
ഓൺലൈൻ വിദ്യാഭ്യാസവും ഡിജിറ്റൽ ഡിവൈഡും

ഡോ. എ കെ അബ്ദുൽ ഹക്കീം / ബിലാൽ ശിബിലി
കഴിഞ്ഞ വര്‍ഷത്തെ ‘ഡിജിറ്റല്‍ ക്ലാസ്സുകളില്‍’ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ‘ഓണ്‍ലൈന്‍ ക്ലാസുകള്‍’ കൂടി ഉണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. എന്താണ് ഇവ തമ്മിലെ വ്യത്യാസം? എന്താകും അങ്ങനൊരു മാറ്റം?
വിശാലമായ അർത്ഥത്തിൽ ഇത് രണ്ടും ഒന്നു തന്നെയാണ്.എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായപ്പോള്‍ വളരെ കൃത്യമായി ഉപയോഗിക്കാന്‍ തുടങ്ങിയ രണ്ട് ടെര്മിനോളജികളാണ് ഡിജിറ്റല്‍ വിദ്യാഭ്യാസവും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും. ഒരര്‍ത്ഥത്തില്‍ രണ്ടും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടക്കുന്നതാണെങ്കിലും ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് കഴിഞ്ഞ വര്‍ഷം നമ്മള് നടത്തി വന്ന വിദ്യാഭ്യാസ രീതിയാണ്. വിക്ടേഴ്സ് ചാനല്‍ ഉപയോഗിച്ച് പാഠഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുകയും അത് ടിവിയോ മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളോ ഉപയോഗിച്ച് കുട്ടികള്‍ കണ്ട് പഠിക്കുകയും ചെയ്തതിനെയാണ് നമ്മള് ഡിജിറ്റല്‍ വിദ്യാഭ്യാസം എന്ന് വിളിക്കുന്നത്. ഇത് ഏറെ ഗുണപ്രദമായതും എന്നാല്‍ ചില പരിമിതികള്‍ ഉള്ളതുമാണ്. ഒരേ സമയം എല്ലാ കുട്ടികളിലും ക്ലാസ് എത്തിക്കാന്‍ കഴിയും എന്നതാണ് അതിന്റെ ഏറ്റവും വലിയ നേട്ടം. ഒരുതരത്തിലുള്ള ഡിജിറ്റൽ സംവിധാനവും ഇല്ലാത്ത കുട്ടികള്‍ക്ക് പോലും അവരുടെ സമീപ പ്രദേശങ്ങളിലെ പൊതുപഠനകേന്ദ്രങ്ങളില്‍ ടെലിവിഷന്‍ പോലെയുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചു കൊണ്ട് ക്ലാസുകള്‍ കാണാന്‍ സൗകര്യം ഒരുക്കി എന്നതായിരുന്നു ഇതിന്റെ പോസിറ്റിവ് ഇംപാക്ട്. ഡിജിറ്റല്‍ ഡിവൈഡ് ഉള്ളൊരു സമൂഹത്തില്‍, ആ ഡിവിഷന് കാരണം കുട്ടികള്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ നിന്ന് പുറത്ത് പോവരുത് എന്ന ആശയമാണ് ഇവിടെ പ്രായോഗവല്‍ക്കരിച്ചത്.
എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസ് എന്നത് കുറച്ചു കൂടി ഇന്ററാക്ടീവ് മോഡിലേക്ക് മാറുന്നതാണ്. ഗൂഗിള്‍ മീറ്റ് പോലെ നമുക്ക് പരിചിതമായ ആപ്പുകള്‍ ഉള്‍പ്പെടെ, പലതരത്തിലുള്ള ലേണിങ് മാനേജ്മെന്റ് സിസ്റ്റംസ് ഉപയോഗിച്ച് കൊണ്ട് സ്കൂളുകളിലെ അധ്യാപകര്‍ തന്നെ ക്ലാസ് എടുക്കുന്ന രീതിയാണിത്. ആശയവിനിമയവും സംശയനിവാരണവും നടത്തിക്കൊണ്ട്, ഇപ്പോള്‍ കോളേജ് – സര്‍വകലാശാല തലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ടീച്ചിങ് എന്ന ആശയത്തിലേക്കാണ് ഭാഗികമായെങ്കിലും സ്കൂളുകളും പോവാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഇതത്ര എളുപ്പമായിരുന്നില്ല.
