
എഴുത്താണ് ജീവിതത്തിന്റെ ഏറ്റവും വലിയ പ്രചോദനം – അബിൻ ജോസഫ്

അബിൻ ജോസഫ് | ഷഹീർ പുളിക്കൽ
ജീവിതം തന്നെ എഴുത്താണെന്ന് വിശ്വസിക്കുന്ന ഒരാളാണ് അബിൻ ജോസഫ്. മലയാളത്തിൽ അബിൻ ജോസഫിന് ഏറ്റവും ഇഷ്ടപ്പെട്ട പദം അത്രമേൽ എന്നതാണ്. അബിന്റെ ഓരോ കഥയിലൂടെയും കയറിയിറങ്ങുമ്പോൾ വായനക്കാരനും ആ പദം തേടുന്നു; അത്രമേൽ പ്രിയങ്കരം എന്നുപറയാനായി.
അബിൻ ജോസഫുമായി ഷഹീർ പുളിക്കൽ നടത്തിയ അഭിമുഖം.
അബിൻ ജോസഫ് എന്ന എഴുത്തുകാരന് രണ്ട് സ്വപ്നങ്ങളുണ്ടെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. ഒന്ന് എഴുത്തുകാരൻ മാത്രമായി ജീവിക്കുക,രണ്ട് എഴുതിക്കൊണ്ടിരിക്കുമ്പോൾ മരിച്ചുപോവുക.
എഴുത്തുകാരനായി മാത്രം ജീവിക്കുക എന്നതിലൂടെ താങ്കളെന്താണ് ആഗ്രഹിക്കുന്നത്? ഒരു ഭർത്താവാകാനോ പിതാവാകാനോ താങ്കൾ ആഗ്രഹിക്കുന്നില്ലേ?
എഴുത്താണ് ജീവിതത്തിന്റെ ഏറ്റവും വലിയ പ്രചോദനം. തിരിച്ച് ജീവിതമാണ് എഴുത്തിന്റെ ഏറ്റവും വലിയ പ്രചോദനം. കഥകള്‍ ആലോചിച്ചും എഴുതിയുമൊക്കെയുള്ള ജീവിതം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതില്‍ പലതരം അനുഭവങ്ങളിലൂടെ നമ്മള് കടന്നുപോകും. അത് ഒഴിവാക്കാനാവില്ലല്ലോ. ജനിക്കുന്നതുതന്നെ മകനായിട്ടും സഹോദരനായിട്ടും ഒക്കെയാവും. അത്തരം ഭൗതിക ജീവിതം മുഴുവന്‍ ത്യജിച്ച് എഴുത്തുകാരനായി നടക്കുക എനിക്ക് സാധ്യമല്ല. അത് ആഴമില്ലാത്തൊരു വാദമാണ്. ചുറ്റുമുള്ളവരും കണ്ടുമുട്ടുന്നവരുമായ മനുഷ്യരാണ് നമ്മളെ കഥകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത്. മനുഷ്യന് എന്ന നിലയിലുള്ള വൈകാരികാവസ്ഥകളെ പിടിച്ചുനിര്‍ത്തുന്നത് മനുഷ്യര്‍ തമ്മിലുള്ള ബന്ധമാണ്. എഴുത്തുകാരന് മാത്രമായി ജീവിക്കുക എന്നതിനര്‍ഥം മറ്റെല്ലാം പരിത്യജിക്കണം എന്നല്ല. മറ്റൊന്നിനാലും പ്രലോഭിക്കപ്പെടാതെ എഴുത്തിന്റെ കഷ്ടപ്പാടുകളിലൂടെ മുന്നോട്ടു പോകണം എന്നാണ്.
കീഴ്പള്ളിയും ചീങ്കണ്ണിപ്പുഴയും അവിടത്തെ കാടും മേടും അബിൻ ജോസഫിനുള്ളിലെ എഴുത്തുകാരനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?
