
ഈറ്റ

അക്ബര്‍
ഈറ്റകള്‍ക്കിടയില്‍ മുളയ്ക്കുന്ന കുഞ്ഞു സസ്യങ്ങള്‍, ജീവികള്‍, നനവുള്ള മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് തലനീട്ടുന്ന വിത്തിന്റെ കുതിപ്പുകള്‍.. കാടിന്റെ അത്ഭുതങ്ങള്‍ വര്‍ദ്ധിക്കുകയാണ്. അസംഖ്യം ജീവ വര്‍ഗ്ഗങ്ങളുടെ ഒരുമയാര്‍ന്ന ജീവിതം.
ആദ്യമായി ഉള്‍ക്കാട്ടില്‍ വന്നതിന്റെ അമ്പരപ്പിലാണ് ജോയി. വര്‍ഷങ്ങളായി ഉള്ളില്‍ ഇലപൊഴിക്കുകയും തളിര്‍ക്കുകയും കാട്ടുതീയില്‍ കത്തി യമരുകയും ചെയ്യുന്ന കാട്. ഏത് ഒടുക്കത്തെയും അതിജീവിച്ച് പച്ചപ്പിന്റെ കുഞ്ഞുജീവനുകള്‍ തളിരിടും ജീവിതവും ഇങ്ങനെയൊക്കെ തന്നെയല്ലേ. അവന്റെ മനസ്സില്‍ ദാര്‍ശനീകമായ ഒരു നിശ്ശബ്ദത രൂപം കൊണ്ടു. അമ്മയോടൊപ്പം പാലത്തിന് താഴെയുള്ള കാട്ടില്‍ വിറക് പെറുക്കാന്‍ പോയ ദിനത്തിലെ കാടിന്റെ ആദ്യ കാഴ്ച അവനെ പുറകോട്ടു വലിച്ചു.
‘അമ്മച്ചീ.. ഈ കാട്ടില്‍ വഴിതെറ്റിപ്പോയാ എന്നാ ചെയ്യാ?’
വഴിതെറ്റിപ്പോവാതെ കാട്ടു ദെയ്വങ്ങള് കാക്കും മോനേ..’

കാട്ടു ദൈവങ്ങളോ.. അവന് ആശ്ചര്യമായി. കര്‍ത്താവിനേം. സ്കൂളിന്റെ അടുത്തുള്ള അമ്പത്തിലെ അയ്യപ്പ സ്വാമിയേം മുസ്ലീം പള്ളീലേ അള്ളാവിനൊക്കെയാ അവന് കേട്ടിട്ടുള്ളു. ഇപ്പോ ദേ പുതിയ ദൈവം.. അല്ലെങ്കിലും ഈ കാട് കാണുമ്പോള്‍ ഒന്ന് കൈകൂപ്പാനൊക്കെ തോന്നും. ആകാശം മുട്ടുന്ന മരങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍. തീരെ കുഞ്ഞു ചെടികള്‍, പൂക്കള്‍, പലതരം പ്രാണികള്‍, ജീവികള്‍.. വിസ്മയങ്ങളുടെ വിശാലമായ കാഴ്ച ഒളിപ്പിച്ചു വച്ച് കാട്.
അന്ന് പോയപ്പോള്‍ മുന്നില്‍ പച്ചയായി ചിരിച്ച കാടല്ല തന്റെ മുമ്പിലുള്ളതെന്ന ചിന്ത അവനെ വിനയാന്വിതനാക്കി. കാടിന്റെ ഉള്ളിലേക്ക് കടക്കുന്തോറും ദിക്കറിയാത്ത മുറിയില്പ്പെട്ടുപോയ അനുഭവം..കാലെടുത്തു വച്ചപ്പോള്‍ എന്തിലോ തട്ടി. നോക്കിയപ്പോള്‍ ആനപ്പിണ്ടം. കുറച്ചു പഴക്കമുണ്ട്.
‘ഒരാഴ്ച മുന്നേ വരെ ഇവിടം നെറച്ച് ആനകളാര്ന്നു. അവര്‍ കുടുംബ സമേതം താഴെയുള്ള തോട്ടിലും ഈറ്റയുടെ കൂമ്പ് കടിച്ച് തോട്ടില്‍ കുളിച്ച്.ഇതിലേ ഒക്കെ നടന്നു.’
കൂടെയുണ്ടായിരുന്ന ബേബി പറഞ്ഞു. ബേബി ഈറ്റപ്പണി തുടങ്ങിയിട്ട് പത്തുപതിനെട്ട്കൊല്ലമായി. ബേബിയുടെ അപ്പച്ചന് പൗലോ അച്ചാച്ചനും ഈറ്റവെട്ട് തന്നെയാര്ന്നു പണി. ജോയിയുടെ അമ്മേടെ ചേച്ചീടെ മോനാ ബേബി.ബേബി ഞാഞ്ഞാന്നാ ജോയി വിളിക്കാറ്.
‘ മോനേ ജോയീ നീ പേടിക്കുവോന്നും വേണ്ട. ആന വരുന്നതൊക്കെ അറിയാമ്പറ്റും. .. മനുഷ്യനെപ്പോലെ ആനകളൊന്നും അത്ര ക്രൂരന്മാരൊന്നുമല്ല.. ‘ അതു പറഞ്ഞതും ബേബി മുഖത്തു പതിച്ച നിഴലിനെ ഈറ്റയിലകള്ക്കിടയില് പതിക്കുന്ന വെയിലിലേക്ക് മാറ്റി. ഇളവെയിലിന്റെ തിളക്കം ആ മുഖത്തുണ്ടായിരുന്നില്ല. ബേബി ഞാഞ്ഞയുടെ അപ്പന് പൗലോ അച്ചാച്ചന് ഒരിക്കല്‍ വീട് മേയാന്‍ ഇല്ലി വെട്ടാന്‍ കാട്ടിലേക്ക് പോയതാ., പിന്നെ തിരിച്ചു വന്നിട്ടില്ല. പത്തു പതിനെട്ട് വര്‍ഷം മുമ്പാ സംഭവം. ബേബി ഞാഞ്ഞയുടെ അമ്മ കുഞ്ഞന്നാമ്മച്ചി കാട്ടിലും മേട്ടിലും കേറി അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ജീവിതത്തിന്റെ പകുതിയോളം ജീവിച്ച കാട്ടില്‍ പൗലോ അലിഞ്ഞു പോയിക്കാണുമെന്ന് കുഞ്ഞന്നാമ്മച്ചി വിചാരിച്ചു. അല്ലേലും ഈ കാടില്‍ എവിടെ പോയി തപ്പാനാ?കോര്പ്പറേഷന് ഈറ്റ വെട്ടുന്ന കാലം. പൗലോ അപ്പച്ചന് എളിയില്‍ വാക്കത്തി കുത്തി ഒരു കൈകൊണ്ട് കടുപ്പത്തിലുള്ള ജയാ ബീഡി ചുണ്ടില്‍ തെളിച്ച് ലോറീടെ വശത്ത് തൂങ്ങി നില്ക്കുന്ന കണ്ടാല്‍, സിനിമാ നടന് ജയനെ ഓര്‍മ്മ വരും. ഹെലിക്കോപ്റ്ററില്‍ തൂങ്ങി ബാലന് കെ നായരെ പിടിക്കാന്‍ നോക്കുന്ന ജയന്..
ജയന്റെ പടം കാണാന്‍ അക്കാലത്ത് ബിന്ദു ടാക്കീസില്‍ വലിയ തിരക്കാണ്. ജയനും നസീറും ഒന്നിക്കഭിനയിച്ച ഇരുമ്പഴികള്‍ സിനിമയുടെ ഷൂട്ടിംഗ് കാലം. അപ്പച്ചന് ഇന്നും അയവിറക്കാറുണ്ട്.