ഏതെങ്കിലും വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നമ്മള് ഡിജിറ്റല്‍ എഡ്യൂക്കേഷനിലേക്ക് മാറിയതല്ല. വലിയൊരു പാന്‍ഡമിക്കിന്റെ മുന്നില്‍ അപ്രതീക്ഷിതമായി പെട്ട് പോവുകയും, സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം വരികയും ചെയ്തപ്പോള്‍ താത്കാലികമായ ഒരു ബദല്‍ സംവിധാനം എന്ന് രീതിയിലാണ് കഴിഞ്ഞ ജൂണ്‍ ഒന്നിന് ഡിജിറ്റല്‍ ക്ലാസ് ആരംഭിച്ചത്. സ്വാഭാവികമായും അതിലൊരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. മുഴുവന്‍ കുട്ടികള്‍ക്കും എല്ലാ സംവിധാനങ്ങളും അവരുടെ വീടുകളില്‍ ഒരുക്കികൊടുക്കാനോ ഓണ്‍ലൈന്‍ ക്ലാസ് സാധ്യമാവുന്ന വിധം ഉപകരണങ്ങളും ഇന്റര്‍നെറ്റും ഉറപ്പാക്കാനോ സാധിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ആയിരുന്നില്ല നമ്മള്.
സംവിധാനങ്ങള്‍ എല്ലാമായ ശേഷം ക്ലാസ് തുടങ്ങാം എന്നാണ് വിചാരിച്ചിരുന്നതെങ്കിൽ, ലക്ഷകണക്കിന് കുട്ടികള്‍ പഠനാന്തരീക്ഷത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുമായിരുന്നു. മഹാമാരിയുടെ മുന്നില്‍ പൊരുതുന്ന ഒരു സമൂഹം മക്കളുടെ പഠനകാര്യത്തിലും അങ്കലാപ്പിലാവുന്ന സാഹചര്യം ഒഴിവാക്കാനാണ് താത്കാലിക സംവിധാനം എന്ന രീതിയില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്. രണ്ടോ മൂന്നോ മാസത്തേക്കുള്ള ഒരു സംവിധാനം എന്നേ അന്ന് എല്ലാവരും കരുതിയിരുന്നുള്ളൂ എന്നതാണ് വാസ്തവം. രോഗാവസ്ഥ പരിഹരിക്കപ്പെടും, പെട്ടെന്ന് തന്നെ പഴയ സ്കൂൾരീതിയിലേക്ക് പോവാനാവു എന്നാണ് എല്ലാവരും കണക്ക് കൂട്ടിയത്. നിര്‍ഭാഗ്യവശാല്‍ അത് നീണ്ടുപോയി. ഇത്തരമൊരു സാഹചര്യത്തിലാണ് ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത് എന്ന കാര്യം വസ്തുതാപരമായി മനസ്സിലാക്കേണ്ടതുണ്ട്.
ഡിജിറ്റല്‍ ഡിവൈഡ് കാരണം ഒരാളും തന്നെ പുറത്താവരുത് എന്ന നിര്‍ബന്ധമുള്ളതു കൊണ്ടാണ് അമ്പതിനായിരത്തിലധികം കുട്ടികള്‍ക്ക് പൊതുപഠന സൗകര്യങ്ങള്‍ ഒരുക്കി കൊണ്ട് ചേര്‍ത്ത് പിടിച്ചത്.
