
സ്മൈലി യുഗത്തിലെ രാഷ്ട്രീയം

അഖിൽ എസ് മുരളീധരൻ
Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies
– Ernest Benn
പദാർത്ഥത്തിനുള്ളിൽ ശാസ്ത്രീയമായ അതിൻറെ ഘടകങ്ങൾക്കും അപ്പുറം അതി വിപുലമായ രാഷ്ട്രീയ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. മനുഷ്യ നിർമ്മിതമായ വസ്തുവിനും അപ്പുറം ഭൂമി ശാസ്ത്രപരമായ ഘടനയിൽ നിലനിൽക്കുന്ന വിഭവങ്ങൾക്കും ഈ സാധ്യത ബാധകമാണ്. ഉപഭോക്താവ് ഈ അറിവിനെ വസ്തുവിൽ നിന്നും കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ സമീപനം. മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ എല്ലാ പദാർത്ഥത്തിനും ഇത് ബാധകമാണ്. ഉത്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുവിൻറെ രാഷ്ട്രീയം അതിൻറെ മൂല്യത്തിനനുസരിച്ച് പ്രധാനപ്പെട്ടതാണ്.
ടെറി ഈഗിൾട്ടൺ why marx was right എന്ന പുസ്തകത്തിൽ ഭൂതകാലത്തെപ്പറ്റി മാർക്സ് അശുഭ വിശ്വാസി ആണെന്നും ഭാവിയെപ്പറ്റി അസാധാരണ വിധം ശുഭാപ്തിവിശ്വാസിയാണെന്നും പറയുന്നുണ്ട്. ഭാവി കാലം മാർക്സ് വിചാരിച്ചതുപോലെ നിരന്തര സംഘടനങ്ങളിലൂടെ സോഷ്യലിസത്തിൻറെ പ്രസക്തി ഏറ്റുന്നുണ്ട് .വാക്സിൻ വിതരണത്തിലെ അസമത്വം തന്നെയെടുക്കാം. മുതലാളിത്ത രാജ്യങ്ങൾ തങ്ങളുടെ സ്വാർത്ഥ സമീപനം കൊണ്ടുതന്നെ മാനവരാശിക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുന്നു. പരസ്പര സഹകരണത്തിലൂന്നിയ പ്രവർത്തനങ്ങൾ ഇല്ലാത്തതുകൊണ്ടു തന്നെ മഹാമാരികളെ പിടിച്ചു കെട്ടാൻ ലോകത്തിന് കഴിയുന്നില്ല.
നമ്മുടെ ചുറ്റുമുള്ള ഓരോന്നിനെയും ലോകവുമായി ബന്ധിപ്പിക്കുന്ന സൂക്ഷ്മ ഘടകങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഇന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ മുതലാളിത്ത മൂലധനം മറ്റൊരു രീതിയിലാണ് പ്രയോഗിക്കപ്പെട്ടത്. ജനാധിപത്യ രാജ്യങ്ങളിൽ അതിന് വ്യക്തമായ രൂപമാറ്റ സ്വഭാവമുണ്ട്. പോസ്റ്റ് ട്രൂത്ത് എന്ൻ നമുക്കതിനെ വിളിക്കാൻ കഴിയുമ്പോൾ തന്നെ ഈ കാലത്തെ സാമൂഹിക മനശാസ്ത്രം വൈരുദ്ധ്യങ്ങൾ നിറഞ്ഞതായി നില നിൽക്കുന്നുണ്ട്. ചരിത്രപരമായ കൌശലവും ഉദാസീനതയും ഇതിൽ നിലനിൽക്കുന്നുണ്ട്.