‘എടാ. ജോയിക്കുഞ്ഞേ..’ വിളി കേട്ട് അവന് ഓര്‍മ്മകളില്‍ നിന്നുണര്‍ന്നു. ‘ ഇങ്ങനെ ഓര്‍ത്തു നിന്നാലൊന്നും പണി നടക്കില്ല. കാട്ടാന കൂട്ടത്തോടെ വന്നാലൊന്നും ഒന്നും ചെയ്യില്ല. ഒറ്റയാനാണേല് സൂക്ഷിക്കണം… ‘
ഒറ്റയാനാണ് തന്റെയപ്പന് പൗലോയെ കൊന്നതെന്ന് ബേബി വിശ്വസിച്ചു. ഒരു ഞായറാഴ്ച ചാരായ ഷാപ്പില് ഇതു സംബന്ധിച്ച് വലിയ കോലാഹലവുമുണ്ടായി. പൈലി ചേട്ടന്റെ മുനവച്ചുള്ള ചോദ്യം ബേബിയെ പ്രകോപിതനാക്കി. ചാരായ കുപ്പി പൊട്ടിച്ച് പൈലിയെ ആക്രമിക്കാന്‍ ബേബി ഒരുങ്ങി നിന്നു. ആള്‍ക്കൂട്ടം ചേര്‍ന്ന് രണ്ടു പേരേം വലിച്ചുമാറ്റി.. അപ്പനെ ആരോ കൊന്നതാണെന്ന് പൈലി ചേട്ടന് പറഞ്ഞു. അതാണ് കാരണം. ബേബിയുടെ അമ്മയെ സ്വന്തമാക്കാനാണെന്ന പൈലിയുടെ വാക്കുകള്‍ ബേബിയെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. ഷാപ്പിലുണ്ടായിരുന്നവരെല്ലാം ചേര്‍ന്ന് രണ്ടു പേരേം സമാധാനിപ്പിച്ചു, പുഴുങ്ങിയ മുട്ട കാന്താരി അരച്ചതില്‍ മുക്കി ബേബി കാ കുപ്പി ചാരായം വെള്ളം ചേര്‍ക്കാതെ മോന്തി അവിടുന്ന് ഇറങ്ങിപ്പോയി.
ഞായറാഴ്ചയാണ് നേര്യമംഗലത്ത് ചന്ത. ഈറ്റക്കാട്ടില്‍ പോയ പേണ്ണുങ്ങളും ആണുങ്ങളുമെല്ലാംകാടിറങ്ങി ശനിയാഴ്ച വരും.ഈറ്റ ലോറിയില്‍ സാഹസീകമായി തൂങ്ങി നിന്നെത്തുന്ന ആണുങ്ങളെയും പെണുങ്ങളേയും നോക്കി നേര്യമംഗലത്തെ പലചരക്കുകടകളും കള്ളു ഷാപ്പുകളും നോക്കി നില്ക്കും. അതിരാവിലെ മമ്മദിക്കാന്റെ കടേന്ന് വാങ്ങണ മൊഴേഞ്ച് ഒരോ അടുക്കളെയെയും ഉണര്‍ത്തും. എല്ലും കപ്പേം അരപ്പു കൂട്ടിയിളക്കുമ്പോള് പോണ്ഡ്സ് പൗഡര്‍ മുഖത്ത് തേച്ച് ഷാപുകളില് ആണുങ്ങള് ചാരായോം കള്ളും മോന്താന് തുടങ്ങും.
ഞായറാഴ്ചകള്‍ക്ക് ചാരായത്തിന്റെയും പോണ്ഡ്സ് പൗഡറിന്റെയും മണമാണെന്ന് പലപ്പോഴും ജോയിക്ക് തോന്നീട്ടുണ്ട്. ആ ഗന്ധം തീയറ്ററിനെയും കവലകളെയും ചായക്കടകളെയും ആനന്ദത്തിലാഴ്ത്തി. ആ മണത്തിന്റെ സുഖത്തില്‍ തിയറ്ററിന് മുന്നിലെ പന്തുകളിക്കാര്‍ പന്തിനായി ഓടി നടന്നു. മലകള്‍ക്കിടയിലെ റോഡരികിലെ പാലയില്‍ പലതരം പക്ഷികള്‍ ചിലച്ചു.
ബേബി തുടര്‍ന്നു…
‘ഈറ്റ മാത്രേ വെട്ടാവൂ. ബാക്കിയുള്ളതൊക്കെ കാടിന്റെ അവകാശികളാ.. ‘
അവന് പെട്ടെന്ന് പത്താം ക്ലാസ്സിലെ പരമേശ്വരന് സാറിന്റെ മലയാളം ക്ലാസ്സ്, ഒത്ത നടുവിലുള്ള ബഞ്ചില്‍ സുബേറിന്റെ വശത്തായി ഇരുന്ന് ജോയി ശ്രദ്ധിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികളാണ് വിഷയം.. ”കാലത്തിന്റെ അന്തമില്ലാത്ത പോക്കില്‍ ഒരുനാള്‍ സൂര്യന് എന്നെന്നേക്കുമായി അണഞ്ഞുപോവും. അതിനുമുമ്പ് ഭൂഗോളം മരിച്ചിട്ടുണ്ടാവും. ചരാചരങ്ങള്‍ അഖിലവും നശിച്ചിരിക്കും. ഗോളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തകര്‍ന്നിട്ടുണ്ടാവും. പൊടിയായി… പണ്ടത്തെ കോസ്മിക് ഡസ്റ്റ്. പിന്നെ അനന്തമായ ഇരുള്.”സാറിന്റെ ക്ലാസ്സുകള്‍ സിനിമ കാണുന്ന പോലെയാ.. ബഷീറിന്റെ ആശയങ്ങളെല്ലാം അവന് ഇഷ്ടായി. വലുതാവുമ്പോ ബഷീറിനെപ്പോലെ വലിയ എഴുത്തുകാരനാവണമെന്ന് അവന് ഉറപ്പിച്ചത് അന്നത്തെ പരമേശ്വരന് സാറിന്റെ ക്ലാസിലാണ്. അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടും, സത്യന് സ്റ്റൈല്‍ മീശയും കൃതാവുമെല്ലാം പരമേശ്വരന് സാറിനെ മറ്റുള്ള സാറന്മാരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നു. സ്കൂളിലെ ടീച്ചര്‍മാരൊക്കെ പരമേശ്വരന് സാറിന്റെ ഇഷ്ടക്കാരാണെന്ന് അന്ന് ആരോക്കെയോ അടക്കിപ്പിടിച്ച് പറഞ്ഞു നടന്നിരുന്നു.
പത്താം ക്ലാസ് ജോയി ഡിസ്റ്റിംഗ്ഷനോടെ പാസ്സായി. കോതമംഗലത്തെ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ്വേറേതോ ലോകമായി അവന് തോന്നി. പല സ്ഥലങ്ങളില്‍ വരുന്ന കുട്ടികള്‍.സ്കൂളു പോലെ അത്ര വലിയ സ്നേഹം കോളേജ് മുറികള്ക്കില്ലെന്ന് ജോയിക്ക് തോന്നി.
അവിടുത്തെ വിരസ നേരങ്ങളില്‍ അവന് സ്കൂള്‍ കാലത്തെ കൂടുതലായി ഇഷ്ടപ്പെട്ടു. അന്നാണ് ജോയിയുടെ അപ്പച്ചന് അസുഖം ബാധിച്ചത്. കോതമംഗലത്തെയും മുവാറ്റുപുഴയിലെയും ആശുപത്രികളില്‍ കൊണ്ടു പോയി. ശ്വാസകോശത്തിന് എന്തോ ബുദ്ധിമുട്ടാണ്. കോളേജ് കാലം പെട്ടെന്ന് തീര്‍ന്നു. രണ്ടു മൂന്ന് വര്‍ഷം വീട്ടിലൊതുങ്ങിക്കൂടി. അങ്ങനെയിരിക്കെയാണ് ഈറ്റക്കാട്ടിലേക്ക് പോന്നത്.
അപ്പച്ചന് ബീഡി തെറുപ്പായിരുന്നു പണി. കണ്ണൂരില്‍ നിന്ന് വന്ന ബീഡി തെറുപ്പുകാരില് നിന്ന് പഠിച്ചെടുത്തെടുത്ത തൊഴില്‍. നെറുകയില്‍ കുരുവിക്കൂടുള്ള ഗംഗാധരന് ചേട്ടന്റെ പടമുള്ള ജയാ ബീഡിക്കായി അപ്പന് ആയിരക്കണക്കിന് ബീഡികള്‍ തെറുത്തുക്കൂട്ടി. നൂറു കണക്കിന് ബീഡികള്‍ അപ്പച്ചന് വലിച്ചും തീര്‍ത്തു. ബീഡി തെറുപ്പ് കണ്ടു നില്ക്കാന് നല്ല രസാണ്. കത്രികയുടെ വേഗത്തില്‍ ബീഡിയിലകള്‍ മുറിഞ്ഞ് താഴെ വീഴുന്നു. വീഴുന്ന ഇലക്കഷ്ണങ്ങളില് കിളികളും പറപ്പകളും വീടുകളും ബസ്സുകളും രൂപമെടുക്കുന്നത് ജോയി അത്ഭുതത്തോടെ നോക്കി നില്ക്കും. കണ്ണൂരില്‍ നിന്നുള്ള സഖാക്കളാണ് മിക്കവരും. സഖാവെന്ന വാക്ക് ജോയി ആദ്യമായി കേട്ടത് ബീഡിതെറുപ്പുകാരില് നിന്നാണ്. കേരള ശബ്ദം മാസികയും അവരില്‍ നിന്നാണ് അവന് കാണുന്നതും. മാസികയിലെ രാഷ്ട്രീയ വാര്‍ത്തകള്‍ കേട്ട് ബീഡി തെറുക്കുന്നവരുടെ കാഴ്ചകള്‍ അന്നത്തെ കാലത്തെ പ്രത്യേകതയായിരുന്നു. നല്ല പന്തുകളിക്കാര്‍ കൂടിയാരുന്നു അവര്‍. ബിന്ദു ടാക്കീസിന് മുന്നിലെ പന്തുകളി കോര്‍ട്ടില്‍ അവരുടെ വടക്കന്‍ മലബാര്‍ പന്തുകളികണ്ടാവാം നേര്യമംഗലത്തു നിന്നും നിരവധി പന്തുകളിക്കാരുണ്ടായി..