ഈ വര്‍ഷം നമ്മള് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നു എന്ന് പറയുന്നതും പൂര്‍ണ്ണാര്‍ത്ഥത്തില്‍ അല്ല. അത് സാധ്യമായാല്‍ തന്നെ അതുണ്ടാക്കുന്ന ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ട്. ചെറിയ കുട്ടികള്‍ക്ക് ഗാഡ്ജറ്റും ഇന്റര്‍നെറ്റും കൊടുത്ത് അവരുടെ ക്ലാസ്സ്മുറികള്‍ക്ക് പകരം കൊണ്ട് വന്നാൽ അത് ദൂരവ്യാപകമായ മറ്റു പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതെല്ലം, പരിഗണിച്ചു കൊണ്ട്, എന്നാൽ ഒരിടത്ത് തന്നെ നില്‍ക്കാതെ മുന്നോട്ട് പോവുക എന്ന ലക്ഷ്യത്തോടെ, മുതിര്‍ന്ന ക്ലാസ്സുകളെങ്കിലും ഓണ്‍ലൈന്‍ മോഡിലേക്ക് മാറാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത് എന്നാണ് മനസ്സിലാക്കുന്നത്. പുതിയ ബജറ്റില്‍ പത്ത് കോടി രൂപ മാറ്റിവെച്ചു കൊണ്ട് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ എന്ന രീതിയിലേക്ക് വികസിപ്പിച്ചെടുക്കാനുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നാണ് കാണുന്നത്
ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്താനുള്ള ഉത്തരവ് ജൂണില്‍ മാത്രമാണ് ഇറങ്ങിയത്. അല്പം വൈകിപ്പോയി എന്ന് തോന്നുന്നുണ്ടോ?
ജൂണില്‍ അല്ല മെയ് അവസാനമാണ് തയ്യാറെടുപ്പുകള്‍ നടന്നത്. വിദ്യാഭ്യാസ വകുപ്പ് കാര്യങ്ങള്‍ മുന്‍പേ ചെയ്ത് വരുന്നുണ്ട്. കുട്ടികളുടെ എണ്ണമെടുക്കല്‍ എന്നത് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ഒന്നാണ്. വിദ്യാഭ്യാസ വകുപ്പ് വികേന്ദ്രീകതമായൊരു സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഓരോ സ്കൂളിനും പെട്ടെന്ന് ചെയ്യാന്‍ പറ്റുന്ന ഒന്നാണിത്. ഒരു വര്‍ഷം നടത്തിവരുന്ന കാര്യങ്ങളുടെ തുടര്‍ച്ചയാണ്. കഴിഞ്ഞ വർഷത്തെ കുട്ടികൾക്ക് പുതിയ സംവിധാനങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നൊരു കണക്കെടുപ്പ് മാത്രമാണ്. പിന്നെ, പുതുതായി ഒന്നാം ക്ലാസ്സിലേക്ക് എത്തിയ കുട്ടികളുടെ കണക്കാണ് കാര്യമായി എടുക്കേണ്ടത്.
അഡ്മിഷന് പൂര്‍ത്തിയാവുന്നത് മെയ് 31 നു മാത്രമാണ്. മാത്രമല്ല, കണക്കെടുക്കാന്‍ വൈകി എന്നത് ഇതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒന്നല്ല. ജൂണ്‍ മാസത്തില്‍ ആദ്യത്തെ രണ്ടാഴ്ച നടക്കുന്നത് ട്രയലാണ്. കഴിഞ്ഞ വര്‍ഷത്തിലെ പഠന വിടവുകള്‍ നികത്തുന്ന ബ്രിഡ്ജിങ് പോലെയുള്ള ഒരുക്കമാണ് നടക്കുന്നത്. അപ്പോഴേക്കും ഇതിന്റെ എണ്ണം കണക്കാക്കി സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് കൂടി, ഈ മാസം പതിമൂന്ന് ആവുമ്പോഴേക്ക് ഒരുക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.

എല്ലാ കുട്ടികള്‍ക്കും വീട്ടില്‍ തന്നെ സൗകര്യം ഒരുക്കുക എന്നതില്‍ സ്വാഭാവികമായ തടസ്സങ്ങള്‍ ഉണ്ടാവും. കാരണം, ഉപകരണങ്ങള്‍ എത്തിയാലും, നെറ്റ്വര്‍ക്ക് / കേബിള്‍ കണക്ഷന് ഇല്ലാത്ത പ്രശ്നങ്ങള്‍ പല പ്രദേശങ്ങളിലും ഉണ്ട്. പൊതുപഠന കേന്ദ്രങ്ങളെ കുറച്ചെങ്കിലും ആശ്രയിക്കേണ്ടി വരും. എല്ലാ മലയോര ഉള്‍പ്രദേശങ്ങളിലും പൊതുപഠന കേന്ദ്രങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ഉള്ള സ്ഥിതിക്ക് അത് പുതുക്കുക എന്നതും പ്രയാസമുള്ള കാര്യമല്ല. പക്ഷെ, നിശ്ചിത സമയത്തിനുള്ളില്‍ ഇത് ഒരുക്കി കഴിഞ്ഞാലും ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നത് കൊണ്ടുള്ള പ്രയാസങ്ങള്‍ ഉണ്ടാവും. ലോക്ക് ഡൗണ്‍ നീണ്ടു പോവുന്നതിനെയാണ് നമ്മള് ഭയക്കേണ്ടത്. പൊതുപഠന കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ ഇത്തരം കുട്ടികള്‍ക്ക് അപ്പോള്‍ സാധിക്കാതെ വരും.
