
പൊതുപ്രതിമകളുടെ രാഷ്ട്രീയ ദൗത്യം

അക്ഷയ് പി പി
കീഴടക്കപ്പെട്ട രാജ്യത്തിനകത്തെ പ്രാദേശിക വികാരമുൽപ്പാദിപ്പിക്കുന്ന പൈതൃകസമ്പത്ത് മുഴുവൻ തകർത്തുകളയുക എന്നതൊരു പുരാതന റോമൻ അധിനിവേശ രീതിയാണ്. സാമ്രാജ്യ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ തങ്ങളാൽ കീഴടക്കപ്പെട്ട പ്രദേശങ്ങളിലെ ചരിത്രസ്മാരകങ്ങളും പ്രതിമകളും ഛിന്നഭിന്നമാക്കുകയും തൽസ്ഥാനത്ത് തങ്ങളുടെ തനതായ ശില്പമാതൃകയിൽ പണിതെടുത്ത പ്രതിമകൾ കെട്ടിയുയർത്തുകയും ചെയ്യുന്നത് പതിവാണ്. പൊതുവിടത്തിലെ പ്രതിമകൾ മാറിയ അധികാരകേന്ദ്രത്തിന്റെ അടയാളമായി കൂടി ഇത്തരം സന്ദർഭങ്ങളിൽ പ്രവർത്തിക്കുന്നു. അധിനിവേശത്തിന്റെ പ്രതീകമെന്നോണമുയർന്നു നിൽക്കുന്ന,കല്ലിലും മണ്ണിലും തീർത്ത പൊതുവിട പ്രതിമകൾ എന്നെങ്കിലുമൊരിക്കൽ ഉയർന്നുവരുന്ന ജനകീയ കലാപങ്ങളിൽ തകർത്തെറിയപ്പെടാറാണ് പതിവ്.

ബ്രിട്ടീഷ് ഇന്ത്യയിലെ സ്ഥിതിയും മറ്റൊന്നല്ല. പാശ്ചാത്യശില്പികളുടെ കലാപരീക്ഷണങ്ങളുടെ വിളനിലമായിരുന്ന കൊളോണിയൽ ഇന്ത്യയിലുടനീളം ജോർജ് അഞ്ചാമനും ക്യൂൻ മേരിയും മറ്റനേകം ബ്രിട്ടീഷ് ജനറൽമാരും സ്വാതന്ത്ര്യസമരഭടന്മാരുടെ അക്രമങ്ങളെ എതിരിട്ടുകൊണ്ട് നീണ്ടകാലം പ്രതിമകളായി തുടർന്നു. ഇന്ത്യൻ റെയിൽവേയുടെ തീവണ്ടികൾ പോലെ പൊതുവിട പ്രതിമകളും നിരന്തരം പ്രദേശവാസികളെ തങ്ങളുടെ യജമാനരേ കുറിച്ചും, യജമാനരുടെ അപ്രതിരോദ്യമായ നിരീക്ഷണ സജ്ജീകരണങ്ങളെ കുറിച്ചും ഓർമിപ്പിച്ചുകൊണ്ടിരുന്നു. 1947ലെ അധികാരകൈമാറ്റത്തെ തുടർന്ന് കുറച്ചധികം കൊളോണിയൽ നിർമ്മിത പ്രാരാബ്ധങ്ങളും, അതിലേറെ പ്രതിമകളും ബാക്കിവച്ചാണ് അവർ വണ്ടി കയറിപ്പോയത്. അത് പിൽക്കാലത്തൊരു വലിയ ആഭ്യന്തരവിഷയമാകുകയും ചെയ്തു.