‘എടാ..ഇങ്ങനെ വിചാരിച്ചു നിന്നാ എങ്ങനാ… സൂക്ഷിച്ചു വെട്ടണം.. മൂത്ത ഈറ്റേല് തട്ടി വാക്കത്തി പാളും…’
പന്തുകളി മൈതാനത്തെ പാസുകള്ക്കിടയില് നിന്ന് ജോയി ഉണര്‍ന്നത് കാട്ടിലേക്കാണ്. ഈറ്റയിലകള്‍ വെട്ടിയൊതുക്കി ഓരോ ഈറ്റക്കോലും വണ്ണം നോക്കി തിരിച്ചിടണം. പിന്നെ ഈറ്റപ്പൊളി കീറി പത്തു മുപ്പതെണ്ണം ചേര്‍ത്ത് കെട്ടി ലോറീ കേറ്റണം.കാലില്‍ എന്തോ ചൊറിയുന്ന പോലെ. നോക്കിയപ്പോള്‍ കാല്പ്പാദങ്ങളില് തോട്ടപ്പുഴുക്കള്‍ ചോരകുടിച്ചു വീര്‍ത്തിരിക്കുന്നു.അവയെ പറിച്ചു മാറ്റാന്‍ ജോയിക്ക് തോന്നിയില്ല. അവന് അവയെ നോക്കി നിന്നു.ഇതുകണ്ട് ബേബി ഉപ്പു തിരുമ്മിയ പുകയില തേച്ചു. പുഴുക്കളെല്ലാം പിടിത്തം വിട്ട് താഴേക്ക് പതിച്ചു.
‘ കാട്ടീ കേറുമ്പോ പൊകല തേക്കണം. അല്ലേല്‍ തോട്ടപ്പുഴു ഒള്ളതെല്ലാം കടിച്ചെടുക്കും’
ചിരിച്ചുകൊണ്ട് ബേബി മുണ്ടിന്റെ മടിയില്‍ നിന്ന് പുകയിലയെടുത്തു ജോയിയുടെ കാലില്‍ തിരുമ്മിത്തേച്ചു. വടക്കന്‍ പുകയിലയുടെ രൂക്ഷ ഗന്ധം അവിടമാകെ പരന്നു. കാലിലും കൈയിലും പൊകലക്കൂട്ട് തേച്ച് പിടിച്ച് ജോയി മുണ്ട് മുറുക്കിയുടുത്തു. തോര്‍ത്ത് തലയില്‍ ഉറപ്പിച്ചു ചുറ്റി വലിയ ഈറ്റകള്‍ നോക്കി ഓരോന്നായി വെട്ടിക്കയറി. ഈറ്റവെട്ടുമ്പോള് സൂക്ഷിക്കണമെന്ന ബേബിയുടെ വാക്കുകള്‍ ജോയി ഓരോ നീക്കത്തിലും മനസ്സിലുറപ്പിച്ചു.കാട്ടില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പഠിച്ചാലും പഠിച്ചാലും തീരാത്തത്ര വലിയൊരു പുസ്തകമായി കാട് ജോയിക്കു മുന്നില്‍ നിവര്‍ന്നു.
അപ്പച്ചന് അസുഖംവന്ന് കിടപ്പിലായതോടെ അമ്മ മെയ്ക്കാട്പണിക്ക് പോവുന്നത് നിര്‍ത്തി. അപ്പച്ചനും നേരത്തെ കാട്ടിലായിരുന്നു പണി. ബേബി ഞാഞ്ഞയുടെ അപ്പന് പൗലോ അച്ചാച്ചന്റെ കൂടെയാര്‍ന്നു. ഒരിക്കല്‍ ഈറ്റക്കെട്ടുമായി അപ്പച്ചന് വീണു. പിന്നീടാണ് വലിയ അധ്വാനമില്ലാത്ത ബീഡി തെറുപ്പിലേക്ക് തിരിഞ്ഞത്.അപ്പച്ചന്റെ വീട്ടുകാരോക്കെ 46 ഏക്കറിലും പുഴയുടെ അടുത്തൊക്കെയുണ്ട്. അപ്പച്ചന്റെ അനിയനാ ബേബി ഞാഞ്ഞയുടെ കൂടെ കാട്ടില്‍ വിട്ടത്. അങ്ങനെ ബേബി ഞാഞ്ഞ ആശാനായി.
ഈറ്റകള്‍ ഒരോന്ന് വെട്ടിത്തീര്ക്കുമ്പോള് അവന് ഉള്ളില്‍ സങ്കടം മുളച്ചു. അതിന്റെ ഇലകളുടെ തണുപ്പില്‍ പത്താം ക്ലാസിലെ മലയാളം ക്ലാസ് ജോയിയ്ക്ക് ഓര്‍മ്മ വന്നു.
സ്കൂളിലെ തൊട്ടടുത്ത അമ്പലപ്പറമ്പ് മുന്നിലെത്തി. അവന് അമ്പലപ്പറമ്പിലൂടെ അലഞ്ഞു. കുപ്പിവളക്കടകള്ക്ക് മുന്നിലെത്തിയപ്പോള്‍ രാജിയുടെ കൈകള്‍ ഓര്‍മ്മ വന്നു. രാജിയുടെ എണ്ണക്കറുപ്പ് കൈകളില്‍ മഞ്ഞയും ചോപ്പും വളകള്‍ കിടക്കുന്നത് വിചാരിച്ചപ്പോള്‍ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതേ ആഹ്ലാദത്തോടെ അമ്പലത്തിന്റെ കിഴക്കൊഴുകുന്ന പുഴയിറമ്പിലെത്തി.പുഴയിലൂടെ ഒഴുകി പരക്കുന്ന മകര നിലാവ് അവന് കോരിയെടുത്തു. അവന് മുങ്ങി നിവര്‍ന്നു. വെള്ളത്തുളളികളുടെ മാലയണ്ഞ്ഞ് ് മുന്നിലെ പതിനെട്ടു പടി ചവിട്ട് അയ്യപ്പന്റെ നടയിലെത്തി. അയ്യപ്പ സ്വാമി അവനെ നോക്കി ചിരിച്ചു. മതിലിന് പുറത്ത് മാളികപ്പുറത്തമ്മ അയ്യപ്പനെ കാത്തിരുന്നു. സര്‍പ്പക്കാവിലും മലദവങ്ങളുടെ തറയിലും അവന് കൈകൂപ്പി. പാലകളില്‍ സുഗന്ധം നിറഞ്ഞു. മുന്നിലെ കൂവളത്തിനടുത്ത് രാജി.നിലാവേറ്റ് രാജിയുടെ മുഖം നീലിച്ചു. അവന് അവളുടെ കൈകളില്‍ തൊട്ടു. മഞ്ഞയും ചോപ്പും നിറമുള്ള വളകള്‍ രാജിയുടെ കൈകളെ പുണര്‍ന്ന് കിടന്നു. മലദൈവങ്ങളുടെ തറയോട് ചേര്‍ന്ന കാഞ്ഞിര മരത്തില്‍ നിന്ന് ഒരു വെളുത്ത പക്ഷി ആകാശത്തേക്ക് ഉയര്‍ന്നു. മാനത്ത് നിറഞ്ഞു തൂവിയ നിലാവില് ആ പക്ഷി ലയിച്ചു.
‘ ജോയിയേ.. ‘ അങ്കലാപ്പോടെ അവന് തിരിഞ്ഞു. മലദൈവങ്ങളും അമ്പലവും പുഴയും പക്ഷിയുമെല്ലാം മാഞ്ഞുപോയി..
‘ ഇവന്റെയൊരു വിചാരം.. വെക്കം ഈറ്റവെട്ടടാ കുഞ്ഞോനേ..’
ജോയി ഞാഞ്ഞയുടെ സ്വരത്തില്‍ വാത്സല്യം.വീട്ടുകാരും അയല്‍വക്കകാരും ബന്ധുക്കളും ഓമനിച്ചു വിളിക്കുന്ന പേര്. കുഞ്ഞുമോന്. ആ പേരിലെ സ്നേഹം അവന്റെ ഉള്ളില്‍ തറഞ്ഞു.