ഇതിനു പരിഹാരമായി, വീട് ഒരു വിദ്യാലയം, അയല്പക്ക വിദ്യാലയം തുടങ്ങിയ ആശയങ്ങള്‍, വീടിനടുത്തുള്ള പൊതുസംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമോ തുടങ്ങിയ ആലോചനകള്‍ ഒക്കെ നടന്നുവരുന്നുണ്ട്. അതായത്, കുട്ടി പഠിക്കുന്ന സ്കൂളില്‍ എത്തിയില്ലെങ്കിലും വീടിനടുത്തുള്ള ഏതെങ്കിലും സ്കൂളില്‍ പോയി ഈ സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യം കൊടുക്കുക. കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ സ്കൂളില്‍ വരാന്‍ പാടില്ല എന്ന നിര്‍ദേശം ഇന്ത്യാ ഗവര്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ളത് ഇതിനൊരു തടസ്സമാണ്. ഏതായാലും, എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന സമീപനം തന്നെയാണ് സർക്കാറിന്റേത്.
ഡിജിറ്റല്‍ ഡിവൈഡ് പരിഹരിക്കാനുള്ള പ്രവര്‍ത്തികളും സര്‍ക്കാറും സന്നദ്ധസംഘടനകളും ഒക്കെ ചെയ്യുന്നത് കാണുന്നുണ്ട്. പക്ഷെ, അപ്പോഴും പുറത്ത് പോവുന്ന കുട്ടികള്‍ ഇല്ലേ? പ്രത്യേകിച്ച് മലയോര ആദിവാസി മേഖലകളില്‍? ഈ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഒക്കെയാണ്?
നേരത്തെ പറഞ്ഞത് പോലെ മലയോര തീരദേശ വിദ്യാർഥികൾ തന്നെയാണ് ഡിജിറ്റൽ ഡിവൈഡിന്റെ ഇരകൾ. അത് ഈ സാഹചര്യത്തിൽ മാത്രം ഉണ്ടായതല്ല. പലരീതിയിലും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ പ്രതിനിധികൾ തന്നെയാണവർ. സാമ്പത്തിക, വിദ്യാഭ്യാസ, പ്രാദേശികമായ ഒട്ടേറെ അന്തരങ്ങളും വൈരുധ്യങ്ങളും ഉള്ള , സാമൂഹികമായി ഒട്ടേറെ ശ്രേണീകരണങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹണിത്. ഇങ്ങനൊരു സമൂഹത്തിൽ ഡിജിറ്റൽ ഡിവൈഡ് സ്വാഭാവികമാണ്. അത് ഒരു സ്വിച്ചിട്ടു കൊണ്ട് പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല.
എന്നാലും കഴിഞ്ഞ വർഷം ഇത് പരിഹരിക്കാനുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടുണ്ട്. സമഗ്ര ശിക്ഷ കേരളം പോലെയുള്ള പ്രോജക്ടുകൾ ഇതിനു വേണ്ടി വലിയ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പ്രത്യേകിച്ച് ഇടുക്കി, വയനാട് പോലെയുള്ള ജില്ലകളിൽ നടത്തിയ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്.

ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പഠന വീഡിയോകൾ തയ്യാറാക്കിയിരുന്നു. ചോദ്യത്തിൽ ഇല്ലെങ്കിലും, ഏറ്റവുമധികം അരികുവൽക്കരിക്കപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി വൈറ്റ് ബോർഡ് എന്ന പേരിൽ അനുരൂപീകരിക്കപ്പെട്ട പഠനവീഡിയോകളും തയാറാക്കിയിരുന്നു. അടിയന്തര സാഹചര്യത്തിൽ ഒരു സർക്കാറിന് നടത്താൻ സാധിക്കുന്ന വലിയ ഇടപെടലുകൾ നടത്തി വരുന്നുണ്ട്.
