
ത്രികോണയുദ്ധം

അഖില്‍ കെ.
‘ഭാര്യയെ കൊന്നത് താന്‍ തന്നെയാണെന്ന് ഞാന്‍ സംശയിച്ചാല്‍ ശ്യാം എന്നെ എന്ത് പറഞ്ഞ് എതിര്‍ക്കും..?’ വിരലിന്റെ ഞൊട്ടകള്‍ അമര്‍ത്തിപ്പൊട്ടിച്ചു കൊണ്ട് ആനന്ദ് ശ്യാമിന്റെ മുഖത്തേക്ക് നോക്കി. ‘ഞാന്‍ എതിര്‍ക്കില്ല. സാറ് ചുമ്മാ സംശയിച്ചോ.. ഇതിലൊക്കെ എതിര്‍ക്കാനും മാത്രം എന്തിരിക്കുന്നു. ഉത്സവപ്പറമ്പില്‍ തത്തയെക്കൊണ്ട് ചീട്ടെടുപ്പിക്കുന്ന കൈ നോട്ടക്കാര്‍ ഇതിലും ലോജിക്കുള്ള കഥകള്‍ പറയും.. സാറിത് നോക്ക്.. ‘ ഏതാനം അടി പിറകിലേക്ക് നടന്ന ശേഷം ശ്യാം കാറിന്റെ ബോണറ്റില്‍ ബലമായി അടിച്ചു. ‘അള്‍ട്രോസ് !! പൊതുവെ ടാറ്റയുടെ കാര്‍ എനിക്കിഷ്ട്ടമല്ല. ഇത് ഞാന്‍ പക്ഷേ ഇറങ്ങിയപ്പോള്‍ തന്നെ വാങ്ങി. ഇതിന്റെ ഡോര്‍ നൈന്റി ഡിഗ്രി പുറത്തേക്ക് തുറക്കും. ആ ഒരു കാരണം കൊണ്ട് മാത്രം ഇറങ്ങിയ സമയത്ത് തന്നെ വാങ്ങി. അവള്‍ക്ക് കാറില്‍ കയറാനും ഇറങ്ങാനും ഒക്കെ ഇത് എളുപ്പമാണ്..’ പറഞ്ഞ കാര്യത്തിന് അടിവരയിടുന്നതു പോലെ ശ്യാം കാറിന്റെ ഡോര്‍ പുറത്തേക്ക് തുറന്ന് വച്ചു. ‘താന്‍ ചുമ്മാ തിളക്കാതെടോ.. ഞാന്‍ ഒരു തമാശ പറഞ്ഞതാ.. ഞാന്‍ പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു നാടകം എഴുതിയിരുന്നു. ചുമ്മാ തന്റെയീ മൂഡൊന്ന് മാറ്റാന്‍ വേണ്ടി പറയുന്നതാ.. അല്ലാതെ പ്രത്യേകിച്ച് കാര്യം ഉണ്ടായിട്ടൊന്നും അല്ല. അതിന്റെ കഥ സ്വല്പ്പം വിചിത്രം ആണ്. അതിലൊരു കഥാപാത്രം ഉണ്ട്. പുള്ളി ആദ്യം ഒരു മോഷണം നടത്തും. എന്നിട്ട് അയാളു തന്നെ കള്ളനെ തേടി നടക്കും. അങ്ങനെ ചിലരുണ്ട്… കൊല നടത്തിയവന് തന്നെ കൊലയാളിയെ കണ്ടു പിടിക്കണം എന്ന് പറഞ്ഞ് പൗരസമിതിയൊക്കെ രൂപീകരിച്ച് സമരം നടത്തുന്നതായിട്ട് ഒരു സിനിമ വന്നിരുന്നു. ശ്യാം കണ്ടു കാണും. അങ്ങനെ കുറേ പേരുണ്ട്… അന്നൊക്കെ ഞാന്‍ ഭയങ്കരമായ എഴുത്തായിരുന്നു. പിന്നെ നമ്മളെക്കാള്‍ വല്ല്യ സാഹിത്യകാരന്മാര് ഇവിടുത്തെ കള്ളന്മാരും ക്രിമിനലുകളും ആണെന്ന് മനസ്സിലായപ്പോള്‍ വിനയം കൊണ്ട് എഴുത്ത് നിര്‍ത്തിയതാ.. ‘ ആനന്ദ് ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഒന്ന് രണ്ടെണ്ണം അഴിച്ചിട്ട് പിന്നിലേക്ക് തിരിഞ്ഞ് നിന്നു. ആകാശം അസ്തമയത്തിനുള്ള ഒരുക്കത്തില്‍ ആയിരുന്നു. അവിടേക്ക് കണ്ണുകളെ അലയാന്‍ വിട്ട് ആനന്ദ് ദീര്‍ഘമായി ഒരു തവണ ആഴത്തില്‍ ശ്വാസമെടുത്തു. വലതു കൈ കൊണ്ട് താടി ഒന്ന് ഉഴിഞ്ഞെടുത്ത ശേഷം കൈകള്‍ രണ്ടും പോക്കറ്റിലേക്ക് തിരുകി. ‘എന്റെ ഒരു അഭിപ്രായം ചോദിക്കുകയാണെങ്കില്‍ ശ്യാമിത് വിട്ടിട്ട് വേറേ വല്ല പണിയും നോക്കണം. ഒരു കണക്കിന് ഇതങ്ങ് ഒഴിഞ്ഞ് പോയതായിട്ട് കണക്കാക്കിയാല്‍ മതി. പാര്‍ട്ട്ണര്‍ വീല്‍ച്ചെയറില്‍ ആണെന്ന് അറിയുമ്പോള്‍ ആള്‍ക്കാരുടെ കൈയ്യീന്നൊരു സിമ്പതി ഒക്കെ കിട്ടും. അതില്‍ വലിയ അര്‍ത്ഥം ഒന്നുമില്ല. നമുക്കൊരു ലൈഫ് ഒക്കെ വേണ്ടേ… മനുഷ്യന് ജീവിക്കുന്നത് സന്തോഷിക്കാന്‍ വേണ്ടിയാണ്. അല്ലാതെ ത്യാഗത്തിന്റെ കോളത്തില്‍ സ്വന്തം ജീവിതം എഴുതി വെക്കാന്‍ വേണ്ടീട്ടല്ല… വേറൊരാളെ കെട്ടണം.. എന്നിട്ട് അടിച്ചു പൊളിച്ചു ജീവിക്കണം.. അല്ലാതെ ഈ ഓര്‍മകളില്‍ ജീവിക്കുന്നതൊക്കെ പരമബോറാണ്…’ ആനന്ദിന്റെ സംസാരം കേള്‍ക്കാത്ത മട്ടില്‍ ശ്യാം കാറില്‍ ചാരി നില്‍ക്കുകയായിരുന്നു. ശ്യാമിന്റെ തണുപ്പന്‍ ഭാവം ആനന്ദിന് അത്ര പിടിച്ചില്ല. ‘ശ്യാമിന് ലൈംഗികമായി വല്ല പ്രശ്നവും ഉണ്ടോ.. അല്ല, ഈ ഒരു പ്രായത്തില്‍ ഇതു പോലൊരു പെണ്ണിനെ കല്ല്യാണം കഴിക്കുക എന്ന് പറയുമ്പോള്‍….. ആഹ് എന്റെ ചിന്തകളുടെ പ്രശ്നം ആയിരിക്കും. ചിലരടെ മനസ്സ് വല്ലാതങ്ങ് വിശാലമല്ലേ….’ ‘എനിക്ക് കുഴപ്പം ഒന്നുമില്ല സാറിന് കുഴപ്പം വല്ലതും ഉണ്ടോ.. ‘ ആ ചോദ്യത്തിന് ആനന്ദ് മറുപടിയൊന്നും പറഞ്ഞില്ല. ആ നിശബ്ദത അപകടമാണേന്ന് ശ്യാമിന് വളരെ പെട്ടന്ന് തന്നെ മനസ്സിലായി. ‘ഞങ്ങളു തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. എന്റെ കണ്ണില്‍ അവള്‍ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല.. ‘ ശ്യാം ഒന്ന് വിശദീകരിക്കാന്‍ ശ്രമിച്ചു. ‘ഇതാണോ ഞാന്‍ ചോദിച്ചതിന്റെ ഉത്തരം…’ആനന്ദിന്റെ ശബ്ദം കൂടുതല്‍ കനം വച്ചതു പോലെ തോന്നി. അയാള്‍ കലങ്ങിയ ആകാശത്തേക്ക് കണ്ണുകള്‍ അയച്ച് കൈകള്‍ പോക്കറ്റിനുള്ളിലേക്ക് താഴ്ത്തിയിട്ട് ഒരു പ്രതിമ പോലെ നില്‍ക്കുകയാണ്. ‘എനിക്ക് കുഴപ്പമൊന്നുമില്ല സര്..’ പറഞ്ഞു തീര്‍ന്നയുടന്‍ അമര്‍ന്ന് പൊട്ടുന്നത്ര ബലത്തില്‍ പല്ലു ഞെരിച്ചെങ്കിലും തനിക്ക് സാധിക്കുന്നതിന്റെ പരമാവധി മയപ്പെടുത്തിയാണ് ശ്യാം സംസാരിച്ചത്. താന്‍ അയാളെ സര് എന്ന് വിളിച്ചതോര്ത്ത് ശ്യാമിന് സത്യത്തില്‍ അത്ഭുതം തോന്നി. ഇത്ര നേരവും പേര് വിളിച്ചായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. അസ്തമയ സൂര്യനില്‍ നിന്നം കടലില്‍ നേര് രേഖയില്‍ മഞ്ഞിച്ച വെളിച്ചം വീണ് കിടന്നിരുന്നു. അതിന്റെ ഒരു പരിസരഭംഗി ഒഴിച്ചു നിര്‍ത്തിയാല്‍ അന്തരീക്ഷത്തിന് അതിന്റെ എല്ലാ പ്രസരിപ്പും നഷ്ട്ടമായിക്കഴിഞ്ഞു. ഇരുളുകയാണ്, കാഴ്ച്ച മനസ്സിന്റെ പ്രതിഫലനം മാത്രമാണെന്ന് ഒരു ഫ്രഞ്ച് പഴമൊഴി തലേന്ന് ഫേസ്ബുക്കില്‍ വായിച്ചത് ശ്യാമിന്റെ ചിന്തകളിലേക്ക് തള്ളിക്കയറി വന്നു. പോക്കറ്റില്‍ നിന്ന് സിഗരറ്റിന്റെ പാക്കറ്റെടുത്ത് തുറന്ന് അതിലുണ്ടായിരുന്ന പാതി കത്തിത്തീര്‍ന്ന സിഗരറ്റ് ആനന്ദ് ചുണ്ടിലേക്ക് തിരുകി. തീ കൊളുത്തി ഒരു തവണ ആഴത്തില്‍ ഉള്ളിലേക്ക് വലിച്ച ശേഷം ധൃതിയില്‍ സിഗരറ്റ് അടുത്തുള്ള ഇരുമ്പ് കസേരയില്‍ കുത്തിക്കെടുത്തി അതിന്റെ പാക്കറ്റിലേക്ക് തിരികെ വച്ചു. മൂന്ന് തവണയായി മുറിച്ച് നീളത്തില്‍ പുക പുറത്തേക്ക് വിട്ടു കൊണ്ട് പോക്കാറ്റില്‍ നിന്നം ടൗവ്വല് വലിച്ചെടുത്ത് ഇരുമ്പ് കസേര തുടച്ചു വച്ചു. വെള്ളത്തില്‍ വരച്ച വര പോലെ പുകയുടെ നീളന്‍ രേഖകള്‍ ഉടനടി അന്തരീക്ഷത്തില്‍ ലയിച്ചു. ‘എന്നാല്‍ പിന്നെ നമുക്ക് ഇറങ്ങാം ശ്യാമേ… നേരം വൈകിയെന്ന് തോന്നുന്നു. സമയം എന്തായി.. ?’ ആനന്ദിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ ഫോണിന് വേണ്ടി ശ്യാം പോക്കറ്റില്‍ പരതി. ‘എന്റെ കൈയ്യിലേക്ക് നോക്കണ്ടാ.. വാച്ച് നടക്കുന്നില്ല. നമ്മുടെ ഒരു ഫ്രണ്ടുണ്ട് ജോസ്റ്റിന്‍ ബെഥനി. ജനറല്‍ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് സൈക്യാര്ട്ടിസ്റ്റാണ്. അവന്റെ ഗിഫ്റ്റാണ്. അവനോടുള്ള സ്നേഹത്തിന്റെ പുറത്ത് കെട്ടിക്കൊണ്ട് നടക്കുന്നു എന്നേ ഉള്ളൂ.. ‘ ആനന്ദിന്റെ ശബ്ദത്തിന് അന്നേരം ചെത്തിക്കൂര്‍പ്പിച്ച മൂര്‍ച്ചയായിരുന്നു. സത്യത്തില്‍ ശ്യാം ആനന്ദിന്റെ കൈയ്യിലേക്ക് നോക്കിയിരുന്നില്ല. കാറിന്റെ ഡോറിനോട് ചേര്‍ന്ന് നിന്ന് അയാള്‍ ഉമിനീരിറക്കി. ആ പേര് ഒരിക്കള്‍ക്കൂടി കേള്‍ക്കണമെന്ന് ശ്യാം ആഗ്രഹിച്ചു. ജോസ്റ്റിന്‍ ബെഥനി എന്ന് തന്നെയാണോ ആനന്ദ് പറഞ്ഞത്…? അതിന് ശേഷവും ആനന്ദ് മറ്റെന്തോ പറഞ്ഞു ചെവിയിലൊരു മൂളലല്ലാതെ വ്യക്തമായൊന്നും ശ്യാമിന്റെ തലയിലേക്ക് കയറിയില്ല. ആനന്ദിനോട് യാത്ര പറഞ്ഞ് ശ്യാം തിടുക്കപ്പെട്ട് കാറുമായി റോഡിലേക്കിറങ്ങി. അതൊരു നിലതെറ്റിയ പോക്കായിരുന്നു. കാട്ടുകടന്നല്‍ക്കൂട് കല്ലേറു കൊണ്ട് പൊളിയുന്നതു പോലെയാണ് ജോസ്റ്റിന്‍ ബെഥനിയെന്ന പേര് ശ്യാമിന്റെ ചെവികളില്‍ വന്ന് പതിച്ചത്.

നാലു മണിക്കൂര്‍ മുന്‍പ് ടൗണ്‍ ടീം പയ്യന്നൂരിനെ ഷൂട്ടേര്‍സ് എടനാട് നാല് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച മൈതാനം ഫ്ളഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കുളിച്ച് വിജനമായി കിടക്കുകയായിരുന്നു. രാത്രിയിലെ തണുത്ത കാറ്റ് ഒഴിഞ്ഞ ഒരു ഐസ്ക്രീം കൂട് തട്ടിക്കൊണ്ട് അതില്‍ സെന്റര്‍ ഫോര്‍ വേര്‍ഡ് കളിക്കുകയാണ്. പാലത്തിന് മുകളില്‍ നിന്ന് ആളൊഴിഞ്ഞ മൈതാനത്തിലേക്ക് നോക്കി നില്ക്കുമ്പോള് കഴിഞ്ഞ നാലര മാസം കൊണ്ട് കളിച്ച കളിയില്‍ താനാദ്യമായി ഗോള്‍മുഖം ലക്ഷ്യം പിടിക്കുകയാണെന്ന് ആനന്ദിന് തോന്നി. പിറകില്‍ ഒരു വാഹനം ഇരമ്പി വന്ന് നില്ക്കുന്ന ശബ്ദം കേട്ടു. തിരിഞ്ഞു നോക്കാതെ തന്നെ ആനന്ദ് ഗിരിധരനെ പേരെടുത്തു വിളിച്ചു. പോലീസിന്റെ ഉപയോഗത്തില്‍ കൃത്യമായി സര്‍വ്വീസ് ചെയ്യാത്ത ആ ബൊലേറോയുടെ എഞ്ചിന്റെ ശബ്ദം ആനന്ദിന് അത്രമേല്‍ പരിചിതമായിരുന്നു. ‘സര്, ബീച്ചില്‍ നിന്നിറങ്ങി നാലു മിനിറ്റിനകം അയാള്‍ ഏറ്റവും അടുത്തുള്ള പെട്ടിക്കടയില്‍ കാര്‍ ഒതിക്കിയിരുന്നു. ഒരു പാക്കറ്റ് കിംഗ്സ് ആണ് വാങ്ങിച്ചത്. ഒരു സിഗര്ലാമ്പ് വാങ്ങിച്ചു. മഞ്ഞ നിറമാണ്..’ ഗിരിധരന് പാലത്തിന്റെ കൈവരിയില്‍ ചാരി ആനന്ദിന്റെ നേര്‍ക്ക് തിരിഞ്ഞു നിന്നു. ‘നല്ലത്.. അയാള്‍ എട്ട് വര്‍ഷമായി വലിക്കില്ല, അതിന് മുന്‍പ് ചെയിന്‍ സ്മോക്കര് ആയിരുന്നു..’ ഗിരിയുടെ തുടര്‍ന്നുള്ള സംസാരം കേള്‍ക്കാനായി ആനന്ദ് ഒരു നിമിഷം മൗനം വരിച്ചു. ‘സര്, പിന്നീട് ടൗണില്‍ ഒരു ബാര്‍ ഹോട്ടലില്‍ കയറി ബസ് സ്റ്റാന്റിന് പിറകില്‍ ഒഡീസയില്‍. കയറിയതു പോലെ തന്നെ ഇറങ്ങി. വളരെപ്പെട്ടന്ന് തന്നെ തിരികെ കാറില്‍ കയറി. അവടെ പുള്ളി ഒന്നോ രണ്ടോ മിനിറ്റേ സമയം ചിലവഴിച്ചിട്ടുള്ളൂ. പവിത്ര മോതിരത്തിന് അടുത്തുള്ള സിഗ്നലില്‍ വച്ച് ആ കാര്‍ റെഡ് സിഗ്നല്‍ തെറ്റിച്ചു. വേറേ ഒന്നും തന്നെ ഇല്ല..’ പാലത്തിന്റെ കൈവരിയില്‍ ആനന്ദിന്റെ മുന്‍പിലായി വച്ചിരുന്ന മിനറല്‍ വാട്ടറിന്റെ കുപ്പി തുറന്ന് ഗിരി അല്‍പ്പം വായിലേക്ക് പകര്‍ന്നു. ‘കാര്‍ എങ്ങനെയാണ് പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തത് ?’ ‘സാര്‍, സാധാരണ കാര്‍ പാര്‍ക്ക് ചെയ്യുന്നതു പോലെ..’ ആ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോള്‍ തന്റെ ശബ്ദം അല്‍പ്പം കൂടിപ്പോയെന്ന് ഗിരിധരന് തോന്നി. ‘സാധാരണ പോലെ എന്ന് പറഞ്ഞാലതെങ്ങനെയാണ് ഗിരീ..’ ആനന്ദ് കൂടുതല്‍ ഉള്ളിലേക്ക് തുരന്നിറങ്ങുകയായിരുന്നു. ‘സാറേ.. കാറു കൊണ്ടു പോയി നേരെ പോര്‍ച്ചിലേക്ക് കയറ്റി. പുറത്തിറങ്ങി വണ്ടി ലോക്ക് ചെയ്ത് വീട്ടിലേക്ക് കയറി.. സാധാരണ പോലെ’ ഉള്ളിലെ ദേഷ്യം മറുപടിയില്‍ മുറ്റി നിന്നെങ്കിലും ശബ്ദം ഇപ്രാവശ്യം ഗിരിധരന് പൂര്‍ണ്ണമായും തന്റെ വരുതിയില്‍ നിര്‍ത്തി. ‘സാധാരണ നിലയില്‍ ആ കാര്‍ മുന്‍വശം പുറത്തേക്ക് വരുന്ന രീതിയില്‍, അതായത് നേരിട്ട് പുറത്തേക്കിറങ്ങാന്‍ പാകത്തിന് തിരിച്ചു വച്ച നിലയിലാണ് പോര്‍ച്ചില്‍ കാണാറുള്ളത്.. ഞാനാ കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അതാണ് എടുത്തു ചോദിക്കാന്‍ കാരണം.. ‘ തന്റെ സംസാരം ആനന്ദിന് പിടിക്കുന്നില്ലെന്ന് അയാളുടെ വീണ്ടും വീണ്ടുമുള്ള ചോദ്യങ്ങളില്‍ നിന്ന് ഗിരിക്ക് കൃത്യമായും മനസ്സിലായി. ‘സര് അപ്പോഴൊക്കെ പകല്‍ ആയിരിക്കാം കാര്‍ പാര്‍ക്ക് ചെയ്തത്. ഇതിപ്പോള്‍ രാത്രി ആ ഇടുങ്ങിയ സ്ഥലത്തു വച്ച് വണ്ടി തിരിച്ചിടുന്നതിന്റെ ബുദ്ധിമുട്ട് ഓര്‍ത്തായിരിക്കാം നേരിട്ട് ഉള്ളിലേക്ക് കയറ്റി വച്ചത്..’ ഗിരിധരന് വിശദീകരിച്ചു. ‘ശ്യാം പോയ വഴികളിലൂടെ നമുക്കും ഒന്ന് പോയി നോക്കാം… ‘ കൈയ്യിലെ മിനറല്‍ വാട്ടറിന്റെ കുപ്പിയും കുലുക്കിക്കൊണ്ട് ജീപ്പിന്റെ നേരെ നടന്ന് പോകുന്ന ആനന്ദിനെ നോക്കി റോഡിലേക്കൊന്ന് നീട്ടി തുപ്പിയ ശേഷം ഗിരി ഡ്രൈവിങ്ങ് സീറ്റിലേക്ക് നടന്നു. രാത്രിയുടെ സൗന്ദര്യത്തിന്റെ മാറ്റു കുറക്കാന്‍ കത്തി നില്ക്കുന്ന ആയിരക്കണക്കിന് ലൈറ്റുകള്ക്കിടയിലേക്ക് ആ ജീപ്പിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശവും പങ്ക് ചേര്‍ന്നു.
ക്രിസ്മസിന് ജോയ്സിക്ക് ഗിഫ്റ്റ് കൊടുക്കാന്‍ വാങ്ങിച്ച കുപ്പി പൊട്ടിച്ച് നാലെണ്ണം അടിച്ച് ഒരു ധൈര്യം വന്നെന്ന് തോന്നിയപ്പോഴാണ് ശ്യാം ഇര്‍ഫാനയുടെ മുറിയിലേക്ക് കയറിയത്. ആറു മാസമായി അടഞ്ഞു കിടക്കുന്ന മുറിയാണെന്ന് അകത്തു കയറിയപ്പോള്‍ തോന്നിയില്ല. ഒരു മാറാല പോലുമില്ല. സ്ഥിരം പെരുമാറുന്നതു പോലെ മുറി തിളങ്ങിക്കിടക്കുന്നു. അകത്തെ ചുമരില്‍ ചുവന്ന മഷി കൊണ്ട് എഴുതിയ ഡബ്ലിയു.ബി.യേറ്റ്സിന്റെ വരികള്‍. ‘പലരും അവളുടെ സൗന്ദര്യത്തെ, സ്വഭാവത്തെ, പെരുമാറ്റത്തെ സ്നേഹിച്ചു. അവന് മാത്രം അവളുടെ തീര്‍ത്ഥാടനം ചെയ്യുന്ന ആത്മാവിനെ പ്രണയിച്ചു’. അതിന് താഴെ ഇക്ക എന്ന് മാര്‍ക്കര്‍ കൊണ്ട് എഴുതിച്ചേര്‍ത്ത തന്റെ തന്നെ ഒരു ഫോട്ടോ ചുമരില്‍ പതിച്ചിരിക്കുന്നു. അതിന് താഴെ അസ്ഥികൂടം പോലെ ആളൊഴിഞ്ഞു പോയ ഇര്‍ഫാനയുടെ വീല്‍ച്ചെയര്‍. അവളുടെ മുറിയിലെ അലമാര തുറക്കവാന് അതിന്റെ പിടിയില്‍ കൈ ചേര്‍ത്തതാണ്. പെട്ടന്ന് പോക്കറ്റില്‍ ഫോണ്‍ വൈബ്രേറ്റ് ചെയ്തു. മുഖമുയര്‍ത്തി നോക്കിയപ്പോള്‍ കണ്ണാടിയില്‍ സ്വന്തം മുഖം കണ്ട് ഒരു നിമിഷം ശ്യാം ഞെട്ടിപ്പോയി. പോക്കറ്റിലെ ഫോണില്‍ ആനന്ദിന്റെ പേരായിരുന്നു. ചുണ്ടില്‍ നിന്ന് താഴേക്ക് ഊര്‍ന്നിറങ്ങിയ ഉമിനീര് കൈ കൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് ശ്യാം ഫോണ്‍ ചെവിയോട് ചേര്‍ത്തു. ‘ശ്യാമേ.. കേസ് നാളെ തെളിയും. ശ്യാം ഒന്ന് സ്റ്റേഷനിലേക്ക് വരണം. എല്ലാം കലങ്ങിത്തെളിയുമ്പോള്‍ ശ്യാമല്ലേ മുന്നില്‍ ഉണ്ടാകേണ്ടത്. കാറെടുക്കണ്ട, ഞാന്‍ ജീപ്പയക്കാം… അതാ സൗകര്യം’ ശ്യാം എന്തെങ്കിലും പറയും മുന്‍പ് തന്നെ കോള്‍ കട്ട് ആയി. അല്ലെങ്കിലം അയാള്‍ക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചോദിക്കാനുമില്ലായിരുന്നു. ഫോണ്‍ ഓഫ് ചെയ്ത് അലമാരയിലേക്ക് വച്ച് ശ്യാം വീല്‍ച്ചെയറിലേക്ക് നടന്നു. അതില്‍ കയറി മുഖം കുനിച്ച് ഇരുന്നു. പ്രതീക്ഷയുടെ നേര്‍ത്ത തരി പോലും അതിനകം അയാളുടെ മനസ്സില്‍ നിന്ന് ചോര്‍ന്ന പോയിരുന്നു. വിധിയുടെ തിരനിറച്ച തോക്ക് കൊണ്ട് കാലം തന്റെ നെറ്റിയില്‍ ഉന്നം പിടിച്ചു കഴിഞ്ഞെന്ന് ശ്യാമിന് മനസ്സിലായി അതിന്റെ കാഞ്ചി വലിക്കാന്‍ മാത്രമാണ് നാളെ ആനന്ദ് തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. ഒഡീസയുടെ ആളൊഴിഞ്ഞ മൂലയിലെ സോഫയില്‍ ഇരുന്ന് ആനന്ദ് വയലറ്റ് ചട്ടയുള്ള ഇര്‍ഫാനയുടെ ഡയറി തുറന്നു. അകത്തേക്ക് വിരല്‍ കടത്തി അതില്‍ നിന്നും ഒരു പേജ് തുറന്നെടുത്തു. ‘വിശാലമായ ലോകത്തിലെ ആയിരം കോടി ജനങ്ങള്‍ക്കിടയില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ എന്തുമാത്രം ബുദ്ധിമുട്ടുണ്ട് അല്ലേ… പെണ് കുട്ട്യോള് ഷോപ്പിങ്ങിനു പോയ അവസ്ഥ. ഒന്നുമങ്ങോട്ട് തൃപ്തി വരില്ല. പിന്നെ ആകെ ഒരാശ്വാസം എന്നു പറയുന്നത് ഈ ജന്മത്തില് അവരോടെല്ലാവരോടും ഇടപഴകാനുള്ള നിര്‍ബന്ധിത സാഹചര്യമൊന്നും ദൈവം സൃഷ്ടിച്ചിട്ടില്ല എന്നതു തന്നെയാണ്. എന്നിരുന്നാലും ചിലരെ നമ്മള് അവിചാരിതമായി കണ്ടു മുട്ടും വേനല്‍ കാര്‍ന്നു തിന്ന വരണ്ട ഭൂമിയിലേക്ക് പുതുമഴയായി അവര്‍ പെയ്തിറങ്ങും.. ദാഹാര്‍ത്തരായ നമ്മള് ഓരോ തുള്ളിയും ആര്‍ത്തിയോടെ വലിച്ച് കുടിക്കും… നീ എനിക്ക് അങ്ങനെയൊരു പുതുമഴയാണ് ശ്യാം.. എന്റെ യാത്രാവഴികളില്‍ എവിടെയെങ്കിലും വച്ച് നിന്നെ കണ്ടുമുട്ടട്ടെയെന്ന് ആത്മാര്‍ത്ഥമായി തന്നെ പ്രത്യാശിക്കുന്നു. അന്നു ഞാന്‍ തീര്‍ച്ചയായും നിന്നരികിലേക്ക് ഓടി വരും… ആള്ത്തിരക്കിനിടയിലെവിടെയോ കൈ വിട്ട് വഴിയറിയാതെ ഒറ്റപ്പെട്ട കുട്ടി അമ്മയെ കണ്ടെത്തിയാലുള്ള അനിര്‍വ്വചനീയമായ ആ ആഹ്ലാദമില്ലേ.. അതത്രയും അന്ന് നിനക്കെന്റെ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാനാകും. പിന്നെ നമുക്ക് വൈജാത്യത്തിന്റെ തെരുവുകളിലൊന്നിലെ തട്ടുകടയിലേക്ക് നടന്നു നീങ്ങണം.. കടലു പോലൊഴുകുന്ന റോഡിലേക്ക് കണ്ണും നട്ട് ആ മരബെഞ്ചുകളിലൊന്നില്‍ ഇരിപ്പുറപ്പിക്കണം.. സമോവറില്‍ നിന്ന് ഗതകാലസ്മൃതികളുടെ ആവി പറന്ന് പോകുന്ന ഒരു സുലൈമാനി നീ എനിക്ക് വാങ്ങിത്തരണം.. എന്നിട്ട് ഗസലിന്റെ മധു നുകരം പോലെ നമുക്കാ കറുമ്പനെ ഊര്ത്തൂര്ത്ത് കുടിക്കണം.. ജീവിതത്തിന്റെ ഇന്നലേകളെയും ഇന്നുകളെയും നാളെകളെയും ഓര്‍ക്കാതെ നമുക്കിടയിലേക്ക് പുസ്തകങ്ങള്‍ മാത്രം ചിറക് വിരിക്കണം… വാ തോരതെ അന്ന് നമുക്ക് സംസാരിക്കണം.. നീ നനഞ്ഞു തീര്‍ത്ത പുസ്തകക്കുളിരിനിടയില് എനിക്കും അലയണം.. ആത്മശാന്തി തേടുന്ന രണ്ട് ആത്മാക്കളെ മാത്രമെ അപ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് കാണാന്‍ സാധിക്കൂ.. പിന്നെയാകെ കണ്കള് മൂടുന്ന കോടമഞ്ഞായിരിക്കും.. അക്ഷരങ്ങളുടെ ലോകത്ത് നിന്റെ വിരല്‍തുമ്പ് പിടിച്ച് ഭയമറിയാതെ ഞാന്‍ ഒഴുകും. എനിക്കുറപ്പുണ്ട്… നിന്റെ തൊണ്ടക്കുഴിയിലെ ചന്ദനക്കുറിക്കും എന്റെ നിക്കാബിനും വിലയിടുന്ന മുഷിഞ്ഞ തുണികള്‍ അവിടെയും കാണുമെന്ന്.. എന്നാലും നമുക്ക് അന്തിച്ചുകപ്പ് പരന്ന സമുദ്രതീരത്തിലേക്ക് വലം പിരി ശംഖിന്റെ നാദവും കേട്ട് വിശുദ്ധിയുടെ വീഞ്ഞായി മാറണം.. പിരിയാനാകുമ്പോഴേക്കും ഞാനും നീയും ഋതുക്കളാല്‍ എഴുതപ്പെട്ട നീണ്ട കാവ്യമായി മാറിയിട്ടുണ്ടാകും.. ഒന്നും പറയാതെ എല്ലാം അറിഞ്ഞ്.. ആ താളുകളില്‍ ചിലത് ശൂന്യമായിരിക്കും.. ചിലതില്‍ അര്ദ്ധവിരാമങ്ങളാകും.. പല താളുകളിലും നമുക്ക് വിസ്മൃതിയുടെ കറുത്ത മഷി കോരിയൊഴിക്കണം.. പിന്നെയത് വീണ്ടും വീണ്ടും സ്ഫുടം ചെയ്തെടുത്തൊരു വജ്രം പോലെ തിളങ്ങുന്നുണ്ടാകും… വിശുദ്ധമായ ബന്ധത്തിന്റെ നൂലിഴകള്ക്കെന്തിനാണ് നിറം മാറുന്ന കൊടിമരങ്ങളില്‍ ഉറഞ്ഞു തുള്ളുന്ന കോമരങ്ങളുടെ സാക്ഷ്യ പത്രം..’ താഴെ ചേര്‍ത്തിരിക്കുന്ന ഇര്‍ഫാനയുടെ കൈയ്യൊപ്പിന്റെ കയറ്റിറക്കങ്ങളിലേക്ക് അല്‍പ്പ നേരം ആനന്ദ് വെറുതെ നോക്കിയിരുന്നു. ഒരു ഒഴിഞ്ഞ പേജിലേക്ക് ഡയറിയെ മറിച്ചു വെച്ച് പോക്കറ്റില്‍ നിന്നും പേന വലിച്ചെടുത്തു. ‘നിയമത്തിന്റെ കൈയ്യില്‍ നിന്ന് എത്ര തവണ വഴുതിപ്പോയാലും കാലവും സത്യവും ചെയ്ത കുറ്റവും ചേര്‍ന്ന് കുറ്റവാളിയുടെ മനസ്സില്‍ എന്നെങ്കിലും ഒരിക്കല്‍ ഒരു ത്രികോണയുദ്ധം ആരംഭിക്കും.. ഇവിടുത്തെ നിയമ വ്യവസ്ഥയോ പോലീസോ കോടതിയോ ഈ യുദ്ധത്തില്‍ കക്ഷിചേരില്ല. അതു കൊണ്ടു തന്നെ കുറ്റവാളിക്ക് ഇതില്‍ നിന്നും ഇറങ്ങിപ്പോകാനുമാകില്ല. .’ താഴെ തന്റെ കൈയ്യൊപ്പുകൂടി ചേര്‍ത്ത് ആനന്ദ് ഡയറി മടക്കി. പതുക്കെ എഴുന്നേറ്റ് ഗിരി ഇരിക്കുന്ന ടേബിളിലേക്ക് നടന്നു. ‘മതിയെടാ.. ഇറങ്ങാം അധികം കഴിക്കണ്ടാ… രാത്രി നമുക്ക് പിടിപ്പത് പണിയുള്ളതാ..’ ഗിരി ഇരിക്കുന്ന ടേബിളില്‍ ഒന്ന് തട്ടിയ ശേഷം ആനന്ദ് പുറത്തേക്ക് നടന്നു. ഗ്ലാസില്‍ ബാക്കിയായ ദ്രാവകം ഒറ്റവലിയില്‍ അകത്തേക്കെടുത്ത് വിരലില്‍ തൊട്ടെടുത്ത അച്ചാറു കൊണ്ട് നാവിന് നടുവില്‍ നീളത്തില്‍ സിന്ദൂരം വരച്ച് ഗിരിധരനും പിറകേയിറങ്ങി. പോലീസ് വണ്ടി രാത്രി ബാറിന് മുന്നില്‍ ഇടാനാകാത്തതു കൊണ്ട് അവിടുന്ന് ബസ് സ്റ്റാന്റിന് പിറകിലെ പേ പാര്‍ക്കിങ്ങ് വരെയും നടക്കുകയായിരുന്നു. ‘ഭൂമിയില്‍ എങ്ങനെയാണ് കഥകള്‍ ഉണ്ടായത് എന്ന് ഗിരിക്കറിയാമോ… ‘? പതിവില്ലാതെ ആനന്ദ് ഗിരിയുടെ തോളിലൂടെ കൈയ്യിട്ട് പിടിച്ചു. ഗിരിധരന് അറിയില്ലെന്ന് ചുമല് കുലുക്കി. അതിനെപ്പറ്റി ഒര പഴയ കഥയുണ്ട്…!. ‘ ഭൂമിയുണ്ടായ കാലത്ത് മനഷ്യര്‍ പലതരം പണികളിലേര്‍പ്പെട്ട് തിരക്കുകളില്‍ ആയിരുന്നു. പണിയൊക്കെ ഒരു വിധം ഒതുങ്ങിയപ്പോള്‍ മനഷ്യര്‍ക്ക് ഒഴിവ് സമയം കിട്ടി. ഒഴിവു സമയം കിട്ടിയതോടെ അവര്‍ അതുമിതും സംസാരിക്കാന്‍ തുടങ്ങി. പക്ഷേ എത്ര നാള് ഇങ്ങനെ അതുമിതും പറഞ്ഞിരിക്കും. അത്തരം സംഭാഷണങ്ങള്‍ വൈകാതെ അവര്‍ക്ക് മടുത്ത് തുടങ്ങി. മടുപ്പിന് പരിഹാരം കാണാനായി അവര്‍ ദൈവത്തെ തപസു ചെയ്ത് വിളിച്ച് വരുത്തി. ” ദേവലോകത്ത് ധാരാളം കഥകള്‍ ഉണ്ട്. നിങ്ങള്‍ക്ക് എത്ര കഥകള്‍ വേണമോ അത്രയും എടുത്ത് കൊണ്ട് പോയ്ക്കൊള്ളൂ ” സങ്കടം കേട്ട ശേഷം ദൈവം ഇങ്ങനെ അരുളി. വൈകാതെ മനഷ്യര്‍ രണ്ട് വണ്ടികളിലായി ദേവലോകത്തേക്ക് പുറപ്പെട്ടു. സ്വതവേ മനഷ്യര്‍ അത്യാഗ്രഹികളാണല്ലോ… കാളകള്‍ക്ക് വലിക്കാനാവാത്ത അത്രയും കഥകള്‍ വണ്ടിയില്‍ കുത്തി നിറച്ചാണ് അവര്‍ ദേവലോകത്ത് നിന്ന് തിരികെ പുറപ്പെട്ടത്. വളരെ പ്രയാസപ്പെട്ട് കാളകള്‍ വണ്ടി വലിച്ചു. ഒടുവില്‍ വണ്ടികള്‍ മാദിക വിഭാഗത്തില്‍ പെട്ട ഗ്രാമീണര്‍ താമസിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ അവയിലൊന്നിന്റെ അച്ചു മുറിഞ്ഞ് പോയി. ആ വണ്ടി അവിടെ ഉപേക്ഷിച്ച് , അവര്‍ മറ്റേ വണ്ടി പ്രയാസപ്പെട്ട് ഓടിച്ചു കൊണ്ടു പോയി. ഹൊലായം വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ആ വണ്ടിയുടെയും അച്ചു മുറിഞ്ഞു പോയി . കൈയ്യിലെടുക്കാവുന്ന കഥകള്‍ മാത്രമെടുത്ത് മറ്റുള്ളവ വണ്ടിയിലുപേക്ഷിച്ച് വരം കിട്ടിയ മനഷ്യര്‍ ഊരുകളിലേക്ക് മടങ്ങി. അങ്ങനെയാണ് എല്ലാവരം കഥകള്‍ പറഞ്ഞു തുടങ്ങിയത്…. വരം കിട്ടാത്ത മനഷ്യര്‍ക്ക് കഥകള്‍ കൊടുക്കാന്‍ സ്വയം മുറിഞ്ഞ വണ്ടിയുടെ ആ അച്ച് ആരാണെന്ന് ഗിരിക്ക് അറിയാമോ.. ? ആനന്ദ് ഒര നിമിഷത്തേക്ക് കഥ പറച്ചില് നിര്‍ത്തി. ‘ഇവിടുത്തെ എഴുത്തുകാരും സിനിമാക്കാരും ആയിരിക്കും സാര്‍..’ ഗിരി ആ ചോദ്യത്തിന് കളിമട്ടില്‍ മറുപടി പറഞ്ഞു. ‘അല്ല, അതിവിടുത്തെ ക്രിമിനലുകളാണ്, കള്ളന്മാരും കൊലപാതകികളുമാണ് ഏറ്റവും കൂടുതല്‍ കഥകള്‍ പറയുന്നത്..’ റോഡ് സൈഡില്‍ നിലത്ത് കുന്തിച്ചിരുന്ന് പാത്രം കഴുകുകയായിരുന്ന ബേല്‍പ്പൂരി വില്‍ക്കുന്ന മെലിഞ്ഞ പയ്യന് ആനന്ദിനെ കണ്ടപ്പോള്‍ കൈ വീശിക്കാണിച്ചു. ഗിരിയുടെ തോളില്‍ നിന്നം കൈയ്യെടുത്ത് അവനൊരു സല്യൂട്ടടിച്ച ശേഷം റോഡ് മുറിച്ച് കടന്ന് ആനന്ദ് പാര്‍ക്കിങ്ങിലേക്ക് നടന്നു. ആനന്ദ് ജീപ്പുമായി തിരികെ വരും വരെയും ഗിരിധരന് റോഡിനിപ്പുറം കാത്തു നില്‍ക്കുകയായിരുന്നു. റോഡില്‍ തിരക്കൊഴിഞ്ഞു തുടങ്ങിയിട്ടില്ലാത്തതു കൊണ്ട് അവര്‍ പണി നടന്ന് കൊണ്ടിരിക്കുന്ന ബസ് സ്റ്റാന്റ് റോഡിലേക്ക് തിരിഞ്ഞു. വഴിയില്‍ നടന്ന് വില്‍ക്കുന്ന കുട്ടികള്‍ക്ക് നൂറു രൂപ നീട്ടി ഹൃദയചിഹ്നം പതിച്ച ഒരു ചുവന്ന ബലൂണ്‍ വാങ്ങിച്ച് ആനന്ദ് ഗിരിയുടെ കൈകളിലേക്ക് വച്ചു കൊടുത്തു. ബസ് സ്റ്റാന്റില്‍ ഏറ്റവും മൂലയില്‍ വാര്മരത്തിന് കീഴിലായി ഒരു പ്രൈവറ്റ് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നു. പോലീസ് ജീപ്പിന്റെ വരവു കണ്ടപ്പോള്‍ തിടുക്കത്തില്‍ സ്റ്റാര്‍ട്ട് ചെയ്തെടുത്ത് വെടിച്ചില്ല് കണക്കനെ അത് മറ്റൊരു വഴിയിലൂടെ പുറത്തേക്കിറങ്ങിപ്പോയി. പൊടിമണ്ണു പറത്തി വലിയ വീതിയില്‍ ഒന്ന് വട്ടം ചുഴറ്റിയ ശേഷം ആനന്ദ് മണ്‍കൂനക്ക് താഴേക്ക് റിവേഴ്സില്‍ ജീപ്പ് ഇറക്കി വച്ചു. പിന് ടയറുകള്‍ താഴേക്കിറങ്ങി പൊടിമണ്ണിന്റെ ചെറിയ കൂനയില്‍ കിഴുക്കാം തൂക്കായി ഒരു മൃഗം കണക്കനെ ജീപ്പ് നിന്നു. ‘സാറേ.. ഇതിന് പകരം അമ്പലപ്പറമ്പില്‍ കാണുന്ന മത്തങ്ങാ ബലൂണ്‍ വാങ്ങിക്കണമായിരുന്നു. ഉള്ളിലേക്ക് മടക്കുള്ളത് എന്നാലിപ്പോ ഉപകാരപ്പെട്ടേനെ… ‘ മൂത്രമൊഴിക്കാനെന്ന ഭാവത്തില്‍ കാട്ടുചെടികള്‍ക്കിടയിലേക്ക് ഇറങ്ങി നിന്ന് മുഷ്ട്ടിമൈഥുനത്തില് ഏര്‍പ്പെട്ടു കൊണ്ട് ഗിരിധരന് ഇടതു കൈയ്യിലെ ബലൂണ്‍ മുള്ളു ചെടിയില്‍ ഉരച്ചു പൊട്ടിച്ചു. ഗിരിധരന്റെ സംസാരം ഏതോ പുരാതന ഭാഷ പോലെ വ്യക്തതയില്ലാതെ ആനന്ദിന്റെ ചെവികളില്‍ വന്നലച്ചു. ആനന്ദ് അതിനെക്കുറിച്ച് അധികം ചിന്തിക്കാന്‍ മെനക്കെട്ടില്ല. അയാള്‍ ജീപ്പിന്റെ ബോണറ്റില്‍ കാലുകള്‍ നിവര്‍ത്തി വച്ച് ഗ്ലാസില്‍ ചാരി ആകാശത്തിന്റെ ഇന്ദ്രജാലങ്ങള്‍ കണ്ട് കിടക്കുകയായിരുന്നു.