‘മൊളച്ചുവരുന്ന ഈറ്റക്കുഞ്ഞുങ്ങളെ തൊട്ടേക്കരുത്’ ബേബി ഞാഞ്ഞയുടെ ആദ്യത്തെ പാഠം ജോയിക്ക് ഓര്‍മ്മ വന്നു. മൂത്ത് പാകമായ ഈറ്റകള്‍ തെരഞ്ഞു പിടിച്ചു വെട്ടാന്‍ തുടങ്ങി. സമീപത്തെ അറുകാഞ്ഞിലി മരത്തില്‍ നിന്ന് അണ്ണാന് ചിലച്ചു. കാടിനെ ഇലച്ച് ഒരു കാറ്റ് പാഞ്ഞു. പൊന്തകള്‍ക്കിടയില്‍ നിന്ന് കൂരന്‍ തലയുയര്‍ത്തി നോക്കി.
നാടിനെപ്പോലെയല്ല. കാട് കാടിന്റെ പ്രത്യേകതകള്‍ നിറയെയാണ്. പ്രത്യേകതകള്‍ എന്നതിനെ വിസ്മയം എന്ന വാക്കുകൊണ്ട് അവന് മനസ്സില്‍ തിരുത്തി. കാടിനകം, തണുപ്പ്, പലതരം ഒച്ചകള്‍, ജീവികള്‍, സസ്യങ്ങള്‍, മരങ്ങള്‍.. അങ്ങനെ അങ്ങെനെ എന്തെന്തു വിചിത്രമാണ് കാടുള്ളമെന്ന് അവന് ഓര്‍ത്തു.
‘ ഇന്നിത്രേം മതി. ലോറി വരാറായി…വെക്കെന്ന് കെട്ട്.’ബേബി ചേട്ടന് പറഞ്ഞു. അപ്പോഴാണ് വൈകുന്നേരമായെന്ന് അവന് മനസ്സിലായത്. അല്ലെങ്കിലും കാടിന്റെ സമയം മനുഷ്യരുടേതല്ല.വെട്ടിയിട്ട ഈറ്റകള്‍ കെട്ടാക്കി. വലിയ ഈറ്റകളായതോണ്ട്. പത്തിരുപതെണ്ണം മതി..ഒരു കെട്ടാവാന്.. സന്ധ്യയാവുന്നു. മലകള്‍ക്കപ്പുറം സൂര്യന് ഓറഞ്ചു നിറമായിക്കാണും . അവന് വിചാരിച്ചു. പാലത്തിന് മുകളില്‍ നിന്നാല്‍ മലകള്‍ക്കിടയിലൂടെ സൂര്യന് താന്ന് താന്ന് പോകുന്നത് കാണാം..കൂന്ത്രപ്പുഴയിലെ പരലുകളോടൊപ്പം ജോയി മുങ്ങിക്കുളിച്ചു. പുഴയിലെ വെള്ളത്തിന് കാടിന്റെ തണുപ്പ്. പെരിയാറിനില്ലാത്ത സുഖം. മുങ്ങിനിവര്‍ന്നപ്പോള്‍ ലോകത്തെ ഏറ്റവും ഉത്സാഹി താനെന്ന് അവന് വിചാരിച്ചു.
‘ കൂടുതല്‍ വെള്ളത്തീ നിക്കണ്ട. മലവെള്ളമാ.. തലേല് നീര്‍ക്കെട്ട് വരും.. ‘ ബേബിയുടെ സ്വരം. കുളിച്ചു കേറുമ്പോള്‍ ഈറ്റവെട്ടാന്‍ പലയിടങ്ങളില്‍ പോയ പെണ്ണുങ്ങളും ആണുങ്ങളും വന്നു.
‘ ജോയി കുഞ്ഞോനേ.. എങ്ങനെണ്ടാര്ന്നൂ.. ‘തിരിഞ്ഞു നോക്കിയയപ്പോള്‍ ശാന്തമ്മച്ചിയുടെ ചിരിക്കുന്ന മുഖം. അവനും ചിരിച്ചു. ശാന്തമ്മച്ചി അമ്മേടെ കൂട്ടുകാരിയാ. ഒത്തിരി എടുത്തോണ്ട് നടന്നിട്ടുണ്ട്. അമ്മയെ പോലെ തന്നെ. ശാന്തമ്മച്ചീന്നാ വിളിക്കുന്നത്. കുഞ്ഞിലേ അമ്മച്ചി അമ്മച്ചീടെ ഇളയ ആങ്ങളേടെ കെട്ടിയോളുടെ പ്രസവത്തിന് പോയപ്പോള്‍ ശാന്തമ്മച്ചീടെ കൂടെയാ നിന്നത്. അന്ന് എനിക്ക് അഞ്ചു വയസാ പ്രായം. സ്കൂളില്‍ ചേര്‍ത്ത കാലം. ശാന്തമ്മച്ചീടെ ഇളയ കൊച്ചാ രാജി..എന്നേക്കാള്‍ രണ്ടുമൂന്ന് വയസ്സ് കുറവാ..എന്റെ കൂടെയാ കുഞ്ഞുനാള് തൊട്ട്. തീരെ കൊച്ചാര്ന്നപ്പോള് അവളുടെ കവിളിലെ കണ്മഷിപ്പൊട്ട് ഞാന്‍ ഉമ്മവച്ച് മാച്ചുകളഞ്ഞിട്ടുണ്ട്.
‘ നീയെന്നാ ജോയി മിണ്ടാതിരിക്കുന്നേ.. ബേബി ഞാഞ്ഞ ചോദിച്ചു. ‘ ഓ എന്നതാ പറയണേ ഞാഞ്ഞേ…’ അവന്റെ മറുപടിയില്‍ എന്തോ സങ്കടം കനച്ചു കിടക്കുന്നതായി ബേബിക്ക് തോന്നി.
‘ പടിക്കാന് പോവാത്തേന്റെ ബുദ്ധിമുട്ടുണ്ടല്ലേ..’ ബേബി ഞഞ്ഞയുടെ ചിരിച്ചുള്ള ചോദ്യം. സത്യമാണ്. സങ്കടമുണ്ട്. ഒത്തിരി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നടന്നില്ല.
‘ മോനേ സാരമില്ലെന്നെ.. ഈറ്റവെട്ടി പൈസ ഉണ്ടാക്കി നമ്മക്ക് പടിക്കാന്നെ..’ ബേബി ഞഞ്ഞയുടെ വാക്കുകള്‍ അവന് പ്രതീക്ഷയായി.

രാന്ത്രിയാവുന്നു. മരത്തിന് മുകളിലെ ഏറുമാടത്തില്‍ ബേബി വെള്ളം കൊണ്ടു വച്ചു.
‘ മുള്ളാനോ, തൂറാനോ ഒണ്ടെങ്കി പോയിട്ട് വാ..അല്ലെങ്കി രാത്രി ഒരുപാടായാ പിന്നെ താഴെയെറങ്ങാന് പറ്റില്ല… ബേബിയുടെ വാക്കുകള്‍ക്ക് അവന് ചിരിച്ചു. ഉണക്കമീന്‍ കൂട്ടി കഞ്ഞികുടിച്ചു. നല്ല ക്ഷീണമുണ്ട്. ഉറക്കം കണ്ണുകളില്‍ വന്ന് തൊട്ടു. ജോയി ഉറങ്ങിപ്പോയി.ബേബി അങ്ങകലെയുള്ള ഇരുട്ടിലേക്ക് നോക്കി നിന്ന് ബീഡി കത്തിച്ചു വലിച്ചു.
ഉറക്കത്തില്‍ ജോയി അമ്പലപ്പറമ്പിലെത്തി. ഉത്സവത്തിന്റെ തിരക്കിലും ബാല തുടങ്ങിയിരിക്കുന്നു . രാജിയോടൊപ്പമിരുന്ന് ജോയി ബാല കണ്ടു..നള ദമയന്തി കഥയായിരുന്നു. ദമയന്തിയോടൊപ്പമുള്ള നളന്റെ പ്രണയ രംഗങ്ങള്‍ ജോയിയെ നളനാക്കി. രാജി ദമയന്തിയായി. ചിരിക്കുന്ന ദമയന്തിയെ നളന് ഉമ്മവച്ചു. രാജി ചിരിച്ചുകൊണ്ട് മുഖം മാറ്റി. രാജിയുടെ കണ്ണുകളില്‍ പ്രണയം തെളിയുന്നത് ജോയി കണ്ടു.
കാട്ടു ചെമ്പകം പൂത്ത മണവുമായി ജോയിയുടെ മൂക്കില്‍ കുഞ്ഞുകാറ്റ് പതുങ്ങി നടന്നു, അവന് ഉറക്കത്തില്‍ പുഞ്ചിരിച്ചു. നളന്റെയും ദമയന്തിയുടെയും ചിരി മുഴങ്ങി. ജോയി പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റു. തൊട്ടടുത്ത് ഉറങ്ങിയിരുന്ന ബേബിയെ കാണാനില്ല. അവന്താഴേക്ക് നോക്കി. പതിഞ്ഞ സ്വരത്തില്‍ ആരോ സംസാരിക്കുന്നു. കാതു കൂര്‍പ്പിച്ചു.
‘പോടീ… നിനക്ക് എന്തു മണമാ..’
പോ ബേബീ… അതേയ് കാട്ടുചെമ്പകത്തിന്റെ മണാ..’
ബേബി ഞാഞ്ഞ.. ഒരാളെ അവന് തിരിച്ചറിഞ്ഞു. മറ്റൊരാള്‍ ഒരു സ്ത്രീയാണ്. എവിടെയോ ആ ശബ്ദം കേട്ടിട്ടുണ്ട്. ഓര്‍മ്മ കിട്ടുന്നില്ല. ജോയി വീണ്ടും കിടന്നു. ഏറുമാടത്തിന് താഴെ കിതപ്പിന്റെ ഒച്ച കൂന്ത്രപ്പുഴയുടെ ഒഴുക്കിനൊപ്പം ഉയര്‍ന്നു താഴ്ന്നു.രാവാകെ തളിര്‍ത്തു.പൂക്കളുടെ ഗന്ധത്താല്‍ കല്ലുകള്‍ക്കിടയില്‍ നിന്ന് പാമ്പുകള്‍ പുറത്തിറങ്ങി. ആ കാറ്റിന്റെ ,സുഗന്ധത്തിന്റെ കൂന്ത്രപ്പുഴയുടെ ഒഴുക്കിന്റെ താളത്തില്‍ പാമ്പുകള്‍ കെട്ടുപിണഞ്ഞു നൃത്തം ചവിട്ടാന്‍ തുടങ്ങി. കാട് ആദിയിലെ ഏദനായി…
പള്ളിയില്‍ സണ്‍ഡേ സ്കൂളില്‍ അച്ചന്റെ പ്രസംഗം. ആദത്തിന്റെയും ഹവ്വയുടെയും കഥ. ഹവ്വ കൊടുത്ത പഴം കഴിച്ച് പറുദീസയില്‍ പുറത്തായത്.. ആദവും ഹവ്വയും പാപികളായത് അങ്ങനെയാണ്. അച്ചന്റെ വാക്കുകള്‍ ജോയിയെ സങ്കടത്തിലേക്ക് തള്ളിവിട്ടു. മദ്ബഹയിലെ കര്‍ത്താവിന്റെ ക്രൂശിത രൂപം കൂടുതല്‍ ചുവന്നതുപോലെ. പാപം എന്നാല്‍ എന്താണെന്ന് അവന് അറിഞ്ഞു. അതെങ്ങെനാ പാപം ആവുന്നെന്ന് അച്ചനോട് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല. അല്ലങ്കിലും വല്യ ക്രിസ്ത്യാനികളുടെ കൊച്ചുങ്ങളെ പരിഗണിക്കുന്നതു പോലെ തന്നെയൊന്നും അച്ചന് പരിഗണിച്ചിട്ടില്ല. ഞങ്ങളെന്തോ മാര്‍ക്കം കൂടിയവരാന്നാ പറയുക. പുതുക്രിസ്ത്യാനികള്‍..
അപ്പച്ചന്റെ പെങ്ങെടെ വീട് കുറച്ചകലെയാ. പെങ്ങടെ മകളുടെ കല്യാണത്തിന് പള്ളീന്ന് ആരും വന്നില്ല. പക്ഷേ അപ്പുറത്തെ തോമസ് സാറിന്റെ വീട് വെഞ്ചരിപ്പിന് പള്ളീലച്ചന് വന്നത് കണ്ടതാ. അതേ അച്ചനാ മാര്ക്കവാസികളാന്നും പറഞ്ഞ് വരാത്തത്. അമ്മച്ചിയോട് ചോദിച്ചപ്പം പറഞ്ഞു. ‘ കുഞ്ഞോനേ നമ്മളീ കറുത്തൊക്കെയല്ലേ ഇരിക്കണേ.. അതാ..’ അവന് കണ്ണാടിയില്‍ നോക്കി. ശരിയാ കര്‍ത്താവിനും മാതാവിനും വിശുദ്ധന്മാര്ക്കൊക്കെ നല്ല വെളുപ്പാ.. അമ്മച്ചീടെ അപ്പന് മരിച്ചപ്പോള്‍ സെമിത്തേരീടെ ഒരു വശത്താ അടക്കീതെന്ന് കേട്ടിട്ടുണ്ട്. അകന്ന് നിന്നാ പ്രാര്‍ത്ഥനയൊക്കെ. പിന്നെന്തിനാ ആ പള്ളീ പോകണതെന്ന് ജോയി പലവട്ടം അമ്മച്ചിയോട് ചോദിച്ചിട്ടുണ്ട്, അമ്മച്ചിക്ക് ഒരിക്കലും ഉത്തരമുണ്ടാവാറില്ല.ചോദ്യങ്ങളുടെ കുഴപ്പിക്കുന്ന മനസ്സുമായാണ് അവന് പലപ്പോഴും നടക്കുക. അവന്റെ നെഞ്ചില്‍ ചോദ്യങ്ങള്‍ മുളച്ചുകൊണ്ടിരുന്നു.അതറിഞ്ഞാവണം കാട് മഴയായി ചാറി..
വീട്ടിനടുത്താണേലും രാജിയെ ഇപ്പോള്‍ കാണാറില്ലാ. എതോ കോളേജില്‍ പഠിക്കുവാ. നഴ്സിനോ മറ്റോ ആണെന്നാ ശാന്തമ്മച്ചി പറഞ്ഞത്. വല്ലപ്പോഴും കാണുമ്പോള്‍ അവളുടെ നുണക്കുഴികള്‍ തെളിഞ്ഞു നിന്നു. ആ ചുഴികളില്‍ അവന്റെ ചുംബനങ്ങള്‍ ഒളിച്ചു കിടന്നു,..
ഈറ്റവെട്ടി പൈസയൊണ്ടാക്കി അവളെ കെട്ടണം. പള്ളിയും പട്ടക്കാരും ഒന്നും വേണ്ട. അയ്യപ്പസ്വാമിയുടെ അമ്പലത്തിലെ മല ദൈവങ്ങടെ തറയില്‍ വച്ച് അവളുടെ കൈപിടിക്കണം.ജോയി ഓരോ നിമിഷവും ഉറപ്പിച്ചു.
‘കുഞ്ഞോനേ… എണീക്കെടാ.. ‘ ബേബിയുടെ ഉറക്കെയുള്ള വിളി കേട്ടാണ് അവനുണര്‍ന്നത്. തമ്പകത്തിലെ താമസക്കാരായ മരംകൊത്തികള്‍ തലയെറിഞ്ഞു. അവനെതന്നെ നോക്കുന്ന മരംക്കൊത്തികളെ കണ്ടപ്പോള്‍ അവന് ചിരി വന്നു.മരത്തിന് താഴെയിറങ്ങി വെളിക്കിറങ്ങി, ഉമ്മിക്കരി കൊണ്ട് പല്ലു തേച്ചു. കൂന്ത്രപ്പുഴയിലെ വെള്ളം മുഖത്തു തട്ടിയപ്പോള്‍ കുളിര്‍ത്തു.ചൂട് കട്ടന്‍ ചായ കുടിക്കുമ്പോള്‍ ബേബി പറഞ്ഞു.
‘ നാലുമണിയാവുമ്പം എണീക്കണം. കാട് സുന്ദരിയായി നിക്കണ കാണാം. .. ‘
അവനോര്‍ത്തു.. എപ്പോഴും കാട് സുന്ദരി തന്നെയാ..
ബേബി തുടര്‍ന്നു..
‘ പണ്ട് പിഡബ്ലിയുഡി ടീബീല് വന്ന ഒരു വാച്ചറ് നാലുമണിക്കെങ്ങാണ്ട് റാണിക്കല്ല് കടന്ന് കാട്ടീക്കേറി പോയതാ.. ഇതുവരെ തിരിച്ചു വന്നിട്ടില്ല. അയാള്‍ കാടുകയറി അപ്രത്യക്ഷമായീന്നാ നാട്ടുകാര്‍ പറേണേ..’ ചെലപ്പം മലകയറി തമിഴ്നാട്ടില്‍ പോയിക്കാണും. ആര്‍ക്കറിയാം…’ ബേബി കെട്ടുപോയ ബീഡിക്കുറ്റി കത്തിച്ച് ആഞ്ഞുവലിച്ചു. കവിള് ഉള്ളിലേക്ക് വലിഞ്ഞു പോവുന്നത് ജോയി സൂക്ഷിച്ചു നോക്കി നിന്നു.
‘ അപ്പോ കാട് ഇഷ്ടപ്പെടുന്നോരോ നോക്കുവായിരിക്കും… അല്ലേ ഞാഞ്ഞേ..’ ജോയി ചോദിച്ചു.
അതേടാ.. കടല്‍ മുക്കുവന്മാര്ക്ക് കടലമ്മയാ.. അപ്പോ കാട് നമ്മളെപോലുള്ളവര്‍ക്ക് കാടമ്മയാ..’
കാടമ്മ.. ആ വാക്ക് ബേബി ഉച്ചരിച്ചതും കാടൊന്ന് ആടിയുലഞ്ഞു. ഏറുമാടത്തിന്റെ പൊത്തില്‍ നിന്നും ഒരു കുഞ്ഞു മരംകൊത്തി കൊക്ക് പുറത്തേക്കിട്ടു. താഴെ കൂന്ത്രപ്പുഴ കൊലുസിട്ട് പെരിയാറിനെ ലക്ഷ്യമാക്കി ഒഴുകി..പുഴയുടെ ഒഴുക്കിനൊപ്പം മീനുകള്‍ പുളഞ്ഞു കളിച്ചു…
കഴിഞ്ഞ രാത്രിയെക്കുറിച്ച് ബെബിയോട് ജോയിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. അല്ലെങ്കി വേണ്ടാ.. അവന്മനസ്സിലോര്ത്തു, അല്ലെങ്കില്‍ തന്നെ എന്തു ചോദിക്കാനാ.. കഴിഞ്ഞ രാത്രിയുടെ കിതപ്പുകള്‍ ഉള്ളില്‍ അലച്ചപ്പോള്‍ ജോയി രാജിയെ കണ്ടു.വീടിനടുത്തുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ അവളെ അവന് ചേര്‍ത്തു പിടിച്ചു. അവന്റെ ഇറുക്കലില്‍ അവളുടെ കൈകളിലെ വളകള്‍ ഉടഞ്ഞു.
സ്കൂളില്‍ രണ്ടു ക്ലാസ്സുകള്‍ താഴെയായിരുന്നു രാജി പഠിച്ചത്. രാജീടെ അമ്മ ശാന്തമ്മച്ചീം കെട്ടിയോനും ഈറ്റവെട്ടാന്‍ പോയാണ് കഴിയുന്നത്. തൊട്ടപ്പുറമിപ്പുറമാണ് ജോയിയുടെയും രാജിയുടെയും വീടുകള്‍. രാജിക്കൊരു ചേട്ടനുണ്ട്. ജോയിയേക്കാള്‍ മൂത്തതാ.. ഏഴാം ക്ലാസ്സില്‍ കണക്ക് സാറായിരുന്ന ചാക്കോ സാറിന്റെ അടി പേടിച്ച് നാടു വിട്ടതാ.. രജേഷ്. എര്ണാകുളത്തെങ്ങാണ്ട് വലിയ ബാര്‍ ഹോട്ടലിലാ ജോലി. വല്ലപ്പോഴും വരും. പാന്റും ഷര്‍ട്ടൊക്കെയിട്ട്..ശാന്തമ്മച്ചീടെ കെട്ട്യോന്, കാവലന് ചേട്ടന് മരിച്ചിട്ട് നാളുകളായി. കാവലന് ചേട്ടന് മരിച്ച് കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ രാജേഷ് വന്നു. പിന്നെ പോയിട്ട് ഇതുവരെ വന്നിട്ടില്ല.
ഈറ്റവെട്ടി ജീവിതം കഴിച്ചുക്കൂട്ടുന്നവര് ഒത്തിരിപേരുണ്ട്. നേര്യമംഗലത്തിന്റെ പച്ചപ്പിന് പിന്നില്‍ ഈറ്റവെട്ടാണ്. അമ്പലത്തിനടുത്തുള്ളോരൊക്കെ സര്‍ക്കാര്‍ ജോലിക്കാരായുണ്ട്. അവര്‍ക്കൊന്നും ഈറ്റവെട്ടാന്‍ പോണോരെയൊന്നും അത്ര ഇഷ്ടമല്ല. അതെന്തുകൊണ്ടാണെന്ന് ജോയിക്കുമറിയില്ല.
തിങ്കളാഴ്ച രാവിലേ സിറ്റീന്ന് ലോറികളില്‍ പോവുന്ന ആളുകള്‍ ശനിയാഴ്ച രാത്രിയാവും തിരിച്ചു വരാന്‍. ഒരാഴ്ചക്കുള്ള അരീം മീനും മുളകുമായി ലോറീല് പോകുമ്പോള്‍ കുട്ടികള്‍ നോക്കി നില്ക്കും. അടുത്ത ശനിയാഴ്ച വരെ അവരുടെ കണ്ണുകള്‍ കാത്തിരിക്കും. പല വീടുകളിലും കുട്ടികള്‍ തനിയേ വളരും. ഒരു തുണയൊന്നുമില്ലാതെ തന്നെ. ചീനിച്ചോട്ടിലെ ഈറ്റയില മേഞ്ഞ വീടുകളില്‍ ആളനക്കം. ആഴ്ചയവസാനത്തെ ഞായറാഴ്ചകളിലാണ്.
ജനുവരീലാ അമ്പലത്തിലെ ഉത്സവം. മകരവിളക്ക് ഉത്സവം. ശബരിമലേല് പോകണ പോലെ മുതുവാന്മാരൊക്കെ മാലയിട്ട് വരും. പാവങ്ങളുടെ ശബരിമലയാണെന്ന് ഒരിക്കല്‍ ശാന്തമ്മച്ചീടെ ചേച്ചീടെ മോന് ജോസ് പറഞ്ഞത് ജോയിക്ക് ഓര്‍മ്മ വന്നു.
മകരവിളക്ക് ദിവസം ഒരു ഞായറാഴ്ചയായിരുന്നു. ഞായറാഴ്ച അല്ലെങ്കിലും ഈറ്റപ്പണിക്കാരൊന്നും അന്നേ ദിവസം കാട്ടില്‍ പോവില്ല. അയ്യപ്പ സ്വാമീടെ ഉത്സവം അവര്‍ ഷാപ്പുകളിലും അമ്പലപ്പറമ്പിലുമായി കുടിച്ചും വഴക്കിട്ടും ആഘോഷിക്കും.
ചുറ്റുമുള്ള വീടുകളിലെ ആളുകളൊക്കെ ഉത്സവ ഘോഷയാത്രയോടൊപ്പം അമ്പലത്തീ പോയി. അപ്പച്ചന് അസുഖമായതിനാല്‍ ജോയി പോയില്ല. ശാന്തമ്മച്ചീം അമ്മച്ചിയും തഴപ്പായകളുമായി പോയി അമ്പലപ്പറമ്പില്‍ സീറ്റുറപ്പിച്ചുകാണും. മകരവിളക്ക് ദിവസത്തെ ബാല അടുത്തു നിന്ന് കാണാന്‍ പലരും പായയും പൊതപ്പുമൊക്കെയായാണ് പോകുന്നത്. രാത്രി പത്രണ്ട് മണിക്ക് ആനപ്പുറത്ത് മകരവിളക്ക് എഴുന്നുള്ളിപ്പ് കഴിഞ്ഞാ ബാല തുടങ്ങുക. അപ്പുറത്തെ ശാന്തമ്മച്ചീടെ വീട്ടിലും മണ്ണെണ്ണ വിലക്കിന്റെ വെളിച്ചമുണ്ട്.
‘രാജിയേ..’ ജോയി വിളിച്ചു. ‘എന്നാ ചേട്ടായി..’
നീയെന്നാ ഉത്സവത്തിന് പോവാഞ്ഞെ..’
‘തലവേദനയാ ചേട്ടായി.. അതോണ്ട് പോയില്ല..’രാജിയുടെ മറുപടി അവനെ സന്തോഷിപ്പിച്ചു.
ബിന്ദു ടാക്കീസില്‍ നിന്ന് സെക്കന്റ് ഷോക്കുള്ള പാട്ട് ഉയര്‍ന്നു.
സംഗമം.. സംഗമം..ത്രിവേണീ സമഗമം….യേശുദാസിന്റെ സ്വരം കോളാമ്പിയിലൂടെ ഒഴുകിവന്നു.. കാറ്റില്‍ തട്ടി യേശുദാസ് പലയിടങ്ങളിലേക്ക് പറന്നു പോയി.. പാട്ടിന്റെ താളത്തില്‍ ജോയ് ചൂളമിട്ടു. ചൂളംവിളിക്കൊപ്പം മണ്ണെണ്ണ വിളക്കുമേന്തി രാജി വീടിന്റെ മുറ്റത്തെത്തി.
‘ചേട്ടായിയെന്നാ ഉത്സവത്തിന് പോവാഞ്ഞേ..’രാജി ചോദിച്ചു.
‘എനിക്ക് പോവാന്‍ തോന്നീല..’
