
പുര പൊളിച്ച് പടിയിറങ്ങിപ്പോവുന്ന കവിതകൾ

അജിത്ത് രുഗ്മിണി
(കന്നിയുടെ ‘ചാരനിറമുള്ളൊരാൾ ചുവന്ന പൊട്ട് കുത്തുന്നു ‘ എന്ന കവിതാ സമാഹാരത്തിന്റെ വായനാനുഭവം)
ഓരോ വായനക്കാർക്കും ഓരോ തരം വായനാരീതികളുണ്ടാവും. കവിതതാസമാഹാരങ്ങൾ ലഭിക്കുമ്പോൾ ആദ്യം ‘ഉള്ളടക്കം’ (content) പേജിലേക്ക് ചെന്ന് കണ്ണിലുടക്കുന്ന ശീർഷകങ്ങൾ പിന്തുടർന്ന് കവിതകളിലേക്കെത്തിച്ചേരുന്നവരുണ്ടാവാം..കന്നി യുടെ കവിതാ സമാഹാരത്തിന്റെ പേരിൽത്തട്ടി ആദ്യം വീണു. “ചാര നിറമുള്ളൊരാൾ ചുവന്ന പൊട്ട് കുത്തുന്നു” എന്ന തലക്കെട്ടിലുള്ള കവിത മുപ്പത്തിമൂന്നു കവിതകളുള്ള ഈ സമാഹാരത്തിലെ പതിനഞ്ചാമത്തെ കവിതയാണ്.
ശരീരം / വർണം എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരമെന്നോണം നമ്മുടെ പൊതു ചർച്ചകളിൽ മുഴങ്ങി കേൾക്കാറുള്ള പ്രസ്താവനകളോടുള്ള, ബോഡി ഷെയിമിങ്ങുമായി ബന്ധപ്പെട്ട ദൈനംദിന സംഭവങ്ങളോടുള്ള തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചു കൊണ്ടാണ് കവിതയാരംഭിക്കുന്നത്.
” തടിച്ച കവിളുകളുള്ളവർക്ക് മുഖക്കുരു വരുന്നത് / തെച്ചിപ്പൂങ്കുലകൊണ്ട് അച്ചു കുത്തിയത് പോലെയാണ് / അത് വെളുത്ത തൊലിയുള്ളവർക്കല്ലേ / മറ്റുള്ളവർക്കത് എണ്ണയിൽ പൊട്ടിത്തീർന്ന കടുകുതീരം”.

സമയക്കുറവും വെപ്രാളവും ചേർന്ന് സങ്കീർണമാകുന്ന ദൈനംദിന ജീവിതമാണ് ഈ കവിതയുടെ കാതൽ. പരുക്കൻ ജീവിതത്തെ സ്വപ്നത്തിലെങ്കിലും മറികടക്കാനുള്ള ധൃതിയാണ് മനുഷ്യ പ്രകൃതമെങ്കിൽ, അതിനെ കവിതയിലേക്കാവിഷ്ക്കരിക്കാനാണ് കന്നി ശ്രമിച്ചിട്ടുള്ളത്. വൈദ്യുതി ലൈനിൽ തൂങ്ങിയ വവ്വാലിന്റെ വെപ്രാളത്തിൽ കറണ്ട് പോവുന്നതും, ഡ്യൂട്ടിക്കിറങ്ങിയ ആൾ ലിഫ്റ്റിൽ കുടുങ്ങിപ്പോവുന്നതും , ഫേസ് പാക്ക് കഴുകിക്കളയുമ്പോഴേക്കും ഇട്ടു വച്ച ചായ തണുക്കുന്നതുമൊക്കെ സങ്കീർണതകളാണ്. “രണ്ടാമതൊന്ന് ചൂടാക്കിത്തരാനാരുമില്ലെന്നറിയാവുന്നതിനാൽ/ ചായ കുടിച്ചു ചത്ത കുനിയനുറുമ്പിനെ/ പുറത്തെടുത്ത് ജനലിലൂടെ തെറിപ്പിച്ചു” എന്നവരിയിലെത്തുമ്പോഴേക്കും വായനക്കാർ തള്ള വിരലും ചൂണ്ടാണി വിരലും ചേർത്തൊന്ന് ഞൊടിച്ചു നോക്കും. ഇവിടെയാണ് കവിതയിലെ ധൃതിപ്പാടും കിതപ്പുമുള്ളയാളായി ഓരോരുത്തരും സ്വയം പരിണമിക്കുന്നത്.
