മകളൊഴിച്ച് എനിക്ക് വളർത്താൻ.
കാമുകൻ: വളർത്തിയിട്ടോ?
കാമുകി: ഒരിക്കൽ അത് എന്നിൽ പടരും. അതിൽ നിൻ്റെ വാക്കുകൾ മൊട്ടിടും, വാചകങ്ങളാവും, പിന്നീട് കവിതകളായി അവ വിരിയും. വസന്തത്തിൻ്റെ പാരമ്യതയിൽ ഞാനൊരു പ്രേമകാവ്യമാവും.
കാമുകൻ: എങ്കിലിതാ ( വിരൽ മുറിക്കാനൊരുങ്ങി )
കാമുകി: ഒരു നിമിഷം നിൽക്കുക
( അവളവൻ്റെ പെരുവിരലിൽ ഒന്ന് ചുംബിച്ചു)
ഇതെൻ്റെ അവസാന ഉപഹാരമായി കണക്കാക്കുക.
കാമുകൻ: ഇതാ ചോരയുണങ്ങും മുമ്പ് കൊണ്ട് പൊയ്ക്കൊള്ളുക.
( കാമുകൻ മുറിച്ച പെരുവിരൽ കാമുകിക്കു നേരെ നീട്ടി)
കാമുകി: യാത്ര പറയുന്നില്ല. ഓർമ്മകളിൽ നമുക്ക് വീണ്ടും കണ്ടു മുട്ടാം.