പൊതുവിദ്യാഭ്യാസം എന്ന സ്ട്രീമിലേക്ക് കേരളത്തിലെ മുഴുവൻ കുട്ടികളെയും എത്തിക്കുന്നതിൽ വിജയിച്ചു വരുന്ന ഒരു സാഹചര്യത്തിലായിരുന്നു നമ്മൾ.പത്ത് നൂറു കൊല്ലത്തെ ഇടപെടലിന്റെ ഫലമാണിത്. ലോകത്ത് വികസിത രാജ്യങ്ങളിൽ വരെ കോർണർ ചെയ്യപ്പെടുന്ന സമൂഹങ്ങളോ മനുഷ്യരോ ഉണ്ട്. കേരളത്തിൽ പക്ഷെ എല്ലാവരെയും വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനായി വലിയ രീതിയിലുള്ള ഇടപടലാണ് നമ്മൾ നടത്തിവന്നത്. പ്രാദേശികാടിസ്ഥാനത്തിൽ സ്ക്കൂളുകൾ ഉറപ്പു വരുത്തി, മുഴുവൻ കുട്ടികളെയും എൻറോൾ ചെയ്യിക്കാനുള്ള സാമൂഹികവും രാഷ്ട്രീയവുമായി ഇടപെലുകൾ ഉണ്ടായി, വന്ന കുട്ടികൾ തുടരുന്നതിനായി സ്ക്കൂളിനകത്ത് ഒട്ടേറെ പിന്തുണാ സംവിധാനങ്ങൾ ഉണ്ടാക്കി, പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണം തുടങ്ങി എല്ലാം സൗജന്യമാക്കി, സ്കോളർഷിപ്പുകൾ തുടങ്ങി ഒരുപാട് സംവിധാനനങ്ങൾ ഒരുക്കി കൊണ്ടാണ് നമ്മുടെ പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടത്.
അതുപോലെ തന്നെ ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക പാക്കേജ്, ഒരു തരത്തിലും സ്കൂളിൽ വരാൻ പറ്റാത്ത ഭിന്നശേഷി കുട്ടികൾക്ക് വീടുകളിൽ പോയി അഭ്യസിപ്പിക്കുന്ന സ്പെഷൽ എഡ്യൂക്കേറ്റർമാർ തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്തു വരുന്നു. അരികുവല്‍ക്കരിക്കപ്പെട്ട ഒരു കുട്ടി പോലും ഉണ്ടാവരുത് എന്ന ആശയത്തിലേക്ക് നമ്മള് മുന്നേറുകയായിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ കോവിഡ് വന്നതും സ്കൂള്‍ സംവിധാനങ്ങള്‍ തകിടം മറിയുന്നതും. സ്കൂളുകള്‍ മാത്രമല്ല, മനുഷ്യര്‍ക്ക് മൊത്തം അന്യോന്യം ഇടപഴകാനോ സഞ്ചരിക്കാനോ പറ്റുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വളരെ സ്വാഭാവികമായി ഉണ്ടാവുന്നതാണ് ഇപ്പറഞ്ഞ പ്രശ്നങ്ങള്‍. ഇത്തരത്തില്‍ പുറന്തള്ളപ്പെട്ടു പോവുന്ന ആളുകളെ ചേര്‍ത്ത് പിടിക്കാന്‍ നമ്മള് പരമാവധി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ചെയ്തപ്പോള്‍ ഉണ്ടായ പോരായ്മകള്‍ കൂടി ഈ വര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
ടിവി, മൊബൈല്‍ ഫോണ്‍ ഒക്കെ ഏര്‍പ്പാടാക്കി കൊടുക്കുന്നുണ്ട്. പക്ഷെ, ഇതിന്റെ മൈന്റനന്‍സ് അഥവാ മാസത്തില്‍ ഉള്ള റീചാര്‍ജ്ജ് ചെയ്യാന്‍ പ്രയാസപ്പെടുന്ന, ലോക്ക് ഡൗണ്‍ കാലത്ത് വരുമാനം ഇല്ലാത്ത രക്ഷിതാക്കളുടെ മക്കളുടെ അവസ്ഥയ്ക്ക് എന്താണൊരു പരിഹാരം ?