1992ൽ സെർബിയൻ അമേരിക്കൻ വംശജനായ സ്റ്റീവ് റ്റെഡിക്ക് എന്ന നാടക കൃത്തും എഴുത്തുകാരനുമായ വ്യക്തി തൻറെ ലേഖനത്തിലാണ് ആദ്യമായി പോസ്റ്റ് ട്രൂത്ത് എന്ന വാക്ക് ആദ്യം ഉപയോഗിച്ചത്. രണ്ടായിരത്തി പത്തിൽ ഡേവിഡ് റോബർട്സ് എന്ന ബ്ലോഗ്ഗർ അതിന് പുതിയ മാനങ്ങൾ നൽകി. രണ്ടായിരത്തി പതിനാറിൽ ലോകത്താകമാനം ഡിജിറ്റൽ ലോകത്തുണ്ടായ പരിണാമങ്ങളുടെ സ്വഭാവം രാഷ്ട്രങ്ങളുടെ ബൌദ്ധിക ഘടനയെ സ്വാധീനിക്കാൻ തുടങ്ങിയപ്പോൾ ആ വർഷത്തെ ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കായി അത് മാറി.
ഇവിടെ സത്യാന്തരകാല മനുഷ്യസ്വഭാവം വളരെ പ്രാധനപ്പെട്ടതാണ് എന്ൻ നിരീക്ഷിക്കാം.
വികാരത്തിലൂടെ വ്യക്തിയെ കീഴടക്കാനും സമൂഹത്തിൻറെ തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് ഹൃദയങ്ങളെ കീഴടക്കാമെന്നും അത് കരുതുന്നുണ്ട്. വസ്തുനിഷ്ഠമായ എന്തിനും മീതെ നുണകളുടെ ഒരു മറക്ക് നിലനിൽക്കാനുള്ള സാധ്യതയുണ്ട് എന്നത് കരുതുന്നുണ്ട്. ഡിജിറ്റൽ ബിഹേവിയർ ജീവിതത്തിൻറെ പ്രവർത്തനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായും അതുണ്ടാക്കിയ മാറ്റങ്ങൾ പഠന വിധേയമാക്കാനിരിക്കുന്നതേയുള്ളൂ. പോസ്റ്റ് ട്രൂത്ത് (സത്യാനന്തര കാലം) കാലത്തെ രാഷ്ട്രീയ നയങ്ങൾ അതിലെ ജനങ്ങളുടെയും പത്ര മാധ്യമങ്ങളുടെയും ഇടപെടലുകൾ എന്നിവയെപ്പറ്റി ആഴത്തിൽ നിരീക്ഷിക്കുമ്പോൾ വലിയൊരു മൂലധന കേന്ദ്രീകൃതമായ അട്ടിമറി ശ്രമങ്ങളെ കാണാൻ കഴിയും.പുതിയ കാലം ഏറ്റവും കരുതലോടെയിരിക്കേണ്ടുന്ന ഒന്നായി അതുമാറാം.
ലിബറലിസം നിർമിച്ച തുറന്ന വിപണിയുടെ ഒടുവിലത്തെ ദർശനം നിങ്ങൾ ആഗ്രഹിക്കുന്ന ഒന്നിനെ അരികിൽ എത്തിക്കുക എന്നതാണ്. അതിനുവേണ്ടി പുറത്തേക്ക് ഇറങ്ങുകയോ സമയം കളയുകയോ വേണ്ട. പ്രാഥമിക നിരീക്ഷണത്തിൽ ഏറ്റവും ഉപയോഗ പ്രഥമായ ഒരു കാര്യം. ഭക്ഷണം മുതൽ അവശ്യ സാധനങ്ങൾ വരെ ഇത്തരത്തിൽ വീടുകളിൽ എത്തുന്നു.അവക്ക് ചാർജ്ജ് ഈടാക്കുന്നു പതുക്കെ അതിനനുസൃതമായ ഒരു സംസ്ക്കാരം രൂപപ്പെടുത്തുന്നു. സംസ്കാരം ശീലങ്ങളിലേക്കും ശീലങ്ങൾ പൊതു ബോധങ്ങളിലേക്കും ജീവിതത്തെ എടുത്തു വയ്ക്കുന്നു.പക്ഷെ ഇതിലൊരു രാഷ്ട്രീയമുണ്ട്. അല്ലെങ്കിൽ അതിൽനിന്നും വ്യാപിക്കുന്ന സാമൂഹിക ചിന്തകളുണ്ട്. വലതുപക്ഷ മൂലധനം ഈവിധത്തിൽ പരോക്ഷമായാണ് പ്രവർത്തിക്കുന്നത്. ഇവിടെ അപ്രസക്തമാകുന്നത് സഹകരണത്തിൻറെയും കൂടി ചേരലുകളുടെയും സംവാദങ്ങളുടെയും കാഴ്ചയുടെയും ലോകങ്ങളെയാണ്. പാൻഡമിക്ക് സാഹചര്യം ഈ വലതുപക്ഷ കാഴ്ചപ്പാടിന് കരുത്തു നൽകി.
