
കടത്തുകാരന്

അജിത് പ്രസാദ് ഉമയനല്ലൂര്‍
നദിക്കുകുറുകെ പാലം പൊന്തിവരണ
വാര്‍ത്ത ഞങ്ങളാകെയറിഞ്ഞത്
പാലത്തിന്റെ കെട്ടുപണികള്‍
തുടങ്ങുന്നതിന് മുന്‍പേ
സമരപ്പന്തലുകെട്ടി
കടത്തുവള്ളക്കാരന്‍ വറീത്
തൊണ്ടപൊട്ടി സമരം വിളി തുടങ്ങിയതില്‍പ്പിന്നെയാണ്.
രാവും പകലും
തൊള്ളപൊട്ടി വിളിക്കണ
മുദ്രാവാക്യങ്ങളില്‍,
വിയര്‍ക്കുന്ന കൈയ്യേറുകളില്
വര്‍ഷങ്ങളുടെ
തഴമ്പുമുറ്റി നിന്നു.
കടത്തുകാരന്റെ
തുഴച്ചിലുകളെ
ഓര്‍മ്മകളിലേക്ക്
തള്ളിയിട്ടുകൊണ്ട്
നദിക്കുകുറുകെ പാലം പൊന്തി വന്നു.
അതോടെ
ഗതിമുട്ടിയ കടത്തുവള്ളക്കാരന്‍
തന്റെ കിതപ്പാറ്റിയ
നദിക്കു മുകളില്‍
ചത്തുമലര്‍ന്ന്
വെയിലുകാഞ്ഞുകിടന്നു.
കാലത്തിന്റെ ചൂണ്ടുപലക
കയ്യിലേന്തി,
ഒരാള്‍
‘നാടോടുമ്പോള്‍
നടുവേ ഓടണ’മെന്ന പഴമൊഴി
വായിലിട്ടു ചവച്ച്
നദിക്കുനേരെ നീട്ടിത്തുപ്പി.

നദിയുടെ
ഓളങ്ങള്‍ക്കിടയില്‍
കടത്തുകാരന്റെ
വിയര്‍പ്പും
വിശപ്പും
കനപ്പെട്ട ജീവിതവും
അലിഞ്ഞില്ലാതായി.
പാലം കാണാനും
പാലത്തിന്റെ കൈവരികളില്പ്പിടിച്ച്
കടത്തുകാരന്റെ സഹായമില്ലാതെ
അക്കരെയുമിക്കരെയും നടക്കാനും
ഞങ്ങള്‍ തുടങ്ങി.
പാലം
കൗതുകത്തിന്റെ പുതുമ വിട്ട്
ദൈനംദിനത്തിലേക്ക്
മാറി നടന്നു.
പ്രണയവും
പരിഭവവും
വേവലാതിയും
അധികാരങ്ങളും
അടിമത്തങ്ങളും
പാലം കടന്ന്
നിഷ്പ്രയാസം സഞ്ചരിച്ചു.
കടത്തുകാരന്റെ അഭാവത്തില്‍
സങ്കടംകൊണ്ട്
മെലിഞ്ഞുണങ്ങിയ നദി
ഒരുകൂവലിന്റെ പ്രതിധ്വനിക്കായി
കാതോര്‍ത്തു..
ഉടലും ഉയിരും ഒന്നായിരുന്നവരില്
ഒരാള്‍ മാത്രം ഉയിരുകുടഞ്ഞിട്ട്
പലായാനം ചെയ്തതോര്‍ത്ത്
നദി ഇടയ്ക്കിടെ നിശബ്ദയാകുന്നു..,
രാത്രിയോടു രാത്രി
കടത്തുകാരനെ
സ്വപ്നം തീണ്ടുമെന്ന് നിനച്ച്
കടത്തുകാരന്റെ ശവം
തിന്നുവിര്ത്ത പാലം
നോക്കിക്കിടക്കുന്നു.
പഴമൊഴി ചൊല്ലി
കടത്തുകാരന്റെ
ശവം നോക്കിച്ചിരിച്ച
അയാളുടെ മകള്‍
പാലത്തിനു മുകളില്‍ വന്നുനിന്ന്
നദിയുടെ
രഹസ്യങ്ങളിലേക്ക് പറന്നിറങ്ങിയ
ആ രാത്രി
അയാള്‍
കടത്തുകാരനെ സ്വപ്നം കണ്ട്
ഞെട്ടിയുണര്‍ന്നു.
അപ്പോള്‍
കടത്തുകാരന്
ആകാശം മുട്ടെ വളര്‍ന്ന്
മിന്നല്‍പ്പിണര്‍പോലെ ചിരിച്ചു.!
2 Comments
Aw, this was an exceptionally nice post. Taking the time and actual effort to generate a good article… but what can I say… I put things off a whole lot and don’t manage to get anything done.
sildenafil 50mg price australia