രാജി മണ്ണെണ്ണ വിളക്ക് തറയില്‍ വച്ച്, അവന്റെയടുത്തിരുന്നു. ബിന്ദു ടാക്കീസില്‍ നിന്നുള്ള പാട്ട് അവരുടെയടുത്തു വന്ന് നിന്നു,പാട്ടിനെ ചുണ്ടിലാക്കി ജോയി രാജിയുടെ കാതിലേക്ക് പകര്‍ന്നു. ‘ ഇക്കിളിയാവുന്നു… അവള് ചിരിച്ചുകൊണ്ട് പറഞ്ഞു.ഞങ്ങള്‍ അന്നത്തെ സിനിമയിലെ ജയനും ഷീലയുമായി. ഞാന്‍ പാട്ടുകള്‍ക്കൊപ്പിച്ച് അഭിനയിക്കാന്‍ തുടങ്ങി. അവളുടെ കൈകള്‍ പിടിച്ച് ചുഴറ്റി. അവളുടെ ശരീരം കാടിനോളം അവനെ ഉന്മത്തനാക്കി. അവന് അവളുടെ ചുണ്ടുകളില്‍ ചുണ്ടിനാല്‍ മൂളിപ്പാട്ട് തേച്ചു. അവളവനെ ഇറുകെ പുണര്‍ന്നു, തിണ്ണയിലെ മണ്ണെണ്ണ വിളക്ക് ആടിയുലഞ്ഞു. രാജ ഗന്ധന്റെ സുഗന്ധമുള്ള കാറ്റ് വന്ന് അവരെ തൊട്ടു. അതുകൊണ്ടാവണം മണ്ണെണ്ണ വിളക്ക് ഇരുട്ടിലേക്ക് മറഞ്ഞു. ഇരുട്ടില്‍ അവരുടെ കൈകാലുകള്‍ ചുറ്റിപ്പിണഞ്ഞു.ഇറയത്തെ ചാണകം മെഴുകിയ തറയുടെ മിനുപ്പില്‍ അവര്‍ കിടന്നു. ജോയിയുടെ വിരലുകള്‍ രാജിയുടെ മേനിയെ പൂക്കളുടെ താഴ്വരകളാക്കി. അവളെ അവന് മണത്തു. ഇതുവരെ ലോകത്തെങ്ങും വിരിയാത്ത പൂവിന്റെ സുഗന്ധം അവളുടെ അടിവയറില്‍ നിന്നവന് അനുഭവിച്ചു.മേനികള് ഒന്നായി.. വിരലുകളും മുഖവും കാലുകളും ഒന്നുമില്ലാതെ അവര്‍ ഒന്നായി.ശ്വാസോച്ചാസത്തിന്റെ കയറ്റിറക്കങ്ങളില്‍ ജോയി ആവറുകുട്ടിയിലെ കയറ്റങ്ങളെ ഓര്‍ത്തു. ഈറ്റക്കടുകള്ക്കിടയില് മുളച്ച നിലപ്പനകള്‍ മഞ്ഞപ്പൂക്കളായി പൂത്തു. അവര്‍ തങ്ങളുടെ ആഴ്ങ്ങളെ തൊട്ടു. കയറ്റിറക്കങ്ങളുടെ കാറ്റുവഴി അവനുള്ളില്‍ തെളിഞ്ഞു. അതിന്റെ താളം മുറുകി ശാന്തമായി. ..
അങ്ങകലെ ആവറുകുട്ടിയിലെ കാടിന് നടുവില്‍ ഒരു കാട്ടുമുല്ലച്ചെടി വെളുത്ത പൂക്കളുമായി ചിരിച്ചു.കൂന്ത്രപ്പുഴയൊഴുകി ശാന്തയായി. പുഴയുടെ ആഴങ്ങളില്‍ ഉരുള്‍ മീനുകള്‍ പരസ്പരം വാലുകള്‍ കൊണ്ട് ഉരുമ്മി. കാട്ടരുവിക്കടുത്തുള്ള നീര്‍മ്മാതളം ആടിയുലഞ്ഞു. മലദൈവത്തറയിലെ കാഞ്ഞിരത്തിനിടയിലൂടെ ഒരു കുഞ്ഞുമഴത്തുള്ളി താഴോട്ട് ഒഴുകി. ആ മഴത്തുള്ളിയില്‍ കാട്ടുതീ കൊണ്ട് പൊള്ളിയ മലകളുടെ പള്ളകള്‍ കെട്ടൊതുങ്ങി. ബിന്ദു ടാക്കീസിനെ പാട്ട് നിലച്ചു. നിത്യ നിശ്ശ്ബ്ദമായ രാത്രിയെ അവര്‍ എടുത്തു പുതച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ ഈറ്റക്കാട്ടിലേക്ക് പോകാന്‍ തയ്യാറായി ലോറികള്‍ നിരന്നു. ഉത്സവത്തിന്റെ ആലസ്യത്തില്‍ ആരുമെത്തിയിട്ടില്ല. ലോറി ഡ്രവര്‍ തന്റെ എച്ച് എം ടി വാച്ചിലേക്കും വഴികളിലേക്കും മാറിമാറി നോക്കി.വാച്ച് കീ കൊടുത്ത്ു.ജോയി ആദ്യമേയെത്തി ഡ്രവറുടെ സീറ്റിനടുത്തിരുന്നു.ബേബി അകലെ നിന്നും ഓടിവരുന്നത് അവന് കണ്ടു.കാക്കു ചേട്ടന് അടുത്തു വന്നിരുന്നു.
‘കുഞ്ഞോനേ.. ചാച്ചന് എങ്ങനേണ്ട്…’ കാക്കു ചേട്ടന് ചോദിച്ചു.
അങ്ങനെ തന്നെ ..കെടപ്പ് തന്നെ…’ അവന്പറഞ്ഞു.കാക്കു ചേട്ടന് ജോയിയുടെ അപ്പച്ചനൊപ്പമായിരുന്നൂ പണി. അന്ന് അപ്പച്ചന് കാക്കൂനോട് പറയുമായിരുന്നു. എന്റെ മോനേ ഈ കാട്ടിലേക്കൊന്നു കൊണ്ടോരില്ല… അവനെ പടിപ്പിച്ചു വല്യ നിലേലെത്തിക്കണം..
പെണ്ണുങ്ങളും ആണുങ്ങളും വന്ന് ലോറികളില്‍ കയറി. ആറരക്ക് പുറപ്പെടാറുള്ള ലോറികള്‍ കാട്ടിലേക്ക് തിരിച്ചപ്പോള്‍ 8 മണിയായി.. പലമെത്തുന്നതിന് മുന്നേയുള്ള ചായക്കടേന്ന് രണ്ടുമൂന്ന് പേര് കയറി.,അവിടെയുള്ള മുസ്ലീം പള്ളിയുടെ നേര്ച്ചക്കുറ്റീല് പൈസയിട്ട് ലോറി ഡ്രൈവര്‍ കാദറിക്ക തന്റെ കൈകളുടെ ബലം ഗിയറിലും സ്റ്റിയറിംഗിലും പരീക്ഷിച്ച് ലോറി മുന്നോട്ടെടുത്തു. തെറുത്തു കയറ്റിവച്ച കാദറിക്കാടെ കൈകളിലെ തുടിപ്പ് കാണേണ്ടത് തന്നെ.പാലം കഴിഞ്ഞ് റാണിക്കല്ലും രണ്ടാം മൈലും പിന്നിട്ട് ലോറി മലകള്‍ക്കിടയിലെ റോഡിലൂടെ ഞരങ്ങി നീങ്ങി. കയറ്റമുള്ളതിനാല് പതുക്കെയാണ് യാത്ര. മെയിന്‍ റോഡില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കൂപ്പു റോഡിലൂടെ ലോറി തിരിഞ്ഞു.
ഈറ്റയിലകള്‍ ഉയര്‍ത്തി കാട് ഞങ്ങളെ വരവേറ്റു…
‘കൊച്ചേ.. ഉത്സവത്തിന് പോയാര്‍ന്നോ?’ രണ്ടുമൂന്ന് ഈറ്റകള്‍ വെട്ടിയിട്ടിട്ട് ബേബി ചോദിച്ചു.
‘പോയാര്ന്നു ഞാഞ്ഞേ.. ജോയി നുണ പറഞ്ഞു. കൈയിലിരുന്ന വാക്കത്തിയുടെ വായ്ത്തല തിളങ്ങി. ജോയിയുടെ വിരലുകളില്‍ ചോര കിനിഞ്ഞു.
‘അയ്യോ…’ ബേബി ഉടുത്ത കൈലി കീറി ജോയിയുടെ കൈവിരല്‍ ചേര്‍ത്തു. ഏതോ പച്ചയില തിരുമ്മി കൈയില്‍ കെട്ടിവച്ചു.
‘കൈ നോക്കെടാ..വാക്കത്തി മാത്രമല്ലാ.. ഈറ്റപ്പൊളി കൊണ്ടാലും ഞരമ്പ് പൊട്ടും..’ ബേബി ശാസിച്ചു. ബേബിയും ജോയിയും ഈറ്റവെട്ട് തുടര്‍ന്നു..