ചിത്രകാരി കൂടിയായ കന്നി, വാൻഗോഗിന്റെ വലിയ ആരാധികയാവാനാണ് സാധ്യത. “ഇടത്തേ ചെവി മുറിഞ്ഞ വീട് ” എന്ന കവിതയിലെ വരികൾ മുഴുവൻ വാൻഗോഗിനോടുള്ള ആരാധന മൂത്ത ഒരാൾ ചിത്രങ്ങളും വർണങ്ങളും പിരിച്ച്ചേർത്ത് പറയാൻ ശ്രമിക്കുന്ന കാര്യങ്ങളാണ്. വിൻസെന്റ് വാൻഗോഗിന്റെ വീട്ടിൽ എന്ന് ഉപശീർഷകം നൽകിയിട്ടുള്ള കവിതയാരംഭിക്കുന്നതു തന്നെ തുമ്പിച്ചിറകിൽ ചായയരിച്ച് വാൻഗോഗിന് സുതാര്യത പകരുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ടാണ്. പിന്നീടങ്ങോട്ട് നിത്യജീവിതത്തിലെ പൊട്ടും പൊടിയുമെല്ലാം ചേർത്ത് വച്ച് വാൻഗോഗിന് സൂര്യകാന്തിപ്പാടം സമ്മാനിക്കാൻ പരിശ്രമിക്കുന്ന ആ പെൺകുട്ടി തന്നെയായി കവിത മാറുന്നു. കടൽച്ചേനകളുടെ മുള്ളുകളൂരി വേലി കെട്ടിയ വീടെന്നും, അക്വോറിയത്തിൽ നീലത്തിമിംഗലമെന്നും, ഉണ്ടത്തെച്ചിയിൽ ഒരു പ്രസവത്തിലുണ്ടായ നൂറായിരം കുഞ്ഞുങ്ങളുടെ ചുവന്നുരുണ്ട കാലുകളെന്നും, നെൽക്കറ്റകൾക്കിടയിൽ തുമ്പ കൊണ്ടുള്ള താറാവുകളെ കൂട്ടത്തോടെ ഒഴുക്കി വിടുന്ന വാൻഗോഗെന്നുമെഴുതുന്നതിലൂടെ തന്റെ ചുറ്റിലുമുള്ളതിലെല്ലാം ചിത്രങ്ങൾ കാണുന്ന ഒരാൾ വാൻഗോഗിനുള്ള സമ്മാനമായി അവയെ കവിതയിൽ ആവിഷ്ക്കരിക്കുന്നത് കാണാം. അതേ സമയം പാടത്ത് വെള്ളം തിരിച്ചു വിടാൻ പോയ വാൻഗോഗ് കാണുന്ന കൊറ്റിയിലൂടെ “പാടത്തെ ചേറിന്റെ മണം പിടിക്കാതെ/ ഓക്കാനം വന്ന് നാടുവിട്ടുപോയ/ മീനുകളുടെ തിരിച്ചുവരവിനെപ്പറ്റി /ദേശീയ ചാനലിൽ വാർത്ത നൽകണമെന്ന് ” പറയുന്നതിലൂടെ ഈ കവിതയും അതിന്റെ രാഷ്ട്രീയ ദൗത്യം നിർവഹിക്കുന്നു.

കന്നിയുടെ കവിതകൾ അലങ്കാര പ്രയോഗ(imagery)ങ്ങളാൽ സമ്പുഷ്ടമാണ്.’തേരട്ട ‘ യെന്ന കവിതയിൽ “പത്ത് പതിനായിരം കാലുകൾക്കിടയിൽ/ചെമ്മൺ വരമ്പിന്റെ ഇഴഞ്ഞു പോക്കാണ്/ ഒരു അട്ട”യെന്നെഴുതുന്നു. “കിളിക്കൂവൽ വീണു വീണാണ് ഈ കിണറിനിത്രയാഴമെന്ന് ” ‘വിതക്കാരന്റെ വിളി’ യെന്ന കവിതയിൽ . “തിരകൾ പ്രകാശത്തിന്റെ തേക്കു കൊട്ടകൾ ” (പിന്നെ പുലർന്നതേയില്ല) എന്നും, “ചന്ദ്രനെ /മുറ്റത്ത് വെയിലത്തു വെച്ചു / വെളിച്ചം ചന്ദ്രനെ കുടിച്ചു തീർത്തു ” (പ്രണയം) എന്നുമൊക്കെയുള്ള വരികൾ വായനക്കാരിൽ ചിത്രങ്ങളായാണ് പതിയേണ്ടതെന്ന് പ്രസ്തുത കവിതകൾ ആ വശ്യപ്പെടുന്നുണ്ട്.
