
അധിനിവേശകരുടെ കാഴ്ചബംഗ്ലാവ്

അക്ഷയ് പി പി
‘ജാർഖണ്ഡിലെ സംസ്ക്കാരവും പ്രതിരോധവു’മെന്ന പുസ്തകത്തിൽ സൂസന്ന ദേവല്ലേ അടിച്ചമർത്തൽ ഒരു സർവ്വസമ്മതമായ സാമൂഹിക പ്രതിഭാസത്തിന്റെ രൂപമാർജിച്ച എൺപതുകളിലെ ജാർഖണ്ഡിന്റെ ചിത്രം കോറിയിടുന്നുണ്ട്. ഗോത്രങ്ങൾക്ക് മേലുള്ള അടിച്ചമർത്തലിനെ തങ്ങളിൽ നിക്ഷിപ്തമായ അധികാരത്തിന്റെ സ്വാഭാവിക പ്രകാശന മാർഗമായി കാണുന്നവരാണ് ജാർഖണ്ഡിലെ മുഖ്യധാരാ മനുഷ്യർ. നാഗരികതയുടെ ഉയർന്ന പടവുകളിൽ തങ്ങളെത്തന്നെ സ്വയം പ്രതിഷ്ഠിക്കുകയും ആദിവാസി ജനവിഭാഗങ്ങളെ തങ്ങളെക്കാൾ വളരെ താഴെ മാത്രം സ്ഥാനപ്പെടുത്തുകയും ചെയ്യുന്ന ഈ കാഴ്ചപ്പാടിന്റെ ഉറവിടം കൊളോണിയൽ ഭരണപരിഷ്ക്കാരങ്ങളിലും പൗരസ്ത്യ ചരിത്ര രചനകളിലുമാണ് കിടക്കുന്നത്. ഗോത്രങ്ങളുടെ കാഴ്ച്ചബംഗ്ലാവെന്നാണ് പിൽക്കാലത്ത് ജാർഖണ്ഡായി മാറിയ ചോട്ടാനാഗ്പൂർ പ്രവിശ്യയെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചിരുന്നത്.
ജാർഖണ്ഡിലെ മനുഷ്യർ ഏകീകരണത്തിനുള്ള നേരിയ സാധ്യതപോലുമില്ലാത്ത വിധം അനവധി ഗോത്രങ്ങളാൽ വിഭജിതമാണെന്നും, പരിണാമപരമായ പിന്നോക്കാവസ്ഥയുള്ള ഈ ഗോത്രങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തേണ്ടത് ‘ആധുനിക മനുഷ്യരുടെ’ കടമയാണെന്നുമുള്ള രണ്ട് അനുബന്ധ ആശയങ്ങൾ കൂടി ഈ വിശേഷണത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. പൗരസ്ത്യ സ്വേച്ഛാധിപത്യ സിദ്ധാന്തത്തിലധിഷ്ഠിതമായ (Oriental Despotism) ഈ രണ്ട് വാദങ്ങളും പാശ്ചാത്യ അധിനിവേശം ഇന്ത്യയിലെ പ്രാദേശിക ജനങ്ങളുടെ ചരിത്രപരമായ അനിവാര്യതയാണെന്ന് സ്ഥാപിച്ചെടുക്കാനുള്ളതായിരുന്നു. മറ്റെല്ലാ മൂന്നാംലോക രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലെ ജനങ്ങളെയും തമ്മിൽ തമ്മിൽ ഭിന്നിപ്പിച്ചു നിർത്താൻ ലഭ്യമായ എല്ലാ പ്രാദേശിക വിവേചനരൂപങ്ങളെയും കൊളോണിയൽ ശക്തികൾ ഉപയോഗപ്പെടുത്തിയിരുന്നു.
മലബാറിലെ യൂറോപ്യൻ മാതൃകയിലുള്ള ഫ്യൂഡൽ വ്യവസ്ഥ മുതൽ ജാർഖണ്ഡിലെ ഗോത്രവിഭാഗങ്ങൾ വരെ രൂപപ്പെടുത്തപ്പെടുന്നത് ഈ ചരിത്ര പശ്ചാത്തലത്തിലാണ്. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്തോളജിസ്റ്റുകളാണ് ഇന്ന് കാണുന്ന രീതിയിൽ ജാർഖണ്ഡിന്റെ ഗോത്രചരിത്രം സ്ഥാപിച്ചെടുക്കുന്നത്. ദീർഘ നാളത്തെ കോളനിവൽക്കരണം ഇന്ത്യയിലെ ഫ്യൂഡൽഘടനയെ പുതുക്കിപ്പണിയുകയും അതിന്റെ തലപ്പത്ത് പ്രാദേശികരും കൊളോണിയൽ അനുഭാവികളുമായ ഒരു പുതിയ മധ്യവർഗ്ഗത്തെ പ്രതിഷ്ഠിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാതിരുന്ന പ്രദേശങ്ങളിൽ അടിച്ചമർത്തലിന് നേതൃത്വം കൊടുക്കുകയും ഇതരവിഭാഗങ്ങളെ തങ്ങൾക്കതീനരാക്കി നിർത്തുകയും ചെയ്ത ഈ വിഭാഗം, വനഭൂമി കൈയ്യേറുകയും ആദിവാസികളെ അഭയാർത്ഥികളാക്കുകയും ചെയ്തു. നൂറ്റാണ്ടുകളോളം മുഖ്യ ധാരയിൽ നിന്ന് വിച്ഛേദിക്കപ്പെട്ട് സമാന്തരജീവിതം നയിച്ചിരുന്ന ആദിവാസികളെ ഇതൊരു സ്വത്വപ്രതിസന്ധിയിലേക്കാണ് നയിച്ചത്.