വളരെ സത്യസന്ധമായി വിലയിരുത്തിയാല്‍ ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ ഉണ്ട്. മാത്രമല്ല, കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തും വിദ്യാഭ്യാസ വകുപ്പുമൊക്കെ നടത്തിയ ചില പഠനങ്ങളിലും ഇത്തരം സൂചനകളുണ്ട്. ആദ്യഘട്ടത്തില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍, പല തരത്തിലുള്ള സാമൂഹിക പ്രസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും വലിയ രീതിയില്‍ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷെ, മാസത്തില്‍ റീചാര്‍ജ്ജ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന തരത്തിലുള്ള ഒരു തുടര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
ഈ വിഷയത്തിൽ ആത്യന്തികമായൊരു പരിഹാരം കെഫോണ്‍ പോലെയുള്ള പദ്ധതികളാണ്. കെഫോണ്‍ മുന്നോട്ട് വെച്ചത് ഇരുപത് ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന ആശയമായിരുന്നു. മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റും. സൗജന്യ വൈഫൈ സ്പോട്ടുകള്‍ സംസ്ഥാനത്ത് ഉടനീളം ലഭ്യമാക്കുക എന്നതും കെഫോണിന്റെ ലക്ഷ്യമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരത്തിലുള്ള പ്രോജക്ടുകള്‍ വഴിയാണ് ഈ പ്രശ്ങ്ങള്‍ക്കുള്ള പരിഹാരം സാധ്യമാവേണ്ടത്.
എങ്കില്‍ പോലും അടിയന്തര സാഹചര്യം എന്ന നിലക്ക് കുട്ടികള്‍ക്ക് സൗജന്യ നെറ്റ്വർക്ക് ലഭിക്കുന്ന തരത്തിലുള്ള ഇടപെലുകള്‍ ഉണ്ടാവേണ്ടതുണ്ട്. കൂലിത്തൊഴിലാളികളുടെ മക്കള്‍ക്ക്, പ്രത്യേകിച്ച് വരുമാനം ഇല്ലാത്ത ഈ അവസ്ഥയില്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ശ്രദ്ധ ചെലുത്തണമെന്ന് തന്നെയാണ് എന്റെയും അഭിപ്രായം.
നെറ്റ് വര്‍ക്ക് ഇഷ്യൂ പല ഗ്രാമങ്ങളിലും വലിയ പ്രശ്നമായി തുടരുന്നു. ഇത് അധികാരികളുടെ ശ്രദ്ധയില്‍ ഉള്ള വിഷയമാണോ ? കെ. ഫോണ്‍ പോലെയുള്ള പദ്ധതികളിലൂടെ അവ പരിഹരിക്കപ്പെടുമോ ?
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് നെറ്റ്വർക്ക് എല്ലായിടത്തും ഒരേപോലെ ലഭ്യമല്ല എന്നുള്ളത്. കെഫോൺ പദ്ധതി തന്നെയാണ് ഇതിന് ശാശ്വതമായ പരിഹാരം. പക്ഷെ, നെറ്റ്വർക്ക് ഇല്ലാത്ത ഇടങ്ങളിൽ കേബിൾ സംവിധാനങ്ങളിലൂടെ ടിവിയിൽ ക്ലാസുകൾ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. വനാന്തരങ്ങളിൽ ഉള്ള ഏതാനും അത്യപൂർവമായ സ്ഥലങ്ങളിൽ, ഒരു തരത്തിലും നെറ്റ്വർക്ക് എത്തിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ കഴിഞ്ഞ വർഷം, പെൻ ഡ്രൈവിൽ ക്ലാസുകൾ റെക്കോർഡ് ചെയ്ത് ലാപ്ടോപ്പിൽ കൊണ്ട് പോയി കാണിച്ചു കൊടുക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇടുക്കി, വയനാട് എന്നിവിടങ്ങളിലെ ട്രൈബൽ കോളനികളിൽ ഇങ്ങനെ ചെയ്തിട്ടുണ്ട്. എനിക്ക് നേരിട്ടറിയാവുന്ന ചില ഇടങ്ങളിൽ മൂന്നോ നാലോ കുട്ടികൾക്ക് വേണ്ടി പോലും വലിയതുക ചിലവഴിച്ചു കൊണ്ട് പ്രാദേശിക ഭരണകൂടങ്ങൾ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും കേബിൾ ഓപ്പറേറ്റർമാരുടെ സഹകരണത്തോടു കൂടി വലിയ ഇടപെടൽ നടന്നിട്ടുണ്ട്. ബാക്കിയുള്ള പ്രദേശങ്ങളിൽ അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഭാഗത്ത് നിന്ന് നടന്നു വരുന്നുണ്ട്.
