
ഉദ്യോഗസ്ഥഭരണമല്ല, ഉദ്യോഗസ്ഥരെ ഭരിക്കുന്നതാണ് ജനാധിപത്യം

അഡ്വ. മുഹമ്മദ് ഇബ്രാഹിം അബ്ദുള്‍സമദ്
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇമ്പിച്ചിബാവയെ കുറിച്ചൊരു കഥയുണ്ട്. ഔപചാരിക വിദ്യാഭ്യാസം വളരെ കുറവായിരുന്ന അദ്ദേഹം ഒരിക്കല്‍ മന്ത്രിയായി. അദ്ദേഹത്തിന്റെ ‘വിദ്യാഭ്യാസ ‘മില്ലായ്മയില്‍ അകമെ പുച്ഛമുണ്ടായിരുന്ന ഒരു കീഴുദ്യോഗസ്ഥന് അദ്ദേഹത്തോട് ചെന്ന് പറഞ്ഞു.
‘ഫയല്‍ വായിച്ച് പഠിക്കാന്‍ ഒക്കെ അങ്ങേക്ക് ബുദ്ധിമുട്ടാണെന്നറിയാം. വിഷമിക്കണ്ട, അതൊക്കെ ഞങ്ങള്‍ ചെയ്തോളാം. അങ്ങ് ഫയലില്‍ ഒന്ന് ഒപ്പിട്ട് തന്നാല്‍ മതി ‘
ഒട്ടും പ്രകോപിതനാകാതെ ഇമ്പിച്ചി ബാവ ഉടനെ തന്നെ ഒരു ബ്ലാങ്ക് പേപ്പറില്‍ തന്റെ ഒരു ഒപ്പിട്ട് ഉദ്യോഗസ്ഥന് കൊടുത്തു.
തന്റെ ഉപദേശം മന്ത്രി ഇത്ര പെട്ടെന്ന് സ്വീകരിച്ച സന്തോഷത്തില്‍ ഉദ്യോഗസ്ഥന് ചോദിച്ചു.
‘ ഇത് എന്തിന് വേണ്ടിയാണ് സര് ? ‘
ഇമ്പിച്ചി ബാവ ചെറു പുഞ്ചിരിയോടെ തിരിച്ച് പറഞ്ഞു.
‘ ഇത് താങ്കളുടെ രാജിക്കത്താണ്. ഒപ്പിന് മുകളില്‍ അത് എഴുതിയാല്‍ മതിയാകും. ‘
ഉദ്യോഗസ്ഥ പ്രമാണികളെ രാഷ്ട്രീയ നേതൃത്വം ജനകീയമായി മറികടക്കണം എന്ന് വിശ്വസിക്കപ്പെട്ടിരുന്ന കാലത്ത് പ്രചരിച്ച കഥയാണ്. ഇന്ന്, കോവിഡ് കാലത്ത് പോലീസടക്കമുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ ജനാധിപത്യ സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന തരത്തില്‍ അമിതാധികാരം പ്രയോഗിക്കുന്നുണ്ടൊ എന്ന് സംശയം ശക്തിപ്പെടുന്ന കാലത്ത് ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും നിയന്ത്രിക്കേണ്ട ആവശ്യകതയെ പറ്റിയാണ് ഈ കുറിപ്പ്.
നിയമനിര്‍മാണവും എക്സിക്യൂഷനും
ജനാധിപത്യത്തിനുള്ള ഏറ്റവും വലിയ പ്രത്യേകത ജനങ്ങള്‍ക്കുള്ള ഏജന്‍സി അഥവാ കര്‍തൃത്വമാണ്. സാങ്കേതികമായി നമ്മുടെ സംവിധാനം മൂന്നു നെടുംതൂണുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. നിയമനിര്‍മാണ സഭ, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നതാണത്. ഇവിടെ പരമപ്രധാനമായ നിയമ നിര്‍മാണം നടത്തുന്നത് തന്നെ ജനപ്രതിനിധികളാണ്. അവരെ തിരുത്താനൊ പരാജയപ്പെടുത്താനൊ വരെ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിലൂടെ സാധിക്കുന്നു. ഇനി നിയമം വ്യാഖ്യാനിക്കുക എന്ന ധര്‍മ്മം നിര്‍വഹിക്കുന്ന ജുഡീഷ്യറിക്ക് ആകട്ടെ അവ ചെയ്യേണ്ടതിനും ചില മാനദണ്ഡങ്ങളുണ്ട്.
- ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ല.
- നിയമം വ്യാഖ്യാനിക്കുമ്പോള്‍ അത് നിര്‍മിച്ച സഭയുടെ ‘ഇന്റന്റ്’ അഥവാ ലക്ഷ്യമാണ് പ്രധാനം.
അങ്ങനെ നോക്കുമ്പോള്‍ ജുഡീഷ്യറിയും അക്കൗണ്ടബിള്‍ ആണെന്ന് കാണാം. എന്നാല്‍ നിയമം നടപ്പിലാക്കേണ്ട എക്സിക്യുട്ടീവ് അഥവാ ഉദ്യോഗസ്ഥ വൃന്ദത്തിന് ഇത്തരം ഉത്തരവാദിത്തങ്ങളുണ്ടോ എന്ന് കൂടി പരിശോധിക്കണം. ജനപ്രതിനിധികളെ ജനങ്ങള്‍ തിരഞ്ഞെടുത്തതാണ്. ജുഡീഷ്യറിക്ക് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാകാനും വയ്യ. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആകട്ടെ, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവരല്ല. വിഷയത്തെ കുറിച്ചുള്ള സാങ്കേതിക ജ്ഞാനമൊ പരീക്ഷയിലെ മാര്‍ക്കൊ മതി അവര്‍ക്ക് ഉദ്യോഗം ലഭിക്കാന്‍. അതായത് നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് നേരിട്ട് റോള്‍ ഇല്ലാത്ത ഒരെ ഒരു വിഭാഗമാണ് ഉദ്യോഗസ്ഥര്‍ എന്നര്‍ത്ഥം. എന്നാല്‍ നമ്മുടെ ഭരണനിര്‍വഹണത്തില്‍ നിര്‍ണായകമായ പങ്ക് ഉദ്യോഗസ്ഥര്‍ വഹിക്കുന്നുമുണ്ട്.
നിയമം നിര്‍മ്മിക്കുക എന്നത് ജനപ്രതിനിധികളുടെ സഭയാണ് എന്ന് നമ്മള് കണ്ട് കഴിഞ്ഞതാണ്. ഭരണനിര്‍വഹണത്തില്‍ നിയമത്തെ പോലെ തന്നെ പ്രധാനമാണ് ചട്ടങ്ങളും എക്സിക്യൂഷനും. നിയമം നടപ്പാക്കുന്ന നടപടിക്രമങ്ങളാണ് ചട്ടങ്ങളില്‍ വിശദീകരിക്കുക. നിയമസഭയില്‍
വലിയ ചര്‍ച്ചകള്‍ നടത്തി പാസ്സാക്കപ്പെടുന്ന നിയമങ്ങളുടെ ചട്ടങ്ങള്‍ നിര്‍മിക്കുക കാര്യമായ ചര്‍ച്ചകള്‍ ഒന്നുമില്ലാതെ ഉദ്യോഗസ്ഥരാകും. ഇവ നടപ്പാക്കേണ്ടതും ഉദ്യോഗസ്ഥരാകുമ്പോള്‍ ‘ജനം’ അവിടെ നിന്ന് പുറത്താവാന്‍ സാധ്യതയേറെയാണ്.
ഉദാഹരണത്തിന് കേരളത്തിന്റെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് ഒരു പ്രസ്താവന നിയമസഭയില്‍ നടത്തുന്നു. പുറത്തിറങ്ങേണ്ടവര്‍ ഒരു ഡോസ് വാക്സിന് എടുത്തവരൊ 72 മണിക്കൂര്‍ മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയവരൊ ആകുന്നതാണ് അഭികാമ്യം എന്നാണ് മന്ത്രി പറഞ്ഞത്. അഭികാമ്യം എന്നാല്‍ ‘ഡിസൈറബിള്‍ ‘ എന്നാണല്ലൊ അര്‍ത്ഥം. ചെയ്താല്‍ നല്ലത് എന്ന്. എന്നാല്‍ ഇതെ കാര്യം ഉത്തരവായി വന്നപ്പൊള്‍ നിര്‍ബന്ധമായും ചെയ്യണം എന്ന രീതിയില്‍ ആയി. ഉത്തരവിറക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ മന്ത്രി പറഞ്ഞതിന് വിരുദ്ധമായി ചെയ്തു എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇനി ഇത് നടപ്പാക്കുന്ന എന്ഫോര്സ്മെന്റ് ഏജന്‍സികള്‍ ഈ ഉത്തരവനുസരിച്ച് കേസ് എടുക്കുക കൂടിയാകുമ്പോള്‍ ജനത്തിന്റെ കാര്യം കൂടുതല്‍ കഷ്ടമാകും. അത് കൊണ്ടാണ് ഉദ്യോഗസ്ഥരുടെ പ്രവൃത്തികളില്‍ സര്‍ക്കാരിന് നിയന്ത്രണം വേണം എന്ന് പറയുന്നത്.

കേരളത്തിലെ പോലീസും പുറത്തെ പോലീസും
ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതല ആകുന്നത് കൊണ്ട് പോലീസ് എന്നത് അതാത് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണ് വരിക. നമ്മുടെ വിവിധ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ബോധം മനസ്സിലാക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ പോലീസിംഗ് ഒന്ന് പരിശോധിച്ചാലും മതിയാകും. കേരളത്തിന് പുറത്തേക്ക് സഞ്ചരിക്കുന്ന മിക്ക മലയാളികളും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. അത് മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ചത് തന്നെയാണ് കേരളത്തിലെ പോലീസ് എന്നതാണ്. മറ്റിടങ്ങളില്‍ പരസ്യമായി 50 രൂപ കൈക്കൂലി വാങ്ങുന്ന ട്രാഫിക് പോലീസുകാരന് മുതല്‍ ശാരീരികമായി അക്രമിച്ച് കൊണ്ട് സംസാരിച്ച് തുടങ്ങുന്ന പോലീസുകാരെ വരെ സ്ഥിരമായി കാണാം. നിയമ വാഴ്ച എന്നത് അവിടെ ഒരു കെട്ടുകഥയാണ് എന്ന് സാരം. കേരളത്തില്‍ സ്ഥിതി കുറച്ചെങ്കിലും മെച്ചപ്പെട്ടതിനും വലിയ സംഘര്‍ഷങ്ങളുടെ ചരിത്രമുണ്ട്.
മറ്റ് പ്രദേശങ്ങളില്‍ നിന്ന് വത്യസ്ഥമായി കീഴാളരില്‍ നിന്നുയര്‍ന്ന് വന്ന നവോത്ഥാനവും ദേശീയ പ്രസ്ഥാനത്തിലെ പങ്കാളിത്തവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും പല അടരുകളായി കേരളത്തെ രാഷട്രീയവല്ക്കരിക്കുകയും ജനാധിപത്യവല്ക്കരിക്കുകയും ചെയ്തു. വിമര്‍ശനമുന്നയിക്കാന്‍, ചോദ്യം ചോദിക്കാന്‍ ഒരു മടിയുമില്ലാത്ത മലയാളി തന്നെയാണ് നമ്മുടെ അധികാര സംവിധാനത്തെ ചെറുതായെങ്കിലും മയപ്പെടുത്തിയത്. തനിക്ക് പരിചയമില്ലാത്ത പ്രായമുള്ള ചേട്ടന് അന്യായമായി പിഴയിട്ട പോലീസ് നടപടിയെ ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥിനിയായ ഗൗരി നന്ദയിലൂടെ മലയാളിയുടെ ജനാധിപത്യ ബോധമാണ് തുടരുന്നത്. മീന്‍ കുട്ട തട്ടി തെറിപ്പിക്കപ്പെട്ട മേരി ചേച്ചിയോട് ഐക്യപ്പെടുന്ന മലയാളിക്കുള്ളതാണ് നീതി ബോധം. ആ ‘ബോധ’ ത്തിന് മുമ്പില്‍ കുറച്ചൊക്കെ ഭയപ്പാടോടെ നിന്നിരുന്ന നമ്മുടെ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ക്ക് പക്ഷെ, കോവിഡ് കാലത്ത് ആ പേടി കുറഞ്ഞിട്ടുണ്ട്.
