
കുള്ളൻ്റെ മരണം

ആദിത്ത് കൃഷ്ണ ചെമ്പത്ത്
ഒരു കറുമ്പൻ
കോളനിക്കാരൻ
രോമക്കാടു
പിടിച്ച ഇടനെഞ്ചിൽ
നിറയെ പാൽ കുരുക്കൾ
ഉള്ളയാൾ…
കഷണ്ടി തലയൻ മൂരാച്ചി
തേവി ടിശ്ശിപ്പുരകളിൽ
അരിച്ചുമടെറ്റി പോകുന്ന
മുതുകിൽ കുനുള്ള
അറപറാച്ചി കുള്ളൻ,
തെരുവിൽ
നമ്പൂതിരിമാർ മാത്രം
താമസിക്കുന്ന ഒന്നാം
മൂലയിലെ പാതയ്ക്ക്
നടുവിലുള്ള ഹനുമാൻ
കോവിലിൽ
അര ഉറുപ്പിക കൊടുത്തു
വാങ്ങിയ ചകിരി –
തേങ്ങ ഉടക്കുന്നു.
അയാൾക്ക് ചുറ്റും
തേവിടിശ്ശി കോളനിയിലെ
കുഞ്ഞുങ്ങൾ നാളികേര
പൂളിനായി വട്ടം ചാടിയിരിക്കുന്നു.
കുമ്മായ മണം
മാത്രമുള്ള
എൻ്റെ വീടിൻ്റെ
വഴിയിലൂടെ
കുള്ളൻ, തിരിച്ച് വരുമ്പോൾ
ഞാനയാളെ എന്തു വിളിക്കണം?
കഷണ്ടി തലയനെന്നോ?
കുള്ളൻ പരിശ യെന്നോ?
പാൽ കുട്ടപ്പനെന്നോ?
റേഷനരി അമ്മാവനെന്നോ?
തീർച്ചയായും റിക്ഷാ
വാലകൾ അയാളെ
ഇതിലേതെങ്കിലുമൊന്ന്
വിളിച്ചിരിക്കണം
അല്ലെങ്കിൽ
ഹനുമാൻ കോവിലിലെ
പൂജാരി ,
സന്ധ്യ തുടങ്ങുന്നതി
നു മുമ്പേ
വിളക്കു കൊളുത്തി
ഹരിനാമ കീർത്തനം
ചൊല്ലാൻ പോകുന്ന
ഒന്നാം മൂലയിലെ
മുല്ലപ്പൂ പെണ്ണുങ്ങൾ….

അയാൾ നടക്കുമ്പോൾ
എനിക്കെൻ്റെ
കുഞ്ഞു കളിപ്പാട്ടങ്ങളിലൊന്ന്
കൊടുക്കണമെന്നുണ്ട്
എന്നിട്ടെന്നിട്ട്
ഉള്ളിലേക്ക്
കൂർത്ത് വളഞ്ഞ
ബാൽക്കണിയുടെ
ടാർപ്പായ മൂടിയിൽ
ഒളിച്ച്
കുള്ളൻ കാണാതെ
എനിക്കുറക്കെ
വിളിച്ചു പറയണം…
എൻ്റെ കാലൊടിഞ്ഞ
പാവകളിലൊന്ന്
അമ്മാവനെ പോലെ
തന്നെയാണെന്ന്…
അപ്പൊളവിടെ യൊരു
കണ്ണാടിക്കാട് മുളച്ചെങ്കിൽ.
മഴ കൊണ്ട് വെള്ളം
നിറഞ്ഞ ടാർ കുണ്ടിൽ
തെളിഞ്ഞ മഴവില്ലുകൾക്കൊപ്പം
അയാളെ പ്രതിബിംബിച്ചു.-
കൊണ്ട് പ്രകാശമേറ്റിരുന്നെങ്കിൽ….
അയാൾ പൂക്കളെ പോലെ
വാടുമായിരിക്കും…
ലജ്ജിച്ച് ലജ്ജിച്ച്,
തല വെട്ടി മരിക്കുമായിരിക്കും…
അയാളുടെ വീടിൻ്റെ
ഉത്തരത്തിൽ, കെട്ടി –
തൂങ്ങി ചാകുമായിരിക്കും.
കറുത്ത ആകാശം
മാത്രമുള്ള ഈ
കോളനി ചത്വരത്തിൽ
എനിക്കൊരു മരണമണി
കേൾക്കുവാൻ
കൊതിയാകുന്നു.
മരണം മുഴങ്ങുന്ന,
തെരുവിൽ, എൻ്റെ
വീട്ടിലിരുന്ന്
എനിക്ക് തിന്നണം ,
കുടിക്കണം
പിന്നെ,
മൂടി പുതച്ച് ,
മഴ നനവിൽ ഉറങ്ങണം.