ഇന്ത്യയിലുടനീളമുള്ള ആദിവാസി ജനവിഭാഗങ്ങൾക്ക് ഒരേ സമയം വിദേശ അധിനിവേശത്തിനും പ്രാദേശിക കടന്നുകയറ്റങ്ങൾക്കുമെതിരെ ഇരട്ടയുദ്ധമുഖം തുറക്കേണ്ടി വന്നു. തദ്ദേശ ജനവിഭാഗങ്ങളുടെ കൊളോണിയൽ-ജന്മിത്വ വിരുദ്ധ ചെറുത്തുനിൽപ്പ് പൂർണവളർച്ച കൈവരിക്കുന്നത് മലബാർ കലാപത്തോടെയാണെങ്കിലും അതിന്റെ ആദിമ രൂപം ബിർസാ മുണ്ട നയിച്ച കലാപത്തിലും കാണാവുന്നതാണ്.ബിർസാ മുണ്ട നയിച്ച കലാപം ജാർഖണ്ഡിലെ ആദിവാസി സ്വത്വങ്ങളുടെ ഏകീകരണത്തിന്റെയും വിദേശ-പ്രാദേശിക അധിനിവേശവിരുദ്ധ വികാരത്തിന്റെയും ആദിമ സംഗമസ്ഥാനങ്ങളിലൊന്നാണ്. 1920 കളോട് കൂടി സംഘടിത രൂപമാർജിക്കുകയും പിൽക്കാലത്ത് ജാർഖണ്ഡ് സംസ്ഥാനത്തിന്റെ രൂപികരണത്തിലേക്ക് തന്നെ നയിക്കുകയും ചെയ്ത ദീർഘമായ ആദിവാസി മുന്നേറ്റങ്ങളുടെ തുടക്കവും ഈ കലാപത്തിൽ കണ്ടെടുക്കാവുന്നതാണ്.
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും ഇന്ത്യയിലെ ആദിവാസികളോടുള്ള ഭരണകൂട സമീപനത്തെ സ്വാധീനിച്ചിരുന്നത് പഴയ കൊളോണിയൽ ലോകവീക്ഷണങ്ങളായിരുന്നെന്ന് കാണാം. ബ്രിട്ടീഷുകാരുടെ ഭരണ-വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുടെ ഫലമായി ഇന്ത്യയിലുണ്ടായ അധിനിവേശ ആധുനികത (Colonial Modernity) മുന്നോട്ടു വച്ച ആദിവാസി സങ്കൽപ്പങ്ങളെല്ലാം തന്നെ യൂറോകേന്ദ്രിതവും സവർണ്ണവുമായിരുന്നു.ഗോത്രമെന്ന പ്രയോഗം പോലും ആദിവാസികൾക്കിടയിലെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ നിർമ്മിച്ചെടുക്കുന്നതിൽ വിദേശ-പ്രാദേശിക അധിനിവേശങ്ങൾക്കുള്ള പങ്കിനെ മറച്ചു പിടിക്കുകയും അതിനെ പരിണാമപരം മാത്രമായി സ്ഥാപിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.1952ലെ പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷന്റെ റിപോർട്ടിൽ ആദിവാസികളെ നിർവ്വചിക്കുമ്പോൾ ഉപയോഗിച്ചിരിക്കുന്ന ‘അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ’,’അർദ്ധ-പൂർണ്ണ നഗ്നർ’,’മാംസാഹാരികൾ’,’മദ്യപിക്കുകയും നൃത്തമാടുകയും ചെയ്യുന്നവർ’ തുടങ്ങിയ പ്രയോഗങ്ങളിലും പ്രതിഫലിക്കുന്നത് ആദിവാസികളെ ഹിന്ദു മതത്തിന്റെ അനുബന്ധമായി മാത്രം കണ്ടിരുന്ന അതികാല്പനികമായ കൊളോണിയൽ വീക്ഷണമാണ്.വിശാല ബീഹാറിന്റെ ഭാഗമായിരുന്ന പിൽക്കാല ജാർഖണ്ഡ് പ്രദേശങ്ങളിലെ ആദിവാസി പ്രദേശങ്ങളെ ചൂഷണം ചെയ്തുകൊണ്ടാണ് 1950കൾ മുതൽ ഉയർന്നുവന്ന വൻകിട വ്യവസായ സംരംഭങ്ങളെല്ലാം വളർന്നു പന്തലിച്ചത്.