എത്രയൊക്കെ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയാലും, സ്കൂളനുഭവം പ്രധാനപെട്ടതാണല്ലോ ? നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യവും കണക്കിലെടുക്കേണ്ടതുണ്ട്. പുത്തനുടുപ്പിട്ട് പുതിയ ബാഗുമെടുത്ത് കുട്ടികള്‍ എന്ന് സ്കൂളുകളില്‍ തിരിച്ചെത്തും ?
പ്രധാനപ്പെട്ട ഒരു കാര്യമാണിത്. കുട്ടികൾ എല്ലാവരും സ്കൂളിൽ എത്തുകയും അധ്യാപകരുടെ സ്നേഹവാത്സല്യം ലഭിക്കുകയും സുഹൃത്തുക്കളുമായി കളിചിരികൾ പങ്കുവെക്കുകയും സമപ്രായക്കാരുമായി കൊടുക്കൽ വാങ്ങലുകൾ സാധ്യമാവുകയും ചെയ്യുമ്പോഴാണ് സ്കൂളനുഭവം പൂർണ്ണമാവുന്നത്. ഇതിനൊന്നും പകരം വെക്കാൻ പറ്റുന്നതല്ല ഓൺലൈൻ ഡിജിറ്റൽ മാതൃകകൾ. വിദ്യാഭ്യാസം എന്നതിന്റെ ലക്ഷ്യം വിജ്ഞ്ജാന സമ്പാദനം മാത്രമല്ല. വൈകാരിക വികാസവും സോഷ്യലൈസേഷനുമാണ് അതിലും പ്രാധാന്യമുള്ളത്. അയൽപക്കത്തുള്ള കൂട്ടുകാരോട് കളിയ്ക്കാൻ പോലും പറ്റാതെ കൂട്ടിലകപ്പെട്ട പക്ഷികളെ പോലെയാണ് വീട്ടിലകപ്പെട്ടുപോയ നമ്മുടെ കുട്ടികൾ ഇപ്പോഴുള്ളത്. മറ്റൊരു മാർഗവും ഇല്ലാത്തതു കൊണ്ട് മാത്രമാണ് നമ്മൾ ഈ മാർഗം സ്വീകരിച്ചത്. ക്ലാസ് മുറികളിലേക്ക് തിരിച്ചു പോവാൻ എന്നാണ് സാധിക്കുക എന്നതിനെക്കൂറിച്ചുള്ള ഉത്തരം എനിക്കെന്നല്ല, ലോകത്ത് ആർക്കും നൽകാനാവില്ല. വാക്സിനേഷൻ പോലെയുള്ള കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നതും ആരോഗ്യ മേഖലയിൽ നമ്മൾ കൈവരിച്ച നേട്ടങ്ങളും ഒക്കെ പ്രതീക്ഷ നൽകുന്നുണ്ട്.

ഒന്ന് രണ്ട് മാസങ്ങൾ കൊണ്ട് ഭാഗികമായെങ്കിലും സ്കൂളുകൾ തുറക്കാൻ സാധിച്ചാൽ അത് ഭാഗ്യമാണ്. ഭാഗികം എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആദ്യം മുതിർന്ന ക്ലാസുകൾ ബാച്ചുകളായോ .ഷിഫ്റ്റ് അടിസ്ഥാനത്തിലോ പ്രവർത്തിക്കുക. സാമ്പ്രദായിക മുഴുനീള ക്ലാസ് മുറികൾ അതേപോലെ പെട്ടെന്ന് ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഡിജിറ്റൽ ക്ലാസും സാധാരണ ക്ലാസും സമന്വയിപ്പിച്ചുകൊണ്ടുള്ള രീതികൾ ആണ് ആവിഷ്ക്കരിക്കേണ്ടത്. അങ്ങനെയൊരു മാറ്റം നമ്മുടെ സ്കൂൾ വിദ്യാഭ്യാസ രീതിയിൽ ഉണ്ടാവുമെന്ന് കരുതുന്നു.