നൂറ്റാണ്ടുകൾ നീണ്ട കൊളോണിയൽ ഭരണത്തിന്റെ ഉപോല്പന്നമായ പ്രതിമകൾ ഉടനടി നീക്കം ചെയ്യണമെന്നും തൽസ്ഥാനത്ത് തികച്ചും പ്രാദേശികമായവ പണിതുയർത്തണമെന്നും പാർലമെന്റിന് അകത്തും പുറത്തും ആവശ്യമുയർന്നു. ബ്രിട്ടന്റെ നേതൃത്വത്തിൽ നൂറ്റാണ്ടുകളോളം തുടർന്ന കേന്ദ്രീകൃത പാപ്പരീകരണ പ്രക്രീയകൾ എല്ലാ രീതിയിലും ചിതറിച്ചുകളഞ്ഞ രാജ്യത്തെയാണ് 1947- ൽ ജനങ്ങൾക്ക് വിട്ടു കിട്ടിയത്. ഈ അവസ്ഥയെ മറികടക്കാൻ ഇന്ത്യക്ക് ബ്രിട്ടന്റെ പിന്തുണ കൂടിയേ തീരുമായിരുന്നുള്ളൂ. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നെഹ്റു അടക്കമുള്ള ആദ്യകാല നേതാക്കളുടെ രാജ്യാന്തര സമീപനങ്ങളെ ഈ സാമ്പത്തിക പിന്നോക്കാവസ്ഥ പ്രത്യക്ഷത്തിൽ തന്നെ സ്വാധീനിക്കുന്നത് കാണാം. നെഹ്രുവടക്കമുള്ള മൂന്നാം ലോക നേതാക്കൾ രൂപപ്പെടുത്തിയ ചേരി-ചേരാ നയത്തിൽ പോലും ഇതിന്റെ സ്വാധീനം കാണാം. പാശ്ചാത്യ മേധാവിത്വത്തിന്റെ തന്നെ പ്രതീകമായ ബ്രിട്ടീഷ് നിർമ്മിത പ്രതിമകൾ തകർത്തെറിയുന്നത് ആ രാജ്യവുമായുള്ള സാമ്പത്തിക വിനിമയങ്ങളെ ചിലപ്പോൾ മോശമായി ബാധിച്ചേക്കാമെന്ന് നെഹ്റുവിനറിയാമായിരുന്നു. പ്രാദേശിക നേതാക്കളുടെ പ്രതിമകൾ സർക്കാർ ചിലവിൽ നിർമിക്കുന്നത് ബിംബവൽക്കരണത്തിനും, സമാനമായ ആവശ്യങ്ങൾ രാജ്യത്തിന്റെ നാനാമൂലയിൽ നിന്നും ഉയർന്നുവരുന്നതിനും ഇടയാക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയ ജവഹർലാൽ നെഹ്റു ഈ ആവശ്യങ്ങളെയെല്ലാം മരണം വരെ നിരാകരിച്ചുകൊണ്ടിരുന്നു.1963- ൽ മാത്രമാണ് കേന്ദ്ര ഫണ്ടോടു കൂടി ഒരു പ്രതിമ ഇന്ത്യയിലുയരുന്നത് – മോത്തിലാൽ നെഹ്രുവിന്റെ പ്രതിമ. നെഹ്രുവിന്റെ മരണശേഷം രാജ്യത്തെ ചെറുതും വലുതുമായ അനവധി ഇടവഴികൾക്ക് ഗാന്ധിയുടെയും പട്ടേലിന്റെയും മറ്റും പേരിടുകയും കവലകൾ തോറും പ്രതിമകൾ സ്ഥാപിക്കുകയും ചെയ്തു പോരുന്നു.