ഇന്ത്യയിലെ ഖനന പ്രവർത്തനങ്ങളുടെ നാലിലൊന്നും നടന്നിരുന്നത് വിശാല ബീഹാറിന്റെ ഭാഗമായിരുന്ന ജാർഖണ്ഡ് പ്രദേശങ്ങളിലായിരുന്നു.1980ൽ ഇന്ത്യയിലെ മൊത്തം കൽക്കരി നിർമ്മാണം 109.1 ദശലക്ഷം ടണ്ണിലെത്തിയപ്പോൾ 44.35 ദശലക്ഷം ടണ്ണായിരുന്നു അതിലേക്ക് ബീഹാറിന്റെ സംഭാവന.ജാരിയ,ബൊക്കാറോ, റാംഘട്ട് തുടങ്ങിയ പ്രദേശങ്ങൾ പ്രധാന ഖനന മേഖലകളായി മാറുകയും റാഞ്ചിയിൽ ബോക്സൈറ്റ് നിർമ്മാണവും ഉത്തര ഹസാരിബാഗിൽ മൈക്കാ നിർമ്മാണവും തുടങ്ങിയതോടെ പിൽക്കാല ജാർഖണ്ഡ് ഒരു പ്രധാന ഖനന-നിർമ്മാണ മേഖലയായി മാറുകയും ചെയ്തു. ബീഹാറിലെ നഗരങ്ങൾ ശരവേഗത്തിൽ വികസിക്കുകയും കുടിയേറ്റം ശക്തമാകുകയും ചെയ്തതോടെ ജാർഖണ്ഡിൽ തന്നെ ഒരു പ്രാദേശിക മധ്യവർഗ്ഗം വളർന്നു വരികയും,ഇത് വ്യാപകമായ ആദിവാസിഭൂമി കൈയ്യേറ്റത്തിലേക്കും കുടിയിറക്കിലേക്കും നയിക്കുകയും ചെയ്തു.1981ൽ വിശാല ബീഹാറിലെ പട്ടികവർഗ്ഗ ജനസംഖ്യയുടെ 97.7 ശതമാനവും സവാസി,ഗാസി തുടങ്ങിയ പട്ടികജാതി ജനസംഖ്യയുടെ 98 ശതമാനവും പിൽക്കാല ജാർഖണ്ഡ് പ്രദേശങ്ങളിലാണ് അതിവസിച്ചിരുന്നത്.നഗരകേന്ദ്രിതമായ വികസന പ്രവർത്തനങ്ങൾ ആദിവാസികളെ ഒരേ സമയം വികസനത്തിന്റെ ആനുകൂല്യങ്ങളിൽ നിന്നു തിരസ്ക്കരിച്ചു കളയുകയും കൂടുതൽ കൂടുതൽ അരികുവൽക്കരിക്കുകയും ചെയ്തു.ധനവിതരണത്തിലെ ഭീകരമായ അന്തരം ആദിവാസികളെ പൊതുവിലും,ചില ആദിവാസി വിഭാഗങ്ങളെ കൂടുതലായും പാപ്പരീകരിക്കുകയും അവർക്കിടയിൽ തന്നെ നിരവധി തട്ടുകൾ സൃഷ്ടിക്കുകയും ചെയ്തു.