അടിയന്തിരാവസ്ഥയും കോവിഡും
അടിയന്തിരാവസ്ഥ ഇന്ത്യന്‍ ഭരണകൂടം നടത്തിയ ഒരു ടെസ്റ്റ് ഡോസായിരുന്നു. എന്നാല്‍ അത് നടത്തിയ കക്ഷി പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ജനാധിപത്യം വിജയിച്ചു എന്ന് പറയാം. എന്നാല്‍ കേരളത്തില്‍ സ്ഥിതി മറിച്ചായിരുന്നു. അടിയന്തിരാവസ്ഥക്ക് ശേഷം കേരളം ഭരിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ ഭരണം കിട്ടി. കേരളത്തെ കുറിച്ചുള്ള ‘ജനാധിപത്യ ബോധ ‘ പ്രതീക്ഷകളില്‍ ആ അധ്യായം ഒരു കരി നിഴലായി തുടരുകയും ചെയ്യും. എന്നിരുന്നാലും ജനങ്ങള്‍ എന്ത് കൊണ്ട് അടിയന്തിരാവസ്ഥക്ക് അനുകൂലമായി വോട്ട് ചെയ്തു എന്ന് പരിശോധിക്കാതെ കേരള സമൂഹത്തെ മനസ്സിലാക്കുന്നത് അപൂര്‍ണമായിരിക്കും.
കൃത്യ സമയത്ത് ഓടിയിരുന്ന തീവണ്ടിയും കെ.എസ്.ആര്.ടി.സി ബസ്സും സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജരുമാണ് മലയാളിയെ അക്കാലത്തെ ഭരണത്തുടര്ച്ചക്കനുകൂലമായി വോട്ട് കുത്തിച്ചത് എന്നത് വളരെ ‘വേഗ് ‘ ആയി പറഞ്ഞ് പോകുന്നതാണ്. വാസ്തവത്തില്‍ അന്ന് നടന്നിരുന്ന ഭരണകൂട അതിക്രമങ്ങള്‍ ഒന്നും ബാധിക്കാത്തത്ര ‘ഇന്സെന്സിറ്റീവ് ‘ ആണ് മലയാളികള്‍ എന്ന് പറയുന്നത് കുറച്ച് കടന്ന് കൈയാണ്. ഭരണകൂടത്തിന്റെ അധികാര പ്രയോഗങ്ങള്‍ ജനങ്ങളെ ബാധിക്കാതിരിക്കുന്നതിന് ഒരു കാരണം അവ സാധാരണ ജനങ്ങളുടെ മേലല്ല കൂടുതലും പ്രയോഗിക്കപ്പെട്ടത് എന്നത് കൊണ്ട് കൂടിയാണ്. നക്സലൈറ്റുകള്‍ മുതല്‍ അന്ന് എം.എല്‍.എ ആയിരുന്ന പിണറായി വിജയന് വരെ പോലീസ് വേട്ടയിലെ ഇരകളാണ്. എന്നാല്‍ രാജനെ പോലുള്ള കുറച്ച് പേരെ മാറ്റി നിര്‍ത്തിയാല്‍ പൊളിറ്റിക്കല്‍ ഡിസനേറെര്സിനെ ആണ് അടിയന്തിരാവസ്ഥ ഏറെയും ബാധിച്ചതെന്ന് കാണാം. ഇത് സാധാരണ മനുഷ്യര്ക്കത്ര ‘റിലേറ്റബിള്‍ ‘ ആയിരുന്നില്ല. പിന്നെ, അച്ചടി മാധ്യമങ്ങള്‍ മാത്രമുള്ള കാലത്ത് അവ നിയന്ത്രിക്കുക കൂടി ചെയ്തതോടെ ജനങ്ങള്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമെ അറിയുകയും ചെയ്തുള്ളൂ.
കോവിഡ് കാലത്ത് ഭരണകൂടം നടത്തി വരുന്ന നിയന്ത്രണങ്ങളുമായി അടിയന്തിരാവസ്ഥക്കുള്ള സാമ്യം ഇവ രണ്ടും പൗരന്റെ പല മൗലികാവകാശങ്ങളെയും റദ്ദ് ചെയ്യുന്നു എന്നതാണ്. തീര്‍ച്ചയായും അടിയന്തിരാവസ്ഥ കേവലം രാഷ്ട്രീയാവശ്യത്തിന് വേണ്ടി ഉള്ളതാണെങ്കില്‍ കോവിഡ് എന്നത് ഒരു ആഗോള മഹാമാരി തന്നെയാണ്. അതിനെ നേരിടാന്‍ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ നിയമപരമായും ധാര്മികപരമായും ശരിയുമായിരുന്നു. ആദ്യ കാലത്ത് കേരളത്തിലടക്കം ജനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയും അതിന് തെളിവാണ്. എന്നാല്‍ പോകെ പോകെ ആ പിന്തുണ കുറഞ്ഞ് വന്നു.