ഗിരി കുലുക്കി വിളിച്ചപ്പോഴാണ് ആനന്ദ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്, തണുത്ത കാറ്റേറ്റ് കിടന്ന് അറിയാതെ ഒന്ന് മയങ്ങിപ്പോയിരുന്നു. ‘സാറേ നമ്മുടെ ശ്യാമ് തൂങ്ങി സാറേ.. തീര്‍ന്നെന്നാ കേട്ടത്.. ബാലസുബ്രഹ്മണ്യം സാറ് വിളിച്ചിരുന്നു. എഴുന്നേല്‍ക്ക് സാറേ.. ‘ ഗിരി അലറി വിളിക്കുകയായിരുന്നു. ഉറക്കച്ചടവു മാറാന്‍ ഒന്ന് മൂരി നിവര്‍ത്തിയ ശേഷം ആനന്ദ് ബോണറ്റില്‍ നിന്നും പതുക്കെ താഴേക്കിറങ്ങി. താഴത്തെ പൊന്തക്കാടിന് മുകളിലേക്ക് ഒന്ന് കാര്‍ക്കിച്ചു തുപ്പിയ ശേഷം ഒരു മൂളിപ്പാട്ടിന്റെ അകമ്പടിയോടെ ജീപ്പിലേക്ക് കയറി. രണ്ടു പ്രാവശ്യം ശ്രമിച്ചിട്ടും പൊടിമണ്ണില്‍ കിടന്ന് കറങ്ങിയതല്ലാതെ ജീപ്പ് മുകളിലേക്ക് കയറിയില്ല. മൂന്നാമത്തെ പ്രാവശ്യം മുകളറ്റം വരെ കയറി നിരങ്ങി പിന്നിലേക്കിറങ്ങുകയും ചെയ്തു. ‘എന്തിനാ സാറേ ഇങ്ങോട്ടൊക്കെ ഇറക്കിയത്.. മാങ്ങാത്തൊലി, ഇനിയിത് കയറും എന്ന് തോന്നുന്നില്ല..’ ഗിരി മുഷ്ട്ടി ചുരുട്ടി വണ്ടിയുടെ ഡാഷ് ബോര്‍ഡില്‍ ഇടിച്ചു. ‘എന്തിനാ കിടന്ന് വെപ്രാളപ്പെടുന്നത്. തിടുക്കപ്പെട്ടിട്ട് അവിടെ പോയിട്ട് എന്ത് കാണിക്കാനാണ് ? നീ എന്താ വല്ല ഡോക്ടറും ആണോ..?’ ടയര്‍ കത്തിയ മണം ചുറ്റും പരന്നപ്പോള്‍ ആനന്ദ് ജീപ്പ് പിറകിലേക്കിറക്കി. ആനന്ദ് പറഞ്ഞപ്പോഴാണ് അതിനെക്കുറിച്ച് ഗിരിയും ചിന്തിക്കുന്നത്. തിടുക്കപ്പെട്ട് ഇനി അവിടെ പോയിട്ട് ഒരു കാര്യവുമില്ല. സീറ്റ് ബെല്‍റ്റിട്ട് ആനന്ദ് പിറകിലേക്ക് ചാഞ്ഞിരുന്നു. ‘അവനാണ് ചെയ്തതെന്ന് ഉറപ്പാണെങ്കില്‍ നമുക്കവനെ സന്ധ്യക്ക് തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. ഇനി തെളിവില്ലെങ്കില്‍, സാറിന് ഉറപ്പുണ്ടെങ്കില്‍ തെളിവു നമുക്ക് ഉണ്ടാക്കാമായിരുന്നു. ഇതിപ്പോ ആര്‍ക്കും ഇല്ലാതെ പോയില്ലേ…’ നിരാശയുടെ പടുകുഴിയില്‍ നിന്നെന്ന വണ്ണം ആനന്ദ് ഒരു നെടുവീര്‍പ്പിട്ടു. ‘തെളിവുണ്ടാക്കുന്നത് അത്ര പ്രയാസമൊന്നുമല്ല. പക്ഷേ ഗിരീ, ഒരു മൃഗശാലയാണ് നമ്മടെ നീതിന്യായ വ്യവസ്ഥ. അതില്‍ പാര്‍ക്കുന്ന സിംഹമാണ് നമ്മുടെ കോടതി. ഈ സിംഹം ഒരിക്കലും തനിക്ക് വേണ്ടുന്ന ഇറച്ചി നായാടിപ്പിടിക്കില്ല. അത് നമ്മളു തേടിപ്പിടിച്ച് കൂട്ടില്‍ കൊണ്ടു കൊടുക്കണം. ചിലസമയത്ത് നമ്മളിങ്ങനെ കഷ്ട്ടപ്പെട്ട് കൊണ്ട് കൊടുക്കുന്ന ഇറച്ചി ഇത് കഴിക്കത്തില്ല. ചുമ്മാ നക്കി നോക്കിയിട്ട് കാലു കൊണ്ട് തട്ടിമാറ്റും. കാണന്നവര്ക്ക് അതൊര കാഴ്ച്ച മാത്രമായിരിക്കും. നായാടി കൊണ്ടു വന്നവനേ അതിന്റെ വിഷമം അറിയൂ..’ വയലില്‍ നിന്നം ചെളി തെറിക്കാതിരിക്കാന്‍ ഡോറിന്റെ ഗ്ലാസ് ഉയര്‍ത്തി വച്ച ശേഷം ഗിയര്‍ മാറി ആനന്ദ് ജീപ്പ് മുന്നിലേക്കെടുത്തു. സ്ട്രീറ്റ് ലൈറ്റിന്റെ തുഞ്ചത്ത് കയറിയിരുന്ന് അതിന്റെ തൂണ് കുലുക്കിക്കൊണ്ടിരുന്ന ഒരു കുരങ്ങ് ചെളിപ്പാടത്തിന് നടുവിലൂടെ നീര് നായയെപ്പോലെ കടന്ന് പോകുന്ന ജീപ്പിനെ അന്തം വിട്ട് നോക്കി നിന്നു. ആനന്ദിന് ഒരു തിരക്കും ഉണ്ടായിരുന്നില്ല. കൈയ്യില്‍ ലൈറ്റര്‍ ഉണ്ടായിരുന്നിട്ടും. അയാള്‍ ജീപ്പ് ഒതുക്കി റോഡ് മുറിച്ച് കടന്ന് രാത്രി തുറന്നിരിക്കുന്ന തട്ടുകടയില്‍ ചെന്ന് സിഗരറ്റ് കത്തിച്ചു. തന്റെ വരവ് കണ്ട് ഭവ്യതയോടെ ഒതുങ്ങി നിന്ന ലോറിക്കാരെ സ്നേഹത്തോടെ നോക്കി. പതിവു പോലെ ഏറെ നേരം തീയുമായി ചങ്ങാത്തത്തില്‍ ആയിരിക്കാന്‍ അയാള്‍ സിഗരറ്റിനെ അനുവദിച്ചില്ല. ജീപ്പിനരികിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും സിഗരറ്റ് അതിന്റെ കൂടിനുള്ളിലേക്ക് ഭദ്രമായി തിരികെ കയറിയിരുന്നു. ‘എന്നാലും എങ്ങനെ മനസ്സിലായി സാറേ അവനാണ് പെണ്ണിനെ കൊന്നതെന്ന്…?’ കടയിലേക്ക് പോയ നേരത്ത് ആനന്ദിനെ വായ് നിറയെ തെറിവിളിച്ചതിന്റെ കറ്റബോധം കൊണ്ട് ഗിരി ശബ്ദത്തില്‍ വളരെ വിനയം കലര്‍ത്തിയാണ് ആ ചോദ്യം ചോദിച്ചത്. എല്ലാ കഥപറച്ചിലുകാരെയും പോലെ അല്‍പ്പ നേരം ആനന്ദ് മൗനം വരിച്ചു. ‘ആംബുലന്‍സ് ആക്സിഡന്റായി അന്നൊരു പെണ്‍കുഞ്ഞ് മരിച്ചില്ലേ, ഒരു ശിവന്യ. കുട്ടിയെ തട്ടിയത് മുന്‍പേ പോയ ഒരു സ്കൂട്ടര്‍ ആണെന്നായിരുന്നു ഡ്രൈവറുടെ മൊഴി. അത് ഒത്തു നോക്കാന്‍ അവിടുത്തെ സി.