
പ്രിയപ്പെട്ടൊരാൾ പോകുന്നതിനു മുൻപ്…

ആദിഷ ടി. ടി. കെ
പ്രിയപ്പെട്ടൊരാൾ
പോകുന്നതിനു മുൻപ്
നമ്മളവരിൽ നിന്നെല്ലാം
അഴിച്ചെടുത്തിരിക്കണം.
കൊടുത്തതെല്ലാം അവരറിഞ്ഞോ അറിയാതെയോ കെട്ടഴിച്ചു തിരിച്ചെടുത്തിരിക്കണം.
അവസാന നാളുകളിൽ ഉടമ്പടി ഉടയാടകളെല്ലാം
അലക്കിയോരോന്നായി
മടക്കി വെക്കണം.
വെയിലുച്ച മയങ്ങുംമുൻപ് ഓർമയിലെ
മധുരനാരങ്ങയും മാമ്പഴവുമെല്ലാം
പറിച്ചെടുക്കണം
ഓർമ്മയ്ക്കൊരിറ്റു പഴച്ചാറ് പോലും
ബാക്കി വെക്കരുത്.
വൃത്തവും താളവുമെല്ലാം എടുത്തു വച്ച എൻ്റെ…എൻ്റെ എന്നു വഴി തെറ്റിച്ചെഴുതിയ പ്രണയലേഖനം കൊടുത്തു മടക്കണം.
പടമഴിച്ചിട്ട തോലുറകൊണ്ടൊരു
കുപ്പായം തുന്നണം
കൈകാലുകൾ പുറത്താകാതെ ഉള്ളിൽ തിരുകി കൊടുക്കണം
വരാനും പോകാനും തമ്മിൽ അടയാളങ്ങളൊന്നും ബാക്കി വെക്കരുത്.
പൊള്ളിച്ചു വച്ച മീൻ കുഞ്ഞുങ്ങളെ ഓരോന്നായി രുചിച്ചു നോക്കണം,
ഏറ്റവും പ്രിയമേറിയതിനെ മാറ്റി വച്ച്
ബാക്കി കൊടുത്തു വിടണം.
പ്രിയപ്പെട്ടൊരാൾ പോകുന്നതിനു മുൻപ് മുഖപടമെല്ലാം അഴിച്ചു പരിശോധിക്കണം.
ചുംബന സുഷിരങ്ങളെല്ലാം അടച്ചു വെക്കണം.
നാൽക്കവലയിൽ പുല്ലുമിഠായി പതഞ്ഞുകിടക്കുന്ന
ഇഷ്ടത്തിൻ്റെ
വാൽ കഷണങ്ങൾ
പെറുക്കി വച്ച്
തിരികെ നൽകണം.
പോയിടം,ശൂന്യമായിടം
വെണ്ണ തേച്ചു പുരട്ടണം.
ചിതറിയ കാറ്റിനെ ഇറുക്കിയുണർത്തണം
കാറ്റിനൊപ്പം കൈയ്യഴിച്ചു പോകണം.
വളവും തിരിവുമെല്ലാം ചെന്നെത്തണം.
ഇഷ്ടിക ചൂളകൾക്കിടയിൽ ഒളിച്ചു കളിക്കണം.
കല്ലിടുക്കിലെ സൂചിമുനകളിൽ കയറി നിൽക്കണം.
രാത്രിയാമങ്ങളിൽ തീരതിരകളിൽ നിൻ്റെതിനെയെല്ലാം കഴുകി കുടഞ്ഞ്
കാറ്റിനെയും പറ്റിച്ചു പോകണം.
പുതിയ വരികളിൽ ഉപ്പും മുളകും പുരട്ടി ഉണക്കിയെടുത്ത് ഒഴിഞ്ഞിടം നിറച്ചു വെക്കണം.
പ്രിയപ്പെട്ടൊരാൾ പോയതിനു ശേഷം…
ശേഷമെന്നൊന്നുണ്ടാകുന്നില്ല.