2000ൽ ബിർസാ മുണ്ടയുടെ ജന്മദിനമായ നവംബർ 15ന് നിലവിൽ വന്ന ജാർഖണ്ഡ് സംസ്ഥാനം വലിയൊരളവോളം കേന്ദ്രഭരണത്തിലുണ്ടായിരുന്ന ബിജെപി യുടെ പദ്ധതിപ്രകാരമാണ് രൂപപ്പെടുത്തിയത്.1988 മുതൽ ബീഹാർ വിഭജിച്ച് ‘വനാഞ്ചൽ’ എന്നൊരു പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ബിജെപി ഉയർത്തുന്നുണ്ടായിരുന്നു. പുതിയ സംസ്ഥാനത്തെ ജനവിഭാഗങ്ങളെ ‘ആദിവാസികൾ’ എന്നതിന് പകരം ‘വനവാസികൾ’ എന്ന് വിളിക്കണമെന്നതും അവരുടെ ആവശ്യങ്ങളിലൊന്നായിരുന്നു. ഇന്ത്യയിലുടനീളമുള്ള ആദിവാസി സ്വത്വങ്ങളെ ഹിന്ദു മതത്തിലേക്ക് സ്വാംശീകരിച്ചെടുക്കാനുള്ള വിപുലമായൊരു പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ബ്രിട്ടീഷുകാരുടെ സാംസ്ക്കാരിക അധിനിവേശത്തെ ഏറ്റവും ശക്തമായി പ്രതിരോധിച്ച ഒരു വിഭാഗമാണ് ഇന്ത്യയിലെ ആദിവാസികൾ. നമ്മുടെ മുഖ്യധാരാ ചരിത്രരചന കാര്യമായി പരിഗണിച്ചിട്ടില്ലാത്തൊരു മേഖലയാണിത്. രാജ്യത്താകമാനം ഒരു കൊളോണിയൽ വിരുദ്ധ പൊതുദേശീയത രൂപപ്പെടുന്നതിനും എത്രയോ മുന്നേ കൊളോണിയൽ അധിനിവേശത്തെ പ്രതിരോധിക്കാൻ ആദിവാസികൾ മുന്നിട്ടിറങ്ങിയിരുന്നു. അവർക്കിടയിലെ ഏകീകരണത്തിന്റെ മൂലകാരണമായി പ്രവർത്തിച്ചത് ആദിവാസി സ്വത്വമായിരുന്നു.ഈ ആദിവാസി സ്വത്വത്തെ മനസ്സിലാക്കാനോ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനോ പാശ്ചാത്യർക്ക് കഴിഞ്ഞില്ല. മിക്കപ്പോഴുമവർ പ്രവിശ്യാഭരണം പ്രാദേശികരെ ഏല്പിച്ച് പിൻവാങ്ങാറാണ് പതിവ്. രാജ്യരൂപീകരണത്തിന് ശേഷവും ഇന്ത്യയിലെ നെഹ്രൂവിയൻ ദേശീയതയ്ക്ക് ആദിവാസി സ്വത്വങ്ങളെ സമ്പൂർണ്ണമായി ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ സാധിച്ചിരുന്നില്ല. അടിസ്ഥാനപരമായി നെഹ്റൂവിയൻ ദേശീയത ഒരുതരം സവർണ്ണതയായിരുന്നതും, അത് കൊണ്ടുനടന്നിരുന്ന പല അളവുകോലുകളും കൊളോണിയൽ നിർമ്മിതികളായിരുന്നതും, ആദിവാസി സ്വത്വങ്ങളുടെ സങ്കീർണ്ണതയുമെല്ലാം മുഖ്യധാരാ ദേശീയതയിലേക്ക് ആദിവാസി സ്വത്വങ്ങളെ സ്വാംശീകരിച്ചെടുക്കുന്നതിന് വിലങ്ങുതടിയായി നിന്നു. തീവ്രഹിന്ദുത്വ ശക്തികൾ ഈ പ്രശ്നത്തെ മറികടക്കാനും ആദിവാസി സ്വത്വങ്ങളെ ഹിന്ദു മതത്തിലേക്ക് വിളക്കിച്ചേർക്കാനുമുള്ള ശ്രമങ്ങൾ 1950കൾ മുതൽ ശക്തമാക്കുന്നുണ്ട്.
ആർ എസ് എസ്സിന്റെ പോഷകസംഘടനയായ ‘വനവാസി കല്യാൺ ആശ്രം’ ഇതിനു വേണ്ടി 1950ൾ മുതൽ ഹിന്ദി ഹൃദയഭൂമിയിലും പിൽക്കാല ജാർഖണ്ഡിലുമുള്ള ആദിവാസി മേഖലകളിൽ സജീവമായി പ്രവർത്തിസിച്ചുവരുന്നുണ്ട്. 1970കളുടെ അവസാനത്തോടെ ഈ ശ്രമങ്ങൾ കൂടുതൽ ശക്തമാകുകയാണുണ്ടായത്. ഹിന്ദുത്വ ശക്തികളെ ഇക്കാര്യത്തിൽ വലിയ രീതിയിൽ സഹായിച്ചൊരു ഘടകമാണ് ആദിവാസി മേഖലകളിലെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനം. ബ്രിട്ടീഷുകാരുടെ കാലം മുതലേ രാജ്യത്തുടനീളമുള്ള ആദിവാസി മേഖലകളിൽ പ്രവർത്തിച്ചു വരുന്ന മിഷനറിമാരുടെ പ്രധാന ഉദ്ദേശ്യം മതപരിവർത്തനം തന്നെയായിരുന്നു. എങ്കിലും ആദിവാസി പ്രദേശങ്ങളിലെ മനുഷ്യരിലേക്ക് മിക്കപ്പോഴും വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്തിയിരുന്നത് മിഷണറി പ്രവർത്തകരിലൂടെയായിരുന്നു.