ദൈവങ്ങളുടെ
ചിത്രം തുന്നിയ
അരറാത്തൽ
വലിപ്പമുള്ള
സഞ്ചിയുമായി,
ഈറ്റ പുല്ലിൻ്റെ നീളം
മാത്രമുള്ള നമ്പൂതിരി
കുഞ്ഞുങ്ങൾ പോകുന്നുണ്ട്,
പിന്നാലെ,
അവരുടെ കൊമ്പു തേഞ്ഞ
പശുക്കൾ
കുണുങ്ങി വരുന്നു.
അവറ്റകൾ
പച്ചരി മണമുള്ള
വീടുകളിൽ
മണപ്പിച്ചു
നിൽക്കുന്നു.
വെള്ളയും കറുപ്പും
നിറമുള്ള പശുവിൻ്റെ
ദേഹത്ത് ,
ചൂരൽ കൊണ്ടരടി…..
ഒതുക്കത്തോടെ
കിടന്നിരുന്ന തെരുവു
വിളക്കുകളുടച്ച്
പശുക്കൾ കൂട്ടത്തോടെ
നിലവിളിച്ച് ഓടുന്നു .
ഞാൻ സന്തോഷത്തോടെ
ചിരിച്ചു..
പശുക്കളെ കാണുമ്പോഴൊക്കെ
എനിക്ക് ആ..
കുള്ളനെയാണ്
ഓർമ വരുന്നത്…
അച്ഛച്ഛൻ്റെ
കറവ പശു അമ്മിണി
അത് നാടു മുഴുവൻ
നെരങ്ങും..
ചുണ്ണാമ്പുമണമുള്ള
കാമാത്തിപുരകളിലെ
വളർത്തു പുല്ലുകൾ
ക്കിടയിൽ അമ്മിണി
കാറ്റു കൊള്ളാനെന്ന
മട്ടിൽ ചെന്ന് നിൽക്കും.
അവിടെ സുന്ദരിയായ
ഒരു തള്ള വളർത്തുന്ന
ചുകന്ന കൊമ്പുള്ള
കാളകൂറ്റൻ
അമ്മിണി പശുവിൻ്റെ
ഏറ്റവും ഇഷ്ടമുള്ള
സെറ്റപ്പായിരുന്നു.
പിന്നാലെ വന്ന
അച്ഛച്ഛൻ
ചൂരലെടുത്ത് തല്ലുമ്പോൾ
അമ്മിണി പശു
പ്രേമ നഷ്ടത്തോടെ
കരയും….
അച്ഛച്ഛൻ്റെ
കുഞ്ഞമ്മിണിക്ക്
പാൽ നിറമുള്ള
കുട്ടികൾ ജനിച്ചു.
കമാത്തിപുരയിലെ
വെറ്റില മരത്തിനു
താഴെ
കെട്ടിയിട്ട കാളകൂറ്റൻ
അന്ന് സന്തോഷത്തോടെ
അമറി…
കുഞ്ഞമ്മിണിയുടെ
രണ്ടാം പേറ് നടന്ന ദിവസം
കാമാത്തിപുരയിലെ
വെറ്റില മരം ഒടിഞ്ഞു.
കൊറ്റിപാടങ്ങളിൽ വെച്ച്
പാൽ കുട്ടികളെ
ഒരപ്പൂപ്പൻ പരുന്ത്
റാഞ്ചി.
വേദന കടിച്ചമർത്തി
കുഞ്ഞമ്മിണി
ചോര കൊഴുപ്പുള്ള
ചാണകം
തൊഴുത്തിൽ കിടന്ന്
വിസർജിച്ചു..
അമ്മിണി മരിക്കാ-
റായെന്ന് ഇടനാഴിയിലിരുന്ന്
അടയ്ക്കാ കൊറുത്ത്
അച്ഛച്ഛൻ
പറഞ്ഞു.
പൂമുഖത്തെ ഓട്ടിൻ
വിടവിലെ ചൂരൽ വടികളിളക്കി
മരണവെപ്രാളത്തോടെ
എലികൾ പാഞ്ഞു.
കാമാത്തിപ്പുരയുടെ
വേലികെട്ട് കാള കൂറ്റനുടച്ചു.
അമ്മിണി സ്ഥിരമായി
മേഞ്ഞിരുന്ന
മലയടിവാരത്ത് ചെന്ന്
കാള കൂറ്റൻ മുക്രയിട്ടു.
പാൽ കുട്ടികളെ
കാണാതെ
അമ്മിണിയും
അടി വാരത്ത്
നിന്ന് മറിഞ്ഞു
വീണ് കാളക്കൂറ്റനും
പ്രണയം മാത്രം
കറക്കുന്ന
സ്വർഗ്ഗത്തി ലിരുന്ന്
കൊമ്പുരസി…
നാട്ടിലെ അമ്മിണി
തൊഴുത്തിൽ
മഞ്ഞ വെളിച്ചത്തിൽ
ഈച്ച കുത്തേറ്റ് കരയുന്ന
പോലെ
ഈ കു ളളനൊന്ന്
കരഞ്ഞെങ്കിൽ
എനിക്കെൻ്റെ
സ്കൂളിലെ ഗൃഹ പാഠം
മനസ്സമാധാനത്തോടെ
എഴുതാമായിരുന്നു.
