
സുരേഷിന്റെ വയലിന് പൂക്കുമ്പോള്‍

ഡോ. അജയ് നാരായണന്
‘എന്തോരം കവിതകളാ…’, സുരേഷിന്റെ കവിതാസമാഹാരം ഒന്നോടിച്ചു നോക്കിയപ്പോള്‍ ആദ്യം തോന്നിയ വികാരം അത്ഭുതമായിരുന്നു.
എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത് എന്നമട്ടിലാണ് എന്നും സുരേഷിന്റെ ശീലം. ഓരോ കവിതയും ഓരോ വസന്തം തീര്‍ക്കും.
എഴുത്തില്‍ കടന്നു കൂടിയതില്പിന്നെ ഞാനും സുരേഷ് നാരായണന് എന്ന എഴുത്തുകാരനെ പരിചയപ്പെടുവാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ട്., ഒന്ന്, പേരിന്റെ വാലില്‍ കെട്ടിയിട്ട ”നാരായണ” ഭാവം. ഞാനും അതേ വാലും തൂക്കിയാണ് നടക്കുന്നതും. അച്ഛന്റെ പേരില്‍ അറിയുവാനുള്ള ത്വരയില്‍ ഒരു വ്യക്തിഗത കാരണവും ഉണ്ടായിരുന്നു. ആ പേരിലാവണം എന്റെ കുടുംബം അറിയപ്പെടാനെന്ന് പ്രവാസി ആയതില്‍ പിന്നെ തീരുമാനിച്ചുറപ്പിച്ചതാണ്. എഴുത്ത് പിന്നീട് വന്ന അനുഗ്രഹം.
രണ്ടാമത്തെ കാരണം, സുരേഷിന്റെ എഴുത്തുരീതി. വെറും ലളിതമായ പദവിന്യാസങ്ങളാല്‍ ഒരു വാക്പ്രപഞ്ചം തന്നെ തീര്‍ക്കുന്നു സുരേഷ്. ആശയങ്ങളുടെ കുത്തൊലിപ്പില്‍ ചിലപ്പോള്‍ നമ്മള് നമ്മെ തന്നെയും മറക്കും. ആലോചനാമൃതങ്ങളായ നല്ക്കവിതകളിലൂടെ തെളിഞ്ഞുവരുന്ന ചില പ്രയോഗങ്ങള്‍ കണ്ടാല്‍, കരളില്‍ കൊള്ളും. ഏത് ഉണക്കമരവും പൂക്കും. ഏതു വാഴനാരും വിജൃംബിതമാകും, സംഗീതം പൊഴിക്കും.
ഈ കാരണങ്ങളാല്‍ സുരേഷിനെ ഇടിച്ചുകേറി പരിചയപ്പെട്ടു ഞാന്‍. ആശയങ്ങള്‍ കൈമാറി. സുരേഷ് എഴുതിയ കവിതാചോദ്യങ്ങള്ക്കുത്തരം നല്കി. ഞങ്ങളില്‍ ഒരു രസതന്ത്രം രൂപപ്പെട്ടു. നാട്ടില്‍ വന്നാല്‍ കാണുവാന്‍ മോഹിക്കുന്ന കവിയെന്നും ഉറപ്പിച്ചു.
മുഖമാകെ കവിത തുളുമ്പുന്ന, പ്രസാദം വിതറുന്ന, സ്നേഹം നിറഞ്ഞ മനസ്സുള്ള കവിയുടെ പ്രായം നാല്പതുകളില് ഒളിച്ചു കളിക്കുന്നു. എപ്പോഴും സിനിമാസംവിധായകന് ബാലചന്ദ്രമേനോനെപ്പോലെ നിറമുള്ള തൂവാലയാല്‍ തലേക്കെട്ടും കട്ടിക്കണ്ണടയും.
”ഇതെന്താ, തലേക്കെട്ട്…? ‘, ഞാന്‍ തിരക്കി.
”ഇല്ലാത്ത മുടിക്ക് പകരം തലയ്ക്കു പുതിയ ആഭരണം”, വൈക്ലഭ്യത്തോടെ സുരേഷിന്റെ മറുപടി.
അടിപൊളി. മുഴുനീള കഷണ്ടി ഉള്ള എന്നോടുതന്നെ പറയണം, ഇത്. വെടിപ്പായി ഞാന്‍ ചിരിച്ചു. സുരേഷും. ഇതാണ് എന്റെ ചങ്ങാതി സുരേഷ്. നിഷ്കളങ്കഭാവത്തില്‍, എല്ലാം വെട്ടിത്തുറന്നു പറയുന്ന, കവിതകളില്‍ സ്വന്തം നിലപാട് വ്യക്തമായി എഴുതുന്ന ലളിതമാനസന്.
”The Other Narayanan’ എന്നു ഞാന്‍ വിശേഷിപ്പിക്കുന്ന എന്റെ എഴുത്തുലോകത്തിലെ പ്രിയചങ്ങാതി.
