
ഉറക്കമില്ലാത്തവരുടെ സുവിശേഷം

ആദില കബീർ
അവ്യവസ്ഥകളുടെ ആകാശം.
അശാന്തികളുടെ എണ്ണപ്പാടം.
അടിവേരുകൾ ചീഞ്ഞു തീർന്നിട്ടും
അറിയാതെ ഇടതൂർന്നു പടരുന്ന
ഇലവു മരം.
പച്ച പുതച്ചെന്ന തോന്നലിൽ
മേലാകെ വാരിച്ചുറ്റിയ
ഇത്തിൾ വള്ളികൾ.
ഒരിടത്തും എത്താത്ത,
ഒഴുകിപ്പരന്നനാഥമാകുന്ന
കണ്ണുനീരിൻ്റെ കൈവഴികൾ.
ഉറക്കമില്ല!!!
അടയാൻ വിസമ്മതിച്ചു
കണ്ണുകൾ,
കാണാത്ത കാഴ്ചകൾ തുന്നിക്കൂട്ടുന്നൂ.
മയക്കമില്ലാതെ മനസ്സ്,
നാലാം നിലയിൽ നിന്നെടുത്തു ചാടുന്നു.
ചാകുന്നില്ല.
ഉറങ്ങുന്നില്ല.
ഉണരുകയേ ചെയ്യുന്നില്ല.
അബോധത്തിൽ ഒരിടത്ത്,
ഉറക്കിനും ഉണർച്ചയ്ക്കും മധ്യേ…
സ്റ്റോപ്പ് തെറ്റിയിറങ്ങിയ കവലയിൽ,
എങ്ങോട്ട് നടക്കണമെന്നറിയാതെ
മൂത്രംമുട്ടി
പകച്ചു നിൽക്കുന്ന
അന്യദേശക്കാരി
അനാഥയെപ്പോലെ
ഒരുരാത്രി
കൺമുന്നിൽ
നിവർന്നു കിടക്കുന്നു..
നടന്നാലും തീരാത്ത ഇരുട്ടുവഴിയിൽ,
സ്വപ്നങ്ങളുടെ
നെയ്ത്തുവണ്ടിയുമുന്തി
തുടങ്ങിയേടത്ത് മടങ്ങിയൊടുങ്ങുന്ന
വഴി വിളക്കുകളില്ലാത്ത
ദീർഘരാത്രി…