1967- ലാണ് കേന്ദ്രഫണ്ടോടു കൂടി ആദ്യത്തെ അംബേദ്കർ പ്രതിമ സ്ഥാപിക്കപ്പെടുന്നത്. ജാതിവിവേചനത്തിന്റെ ഉപരിതലപ്രകടനങ്ങൾ അതിതീവ്രമായിരുന്ന അക്കാലത്ത്, കവലകൾ തോറും പിരിവിട്ട് അംബേദ്കർ പ്രതിമകൾ സ്ഥാപിക്കുകയാണ് ദളിത് സംഘടനകൾ ചെയ്തത്. ഭരണഘടനയുടെ ഡ്രാഫ്റ്റുമേന്തി നിൽക്കുന്ന അംബേദ്കറുടെ പ്രതിമ മറ്റെന്തിനേക്കാളുമാഴത്തിൽ സവർണ്ണബോധത്തെ മുറിപ്പെടുത്തുന്നതായിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും പൊതുമണ്ഡലത്തിന് പുറത്തു നിർത്തപ്പെട്ട ദളിത് വിഭാഗങ്ങൾ തങ്ങളുടെ അവകാശ സംരക്ഷണത്തിന്റെയും സ്വത്വപ്രകാശനത്തിന്റെയും ഭാഗമായി തന്നെയാണ് പൊതുവിടത്തിലെ അംബേദ്കർ പ്രതിമാസ്ഥാപനത്തെയും കണ്ടത്. നെഹ്റൂവിയൻ കാലഘട്ടത്തിന് ശേഷം ദേശീയതാബോധമെന്നത് പതിയെ അതിന്റെ മൃദുല ഹിന്ദുത്വസ്വഭാവം കാട്ടിത്തുടങ്ങുന്ന കാലത്താണ് പ്രതിമാനിർമ്മാണം വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ആയുധമാകുന്നത്. തൊണ്ണൂറുകൾ മുതൽ ഉയർന്നു വരാൻ തുടങ്ങിയ പ്രതിമകളിൽ നല്ലൊരു ശതമാനത്തിനും പ്രാദേശിക വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുകയെന്ന രാഷ്ട്രീയ ദൗത്യം കൂടി നിർവ്വഹിക്കാനുണ്ടായിരുന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ ഫലമായി രാജ്യത്തുടനീളം രൂപപ്പെട്ടു വന്ന ഒ.വി.സി (OBC) വോട്ടു ബാങ്കുകളെ തൃപ്തിപ്പെടുത്താൻ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ പ്രതിമാ സ്ഥാപനത്തെയും ഉപയോഗപ്പെടുത്തിയിരുന്നു. തൊണ്ണൂറുകളിലെ കരുണാനിധിയുടെ തമിഴ്നാട് അതാത് പ്രദേശങ്ങളിലെ ജാതി സമവാക്യങ്ങളെ പ്രതിഫലിപ്പിക്കും വിധം പ്രതിമകളാൽ നിറഞ്ഞു നിന്നിരുന്നു. ഇടജാതിക്കാർക്ക് മേധാവിത്വമുള്ള പ്രദേശങ്ങളിൽ അവരുടെ പ്രാദേശിക നേതാക്കളുടെയോ, ആരാധനാ പാത്രങ്ങളുടെയോ പ്രതിമകൾ സർക്കാർ ചിലവിൽ നിർമിച്ചു നൽകുക വഴി കരുണാനിധി സർക്കാർ കുപ്രസിദ്ധിയാർജിച്ചിരുന്നു. ഓരോ പ്രതിമയും സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഇതരമനുഷ്യർക്ക് മേൽ ജാതീയമായ മേധാവിത്വം നിലനിർത്തുന്ന പ്രബല വിഭാഗത്തിന്റെ തിലകക്കുറിയായി ഒരു മുത്തുരാമലിംഗ തേവരുടെയോ, കമരാജിന്റെയോ പ്രതിമകൾ മാറുന്നു. ഇന്ത്യയിലുടനീളം ശക്തിപ്പെട്ടു വന്ന ദളിത് സംഘടനകളുടെ സാന്നിധ്യം അതാത് പ്രദേശത്ത് പുതുതായി സ്ഥാപിക്കപ്പെട്ട ഒരു അംബേദ്കർ പ്രതിമയിലൂടെയോ, ഇമ്മാനുവൽ ശേഖരന്റെ പ്രതിമയിലൂടെയോ സ്ഥിരീകരിക്കപ്പെടുന്നു. പൊതുവിട പ്രതിമകൾ ജാതീയതയ്ക്കെതിരെയുള്ള കീഴാള പ്രതിരോധത്തിന്റെ പ്രഖ്യാപനമായി ഇവിടെ മാറുന്നു. ഉത്തരേന്ത്യയിലും, മഹാരാഷ്ട്രയിലും, തമിഴ്നാട്ടിലുമൊക്കെ അടുത്തിടെയുണ്ടായ മിക്ക ജാതിസങ്കർഷങ്ങളും തുടങ്ങുന്നത് പ്രദേശത്തെ ഒരു അംബേദ്കർ പ്രതിമയുടെ തകർക്കപ്പെടലിലൂടെയാണ്.