വറ്റിവരണ്ട
തരിശുഭൂമിയിൽ
ഉയരുന്ന പൊടി കുന്നു –
കളെ പോലെ
അകലെ
വൈക്കേൽ മേഞ്ഞ
തേവിടിശ്ശി പുരകൾ
അധികാരികൾ
പത്താം കോളനിയെന്നോ
പതിനൊന്നാം കോളനിയെന്നോ
അക്കമിട്ട ഭാഗം .
അവിടെ മുൾച്ചെടി വീടുകളിൽ
ഒളിച്ചിരിക്കുന്ന എലി
പ്പെണ്ണുങ്ങൾ..
ഇഴഞ്ഞിഴഞ്ഞ്
ഉടലോടെ വിഴുങ്ങാൻ
അതിരിൽ നില്ക്കുന്ന
ആർത്തി പാമ്പുകൾ…
അവിടെ,
കുള്ളനായി വെച്ച
ഒരു കൊച്ചു
പുരയുണ്ട്
അതിനു വെളിയിൽ
എല്ലായ്പ്പോഴും
എരിഞ്ഞു കത്തുന്ന
റാന്തൽ തൂണ്.
രാത്രിയിൽ ഇരുട്ട്
കരിമ്പടങ്ങൾ അപ്പാടെ
മൂടുന്ന തേവിടിശ്ശി കോളനിയിൽ
കുള്ളൻ്റെ റാന്തൽ
വെളിച്ചം
അകാശ പരപ്പോളം
വിടർന്നു കിടക്കും.
നക്ഷത്രങ്ങൾ കയ്യൊഴിഞ്ഞ
തേവിടിശ്ശി പെണ്ണുങ്ങൾക്ക്
കുള്ളൻ വെളിച്ചം കൊണ്ട്
വിരുന്ന് നല്കും.
ഹനുമാൻ കോവിലിൽ
കാതടിപ്പിക്കുന്ന
മണി മുഴങ്ങി.
മരണമണി?
അസ്ഥിപറമ്പുകളിലെ
തലയോട്ടി കഷണങ്ങളെ
പോലെ തേങ്ങകൾ
ചിതറി..
ഒരമ്മൂമ്മ തേങ്ങാ
പൊളിച്ചപ്പോലെ
കുളളൻ്റെ തല,
ചകിരി തെറിച്ച് …
കൊഴുത്ത ഇളനീർ
ചണ്ടി പോലെ അളിഞ്ഞ്.
കുള്ളൻ ചത്തുവെന്ന്
ഒന്നാം കോളനിക്കാർ
അലറി പറയുന്നത്
മട്ടുപ്പാവിലിരുന്ന
എനിക്ക് കേൾക്കാം…
അവർ മരണദീപങ്ങൾ
ചുറ്റും കൊളുത്തി.
ചന്ദനത്തിൻ്റെ ആത്മാവിനാൽ
പുകഞ്ഞ കറുകമാലകൾ
ഒന്നാം കോളനിയിലെ
വീടുകളിൽ തൂങ്ങി കിടന്നു
ചോരമണം തട്ടി
അരിപ്രാവുകൾ
വന്നെത്തി.
അവറ്റകളുടെ
ചിറകടി ശബ്ദം..
കുളള ൻ്റെ ചോര
ചിതറിയ നാളികേര പൂള്
തേവിടിശ്ശികളുടെ
കുഞ്ഞുങ്ങൾ അപ്പോഴും
ആർത്തിയോടെ തിന്നുന്നു.
അന്ന് രാത്രി
നനവുള്ള മഴ
തെരുവിലൊറ്റി.
ഇടവപാതിക്ക് ഇണ ന
ഷ്ടപ്പെട്ട തവളകൾ
കരയുന്ന പോലൊരൊച്ച.
പത്താംകോളനിയിൽ നിന്ന്,
തേവിടിശ്ശി പെണ്ണുങ്ങളുടെ
മുല്ലപ്പൂ പുരകളിൽ നിന്ന്
അവിടെയിപ്പോൾ,
കൺമഷി ചാന്തിൻ്റെ ഇരുട്ടാണ്..
കുളളൻ്റെ റാന്തൽ തൂണ്
അന്നാരോപിഴുതുകളഞ്ഞിരിക്കുന്നു.
കുള്ളൻ്റെ മരണത്തിൽ
പത്താംകോളനിയിലെ
പെണ്ണുങ്ങൾ മാത്രം കരഞ്ഞു.
പണ്ട് നാട്ടിൽ ചത്ത
അമ്മിണിയുടെയും
കാളകൂറ്റൻ്റെയും
നിലവിളി പോലെ
തന്നെയായിരുന്നു.
അത്.
———–