ആദിവാസികളുടെ മനസ്സിൽ വിമോചനത്തിന്റെ ആദ്യ വിത്തുകൾ പാകുന്നത് ഒരർത്ഥത്തിൽ മിഷണറിമാരാണ്. ഇതുയർത്തിയ ഭീഷണി മറികടക്കാൻ 1930കളിൽ രാജഭരണം നിലവിലുണ്ടായിരുന്ന പല പ്രവിശ്യകളിലും മതപരിവർത്തന നിരോധന നിയമങ്ങൾ കൊണ്ടുവരികയുണ്ടായി. ഈ ചരിത്രത്തെ വളച്ചൊടിക്കുകയും ഉത്തരേന്ത്യയിലെയും ജാർഖണ്ഡിലെയും മുഴുവൻ ആദിവാസികളും ഒരുകാലത്ത് ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് ആദ്യകാലങ്ങളിൽ ‘വനവാസി കല്യാൺ ആശ്രം’ പ്രവർത്തകർ ഹിന്ദുമതത്തിലേക്കുള്ള പരിവർത്തനങ്ങൾ നടത്തിയത്. ഇന്ത്യയിലെ വൈവിധ്യസമ്പന്നമായ ആദിവാസി സ്വത്വങ്ങളെ മുഴുവൻ ഹിന്ദുമതത്തിന്റെ ചട്ടക്കൂടിനകത്തുള്ള ഉപവിഭാഗങ്ങളായി കാണുന്നൊരു സങ്കൽപ്പമാണ് ‘വനവാസി’ യെന്ന സംസ്കൃത പദത്തിലൂടെ ഹിന്ദുത്വവാദികൾ മുന്നോട്ട് വയ്ക്കുന്നത്.ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ ഈ സങ്കൽപ്പത്തിന് വേരോട്ടമുണ്ടാക്കിയെടുക്കാൻ ‘വനവാസി കല്യാൺ ആശ്രം’ പ്രവർത്തകർ അവലംബിക്കുന്ന വിവിധ മാർഗങ്ങളെക്കുറിച്ച് ബദ്രി നാരായൻ തന്റെ പുതിയ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ജാർഖണ്ഡിലെ ആദിവാസി മേഖലകളിലെ തികച്ചും നിസ്വാർത്ഥമായ മിഷനറി പ്രവർത്തനങ്ങളെ പോലും തങ്ങളുടെ രാഷ്ട്രീയ പദ്ധതിയെ അടിമറിക്കാനുതകുന്ന പ്രതിപ്രവർത്തനമായാണ് ഒരു ശരാശരി ആർ എസ് എസ്സുകാരൻ കാണുന്നത്.
ഖനന-നിർമ്മാണ മേഖലകളുടെ ശക്തിപ്പെടലോടെ രൂപമെടുത്ത പുതിയ മധ്യവർഗ്ഗത്തെയാണ് ജാർഖണ്ഡ് സംസ്ഥാന രൂപീകരണം ആത്യന്തികമായി സഹായിച്ചത്. സർക്കാർ സംവിധാനങ്ങളിലും മറ്റും കടന്നു കൂടി തങ്ങളുടെ സാമൂഹ്യാധികാരത്തെ ഭരണകൂട യന്ത്രങ്ങളുടെ നിയന്ത്രണത്തിലൂടെ വിപുലപ്പെടുത്തുകയാണ് അവർ ചെയ്തത്. സംസ്ഥാന സർക്കാരിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനശൈലി നിർണയിച്ചത് ആദിവാസികളെ തങ്ങൾക്കധീനരായി കണ്ടിരുന്ന ഈ മധ്യവർഗ്ഗമായിരുന്നു .ഇവരിലൂടെ ആദിവാസികൾക്ക് നേരെയുള്ള അടിച്ചമർത്തൽ സ്ഥാപനവൽക്കരിക്കപ്പെടുകയാണുണ്ടായത്.സംസ്ഥാന രൂപീകരണത്തിന് ശേഷം ആദിവാസി മേഖലകളെ ഖനന-നിർമ്മാണ മാഫിയകൾക്ക് തീറെഴുതിക്കൊടുക്കുകയും ആദിവാസി ജീവിതം കൂടുതൽ സങ്കീർണമാക്കി തീർക്കുകയും ചെയ്തതിൽ ഈ വിഭാഗത്തിന് വലിയ പങ്കുണ്ട്.
മാവോയിസ്റ്റ് ആശയങ്ങൾക്ക് വലിയ വേരോട്ടമുള്ള സംസ്ഥാനമാണ് ജാർഖണ്ഡ്. ഫ്യൂഡലിസത്തിനിപ്പോഴും സാമൂഹിക ജീവിതത്തിന്റെ സകല പ്രതലങ്ങളിലും സ്വാധീനമുള്ള പ്രദേശങ്ങളാണ് മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായി നിലകൊള്ളുന്നതെന്ന് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പഠിക്കുന്ന ഏതൊരാൾക്കും അനായാസേന മനസ്സിലാക്കാവുന്നതാണ്. ഇവയെല്ലാം തന്നെ ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളായിരിക്കുമെന്നതും യാദൃശ്ചികമല്ല. ആദിവാസി ജനവിഭാഗങ്ങൾ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ട്ടരാകുന്നത് മാവോയിസ്റ്റ് ആശയങ്ങളുടെ പ്രത്യയശാസ്ത്ര ലാളിത്യം കൊണ്ടല്ല. തങ്ങളനുഭവിക്കുന്ന ഭീകരമായ അടിച്ചമർത്തലുകളുടെ ഉത്തരവാദികളായി അവർ ഭരണകൂടത്തിന്റെ വിവിധ രൂപങ്ങളെ കണ്ടുതുടങ്ങുകയും അതിനെതിരെ ചെറുത്തുനിൽപ്പല്ലാതെ മറ്റു വഴികളൊന്നുമില്ലെന്ന് അനുഭവങ്ങളിലൂടെ മനസ്സിലാക്കിയെടുക്കുകയും ചെയ്യുന്ന പ്രത്യേക സന്ദർഭത്തിൽ മാത്രമാണ് മാവോയിസ്റ്റ് ആശയങ്ങൾ അവർക്കിടയിൽ സ്വീകാര്യമാകുന്നത്.