പ്രതിമയായിരിക്കുന്നയാളുമായി ബന്ധപ്പെട്ട ചില ഓർമ്മകളുടെ പുനരുൽപ്പാദനമാണ് ഒരു പ്രതിമയുടെ ബൗദ്ധികധർമ്മമെന്ന് പറയാം. പ്രതിമയിലെ മനുഷ്യനുമായി ബന്ധപ്പെട്ട ഏതു തരം ഓർമ്മയാണ് മനസ്സിലേക്ക് തികട്ടി വരുന്നതെന്നത് തികച്ചും വ്യക്തിനിഷ്ടമായ കാര്യമാണ്. ഓരോ വ്യക്തിയിലും പ്രവർത്തിക്കുന്ന ചരിത്രബോധവും, അതാത് കാലത്തിന്റെ ജീവിതവീക്ഷണവും ഈ ഓർമ്മകളുടെ രൂപപ്പെടലിനെയും ക്രോഡീകരിക്കലിനെയും സ്വാധീനിക്കുന്നുണ്ട്. ഡൽഹിയിലെ കൊറോനേഷൻ പാർക്കിൽ സ്ഥിതിചെയ്യുന്ന ജോർജ് അഞ്ചാമന്റെ പ്രതിമയിൽ നൂറ് വർഷം മുന്നേ നോക്കുന്ന ഒരു തദ്ദേശവാസിയുടെ മനസ്സിൽ തോന്നാനിടയുള്ളതല്ല 2022- ൽ നോക്കുന്ന ഒരാളുടെ മനസ്സിൽ തോന്നുന്നത്. ഇത്തരം തോന്നലുകളുടെയും,ഓർമ്മകളുടെയും രൂപപ്പെടലിലെ വ്യതിരിക്തതയായാണ് കാലം പ്രതിമയ്ക്കും കാഴ്ചക്കാരനുമിടയിൽ പ്രവർത്തിക്കുന്നത്. പ്രതിമയും കാഴ്ചക്കാരനും തമ്മിൽ നിലനിൽക്കുന്ന കാലദൂരത്തിന്റേതായ അവ്യക്തതകൾ സംഘടിത പ്രവർത്തനത്തിലൂടെ മാറ്റി മറിക്കാവുന്നതാണ്. അത് പ്രതിമ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയധാരയുമായും, സാംസ്ക്കാരികതയുമായും നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നു. ഹൈന്ദവ വർഗീയതയ്ക്കും, അതിന്റെ അനുബന്ധ ഉല്പന്നമായ ജാതീയതയ്ക്കും വേരോട്ടമുള്ള ഒരു ഉത്തരേന്ത്യൻ മേൽജാതി ഗ്രാമത്തിൽ സ്ഥാപിക്കപ്പെടുന്ന അംബേദ്കർ പ്രതിമ (തകർക്കപ്പെടാനുള്ള സംഖ്യാപരമായ ഉയർന്ന സാധ്യത തൽക്കാലം നമുക്ക് മാറ്റിവയ്ക്കാം) കാഴ്ചക്കാരനിൽ ഉൽപ്പാദിപ്പിക്കുന്ന വികാരമല്ല വി.സി.കെ (VCK) യ്ക്ക് വേരോട്ടമുള്ള ഉത്തരമദ്രാസിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ കാഴ്ചക്കാരനിൽ അത് ജനിപ്പിക്കുന്നത്. ഫാസിസ്റ്റ് പാതയിലൂടെ ബഹുദൂരം മുന്നേറിക്കഴിഞ്ഞ തീവ്രഹിന്ദുത്വ പാർട്ടി അധികാരത്തിലിരുന്ന കഴിഞ്ഞ 8 വർഷങ്ങളിൽ പൊതുപ്രതിമകളുടെ രാഷ്ട്രീയമായ ദുരുപയോഗം വ്യാപകമായിരുന്നു. സർദാർ പട്ടേലിനെ പോലുള്ളവരുടെ കൂറ്റൻ പ്രതിമകൾ നിർമ്മിക്കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. ഒരുപക്ഷേ പട്ടേൽ എന്തായിയുന്നുവെന്നും, അയാളുടെ രാഷ്ട്രീയമെന്തായിരുന്നു എന്നും കലക്കങ്ങളില്ലാതെ മനസ്സിലാക്കിയ അവസനത്തെ തലമുറയാവും നമ്മുടേത്. പൂർണ്ണമായും സൈബർ സംസ്ക്കാരത്തോടെ ജനിക്കുന്ന അടുത്ത തലമുറയിലാണ് ഈ പ്രതിമയും അതിന്റെ പിന്നിലെ രാഷ്ട്രീയവും പ്രവർത്തിക്കാൻ പോകുന്നത്. ആ തലമുറയിൽ കാലം തീർക്കുന്ന നേരിയ അവക്തത രൂപമെടുക്കുന്നത് മുതൽ ഈ രാഷ്ട്രീയം പ്രവർത്തനക്ഷമമാകുന്നു. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഈ അവ്യക്തത കൂടുതൽ ശക്തമായി പകർന്നു പോകുകയും, ഒടുക്കം പട്ടേലിന്റെ രാഷ്ട്രീയത്തെയും, അത് സ്ഥാപിച്ചവരുടെ രാഷ്ട്രീയത്തെയും വേർതിരിച്ചെടുക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നതോടെ പ്രതിമാസ്ഥാപനത്തിന് പിന്നിലെ രാഷ്ട്രീയം പരിപൂർണ്ണ വിജയത്തിലെത്തുകയും ചെയ്യുന്നു. സമാനമായ നീക്കങ്ങൾ മഹാരാഷ്ട്രയിലും, ആന്ധ്രയിലും, മധ്യപ്രദേശിലുമൊക്കെ നടന്നുകൊണ്ടിരിക്കുന്നു.

ഏതോ കാലത്ത് ജീവിച്ചിരുന്ന, ഇന്ന് ഭൗതികയാഥാർഥ്യമല്ലാതായി മാറിയ ഒരു മനുഷ്യന്റെ ജീവിതചക്രത്തെ അതാത് മനുഷ്യന്റെ പ്രതിമ സാധൂകരിക്കുന്നു. ഒരു പ്രതിമ, അത് പ്രതിനിധീകരിക്കുന്ന മനുഷ്യന്റെ ജീവിതത്തിലേക്കും, ജീവിതത്തിലുടനീളം അയാളെ പ്രചോദിപ്പിച്ച ആശയങ്ങളിലേക്കും എത്തിപ്പെടാനുള്ള സാധ്യത കൂടി തുറന്നിടുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷത്തിനുള്ളിൽ അംബേദ്കർ, മാർക്സ്, ലെനിൻ, പെരിയാർ തുടങ്ങിയവരുടെ പ്രതിമകളാണ് വ്യാപകമായി ആക്രമിക്കപ്പെട്ടത്. തീവ്രവർഗീയവാദികൾക്ക് ഒരുതരത്തിലും സന്ധിയിലേർപ്പെടാനൊക്കാത്ത നാല് പേരുകളാണിവ. ഹൈന്ദവ ദേശീയതയെ എല്ലാനിലയിലും കടന്നാക്രമിക്കാൻ പര്യാപ്തമായ ആശയങ്ങളുടെ ഉത്തമവക്താക്കൾ കൂടിയാണിവർ. ഫാസിസ്റ്റ് കാലഘട്ടത്തിൽ തകർക്കപ്പെടുന്ന ഓരോ പ്രതിമയ്ക്കും അതിന്റേതായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ജനനിബിഢമായ കവലയിൽ സ്ഥിതി ചെയ്യുന്ന, ശിലാനിർമ്മിതമായ ഒരു അംബേദ്ക്കർ പ്രതിമയോ, മാർക്സ് പ്രതിമയോ കാഴ്ചക്കാരിലേക്ക് അവരുടെ ആശയത്തിന്റെ തുറസ്സ് കൂടി കൈമാറുന്നതിനെ ഫാസിസ്റ്റുകൾ അങ്ങേയറ്റം ഭയപ്പെടുന്നു.