
ഫിയദോർ: ഒടുങ്ങാത്ത സങ്കീർത്തനങ്ങൾ

അഖിൽ എസ് മുരളീധരൻ
എന്നാണ് എന്നറിയില്ല ഇന്നത്തെപ്പോലെ സാഹിത്യ ചർച്ചകൾ ഒന്നും അന്ന് അങ്ങനെ എന്റെ നാട്ടിൽ ആരംഭിച്ചിട്ടില്ല. നാലുകിലോമീറ്റർ അകലെയുള്ള വായന ശാലയിലേക്ക് കഴിയുമെങ്കിൽ കൺസെഷൻ ടിക്കറ്റിൽ കയറിപ്പോയി പുസ്തകമെടുത്തു തിരിച്ചു വരും. വന്നാൽ നേരെ പോയി കുളിച്ച് നിലത്തേക്ക് കമിഴ്ന്നു കിടന്ന് വായന തുടങ്ങുകയായി. വൈകുന്നേരം ആയതുകൊണ്ട് ചായയും പലഹാരങ്ങളും ഉണ്ടായെന്നു വരും. എന്തായാലും അങ്ങനെ ഒരു കാലത്ത് കൃത്യം പതിനൊന്നാം വയസ്സിൽ എന്റെ മുന്നിലേക്ക് വിഖ്യാത നായ ആ എഴുത്തുകാരൻ പ്രത്യേക്ഷപ്പെട്ടു. സാക്ഷാൽ ‘ഫിയദോർ മിഖായലോവിച്ച് ദസ്തയേവ്സ്കി’.
കാരമസോവ് സഹോദരന്മാർ എന്ന തടിച്ച വിവർത്തന പുസ്തകം എന്നോടൊപ്പം നിരന്തരം ഊണിലും ഉറക്കത്തിലും സഞ്ചരിച്ചു കൊണ്ടിരുന്നു. ചെറിയ പ്രായത്തിൽ മറ്റൊരു ലോകത്തിലെ വ്യത്യസ്ത മായ ഭൂപ്രകൃതിയും ജീവിതവും ഒരു കുട്ടിയെ അത്ഭുതപ്പെടുത്തുമെന്ന് തീർച്ചയാണല്ലോ. പിന്നാലെ കുറ്റവും ശിക്ഷയും.