ആദിവാസി ജനവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗ്ഗമായി മാവോയിസ്റ്റ് ആശയങ്ങളെ അവതരിപ്പിക്കുമ്പോൾ മാത്രമാണത് സംവേദനക്ഷമമാകുന്നത്. ആദിവാസി മേഖലകളിൽ മാവോയിസ്റ്റ് ആശയങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നതിന്റെ അർത്ഥം, ആദിവാസി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടം നിരന്തരം പരാജയപ്പെടുന്നു എന്ന് മാത്രമാണ്. ആദിവാസി മേഖലകളിലേക്കുള്ള മുതലാളിത്ത കടന്നുകയറ്റങ്ങൾക്ക് പൂർണ്ണ പിന്തുണ കൊടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭരണവർഗ്ഗം പക്ഷെ മാവോയിസ്റ്റ് ഭീഷണിയെ ഇത്ര ലളിതമായി കാണാൻ താത്പര്യപ്പെടുന്നില്ല.ഇന്ത്യൻ വനാന്തരങ്ങൾ മുഴുവൻ വേദാന്ത പോലുള്ള വൻകിട ഖനന-നിർമ്മാണ മാഫിയകൾക്ക് വേണ്ടി ബലമായി പിടിച്ചെടുത്തു കൊടുക്കുന്ന കൂലിത്തല്ലുകാരന്റെ പ്രവർത്തനമാണ് ഇന്ത്യൻ ഭരണകൂടം വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി പിരിച്ചുവിട്ട ‘സാൽവാ ജൂദും’ പോലുള്ള നിരവധി പൂർണ്ണ-അർദ്ധ സർക്കാർ സേനകളാണ് ഈ പ്രവർത്തനം ഭരണകൂടത്തിന് വേണ്ടി ഏറ്റെടുത്തു നടത്തുന്നത്.ഇത്തരം പ്രവർത്തനങ്ങളെ മറച്ചുപിടിക്കാനുള്ള ഉപകരണമായാണ് മാവോയിസ്റ്റ് സാന്നിധ്യത്തെ ഇന്ത്യൻ ഭരണകൂടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിഭീകരമായ ഭരണകൂട അടിച്ചമർത്തൽ നിലവിലുള്ള കാശ്മീർ മേഖല പോലെ തന്നെ മാവോ ബാധിത പ്രദേശങ്ങളിൽ നിന്നും സിവിൽ സമൂഹത്തിന്റെ ശബ്ദം ഭരണകൂടമറിയാതെ പുറംലോകത്തേക്കെത്തില്ല.ഭരണകൂടത്തിന് പ്രയോജനകരമായ രീതിയിലുള്ള വളച്ചൊടിച്ച വാർത്തകൾ മാത്രം പുറത്തു വരുന്നതിനാൽ ഈ മേഖലകളെക്കുറിച്ച് പൊതുജനങ്ങൾ മിക്കപ്പോഴും ബാലിശമായ വിശ്വാസങ്ങളാണ് വച്ചുപുലർത്താറ്.കാശ്മീരും മാവോ ബാധിത മേഖലകളും ആരും തലയിടാൻ താൽപര്യപ്പെടാത്ത,സ്ഫോടനശേഷി കൂടിയ വിഷയങ്ങളാകുന്നത് അങ്ങനെയാണ്.