വീട് കന്നിയുടെ കവിതകളിലെ പൊതുബിംബമാണ്. ” വീടിനെ ഭയാഭയങ്ങളുടെ സംഗമസ്ഥാനമായി കാണുന്ന കവിതയെന്ന് കന്നിയുടെ കവിതയെ കണ്ണടച്ചു വിശേഷിപ്പിക്കാമെന്ന് ” പുസ്തകത്തിന്റെ അവതാരികയിൽ വിജു നായരങ്ങാടി എഴുതുന്നുണ്ട്. ഗുസ്താവ് ക്ലിംറ്റിന്റെ ‘ദി കിസ് ” എന്ന ചിത്രത്തെ മുൻനിർത്തി വീടെന്ന ബിംബത്തിലൂടെ പ്രണയമാവിഷ്കരിക്കുന്ന “മഞ്ഞപ്പനി ” യെന്ന കവിത മുതൽ “ലിവിംഗ് ടുഗേദർ” “ആർത്തവ ഡയറി” എന്നിവയിലൂടെ “പാർപ്പും പലായനവും ” എന്ന കവിതയിലെത്തുമ്പോൾ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയോട്, കിടപ്പാടം വിട്ട് പോവാൻ വിധിക്കപ്പെട്ട അഭയാർത്ഥികളോട് എഴുത്തുകാരി ഐക്യപ്പെടുന്നു. ” ഒരാൾ വീട് വാരിയെടുത്തുകൊണ്ടു പോകുന്നു / ഇപ്പോൾ വീടിരുന്നിടം /പുല്ലിനും തുമ്പിക്കും കളിസ്ഥലം ” എന്നു തുടങ്ങുന്ന വരികൾ അവസാനമാവുമ്പോഴേക്കും ” വീടും വാരിയെടുത്തുകൊണ്ടോടുന്നുണ്ടാരോ ” എന്നാവുന്നിടത്ത് വ്യക്തിപരതയിൽ നിന്നും സാമൂഹികപരതയിലേക്ക് ‘പലായനം / അഭയാർത്ഥിത്വം ‘ വികസിച്ചതായി കവി രേഖപ്പെടുത്തുന്നു. അഭയാർത്ഥിത്വത്തെക്കുറിച്ചുള്ള സൊമാലിയൻ എഴുത്തുകാരി വാസൻ ഷൈറിന്റെ ‘Home’ എന്ന കവിതയിൽ “no one leaves home until home is a/sweaty voice in your ear/saying- /leave/
run away from me now ” എന്നെഴുതുന്ന നിസ്സഹായത പോലെ വീടകന്നകന്നു പോവുന്ന മനുഷ്യരുടെ മനോനില കന്നി വ്യക്തമാക്കുന്നു.
അതേ സമയം, മറ്റൊരു കവിതയിൽ വീടുകളെക്കുറിച്ച് ഇതുവരെയെഴുതപ്പെട്ട മുഴുവൻ വാഴ്ത്തുപാട്ടുകളേയും ഖണ്ഡിച്ച് കള്ളന്റെ കാഴ്ചപ്പാടിൽ കന്നി വീടുകളെ നിർവചിക്കുന്നുണ്ട്. “കള്ളൻമാരാണ് വീടുകളെ ഉടമസ്ഥരുള്ളതാക്കി മാറ്റുന്നത് ” (കള്ളൻമാരെക്കുറിച്ച് അതിവൈകാരികമായ ചില കാര്യങ്ങൾ) എന്ന വരികൾക്ക് ശേഷം ഈ കവിത പൂർണമായും കള്ളന്റെ പക്ഷത്തു നിന്നും ജീവനെ/ വിശപ്പിനെ / നീതിയെ നിർവചിക്കുന്നു. ” ഒരുപാടുള്ളവർ ഇല്ലാത്തവന് കൊടുക്കണമെന്ന/ നീതിശാസ്ത്രമാണ് കള്ളനിഷ്ടം/വീതിക്കപ്പെടുമ്പോഴാണ് അർത്ഥമുണ്ടാവുന്നതെന്ന് ആത്മഗതം” എന്ന് പ്രഖ്യാപിക്കുന്നു.
സ്ത്രീ – പ്രകൃതി – സാഹിത്യം എന്നിങ്ങനെയുള്ള പുരുഷാധികാര ലളിതയുക്തികളല്ല ഈ കവിതകളിൽ പ്രവർത്തിക്കുന്ന ഘടകം. മറിച്ച് മനുഷ്യ ജീവിതത്തിന്റെ സങ്കീർണതകളെ സൂചിപ്പിക്കാനായി ഏറ്റവും പുതിയ കാലത്തിന്റേതായ, പുതിയ ജനറേഷന്റേതായ വാക്കുകളും ബിംബങ്ങളുമാണ് ഈ സമാഹാരത്തിലെ കവിതകളിലെല്ലാം പ്രവർത്തിക്കുന്നത്. കവിതകളെ ആത്യന്തികമായ തീർച്ചകളായല്ല കന്നി അവതരിപ്പിക്കുന്നത് മറിച്ച്, ആഖ്യാനത്തിന്റെ അനേക സാധ്യതകളിലൊന്നായി മാത്രം കാണുന്നു, തന്റെ ഭാഷയിൽ പരമാവധി അതിലിടപെടുന്നു.