
പറമ്പ്

അഖില്‍ പുതുശ്ശേരി
ഒരു വലിയ പറമ്പ് ഉണ്ടായിരുന്നു
അവിടെയാണ് ക്രിക്കറ്റ് കളിക്കുന്നത്
കുട്ടിക്കാലം മുഴുവന്‍ അവിടെയായിരുന്നു
ഉച്ചെരിഞ്ഞ നേരം
ശീമക്കൊന്നക്കമ്പ് വെട്ടി സ്റ്റ്മ്പും
ഓലമടലുവെട്ടി ബാറ്റും ഉണ്ടാക്കി
ഞങ്ങളിറങ്ങും
തെക്കെയറ്റത്തു നില്ക്കുന്ന കുള്ളന്‍ മൂവാണ്ടന്മാവില്*
നാട്ടാര്ടെ കണ്ണുവെട്ടിച്ചു
മാങ്ങ എറിഞ്ഞിടും
ഉപ്പും മുളകും പുരട്ടി
അതു കടിക്കുമ്പോഴത്തെ
പുളിയും എരിവും
ത്രസിപ്പും മുരള്‍ച്ചയും
ഞരക്കവും ഞങ്ങള്‍ക്കറിയാം
ബോള്‍ അടിക്കുമ്പോള്‍
ചെന്ന് വീഴുന്ന
തൊട്ടയലത്തെ ഇച്ചേയിയുടെ **
ഓട് മുറുമുറുക്കും
കേട്ടപാടെ അവരുടെ വായിലെ പുളിച്ച തെറി.
ക്രിക്കറ്റ് കളിയിലും
പുളിച്ചി മാങ്ങയിലും
കള്ളത്തരത്തിലും
തെറിവിളിയിലുമാണ്
അന്നത്തെ ഞങ്ങളുടെ സൗഹൃദം
തഴച്ചു വളര്‍ന്നത്.

അന്തിചോക്കുമ്പോഴാണ്
ഞങ്ങള്‍ തിരിച്ചു കയറാറ്
തൊടിയിലെ കിണറ്റിലെ
തണുത്ത വെള്ളം കുടിച്.
ഒരു ദിവസം പറമ്പ്
അവിടെയുണ്ടാകില്ല
ആ മാവ് മൂടോടെ വെട്ടിമാറ്റിയിട്ടുണ്ടാകാം
ഇച്ചേയിയുടെ വീടും കാണാതായേക്കാം
എന്തുണ്ടായെന്ന് ഒരു പിടിയും കിട്ടില്ല.
ഒരു കൂറ്റന്‍ നഗരത്തിലേക്കു ചെന്നവണ്ണം
അവിടെയാകെ വാഹനങ്ങള്‍ ഇരച്ചുപായും
പച്ച മഞ്ഞ ചുവപ്പ് ലൈറ്റുകള്‍ മിന്നിമറയും.
*മൂന്ന് വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്നത്
**മുതിര്‍ന്ന സ്ത്രീകള്‍