സ്റ്റാൻ സ്വാമിയുടെ ബഹുമുഖ പോരാട്ടങ്ങളുടെ ജനകീയ സ്വഭാവം ഈ വസ്തുതകളുടെ പശ്ചാത്തലത്തിലാണ് നമ്മൾ മനസ്സിലാക്കേണ്ടത്.സമകാലിക ഇന്ത്യൻ പരിതസ്ഥിതിയിൽ ഒരു പാൻ ഇന്ത്യൻ സ്വഭാവം സൂക്ഷിക്കുമ്പോഴും ജാർഖണ്ഡിൽ നിലനിൽക്കുന്ന സാമൂഹിക-സാമ്പത്തിക-സാംസ്ക്കാരിക ചൂഷണങ്ങളിൽ നിന്ന് വേർപെട്ട് നിൽക്കുന്ന ഒന്നല്ല സ്റ്റാൻ സ്വാമിയുടെ പോരാട്ടങ്ങൾ.ഇവയോടെല്ലാമുള്ള എതിരിടലായാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിലകൊള്ളുന്നത്. ഇന്ത്യൻ ഭരണകൂടം ലജ്ജയയേതുമില്ലാതെ അതിന്റെ പരുക്കൻ മുഖം വെളിവാക്കി തുടങ്ങിയ 1960കളിൽ സജീവ സാമൂഹിക പ്രവർത്തനം തുടങ്ങിയ സ്റ്റാൻ സ്വാമി തുടക്കം മുതലേ നിലയുറപ്പിച്ചത് ഭരണകൂടവും മുഖ്യധാരാ വികസന സങ്കൽപ്പങ്ങളും സങ്കർഷഭരിതമാക്കിയ അടിസ്ഥാന ജനവിഭാഗങ്ങളുടെ കൂടെയാണ്.ഇടത്തരം സാമൂഹിക പ്രവർത്തകരും മിഷണറിമാർ തന്നെയും പൊതുവേ ശീലിച്ചു പോന്ന നഗരകേന്ദ്രിതമായ സാമൂഹിക പ്രവർത്തനത്തിൽ നിന്നുള്ള വിച്ഛേദത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ സാമൂഹികപരത ആരംഭിക്കുന്നത്.നഗരങ്ങൾ വിട്ട് ഉൾനാടൻ ആദിവാസി മേഖലകളിലേക്ക് ശ്രദ്ധപതിപ്പിച്ച അദ്ദേഹം തുടക്കകാലത്തെ പ്രവർത്തനങ്ങളെ കുറിച്ച് പല അഭിമുഖങ്ങളിലും പരാമർശിക്കുന്നുണ്ട്.മനുഷ്യൻ മനുഷ്യനോട് തന്നെ ചെയ്യുന്ന ഭയാനകമായ അടിച്ചമർത്തലിന്റെ തീവ്രത ആദ്യകാലങ്ങളിൽ തന്നെ മനസ്സിലാക്കിയതിനാലാണ് അദ്ദേഹം തന്റെ ശിഷ്ടകാലം ഈ അടിച്ചമർത്തലുകൾക്കെതിരെയുള്ള പോരാട്ടമാക്കി മാറ്റിയത്. അദ്ദേഹത്തിന്റെ സമീപനങ്ങളിലാകെ കണ്ടെടുക്കാവുന്ന ഇടത് അനുഭാവത്തിന്റെ ഉറവിടവും ഈ ആദ്യകാല അനുഭവങ്ങളാണ്.
ബാംഗ്ലൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ സാമൂഹിക പിന്നോക്കാവസ്ഥയെ കുറിച്ച് പല പഠനങ്ങളും നടത്തുകയും സേവനസന്നദ്ധരായ നിരവധി ചെറുപ്പക്കാരെ വാർത്തെടുക്കുകയും ചെയ്തു.അടിത്തട്ടിലെ ജനങ്ങളുടെ ഉന്നമനം പ്രാഥമികമായി കാണുന്ന സ്റ്റാൻ സ്വാമിയുടെ കാഴ്ചപ്പാടുകളുടെ പ്രയോഗതലത്തിലേക്കുള്ള മൊഴിമാറ്റമായിരുന്നു ഈ സ്ഥാപനത്തിന്റെ ഊർജ്ജകേന്ദ്രം. ആദിവാസി ജനവിഭാഗങ്ങൾക്ക് സ്വയംനിർണ്ണയാവകാശം നൽകുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക പ്രാവർത്തികമാക്കുന്നതിലെ കാലതാമസം, വൻകിട ഡാമുകളുടെയും വ്യവസായ ശാലകളുടെയും വികസന പ്രവർത്തനങ്ങളുടെയും മറവിൽ ആദിവാസികളെ കുടിയിറക്കൽ, തുടങ്ങി ആദിവാസി ജീവിതം തകർത്തെറിയുന്ന എല്ലാ ഭരണകൂട പ്രവർത്തനങ്ങൾക്കെതിരെയും മുന്നിട്ടിറങ്ങുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്ത സ്റ്റാൻ സ്വാമി പതിറ്റാണ്ടുകളായി ഭരണകൂടത്തിന്റെ കണ്ണിലെ കാരമുള്ളാണ്.ആദിവാസി വിഭാഗത്തിൽ പെട്ടവരെ മാവോയിലിസ്റ്റുകളെന്ന് മുദ്രകുത്തി അന്യായമായി തടവിൽ വയ്ക്കുകയും വ്യാജ ഏറ്റുമുട്ടൽ കൊലകളിലൂടെ വധിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ അദ്ദേഹം നിരന്തരം ശബ്ദമുയർത്തുകയുണ്ടായി.