സി ടിവി ക്യാമറ ഒന്ന് പരിശോധിച്ചു, അവിടുത്തെ ജ്യൂസ് കടയിലെ ക്യാമറ. അവന് പറഞ്ഞതു കറക്റ്റ് ആയിരുന്നു. ആദ്യം സ്കൂട്ടര്‍ തട്ടിയിട്ടാണ് കൊച്ച് ആംബുലന്‍സിന്റെ അടീലോട്ട് വീണത്. സ്കൂട്ടര്‍ നിര്‍ത്താതെ പോയി. ക്യാമറയില്‍ സ്കൂട്ടറിന്റെ നമ്പര്‍ പതിഞ്ഞിട്ടില്ലാത്തതു കൊണ്ട് വീഡിയോ പല പ്രാവശ്യം കാണേണ്ടി വന്നു. തുടര്‍ച്ചയായി കണ്ടപ്പോള്‍ മറ്റൊരു കാര്യം എന്റെ മനസ്സില്‍ ഉടക്കി. ആക്സിഡന്റിന് ശേഷം കൂള്‍ബാറിന്റെ ഓപ്പോസിറ്റ് വീട്ടില്‍ നിന്ന് ഒരു കാറ് ഇറങ്ങി വരുന്നണ്ട്. അവിടെ അത്രയും വലിയ ഒരു ആക്സിഡന്റ് നടന്നിട്ടും കാര്‍ അവിടെ നിര്‍ത്തുന്നില്ല. മൈന്റ് ചെയ്യാതെ അങ്ങ് പോകുകയാണ്. ആ കാര്‍ എവിടെയോ കണ്ട് പരിചയം ഉള്ളതാണെന്ന് അപ്പോള്‍ തന്നെ എനിക്ക് തോന്നി. പക്ഷേ ആരുടെ കാര്‍ ആണെന്ന് മനസ്സിലായില്ല. പിന്നെ ഞാനത് വിട്ടു. പക്ഷേ ആറു ദിവസം കഴിഞ്ഞ് ഞാന്‍ ആ കാര്‍ വീണ്ടും കണ്ടു. ഇര്‍ഫാനയുടെ പുസ്തകശേഖരം പരിശോധിക്കാന്‍ അന്ന് ശ്യാമിന്റെ വീട്ടില്‍ പോയപ്പോള്‍. വീഡിയോയില്‍ കാര്‍ കണ്ടപ്പോള്‍ തന്നെ ഞാനത് ഇറങ്ങി വരുന്ന വീട് ശ്രദ്ധിച്ചിരുന്നു. ജനറല്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് സൈക്യാര്‍ട്ടിസ്റ്റ് ജോസ്റ്റിന്‍ ബെഥനിയുടെ വീടാണത്. ആദ്യം ഒന്നും ഡോക്ടര്‍ കാര്യങ്ങളങ്ങനെ വിട്ട് പറഞ്ഞില്ല. നമുക്ക് കേസ് പോലെ തന്നെ പ്രിയപ്പെട്ടതാണല്ലോ ഡോക്ടര്‍ക്ക് അങ്ങേരുടെ പേഷ്യന്റും. പിന്നെ എനിക്ക് ഇര്‍ഫാനയുടെ കാര്യം തുറന്ന് പറയേണ്ടി വന്നു. അത് കേട്ട സമയത്ത് ഡോക്ടറുടെ മുഖത്തുണ്ടായ ഞെട്ടലില്‍ നിന്ന് തന്നെ ഞാനവനെ ബുക്ക് ചെയ്തു, ആ ശ്യാമിനെ’. ‘എന്തിനാ സാറേ അവനവിടെ പോയത്.. എന്തായിരുന്നു ക്ലൂ ?’ ഡോറില്‍ ചാരി ഗിരി ആനന്ദിന് നേര്‍ക്ക് തിരിഞ്ഞിരുന്നു. ‘ഈ ശ്യാമിന് ഭൂതകാലത്തില്‍ നമ്മള്‍ക്കറിയാത്ത ചില കഥകള്‍ ഒക്കെയുണ്ട്. ചെറുപ്പത്തില്‍ അതായത് കോളേജില്‍ പഠിക്കുന്ന കാലത്ത് മൈസൂരോ എങ്ങാണ്ട് ടൂറു പോയപ്പോള്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇവന് ഒരു പ്രോസ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ടു. ആദ്യത്തെ രതി തികഞ്ഞ പരാജയം ആയിരുന്നു. സ്വാഭാവികമായും പേടി കൊണ്ട് ഇവന് അടുത്ത മൂന്ന് നാല് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരുന്നു. മറ്റു സാധ്യതകള്‍ ഇല്ലാത്തതിനാലാകാം എല്ലാ തവണയും ഇത്തരം സ്ത്രീകളെയാണ് സമീപിച്ചു കൊണ്ടിരുന്നത്. ഓരോ തവണയും കൂടുതല്‍ പരാജയത്തിലേക്ക് കൂപ്പു കുത്തിയെന്ന് പറഞ്ഞാല്‍ മതിയില്ലോ.. തനിക്ക് ഇതിനുള്ള കഴിവില്ലെന്ന് ശ്യാം സ്വയം വിധിയെഴുതി. കൂട്ടത്തില്‍ പുള്ളിക്കൊരു സൈഡ് വെരിക്കോസില്‍ ഉണ്ടായിരുന്നു. തനിക്ക് വന്ധ്യത ഉണ്ടാകുമെന്നായിരുന്നു അവന്റെ ധാരണ. ഒരു പെണ്‍കട്ടിയെ അറിഞ്ഞു കൊണ്ട് ചതിക്കേണ്ടെന്ന് ശ്യാം തീരുമാനിക്കാന്‍ ഈ രണ്ടു കാരണങ്ങള്‍ ധാരാളമായിരുന്നു. മാത്രമല്ല ഇത്തരം സാഹചര്യങ്ങളിലെ വിവാഹം ഒരു ഡിവോഴ്സില് ചെന്നെത്തുമെന്ന് അയാള്‍ ഭയന്നിരിക്കണം. ഒറ്റ മകനായി ജനിച്ചു വളര്‍ന്നതിനാല്‍ കടുത്ത ഏകാന്തത ശ്യാമിനെ വേട്ടയാടിയിരുന്നു, പ്രത്യേകിച്ച് അച്ഛന്റെ മരണ ശേഷം. ഈ സമയത്താണ് ശ്യാം ഇര്‍ഫാനയെ പരിചയപ്പെടുന്നത്. ആ പെണ്‍കുട്ടി ഒരു സേഫ് സോണാണെന്ന് ശ്യാമിന് തുടക്കത്തില്‍ തന്നെ മനസ്സിലായി. വെറും ഒന്നര മാസം കൊണ്ട് ആ ബന്ധം പ്രണയത്തില്‍ എത്തി. അവരുടെ വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയിലാണ് താന്‍ വിചാരിക്കുന്നതു പോലുള്ള കുഴപ്പങ്ങളൊന്നും തന്റെ ശരീരത്തിനില്ലെന്ന് ശ്യാമിന് മനസ്സിലാകുന്നത്. അവരുടെ ലൈംഗിക ബന്ധം തൃപ്തികരമായിരുന്നു. സന്തോഷം നിറഞ്ഞതായിരുന്നു. പക്ഷേ വിചാരിക്കുന്നതു പോലുള്ള കുഴപ്പങ്ങളൊന്നും തന്റെ ശരീരത്തിനില്ല എന്ന തിരിച്ചറിവ് ശ്യാമിനെ ഞെട്ടിച്ചു കളഞ്ഞു. അങ്ങനെയാണ് ശ്യാം ബെഥനിയുടെ അരികിലെത്തുന്നത്. മനസ്സിന് സ്വസ്ഥത ലഭിക്കാത്ത അന്തരീക്ഷത്തില്‍, ടെന്‍ഷനോടുകൂടി മനസ്സിന് ഇഷ്ട്ടമില്ലാത്തവരുമായി ഇണ ചേരാന്‍ ശ്രമിച്ചാല്‍ ശരീരം ഈ രീതിയില്‍ പ്രതികരിക്കാം. ചെറിയൊരു കൗണ്‍സിലിങ്ങില്‍ തീരാവുന്ന പ്രശ്നം മാത്രം. പക്ഷേ ശ്യാം മറ്റൊരുവഴിയാണ് തിരഞ്ഞെടുത്തത്. നിര്‍ഭാഗ്യവശാല്‍ ഒരേ സാഹചര്യങ്ങളിലാണ് അയാളുടെ പരീക്ഷണങ്ങള്‍ മുഴുവന്‍ നടന്നത്. അതായിരുന്നു. വീണ്ടും ദുരനുഭവം ആവര്‍ത്തിക്കാന്‍ കാരണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ടെസ്റ്റ് ചെയ്തപ്പോള്‍ ശ്യാമിന് കുട്ടികള്‍ ഉണ്ടാകാതിരിക്കാന്‍ തക്ക പ്രശ്നമുള്ള വെരിക്കോസില്‍ ഒന്നുമല്ല. ഡോക്ടറുടെ അരികില്‍ നിന്ന് ഇറങ്ങിയ ശ്യാം ആക്സിഡന്റ് ശ്രദ്ധിക്കാതെ പോയത് സ്വാഭാവികം മാത്രം. ചെറിയ പ്രായം, സമൂഹമാധ്യമങ്ങളില്‍ അടക്കം വളരെ ആരാധകരുള്ള തന്നെ ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ വളരെ പ്രയാസമുള്ള ഭാര്യ, ഒരു ശരാശരി ചെറുപ്പക്കാരന്റെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തം കുഞ്ഞ്. സാഹചര്യങ്ങള്‍ വില്ലന്‍ വേഷത്തില്‍ നിന്നത് കൊണ്ട് മാത്രം മനസ്സില്‍ കഴിച്ചു മൂടിയ ആഗ്രഹങ്ങള്‍.. ഇത്രയും കാര്യങ്ങള്‍ മതി. എന്റെ ഇതുവരെയുള്ള പഠനങ്ങളും ധാരണകളും കൃത്യമാണെങ്കില്‍ ഈ പോയിന്റില്‍ വച്ച് ഇവിടെയൊരു ക്രിമിനല്‍ ജനിക്കുകയാണ്. തെളിവുകളില്ലായിരുന്നു. ഉണ്ടെങ്കില്‍ നമ്മുടെ അന്വേഷണത്തില്‍ നേരത്തേ തടഞ്ഞേനെ. ചില സൂചനകളും ജോസ്റ്റിന്റെ പേരും വച്ച് ഒന്നെറിഞ്ഞ് നോക്കിയതാണ്. ഉന്നം തെറ്റിയില്ല…’ ശ്യാമിന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ ജീപ്പ് നിശ്ചലമായി. പൊടിപടലങ്ങളെ തുരന്ന് മുന്നിലേക്ക് സഞ്ചരിച്ചിരുന്ന ജീപ്പിന്റെ വെളിച്ചം പാര്‍ക്ക് ലൈറ്റിന്റെ നേര്‍ത്ത പ്രകാശത്തിന് വഴിമാറി. തൊപ്പി ശരിയാക്കിക്കൊണ്ട് ഒരു മെലിഞ്ഞ പൊലീസുകാരന് ഓടിപ്പിടഞ്ഞ് വന്ന് ഗേറ്റ് തുറന്ന് കൊടുത്തു. വണ്ടി അകത്തേക്ക് കയറ്റി ഡോര്‍ തുറന്ന് ഇറങ്ങുമ്പോഴേക്കും കൈയ്യില്‍ ഒരു കവറുമായി ടൗണ്‍ എസ്.ഐ രാജേഷ് ആനന്ദിനെയും കാത്ത് നില്‍ക്കുകയായിരുന്നു. ‘സര്, ടേബിളില്‍ ഒരു കത്ത് കിടപ്പുണ്ടായിരുന്നു. മരിക്കും മുന്‍പ് എഴുതിയതായിരിക്കണം. ഇതില്‍ സാറിന്റെ പേര് എഴുതിയിട്ടുണ്ട്. കവര്‍ പൊട്ടിച്ചിട്ടില്ല.’ സല്യൂട്ടിന് ശേഷം രാജേഷ് കവര്‍ ആനന്ദിനെ ഏല്‍പ്പിച്ചു. കവര്‍ കീറി വെളുത്ത ഒരു നീളന്‍ കടലാസ് ആനന്ദ് പുറത്തേക്കെടുത്തു. കൈയ്യില്‍ കിട്ടിയ നിമിഷം തന്നെ വായിക്കാന്‍ മെനക്കെടാതെ ആനന്ദ് അതൊരു പ്രത്യേക രീതിയില്‍ മടക്കി. ഗേറ്റ് തുറന്ന പോലീസുകാരന് അകത്തേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്കിയ ശേഷം സിഗരറ്റ് ചുണ്ടിലേക്കെടുത്തു. പേപ്പര്‍ വീണ്ടും വീണ്ടും മടക്കിയ ശേഷം സിഗരറ്റിന് തീ പകര്‍ന്നു. വായില്‍ നിന്ന് പുറത്തേക്ക് പുകയൊഴുകിക്കൊണ്ടിരിക്കവേ ഒരു പ്രത്യേക താളത്തില്‍ ആനന്ദ് കടലാസ് നിവര്‍ത്തി. ചെറിയ ഒരു കടലാസ് തോണി ആനന്ദിന്റെ കൈകളില്‍ വിരിഞ്ഞു. അടിഭാഗം ഉള്ളം കൈയ്യില്‍ തേച്ചു പരത്തി മിനുസപ്പെടുത്തിയ ശേഷം സിഗരറ്റ് അതില്‍ തലകീഴായി കുത്തി നിര്‍ത്തി. മുന്നിലെ പൈപ്പ് തുറന്നിട്ട് ചുരുങ്ങിയ സമയം കൊണ്ട് ഒരു ചെറിയ വെള്ളക്കെട്ട് ആനന്ദ് ഉണ്ടാക്കി. തോണിയെ വളരെ ശ്രദ്ധിച്ച് അതിലേക്ക് വച്ചു. വിരലുകള്‍ മുങ്ങുവോളം കൈ വെള്ളത്തിലേക്ക് താഴ്ത്തി ഓളം ഉണ്ടാക്കിക്കൊണ്ട് അതിനെ ചലിക്കാന്‍ അനുവദിച്ചു . പുക പറത്തി നീങ്ങുന്ന കളിയോടത്തിന് മുന്നില്‍ വെറും മണ്ണില്‍ ഇരിക്കുന്ന ആനന്ദിനെ കണ്ട് വിശ്വസിക്കാനാകാതെ രാജേഷ് ഗിരിയെ നോക്കി. കൈകള്‍ പിണച്ചു വച്ച് അയാള്‍ എല്ലാം കണ്ടു നില്‍ക്കുകയായിരുന്നു. കടലാസു തോണി കൊണ്ട് ആരും കടലൊന്നും മുറിച്ചു കടക്കാത്തതു കൊണ്ട് ഗിരിധരന്റെ ഭാഗത്ത് നിന്നും ഇപ്രാവശ്യം എതിരഭിപ്രായം ഒന്നും ഉണ്ടായില്ല.