‘ നിന്നോട് ഒരു കാര്യം പറയട്ടെ.. ‘ അതിനെന്താ ഞാഞ്ഞേ..എന്തു വേണേലും പറയാലോ..?’
‘ആരോടും പറയരുത്. നിന്റെയുള്ളില്‍ ഇരിക്കാനാ പാടുള്ളൂ…’ ബേബി എന്തോ വലിയ രഹസ്യത്തിന്റെ പൊതിയഴിക്കുന്ന സുഖത്തോടെ ജോയിയെ നോക്കി. ജോയി ബേബിയുടെ കണ്ണുകളെ നോക്കി. ആ കണ്ണുകളില്‍ എന്തൊക്കെയോ ഒളിച്ചു കിടക്കുന്നതായി അവന് തോന്നി.
‘ നിന്റെ അപ്പച്ചനില്ലേ..അപ്പച്ചന്പണ്ട് കാട്ടില്‍ വരുവാര്ന്നു..’അതിലിത്ര ആശ്ചര്യമെന്താ.. ജോയി ബേബിയെ നോക്കി നിന്നു. ജോയിയുടെ മുഖത്തെ ചോദ്യം വായിച്ചെടുത്ത വണ്ണം ബേബി തുടര്‍ന്നു.
‘ അന്ന് നിന്റെ അപ്പച്ചന് ശാന്ത ചേച്ചിയുമായി ഒരു കൂട്ടുണ്ടാര്ന്ന്.. അല്ലേലും കാട്ടീ വരുന്നോര്‍ക്കൊക്കെ ഒരു കൂട്ടൊണ്ടാവും. പെണ്‍കൂട്ട്…’ ബേബിയുടെ പറച്ചില് അവന് രസിച്ചില്ല. മുറിഞ്ഞ കൈകൊണ്ട് അവന് ഈറ്റകളുടെ ചോട് നോക്കി ആഞ്ഞു വെട്ടി…ഈറ്റകള്‍ ഇലകളോടെ ബേബിയുടെ മേലേക്ക് പതിച്ചു.
‘എടാ ..നോക്കി വെട്ട്.. വാക്കത്തീല് ബലം കൊടുത്തല്ല വെട്ടുക. അതൊരു തരം കലയാ..’ ചിരിച്ചുകൊണ്ട് ബേബി വീണ്ടും ജോയിയുടെ ആശാനായി.
ഈറ്റത്തുറുകള്‍ ഒരോന്നായി ഇല്ലാതായിക്കൊണ്ടിരുന്നു. വെട്ടിയ ഈറ്റകള്‍ കെട്ടുകളാക്കി കയറ്റി ലോറികള്‍ അങ്ങകലെയുള്ള പുനലൂരിലെ മില്ലിനെ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. ഈറ്റകളെല്ലാം പത്ര കടലാസുകളായി മാറി..
അപ്പോ മനുഷ്യന്റെ ഇഷ്ടത്തിനാ എല്ലാം.. അവനെ ചെറിയൊരു വിഷാദഛായ വന്നു മൂടി…
‘എന്താടാ കൊച്ചേ വല്യ ആലോചന… ‘ തേറു ചേച്ചീടെ വക ചോദ്യം.
ഹേയ് ഒന്നൂല്ല..’ ജോയി ഉത്തരമായി…
‘കോളേജീ പോവേണ്ട ചെര്‍ക്കനാ,, കാട്ടില്‍ പുഴൂന്റെ കടീം കൊണ്ട് നടക്കുന്നെ..’
ആണുങ്ങളും പെണ്ണുങ്ങളും ചിരിച്ചു.
‘അയ്നെന്താ ഇത്ര ചിരിക്കാന്‍.. വീട്ടില്‍ കഞ്ഞീല്ലാണ്ടായാല് എല്ലാരും ഇങ്ങനാ.. പടനോക്കെ കാട്ടിലാവും..’ നീരസത്തോടെ ബേബി ജോയിയെ പിന്തുണച്ചു. ബേബി അവനെ ചേര്‍ത്തു നിര്‍ത്തി. ജോയിയുടെ തലമുടിയില്‍ ബേബിയുടെ കൈകള്‍ ഓടിനടന്നു.
ഏറുമാടത്തിലെ ഇരുട്ടില്‍ ബേബി ആകാശത്തേക്ക് നോക്കിക്കിടന്നു. കാര്‍മേഘങ്ങള്‍ ചന്ദ്രനെ മാച്ചതുകൊണ്ട് ഇരുട്ട് മാത്രം.ജോയി എഴുന്നേറ്റ് ഇരുന്നു.
‘ എന്താടാ… കെടക്കുന്നില്ലേ… ‘
‘കെടക്കാം ഞാഞ്ഞേ..’ അവന് എന്തോ ചോദ്യമൊളിപ്പിച്ച് ബേബിയോട് പറഞ്ഞു.
‘ഞാഞ്ഞ ഉച്ചക്ക് പറയാംന്ന് പറഞ്ഞത് എന്നതാ…?’ ജോയിയുടെ ഉദ്വേഗം വര്‍ദ്ധിച്ചു..
‘ഓഹ്.. അതോ…അതു കേട്ടാ നിനക്ക് സന്തോഷാവുന്നാ എനിക്ക് തോന്നണേ..’ ബേബി വിദൂരതയിലേക്ക് നോക്കി പറഞ്ഞു.
‘എന്നതാ ഞാഞ്ഞേ ഇങ്ങനെ വളച്ചുകെട്ടണേ.. ‘ ജോയി എറുമാടത്തിലെ ഇല്ലിക്കമ്പില്‍ വിരലുകോണ്ട് വരച്ചു
‘ അതേയ്..’ ബേബി ആലോചിച്ചുകൊണ്ട് തുടര്‍ന്നു..
‘നിന്റെ കളിക്കൂട്ടുകാരീല്ലേ… ശാന്ത ചേച്ചീടെ മോള്. രാജിക്കൊച്ച്…’ ബേബിയുടെ ചുണ്ടുകള്‍ അനങ്ങുന്നത് ജോയി കണ്ടു…
‘അവള് നിന്റെ പെങ്ങളാ.. നിന്റെ അപ്പച്ചന്റെ മോള്’.. ബേബിയുടെ ചുണ്ടുകള്‍ ജോയിയുടെ കാഴ്ചയില്‍ നിന്ന് മാഞ്ഞു.. ജോയി ഏറുമാടത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കോണിയിലൂടെ താഴോട്ടിറങ്ങി..
‘മോനേ.. നീയെങ്ങോട്ടാ…’
ബേബിയുടെ വിളി അവന്റെ കാതുകളില്‍ എത്തിയില്ല… ചുറ്റുമുള്ള ഇരുട്ടിനെ ജോയി തൊട്ടു നോക്കി. കാട്ടിലൂടെ ദിക്കറിയാതെ പാഞ്ഞു നടന്നു. പുറകില്‍ നിന്ന് ബേബിയുടെ ‘കുഞ്ഞോനേ..’ എന്നുള്ള വിളി മലകളില്‍ തട്ടി തിരിച്ചു വന്നു. ഈറ്റക്കാടാകെയുണര്ന്നു. ജോയിയെ കാണാതായ അമ്പരപ്പില്‍ ഈറ്റകളും മരങ്ങളും ആളുകളും അങ്കലാപ്പോടെ തിരഞ്ഞു.
കൂന്ത്രപ്പുഴയിലെ ഒഴുക്കില്‍ കുയില്‍ മീനുകള്‍ ദേഷ്യത്തോടെ ഊളിയിട്ടു. മരക്കൊമ്പുകളില്‍ കൂടുകൂട്ടിയ കിളികള്‍ ഇരുട്ടിന്റെ കട്ടിയുള്ള കാഴ്ച കണ്ട് അനങ്ങാതിരുന്നു. ഒരു കാറ്റടിച്ചു. മലകള്‍ കടന്ന് കാറ്റ് താഴെ പുഴയിലേക്കിറങ്ങി നടന്ന് കരയിലെ മലദൈവങ്ങളുടെ തറയിലെത്തി ചുഴറ്റി. നിറയെ ചോന്ന പൂക്കള്‍ ഞെട്ടറ്റു വീണു.
അകലെ ആളൊഴിഞ്ഞ ഈറ്റക്കാടില്‍ പലവര്‍ണ്ണങ്ങളിലുള്ള എട്ടുകാലികള്‍ വല കെട്ടുവാന്‍ തുടങ്ങി.പുഴയിലൂടെ മലവെള്ളം പാഞ്ഞൊഴുകി. പുഴക്ക് നടുവിലെ മാതളത്തില്‍ പൂവുകളുണങ്ങി കരിഞ്ഞു.
പുഴക്കരികിലെ മരുതിന്റെ കമ്പില്‍ ജോയി പുഴയെ നോക്കി കിടന്നു.