
ഗോദാർദ്: ജ്ഞാന വൃദ്ധന്റെ തിരുദർശനങ്ങൾ

അഖിൽ എസ് മുരളീധരൻ
ഴാങ് ലൂക്ക് ഗോദാർദ് ഒരിതിഹാസമാണ് തന്റെ ജീവിതത്തിലെ ചെറിയ നിമിഷങ്ങൾ പോലും അത്രമേൽ രാഷ്ട്രീയ വൽക്കരിച്ച വിഖ്യാത ചലച്ചിത്രകാരൻ. അദ്ദേഹത്തിന്റെ സിനിമ രാഷ്ട്രീയത്തെ കണ്ടെത്തുകയാണ് ചെയ്തത്. പ്രമേയം കൊണ്ടല്ല സൂക്ഷമമായ ആഖ്യാനം കൊണ്ട് ഫ്രഞ്ച് നവതരംഗ സിനിമ എന്ന പ്രത്യേയശാസ്ത്ര ത്തിനും അപ്പുറം അതുവളരുന്നു.
ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിൽ നിറഞ്ഞ സ്ക്രീനിൽ ചുണ്ടിൽ ചുരുട്ടും മന്ദഹാസവുമായി രണ്ടുകൈകളും ഉയർത്തി കാണികളെ അഭിവാദ്യം ചെയ്ത ഗോദാർദ് ആ അഞ്ചു നിമിഷങ്ങളെപ്പോലും കലാപരമാക്കി തീർത്തു.
ഓസ്കാർ നിഷേധിച്ച മനുഷ്യൻ മറ്റൊരു ഭൂഖണ്ഡത്തിലെ ചെറിയൊരു പ്രദേശത്തെ അഭിസംബോധന ചെയ്യുന്നതിലും രാഷ്ട്രീയമുണ്ട്.
തൊണ്ണൂറ്റി രണ്ട് ചെറിയൊരു പ്രായമാണെന്ന തോന്നൽ അദ്ദേഹത്തെ ഊർജസ്വലനാക്കുന്നു.
തന്റെ സിനിമ കാണുന്നവർ സാധാരണ പ്രേക്ഷകരെക്കാൾ മുൻപേ നടക്കുന്നവർ എന്നൊരു തമാശ അദ്ദേഹം പറയാറുണ്ട്. അടിസ്ഥാന പരമായി അതിൽ ശരികൾ ഉണ്ടെന്നതാണ് യാഥാർത്ഥ്യം.
1960ലാണ് ഗോദാർദിന്റെ ആദ്യ ഫീച്ചർ ഫിലിം ബ്രീത്ത് ലെസ്സ് പുറത്തു വന്നത്. സാങ്കേതികമായി വളരെ തികവുറ്റ ആ ചലച്ചിത്രം സിനിമാ ലോകത്തെ അമ്പരപ്പിച്ചു. ക്യാമറയുടെ കോണുകളിൽ നിന്നുള്ള വിസ്മയം ജനിപ്പിക്കുന്ന പുതിയ കാഴ്ചകൾ ലോക സിനിമ കാണാൻ തുടങ്ങുകയായിരുന്നു അവിടം മുതൽ.
പാരീസിലെ വ്യത്യസ്തമായ ജീവിതങ്ങളായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റെ പ്രമേയങ്ങൾ. അത് പലപ്പോഴും അധികാര വർഗ്ഗത്തോട് കലഹിക്കുകയും പ്രതിരോധിക്കുകയും ചെയ്തു.
ഇക്കാലത്തു തന്നെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പക്ഷെ സിനിമയുടെ ലോകത്തെ വാണിജ്യ താൽപര്യങ്ങളെ തുറന്നെതിർത്ത ഗോദാർദ് തന്റെ തന്നെ വഴി സ്വയം കണ്ടെത്തുകയായിരുന്നു.
1930 കളിലായിരുന്നു ഗൊദാർദി ന്റെ ജനനം പ്രൊട്ടസ്റ്റന്റ് കുടുംബ പശ്ചാത്തലത്തിൽ നിന്നും വളർന്ന്സോർബൻ യൂണിവേഴ്സിറ്റി യിലെ ബിരുദ പഠനത്തിനു ശേഷമാണ് അദ്ദേഹം സിനിമയുടെ ലോകത്തേക്ക് നടന്നു കയറുന്നത്. ആദ്യം ആരംഭിച്ച ഗസ്റ്റെ സിനിമ എന്ന മാസിക കുടുംബത്തിന്റെ എതിർപ്പുകാരണം ഉപേക്ഷിക്കേണ്ടി വന്നു.പിന്നീട് സ്വിറ്റ്സർലൻഡിലേക്ക് പോയ അദ്ദേഹം അവിടെ ഒരു ഡാ മിന്റെ പ്രവർത്തനത്തിൽ പങ്കു ചേർന്നു. പ്രോജക്ട് ഓഫീസറായിരിക്കെ അതും ഉപേക്ഷിച്ചാണ് അടങ്ങാത്ത തന്റെ സിനിമാ ഭ്രാന്തിന്റെ ഘട്ടത്തിൽ ഓപ്പറേഷൻ ബീറ്റണ് എന്ന ചലച്ചിത്രം സംവിധാനം ചെയ്ത് വീണ്ടും സിനിമയിലേക്ക് ഗോദാർദ് കടന്നെത്തുന്നത്. അതൊരു ചെറിയ ചിത്രമായിരുന്നു. പിന്നീടും ചെറിയ ജോലികൾ ചെയ്ത് പിടിച്ചു നിൽക്കാൻ അദ്ദേഹം ശ്രമിച്ചു. തുടർന്നാണ് ബ്രീത്ത് ലെസ്സിലൂടെ അദ്ദേഹം ചുവടുറപ്പിക്കുന്നത്. സമകാലിക വിഷയങ്ങളെ രാഷ്ട്രീയ വത്കരിക്കുക വഴി നിരവധി തവണ അദ്ദേഹത്തിന്റെ സിനിമകൾ നിരോധിക്കപ്പെട്ടു. എങ്കിലും തന്റെ ചലച്ചിത്ര സപര്യ തുടരാൻ ഗോദാർദിനായി എന്നത് ലോക ചലച്ചിത്ര വേദിയെ തന്നെ എക്കാലവും പ്രചോദിപ്പിക്കും.
അത്യന്തം ഫാസിസ്റ്റ് സമീപനത്തിലേക്ക് നീങ്ങുന്ന ഇന്ത്യയെ പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളിൽ ഗോദാർദിന്റെ രാഷ്ട്രീയ മാനങ്ങൾക്ക് പ്രസക്തിയുണ്ട്. കത്തിച്ച ചുരുട്ട് പ്രസക്തമായ പ്രതിരോധമായി മാറുന്നു എന്നതാണ് യാഥാർത്ഥ്യം.