
വാക്കുകളുടെ തോട്ടം

അജിത് പ്രസാദ് ഉമയനല്ലൂര്‍
വാക്കുകളുടെ തോട്ടത്തില്‍
കാവല്‍ക്കാരനായി
അറിയിപ്പുകിട്ടിയതില്പ്പിന്നെ
സ്വപ്നത്തില്‍ വാക്കുകളുടെ വര്‍ണശബളിമയാണ്!
സ്വപ്നം വെടിഞ്ഞുള്ള
പ്രഭാതത്തില്‍,
വാക്കുകളുടെ തോട്ടത്തിലൂടെ
നടക്കുമ്പോള്‍ ഓര്‍ത്തുപോവുക
നിശബ്ദതയുടെ ശേഖരം പെറുക്കിയെടുത്ത്
വാക്കുകള്‍ക്കു ജലമൊഴിക്കേണ്ടുന്ന
വിധത്തെക്കുറിച്ചാണ്.

ഇവിടെ പിടിപ്പതു പണിയാണുള്ളത്.
വളം നോക്കി
തരം തിരിച്ച്
കളകള്‍ പറിച്ചെടുത്ത്
വേരുകളെ മെരുക്കിയെടുക്കേണ്ടതുണ്ട്.
എല്ലാ ഋതുക്കളിലും പൂവിടുന്ന
ചിലവാക്കുകളുടെ വിത്തിനെ
ഭൂമിക്കുമുകളില്‍ നാട്ടുവാനായി
മാറ്റിവച്ചിട്ടുണ്ട്.
ഈയിടെയായി ഇവിടേക്ക്
അതിക്രമിച്ചെത്തുന്ന ചില
കടന്നുകയറ്റക്കാരെ
പ്രതിരോധിക്കേണ്ടതായുണ്ട്…
നിറകുലകളായി നില്ക്കുന്ന
കാമ്പുള്ള വാക്കുകളെ
പറിച്ചെടുക്കാനെത്തുന്ന കവികളേയും
പ്രാണലേഖനമൊരുക്കുവാന്
വാക്കുകടം ചോദിച്ചെത്തുന്ന കമിതാക്കളേയും
ആട്ടിപ്പായിക്കണമെന്നാണ് കല്പന.
‘മൂഷേട്ടകള്,
അവര്‍
വാക്കിന്റെ പൂന്തോട്ടത്തെ
അനശ്വരതയിലേക്ക്
പറിച്ചുനടു’മെന്നാണ്
യജമാനന്റെ മതം.
എങ്കിലും,
ഭൂമിയില്‍ അനശ്വരഭാഷയുടെ
മറ്റൊരു തോട്ടം നിര്‍മ്മിക്കുവാനുള്ള
പരിശ്രമത്തിലാണു ഞാന്‍.
അതിനാല്‍,
നിറയെ കായ്ക്കുന്ന ചില്ലകളില്‍ നിന്നും
വാക്കുകള്‍ മോഷ്ടിച്ചു വച്ചിട്ടുണ്ട് ഞാന്‍.
പറവകളുടെ ഭാഷയ്ക്കായി
ആകാശത്തേക്കുയര്‍ന്ന ചില്ലയില്‍ നിന്ന്,
മീനുകളുടെ ഭാഷയ്ക്കായി
അരുവിയിലേക്കിറങ്ങിയ കൈവരികളില്‍ നിന്ന്,
ചെറുതും വലുതുമായ
ഭയപ്പെടുത്തുന്ന മൃഗങ്ങള്‍ക്ക്
വാക്കുകളുടെ വന്മരത്തിന്റെ ചില്ലയില്‍ നിന്ന്,
കൊഞ്ചിക്കാന് തോന്നുന്ന ജീവികള്‍ക്ക്
വാക്കുകളുടെ
മുത്തശ്ശിമരത്തിന്റെ കൈകളില്‍ നിന്ന്,
അനേകമനേകം മനുഷ്യര്‍ക്ക്
മണ്ണില്‍ കിളിര്‍ത്ത
വേരുകളില്‍ നിന്ന്
ഞാന്‍ മോഷ്ടിച്ചെടുത്ത
വാക്കുകളുടെ ചില്ലകള്‍!
അവ നിറയെ കായ്ക്കുന്നത്
സ്വപ്നത്തിന്റെ തുഞ്ചത്തിരുന്ന്
ഞാന്‍ കാണുന്നു.
വാക്കുകള്‍ എനിക്കുചുറ്റും
നൃത്തം ചവിട്ടുന്നു.
ഭാഷയുടെ സിംഫണിയില്‍ ലയിച്ച്
ഞാനും നൃത്തം വയ്ക്കുന്നു.
എന്റെ തോട്ടത്തില്നിറയെ പുതിയ പുതിയ
അക്ഷരമാലകള്‍ കായ്ക്കുന്നു,
സുഗന്ധം വിടര്ത്തിപ്പൂക്കുന്നു.
ഹൂയ്…!
എന്റെ തോട്ടത്തില്‍ നിറയെ ഭാഷകള്‍,
എന്റെ ഭൂമിയില്‍ നിറയെ ഭാഷകള്‍!