ഓരോ വിഷയത്തിനും ആഴ്ച്ചയില്‍ ഒന്നോ രണ്ടോ പിരീഡ് മാത്രമാണ് കിട്ടുന്നത്. പക്ഷെ, സിലബസ് പഴയത് പോലെ തന്നെയുണ്ട്. മാറിയ സാഹചര്യങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള സിലബസ് പരിഷ്കാരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ടോ ?
കഴിഞ്ഞ ഉത്തരത്തിന്റെ തുടർച്ച തന്നെയാണിതിലും പറയാനുള്ളത്. പെട്ടെന്ന് ഒരു ആഴ്ച കൊണ്ട് മാറ്റിയെടുക്കാൻ പറ്റുന്നതല്ല കരിക്കുലവും സിലബസ്സും. എന്നാൽ, വിദ്യാഭ്യാസ രീതിശാസ്ത്രം തന്നെ മാറുന്ന സാഹചര്യത്തിൽ തീർച്ചയായും അതിനനുസൃതമായ മാറ്റങ്ങൾ സിലബസിലും പാഠപുസ്തകങ്ങളിലും ഒക്കെ വരുത്തേണ്ടി വരും എന്ന് തോന്നുന്നു. അധികം വൈകാതെ നടക്കേണ്ട കരിക്കുലം പരിഷ്കരണത്തിന്റെ പ്രധാന ആശയം കോവിഡാനന്തര കാലത്തെ പഠനം എങ്ങനെ പോകണം എന്ന് തന്നെ ആയിരിക്കും. ക്ലാസ് മുറികളിൽ പ്രയോഗിക്കേണ്ട കാര്യങ്ങൾ ഓൺലൈനിൽ പ്രയോഗിക്കുമ്പോൾ ഉള്ള വൈരുധ്യങ്ങൾ ഇപ്പോഴുണ്ട്. അവയെ മറിക്കടിക്കാൻ വഴക്കമുള്ള , രണ്ട് പ്ലാറ്റുഫോമുകൾക്കും പറ്റുന്ന ഒന്നായി നമ്മുടെ സിലബസ്സുകൾ മാറേണ്ടതുണ്ട്.
മാറിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പുതിയ നോണ്‍ കരിക്കുലര്‍ പദ്ധതികള്‍ വിദ്യാഭ്യാസവകുപ്പിന്റെ മുന്നിലുണ്ടോ ? ഇത്തരം സാഹചര്യത്തെ നേരിടാൻ അധ്യാപകരെ എങ്ങനെയാണു പ്രാപ്തമാക്കുന്നത് ?
അത്തരത്തിലുള്ള ഒരുപാട് ശ്രമങ്ങൾ നടക്കുന്നുണ്ട്. കലാ കായിക സംഗീത അധ്യാപകരും ഓൺലൈൻ എഡ്യൂക്കേഷനിൽ ഇടപെടുന്നുണ്ട്. യോഗ പോലെയുള്ള അഭ്യാസമുറകളുടെ വീഡിയോകൾ കൊടുക്കുന്നുണ്ട്. ഇതിനു പുറമെ ഒരുപാട് കൗൺസിലിംഗ് പരിപാടികൾ നടക്കുന്നുണ്ട്.
ഡിജിഫിറ്റ് എന്ന പേരിൽ കഴിഞ്ഞ വർഷം അധ്യാപകർക്ക് എസ് എസ് കെയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. മാറിയ സാഹചര്യത്തിൽ അധ്യാപകരെ ഡിജിറ്റലി ഫിറ്റ് ആക്കുന്നതിനുള്ള കാര്യങ്ങളാണ് നൽകിയത്. പുതിയ പ്രതിസന്ധികളെയും നേരിടാൻ കഴിയുന്ന പദ്ധതികൾ രൂപപ്പെടുത്താനും നടപ്പിലാക്കാനും സർക്കാറിന് സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.