2016ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിൽ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ 97%വും നിരപരാധികളെന്ന് കണ്ടെത്തി വർഷങ്ങൾക്ക് ശേഷം വിട്ടയക്കപ്പെടുന്നുവെന്നും ഇത്തരം കേസുകളിൽ അകപ്പെടുത്തപ്പെടുന്നവരിൽ 31%വും ആദിവാസി വിഭാഗങ്ങളാണെന്നും കണ്ടെത്തുകയുണ്ടായി. അദ്ദേഹത്തെയും ഭരണകൂടത്തോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന മറ്റ് പലരെയും പ്രതിചേർത്ത എൽഗാർ പരിഷത്ത് – ഭീമ കൊറേഗാവ് കേസിലെ പ്രധാനപ്പെട്ട തെളിവുകളെല്ലാം കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്ന് മസാച്യുസെറ്റ്സ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആർസനൽ കൺസൾട്ടിങ്ങ് കണ്ടെത്തുകയും ‘വാഷിങ്ടൺ പോസ്റ്റ്’ പോലുള്ള വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതാണ്.ഭരണകൂട ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് വിയോജിപ്പുകളെ അടിച്ചമർത്തുകയും വിയോജിക്കുന്നവരെ തന്നെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് പ്രവണതയുടെ ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാൻ സ്വാമിയുടെ കൊലപാതകം.മുതലാളിത്ത ചൂഷകർക്ക് ഇന്ത്യയിലെ ധാതുസമ്പന്നമായ വനമേഖലകൾ തീറെഴുതി കൊടുക്കാനുള്ള ഭരണകൂട ശ്രമങ്ങളെ നിർവീര്യമാക്കാനുള്ള നിതാന്ത പരിശ്രമത്തിലേർപ്പെട്ടതാണ് സ്റ്റാൻ സ്വാമിയുടെ ഒന്നാമത്തെ കുറ്റം.ഭരണവർഗ്ഗം സ്വഭാവികമെന്ന രീതിയിൽ നടത്തുന്ന സ്ഥാപനവൽകൃത അടിച്ചമർത്തലുകൾക്കെതിരെ ആദിവാസി ജനവിഭാഗങ്ങളെ ബോധവൽക്കരിച്ചതാണ് രണ്ടാമത്തെ കുറ്റം.പിന്നോക്ക ജനവിഭാഗങ്ങൾക്ക് നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നതിനെതിരെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നിരന്തരം കലഹിച്ചതാണ് മൂന്നാമത്തെ കുറ്റം.
അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം നിൽക്കുകയെന്നത് തന്നെ രാജ്യദ്രോഹകുറ്റമായി പരിഗണിക്കപ്പെടുന്ന രാജ്യത്തെ ഭരണകൂടവും, വികസനവും,മുഖ്യധാരാ മനുഷ്യരും തിരസ്ക്കരിച്ചു കളഞ്ഞ ജനവിഭാഗങ്ങൾക്ക് വേണ്ടി നിരന്തരം പൊട്ടിത്തെറിച്ചുകൊണ്ടിരുന്നതാണ് ഏറ്റവും വലിയ കുറ്റം.വിയോജിപ്പുകളോടുള്ള ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ അടിസ്ഥാന സമീപനവും ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഗുരുതരമായ പാളിച്ചകളുമാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ വീണ്ടും വെളിപ്പെടുന്നത്.അധിനിവേശകരുടെ കാഴ്ചബംഗ്ലാവായി മാറിയ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഭാവിപോരാട്ടങ്ങൾക്ക് ഒരു വഴിവിളക്കായി മാറുകയാണ് സ്റ്റാൻ സ്വാമി ചെയ്തത്. ഈ അനിവാര്യമായ പോരാട്ടത്തിൽ നിന്ന് അധികകാലം നമ്മുക്കാർക്കും മാറിനിൽക്കാനാകില്ല.
സ്റ്റാൻ സ്വാമിയുടെ നിർഭയമായ 84 വർഷക്കാലത്തെ ജീവിതത്തോട് ജോൺ സ്റ്റൈൻബക്കിന്റെ ഈ വാക്കുകളെ ചേർത്തുവെക്കുമ്പോൾ വാക്കുകളുടെ അർത്ഥം എത്രയോ വിശാലമാകുന്നു.
“ചുരുങ്ങിപ്പോയ സ്വന്തം കുടലിലെ മാത്രമല്ല,തന്റെ കുഞ്ഞുങ്ങളുടെ ഗതികെട്ട വയറുകളിലെക്കൂടി വിശപ്പനുഭവിക്കുന്ന മനുഷ്യനെ എങ്ങനെയാണ് ഭയപ്പെടുത്താൻ കഴിയുക?നിങ്ങൾക്കതിനാവില്ല.”
(പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ രണ്ടാം വർഷ ബി എ സോഷ്യോളജി വിദ്യാർത്ഥിയാണ് ലേഖകൻ)