അതിനും അപ്പുറം പെരുമ്പടവം ശ്രീധരനിലൂടെ ഒരു സങ്കീർത്തനം പോലെ ഈ ഭാഷയിൽ ഒഴുകി. എടുത്താൽ ഒറ്റയിരിപ്പിന് അവസാനിപ്പിച്ചു കളയാൻ തോന്നുന്ന പുസ്തകം. പിൽക്കാലം അതിന്റെ പുതിയ പതിപ്പുകൾ കൊണ്ട് പെറ്റു പെരുകി ഫിയദോർ അനശ്വരമാക്കി.
ഇടക്കെല്ലാം അന്ന ദസ്തയേവ്സ്കായ എന്ന ആ സന്തത സഹചാരിയെ ഓർത്തു. അന്ന എന്ന പേരിൽ അവൾ കേരളത്തിന്റെ ഭൂപ്രകൃതിയിലും അലഞ്ഞു.
ദസ്തയേവിസ്കിയുടെ ആദ്യ വായന ഇങ്ങനെ ആയിരുന്നുവെങ്കിൽ അതിന്റെ രണ്ടാമത്തെ തുടർച്ച മനുഷ്യ ബന്ധങ്ങളുടെ ആഴത്തെ അന്വേഷിക്കൽ എന്നപോലെ ഒരനുഭവമായി മാറി.
സത്യജിത് റേയുടെ അഗന്തുക്ക് എന്ന ചലച്ചിത്രത്തിൽ ലോകം ചുറ്റി വല്ലപ്പോഴും വീട്ടിലേക്ക് കയറി വരുന്ന മൻമോഹൻ മിത്ര എന്ന അമ്മാവൻ ഒരു കഥാപാത്രമാണ്.
അതുപോലെ ഞങ്ങളുടെ ഗ്രാമത്തിലെ വീട്ടിലേക്ക് വല്ലപ്പോഴും കയറി വരുന്ന അമ്മയുടെ അമ്മാവൻ ഒരർത്ഥത്തിൽ ഒരു വിജ്ഞാന കോശം പോലെയായിരുന്നു.
ജീവിതത്തിൽ ഒന്നും നേടിയില്ലെങ്കിലും മനസ്സുകൊണ്ട് താൻ കണ്ടതും അനുഭവിച്ചതുമെല്ലാം ഞങ്ങളോട് പറയാൻ അയാൾ തിടുക്കം കാട്ടി.
ആ ഉദ്യോഗജനകമായ കഥകളിൽ ചിലപ്പോൾ വിശ്വ സാഹിത്യവും കടന്നു വന്നു. അത് റഷ്യയാകാതെ തരമില്ലല്ലോ. ദസ്തയേവിസ്കിയുടെ രണ്ടാം വരവ് ഈ അമ്മാവനിലൂടെ യായിരുന്നു. അദ്ദേഹം എഴുത്തുകാരനെ ഞങ്ങളുടെ മുന്നിൽ കീറി മുറിച്ചുവെച്ചു. അയാളുടെ കഥാപാത്രങ്ങളെ വിചാരണ ചെയ്തു. അതിന്റെ ആഴങ്ങളിൽ നിഗമനങ്ങൾ ഒളിപ്പിച്ചു.
എഴുതാനുള്ള ബാഹ്യ പ്രേരണ സൃഷ്ടിക്കലായിരുന്നു അതെന്ന് അന്ന് ഞാൻ അറിഞ്ഞില്ല.
പിന്നീട് എത്രയോ കാലങ്ങൾക്ക് ശേഷം എനിക്ക് ഒരു റഷ്യൻ സുഹൃത്തുണ്ടായി. സൈബീരിയയിലെ മഞ്ഞു പുതച്ച യാക്കുട്സ് എന്ന സ്ഥലത്തെ തന്റെ ചെറിയ വീട്ടിൽ നിന്നും അവൾ എനിക്ക് കത്തുകൾ എഴുതി. യേലിനാ എഴുതിയ ആ കത്തുകളിൽ റഷ്യൻ സാഹിത്യവും തിരിച്ചു വരാനാകാതെ സൈബീരിയയുടെ അജ്ഞാത ദേശങ്ങളിൽ മരിച്ചു പോകേണ്ടി വന്ന സഖാക്കളുടെ വേദനയും ഉണ്ടായിരുന്നു.
അഖിൽ നിങ്ങൾക്ക് അറിയാമോ ഈ മഞ്ഞിൽ ഘനീഭവിച്ചിരിക്കുന്നത് ദുഃഖത്തിന്റെ യും സന്തോഷത്തിന്റെയും കണ്ണീരാണ് എന്ന് അവൾ പലപ്പോഴും ആവർത്തിച്ചു. മാക്സിം ഗോർക്കി മുതൽ ഫയദോർ ദസ്തയെവിസ്കി വരെയുള്ളവർ വിലയിരുത്തപ്പെട്ടു.

ഒടുവിലത്തെ ഓർമ വൈകാരികമായ ഒന്നാണ്. അതിനെ മൂന്നാം ഭാവമായി അവതരിപ്പിക്കാം.
കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ സാഹിത്യ പരിഷത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ നീലേശ്വരത്തെ ഒരു ഹോട്ടൽ മുറിയിൽ താമസിക്കുമ്പോൾ അന്നവിടെ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന എൻ ശശിധരൻ മാഷ് ദസ്തയേവിസ്കിയെ പറ്റി പറയുന്ന നിമിഷങ്ങളാണ്. സാഹിത്യ വേദി മീറ്റിംഗിലും അദ്ദേഹം തികച്ചും വൈകാരികമായി അതിനെ അവതരിപ്പിച്ചു. ഒരെഴുത്തുകാരാനോട് വായനക്കാരന് ചേർന്നു നില്ക്കാൻ കഴിയുന്ന ഏറ്റവും വലിയ ഔന്നത്യം അതാണെന്ന് എനിക്ക് തോന്നി. ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ താൻ മരിക്കുമ്പോൾ തന്റെ ശവ ഘോഷയാത്രയിൽ നെഞ്ചിൽ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകം വയ്ക്കണം എന്ന് വായനക്കാരൻ തന്റെ മരണ പത്രത്തിൽ എഴുതുമ്പോൾ എഴുത്തുകാരൻ അനശ്വരനാകുകയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എൻ ശശിധരൻ മാഷ് അങ്ങനെ ആവശ്യപ്പെടുന്നു.
തൊടിയിലൂടെ പടർന്നു കയറിയ പച്ചപ്പിൽ ഒരു പൂച്ച ഇറങ്ങി നടക്കുന്നതു കാണുമ്പോൾ പുസ്തകം മടക്കി അതിനു പിന്നാലെ നടക്കുമ്പോൾ ഞാനീ അനുഭവങ്ങളെ വീണ്ടും വീണ്ടും പരിശോധിക്കുകയാണ്. രണ്ടു ദേശങ്ങളെ ഒരേ അനുഭവത്തിൽ എഴുത്തുകാർ ചേർത്തു നിർത്തുന്നത് എങ്ങനെ എന്നറിയാൻ.