രണ്ടാം തരംഗത്തിന്റെ തുടക്കത്തോടെയാണ് ജനത്തിന് ഒരു രോഷമുണ്ടാകുന്നത്. തിരഞ്ഞെടുപ്പാണ് രണ്ടാം തരംഗമുണ്ടാക്കിയതെന്ന് അവര്‍ വിശ്വസിച്ചു. ആദ്യ തരംഗത്തില്‍ തന്നെ ഉണ്ടായ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കര കയറാനാവാത്ത സാധരണക്കാര്‍ക്ക് വളരെ പെട്ടെന്ന് തിരഞ്ഞെടുപ്പ് ‘രാഷട്രീയക്കാരുടെ മാത്രം കാര്യം’ ആയി. അതവരുടെ വിഷമങ്ങള്‍ കൊണ്ടുണ്ടാകുന്ന വേദനയാണ്. ഈ രോഷത്തെ സര്‍ക്കാര്‍ ഗൗനിച്ചില്ല എന്ന് മാത്രമല്ല, ഉദ്യോഗസ്ഥര്‍ക്ക് ആദ്യ തരംഗത്തിലെ കാലത്തെന്ന പോലെ പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തു. പോലീസ് പഴയ പോലെ പുറത്തിറങ്ങുന്നവര്‍ക്ക് ഫൈനിട്ടു. ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നിയ ഉത്തരവുകളുമിറക്കി. അവര്‍ക്കിത് പോലെ അധികാരം കിട്ടിയ കാലവും വേറെ ഉണ്ടായിട്ടില്ലല്ലോ.
അടിയന്തിരാവസ്ഥയില്‍ നിന്ന് ഇക്കാലത്തുള്ള വത്യാസം ഉദ്യോഗസ്ഥരുടെ ചെയ്തികള്‍ക്ക് ഇരയായത് ഇവിടെ ഏറ്റവും സാധാരണ മനുഷ്യരാണ് എന്നതാണ്. സര്‍ക്കാര്‍ അത് സെന്‍സ് ചെയ്യുന്നുണ്ടൊ എന്നാണ് ചോദ്യം.
സാലറി ഉള്ളവരും ഇല്ലാത്തവരും
‘ഉള്ളവരും ഇല്ലാത്തവരും ‘ എന്നത് ഒരു ക്ലാസിക് ഇടതുപക്ഷ നരേറ്റീവാണ്. എന്നാല്‍ കോവിഡ് കാലത്ത് ആ വിഭജനം കുറച്ച് കൂടി സ്പെസിഫിക് ആയി സാലറി ഉള്ളവരും ഇല്ലാത്തവരും എന്നായി ചുരുങ്ങിയിട്ടുണ്ട്. അനിശ്ചിതത്വം അവരുടെ ജീവിതത്തെ ചൂഴ്ന്ന് നില്ക്കുന്നു. കൂലി പണിക്കാര് മുതല്‍ ചെറുകിട വ്യവസായികള്‍ വരെ ആത്മഹത്യ ചെയ്യുന്നു. കടക്കാര് വീട്ടില്‍ കയറിയിറങ്ങിയാല്‍ ആത്മാഭിമാനം നഷ്ടപ്പെടാത്ത മനുഷ്യരില്ലല്ലോ. കേവലം ‘ ഭക്ഷണം ‘ കൊണ്ട് തീരുന്നതല്ല ആ ദാരിദ്ര്യം. ആ വേദന കൊണ്ട് പുറത്തിറങ്ങുന്ന മനുഷ്യരെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നയപരമായി തീരുമാനം എടുത്തെ മതിയാവൂ. കാരണം ഉദ്യോഗസ്ഥ ഭരണത്തെ അല്ല, അവരെ ഭരിക്കുന്നതിനെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്.