ഈ ചങ്ങാതി എനിക്കുതന്ന സമ്മാനമാണ്, ”വയലിന് പൂക്കുന്ന മരം” എന്ന അതിമനോഹരമായ കവിതാസമാഹാരം. മൂന്നു ഖണ്ഡങ്ങളായി മുന്നേറ്റം നടത്തുന്ന കാവ്യസപര്യയില്‍ എല്ലാം ഉണ്ട്. പ്രപഞ്ചം, വസുധ, പ്രകൃതി, മനുഷ്യന്, വിശുദ്ധി, അവിശുദ്ധി, മരണം, പീഡനം എന്നുവേണ്ട എണ്‍പതോളം താളുകളിലായി ഏകദേശം മുപ്പതു കവിതാപുഷ്പങ്ങള്‍ ഗദ്യഭാവത്തില് പല ചില്ലകളിലായി പൂത്തുനില്ക്കുന്നു.
ഓരോ കവിതയും ലളിതമാണ്, ഗഹനമാണ്, ധ്വന്യാത്മകമാണ്.. അനുവാചകന് ഏത് കാഴ്ചപ്പാടില്‍നിന്നും നോക്കിയാലും വികാരവിചാരങ്ങളുടെ വേലിയേറ്റം അനുഭവഭേദ്യമാകും.
കൊളാഷുകളുടെ കേദാരമാണീ കവിതാസ്ഥലി. സര്വ്വമനുഷ്യവികാരങ്ങളും തുളുമ്പി നില്ക്കുന്ന പദചേരുവകളില് ഏതെടുത്തു മാറ്റിവയ്ക്കും, ഉദാഹരണമായി പറയുവാന്‍? എനിക്കു സംശയം തീരുന്നില്ല. എങ്കിലും ചെറിയ ശ്രമം നടത്തുന്നു.
”എവിടെടാ നിന്റെ ചേച്ചി’
എന്ന മത്തായിച്ചന്റെ ചോദ്യത്തിനുത്തരം
നിക്കറീന്ന് മൂത്രമായ് പുറത്തുചാടിയല്ലോ” (സന്തുഷ്ടകുടുംബം – പേടി).,
”എനിക്കങ്ങയുടെ ഹൃദയത്തിലലിഞ്ഞു ചേര്‍ന്നാല്‍മതി” (ബുദ്ധന്… സ്വത്വം).,
”അവന്റെ കണ്ണുകളില്‍നിന്ന് പടയാളികളെപ്പോലെ ചോദ്യചിഹ്നങ്ങള്‍… വന്നുകൊണ്ടേയിരുന്നു” (അമ്മ കൊടുങ്ങല്ലൂരില്‍ – മനസ്സാക്ഷി).,
”വണ്ടിക്കാരനായിട്ട് ഞാന്‍ വരട്ടെ? ‘ (പ്രാര്‍ത്ഥന – ബോധം).,
ഇങ്ങനെ ഏതുകവിത ചൊല്ലിയാലും അനുവാചകന്റെ ഹൃദയം നുറുങ്ങും വല്ലാതെ വികാരവിക്ഷുബ്ധമാകും.
വാക്കുകള്‍ കൊണ്ടുള്ള സുരേഷിന്റെ അമ്മാനമാടല്‍ നോക്കിനില്ക്കാന് തോന്നും.
അമ്മ(മ്മിഞ്ഞ)ക്കാട്, പ്രകൃതി എന്ന surname, കീര്‍ത്തി സുരേഷ്, ഇവിടെ കമോണ്‍, കുമിളക്കുട്ടി, മഴ നുണയാനെനിക്കിഷ്ടം, സ്നേഹത്തിന്റെ പ്രസവമാണ് പ്രണയം അങ്ങനെ ഒരുപാട് കൗതുകങ്ങള്‍!
കവിത രസിപ്പിക്കുവാനുള്ളതാണ്. ഒപ്പം ചിന്തിപ്പിക്കുവാനും കഴിയണം. സുരേഷിന്റെ നുറുങ്ങുകവിതകള്‍ എല്ലാം ഈ ദ്വന്ദലക്ഷ്യം കൈവരിക്കുന്നുണ്ട്. വയലിന് പൂക്കുന്ന മരം എന്ന കവിത ഒരു കാവ്യനാടകമായി ആസ്വദിച്ചു.
ഇങ്ങനെ ഏത് താള് വായിക്കുമ്പോഴും സുരേഷിലെ കവിയുടെ വിവിധ പകര്‍ന്നാട്ടങ്ങള്‍ കാണാം. അവനൊരു കവിയും കാമുകനും വിപ്ലവകാരിയും തത്വചിന്തകനും സര്‍വ്വോപരി ഒരു പച്ചമനുഷ്യനുമാണ്.
കാണുമ്പോള്‍, അവനെ കേള്‍ക്കുമ്പോള്‍ ആദ്യം ചോദിക്കേണ്ടത് ഇതാണ്, ”എവിട്യായിരുന്നു ചങ്ങാതീ ഇത്രേം കാലം?”.
സുരേഷിന്റെ ചിരിയില്‍ കാലവും കൂട്ടുചേരും. അന്നേരം തലേക്കെട്ടില്നിന്നും ആയിരം വര്‍ണ്ണരാജികള്‍ സുവര്ണ്ണാക്ഷരങ്ങളായി നിരന്നുനില്ക്കും, വീണ്ടും വീണ്ടും നമുക്കു വായിക്കുവാന്‍ സുരേഷ് നാരായണന് കവിതകളായി വിരിഞ്ഞു നില്ക്കും.