കാഴ്ചയാണ് ചിന്തകളെ പലപ്പോഴും നിർമിക്കുന്നത്. അതൊരു അനുഭവമാണ്. കാഴ്ചയുടെ പരിണാമം തന്നെയാണ് കേൾവിയിലും സംഭവിക്കുന്നത്. പറഞ്ഞതുപോലെ ഈ സംവിധാനങ്ങൾ ചിന്തയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. മാധ്യമങ്ങൾ ഈ ഒരു ബിന്ദുവിൽ നിന്നും സൃഷ്ടിക്കുന്ന വലതുപക്ഷ സാധ്യതകളുടെ ഒരു ലോകമുണ്ട്. നുണകളുടെ സത്യാനന്തര രൂപങ്ങൾ .ഇവയിലൂടെയാണ് ജനങ്ങളുടെ രാഷ്ട്രീയ ദൌത്യത്തെ അട്ടിമറിക്കാൻ അവർ ശ്രമിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ഇതിൻറെ പ്രാധാന്യം ഒട്ടും ചെറുതാകുന്നില്ല.
മേൽ പറഞ്ഞതുപോലെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഒന്നായി അവരുടെ പ്രവർത്തനങ്ങൾ മാറിയിട്ടുണ്ട്. ഡിജിറ്റൽ സംവേദനം വളരെ ചുരുക്കി പറയാൻ ശ്രമിക്കുകയാണ്. സ്മൈലികൾക്കുള്ളിൽ ഒരുപക്ഷേ നമുക്ക് അജ്ഞാതമായ വലിയൊരു ബിസിനസ്സ് സാധ്യത നിലനിൽക്കുന്നുണ്ട് എന്നാണ് നിരീക്ഷിക്കുമ്പോൾ തോന്നുന്നത്. സ്മൈലികൾ നിങ്ങളെ കൂടുതൽ നിശ്ശബ്ദരാക്കുമോ എന്നാണ് അറിയേണ്ടത്?
തങ്ങളുടെ സുരക്ഷിത ഇടങ്ങളിലേക്ക് ചുരുങ്ങുന്ന മനുഷ്യർക്ക് ഈ ഭാഷ ഒരു വിരലിന്റെ ചലനം മാത്രം മതി സംവേദനാത്മകമാക്കാൻ. രണ്ടുപേർ തമ്മിൽ ചിത്രങ്ങൾ മാത്രമായി തങ്ങളുടെ വികാരങ്ങൾ പങ്കുവയ്ക്കുമ്പോൾ ക്രമമായി ശരീരം കൊണ്ടുണ്ടാക്കിയ സംവേദന ചലനങ്ങൾക്ക് പോലും പതിയെ മാറാനിടയുണ്ട്. ഒരു വികാരവും നേരിട്ട് പ്രകടിപ്പിക്കാൻ കഴിയാതെ വരാനും സാധ്യതയുണ്ട്. അൻപതു വർഷം കഴിഞ്ഞുള്ള കാര്യമാണ് പറയുന്നത് . കമ്മ്യൂൺ എന്ന ആശയത്തെ ഇല്ലാതാക്കാൻ പോന്ന ഒരു ചിന്ത ഈ ഭാഷകളിലുണ്ട്. മനുഷ്യർ സമൂഹ ജീവി എന്ന നിലയിൽ നിന്നും വ്യക്തികളുടെ ഓരോ യൂണിറ്റ് എന്ന തലത്തിലേക്ക് മാറിയതുകൊണ്ടാണ് പല തരം മാർക്കറ്റുകൾ നില നിൽക്കുന്നത്. നിങ്ങൾ ഒരു ഗ്രൂപ്പ് ജീവിതം നയിച്ചാൽ ആവശ്യമില്ലാത്ത അനേകം കാര്യങ്ങളുണ്ട്. ഒരു കാര്യം ഉറപ്പാണ് ഇന്റർനെറ്റ് ഭാഷക്കോ സ്മൈലികൾ ക്കോ ആഴങ്ങളിലേക്ക് പോകാൻ സാധിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. അതുണ്ടാക്കുന്ന ക്യാപ്സ്യൂൾ ചിന്ത പലപ്പോഴും ഒരു ക്യാപ്പിറ്റലിസ്റ്റ് ആശയത്തിന് അനുസരിച്ചു ചലിക്കുന്ന ഒന്നാണ്. ചിത്രഭാഷ സാധാരണ ജനങ്ങളുടെ ബൗദ്ധിക നിലയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്
എന്താണ് നിരന്തരം കാണുന്നത് എന്ന കാര്യത്തിൽ ഒരു സമാനത ഉണ്ടായി വരുന്നത് അപകടവും വിജയവുമായി മാറാറുണ്ട്.
എല്ലാ ദിവസവും നിങ്ങളുടെ ഫോണിൽ എന്താണ് സ്ക്രോളിങ് പ്രോസസ്സിൽ ആവർത്തിക്കുന്നത് എന്നും ആ കാഴ്ച നിങ്ങളിൽ ഉണ്ടാക്കിയ സാധാരണത്വം എന്താണെന്നും ഉൾക്കൊള്ളാൻ കഴിയുന്നതും രാഷ്ട്രീയ പ്രവർത്തനമാണ്.
എന്തു കാണുന്നു എന്തു ചിന്തിക്കുന്നു എന്നത് ഈ വിപണിയിലെ ഏറ്റവും പ്രധാന പോയിന്റുകളിൽ ഒന്നാണ് ഭൗതിക ലോകത്തിനു സമാന്തരമായി നിലനിൽക്കുന്ന അല്ലെങ്കിൽ കരുത്താർജ്ജിക്കുന്ന മറ്റൊരു ലോകമാണ് സൈബർ സ്പേസ് .അതിന്റെ വിദൂരമായ സാധ്യതകൾ നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയങ്ങളുടെ പരിധിയിൽ നിന്നും എത്രയോ വിശാലമാണ്. കേരളമോ ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അധികാര രൂപങ്ങളോ മാത്രമല്ല ലോകത്തെ എല്ലാ ഭരണകൂടങ്ങളും അതിനെ ഭയപ്പെടുന്നു. അനിയന്ത്രിതമായി ഒഴുകുന്ന അതിന്റെ വിശാലത നിർമ്മിക്കാൻ പോകുന്ന പാരലൽ അധികാര രൂപങ്ങളെ ഈ പരമ്പരാഗത വർഗ്ഗം ഭയപ്പെടുന്നു. അതിൽ ബാഹ്യമായ ആരോപണങ്ങൾക്കും അപ്പുറം ഒളിഞ്ഞിരിക്കുന്ന അതി സൂക്ഷ്മമായ സമഗ്രാധിപത്യ പ്രവണതകളെ മെരുക്കുന്ന ഒന്നിനെ അവർ ഭയപ്പെടുന്നു. അടുത്ത ഇരുപതു വർഷങ്ങൾ അതിനെതിരെയുള്ള പോരാട്ടങ്ങൾ ഭരണകൂടങ്ങൾ നടത്തും. ജനങ്ങളും അധികാരവും തമ്മിലുള്ള ഈ പോരാട്ടം അതിവേഗം അവസാനിക്കുമെന്ന് കരുതരുത്. ജനാധിപത്യത്തിനും ഏകാധിപത്യത്തിനും പുതിയ നിർവചനങ്ങൾ സാധ്യമായേക്കാവുന്ന പലതും ഉയർന്നു വരികതന്നെ ചെയ്യും.
