
രണ്ടുകവിതകള്‍

എ.കെ. മോഹനന്
ധ്യാനം
നിശ്ചലം ധ്യാനപൂര്ണ്ണം
ഏതോ ശില്പി
പണിതുവെച്ചപോല്
സുന്ദരം ആകാശം
മൗനമുദ്രിതം
അതിലുമെത്രയോ
ഭംഗിയില്‍
മരങ്ങള്‍
വിണ്ണിലേക്ക്
ചിറകുവെച്ചവ
കണ്ടുനില്‍ക്കവെ
കിളികളെല്ലാം
കൊക്കുപൂട്ടി
നുണയുന്നു:
അപൂര്വ്വസംഗീത
നാദവിസ്മയം
തുടല് പൊട്ടിപ്പിളരുന്നു
നിശ്ശബ്ദമായ്.
ഏകാകി

അതിവിദൂരമാം
കുന്നിന്റെ
ചെരിവിലൂടന്തിയില്
പണ്ടൊരാള്
നടന്നുപോയി
വഴിയിലാരുമുണ്ടായിരുന്നില്ലെങ്കിലും
നിറയെ താരങ്ങള്‍
അയാള്‍ക്കൊരു
പൂമാല നല്കുവാന്
ആകാശമാകെയും
വരിവരി നിന്നുപോല്‍
ഉള്ക്കുളിരാര്ന്നു പുഴ
മെല്ലെ വന്നയാള്തന്
പാദം നനച്ചുപോല്
പിന്നയും കാറ്റ്
മൂളിപ്പറന്നൊരു
കവിതയായ്
ചുറ്റിപോല്.