ആധുനിക ചിത്രകലയിലും ഫോട്ടോഗ്രാഫിയിലും നിറഞ്ഞു നിൽക്കുന്ന അവ്യക്തമായതും എന്നാൽ അമൂർത്തമായ ചിതറൽ കൊണ്ടും വെളിച്ചവും നിറവുമായുള്ള പാരസ്പര്യം കൊണ്ടും ഏതു വിധേനെയും പുതിയ സാധ്യതകൾ കല്പിക്കപ്പെടുന്നതുമായ ഒബ്ജക്റ്റുകളുടെ സ്വഭാവം എന്നെ അത്ഭുതപ്പെടുത്താറുണ്ട്.പൊതു സ്വഭാവത്തിൽ നിന്നും അതു വേറിട്ടു നിൽക്കുന്നു എന്നത് ഒന്നുകൊണ്ടു മാത്രം കൈവരുന്ന ചില പ്രത്യേകതകൾ അതിനുണ്ട്.
എഴുത്തിലും ലിപി വിന്യാസത്തിലും ഈ അബ്സ്ട്രാക്റ്റ് സ്വഭാവത്തിന് ലഹരിയുടെ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ലിപി വിന്യാസത്തിലെ സൗന്ദര്യ ശാസ്ത്ര പഠനങ്ങൾ നില നിൽക്കുന്നുണ്ടോ എന്ന് അറിയില്ല. പുസ്തക വായന ചിത്ര വായന എന്ന ഒരു തലത്തിൽക്കൂടി കടന്നു പോകുന്നുണ്ട്. നിരക്ഷരത്വം ചിത്ര വായനയെ കൂട്ടു പിടിച്ചിട്ടുണ്ട്. ചിലർ ചിത്രങ്ങളിലൂടെ തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നവയെ കൊള്ളുന്നു.പറഞ്ഞു വന്നത് ഈ രണ്ടു സമയങ്ങളിലും നില നിൽക്കുന്ന സാധ്യതകൾ വ്യക്തി നിരപേക്ഷമാണ് എന്നാണ്. തനിക്ക് ചുറ്റുമുള്ള വസ്തുവിനോട് ബോധത്തിന് ഉണ്ടാകുന്ന പ്രതിപത്തികളിൽ കൗതുകത്തിന് സാധ്യതകളുണ്ട്.വെർച്വൽ സ്പേസിൽ ഈ സ്വഭാവം ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ആദ്യം പ്രൈവറ്റ് സ്ക്രീനിൽ കാണുന്ന കാഴ്ചക്ക് രാഷ്ട്രീയമുണ്ട്…അല്ലെങ്കിൽ ലളിതമായ അജണ്ട നിലനിൽക്കുന്നു എന്ന ബോധ്യം ആവശ്യമാണ്. കാണുന്ന ഓബ്ജക്റ്റ് സമയം നെറ്റവർക്ക് സ്പീഡ് എന്നിവക്കും പാരസ്പര്യ ബോധമുണ്ട്.
ഇവിടെ ചില ചിത്രങ്ങൾ ലിപികൾ നിറങ്ങൾ എന്നിവ നിർമിച്ച ഒരു ടേസ്റ്റ് പുതിയൊരു ചിന്തയെ തന്നെ രൂപപ്പെടുത്തിയേക്കാം. പറഞ്ഞു വന്നത് കല കൊണ്ട് അട്ടിമറിക്കാൻ ഉതകുന്ന എന്തോ ഒരു ശക്തി സ്വയം കേന്ദ്രീകരിക്കപ്പെടുന്നുണ്ട് എന്നു തന്നെയാണ്.