കീഴ്പ്പള്ളി എന്റെ നാടാണ്. ഉള്‍പ്രദേശമാണ്. കാടിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം. അവിടേക്കു കുടിയേറി വന്നവരുടെ ബാക്കിയാണ് ഞാന്‍. അന്നത്തെ കുടിയേറ്റക്കാരൊക്കെ സാഹസികരായിരുന്നു. ഒട്ടും അറിയാത്ത, കാടുപിടിച്ച പ്രദേശത്തേക്ക് വന്നെത്തി. കാടുവെട്ടിത്തെളിച്ചും കാട്ടുമൃഗങ്ങളോട് മല്ലടിച്ചും കൃഷിയിറക്കി. പുതിയൊരു ജീവിതം കരുപ്പിടിപ്പിച്ചു. അവരുടെയൊന്നും ജീനില്‍ ഭയം എന്ന സംഗതി ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. ഞങ്ങളുടെയൊക്കെ തലമുറയിലാണ് ആളുകള്‍ പഠിക്കാനും പുറത്തുപോകാനുമൊക്കെ തുടങ്ങിയത്. അതിനു മുന്‍പും പ്രവാസികളുണ്ടായിരുന്നു. പുതിയ പുതിയ തൊഴിലുകള്‍ പഠിക്കുകയും നഗരങ്ങളിലേക്കു കുടിയേറുകയും ചെയ്തത് തൊണ്ണൂറുകള്‍ക്കു ശേഷമാണെന്നു തോന്നുന്നു. എന്റെ തലമുറയിലെ സുഹൃത്തുക്കളില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് നാട്ടില്‍ത്തന്നെ നില്‍ക്കുന്നത്. ഞാനുള്‍പ്പെടെ, ബാക്കിയുള്ളവരില്‍ അധികവും മറ്റിടങ്ങളിലാണ്. പക്ഷേ, ഞങ്ങളെല്ലാം അദൃശ്യമായ വേരുകളാല്‍ നാടുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. എത്രയൊക്കെ പറന്നാലും എവിടെയെല്ലാം പോയാലും ഇരിട്ടി പാലം കടക്കുമ്പോഴുണ്ടാകുന്ന സ്വാസ്ഥ്യം അനുഭവിക്കാനാവില്ല. നാട്ടിലേക്കുള്ള ഓരോ യാത്രയും ആത്മാവില്‍ ഇന്ധനം നിറയ്ക്കാറുണ്ട്.
കഥകൾ തികച്ചും രാഷ്ട്രീയമാവുമ്പോൾ ഭയം തോന്നാറുണ്ടോ?
ഞാന്‍ പറഞ്ഞില്ലേ, കുടിയേറ്റക്കാരുടെ ഡി.എന്‍.എയില്‍ ഭയത്തിന്റെ തോത് കുറവാണ്. പിന്നെ, രാഷ്ട്രീയമായ വായനകളുടെയും ചിന്തകളുടെയും കാലമാണിത്. ജീവിതവും പ്രവര്ത്തികളുംപോലും രാഷ്ട്രീയമാകുന്ന സമയം. അതിന്റെയൊരു തുടര്‍ച്ച എന്ന നിലയിലാണ് എഴുത്തിലും രാഷ്ട്രീയം കടന്നുവരുന്നത്.
മലയാള നവകഥയിൽ ഏറ്റവും അത്ഭുതപ്പെടുത്തിയ കഥാകൃത്ത്? കഥ?
ഉഗ്രന്‍ കഥകളും കഥാകൃത്തുക്കളുമാണ് നമുക്കു ചുറ്റുമുള്ളത്. എല്ലാവരെയും കാത്തിരുന്ന് വായിക്കാറുണ്ട്. അത്, ഒരേ സമയം ആനന്ദവും വെല്ലുവിളിയുമാണ്. മിക്കവരുമായും നല്ല സൗഹൃദവും സ്നേഹവുമുണ്ട്. ആരുടെയെങ്കിലും പേര് അതുകൊണ്ട് പറയുന്നില്ല. എല്ലാവരും നല്ല നല്ല കഥകളെഴുതട്ടെ. അതീന്ന് എന്താണ് പുതിയതായി പഠിക്കാന്‍ പറ്റുക എന്ന് ഉറ്റുനോക്കലാണ് എന്റെ പണി.
ഒരിക്കൽ എം.ടിക്കെതിരെ ഒരു വിദ്യാർത്ഥി ദുരാരോപണം നടത്തിയപ്പോൾ അതിനെതിരെ രംഗത്തുവന്ന എഴുത്തുകാരനാണ് താങ്കൾ. ഒരു യുവ എഴുത്തുകാരനെന്ന നിലയിൽ എം.ടിയേയും അദ്ദേഹത്തിന്റെ സംഭാനകളേയും എങ്ങനെ കാണുന്നു?
ഏറ്റവും ഒഴുക്കുള്ള ഗദ്യം എം.ടിയുടേതാണെന്നാണ് എന്റെ അഭിപ്രായം. വാക്കുകളുടെ ഇടതടവില്ലാത്ത പ്രവാഹം. അതു ചെന്നെത്തുന്ന വൈകാരികമായ തുരുത്തുകള്‍. വിഷാദത്തിന്റെ തീരങ്ങള്‍. മനുഷ്യന്റെ സങ്കടങ്ങളെ ഇത്രമേല്‍ എഴുതിയ മറ്റൊരെഴുത്തുകാരനുണ്ടാവില്ല. എം.ടിയുടെ മനുഷ്യരെല്ലാം ദു:ഖിതരാണ്. അത് കാലത്തിലെ സേതുവായാലും രണ്ടാമൂഴത്തിലെ ഭീമനായാലും. ഭാഷയുടെ വെട്ടിയൊതുക്കലില് എം.ടി. പ്രദര്‍ശിപ്പിക്കുന്ന കണിശത അധികം ആളുകള്‍ക്ക് അവകാശപ്പെടാനാവാത്തതാണ്. നോവലിലും കഥയിലും തിരക്കഥയിലും തിരഞ്ഞുപിടിച്ച വാക്കുകള്‍ മാത്രം. പ്രഫഷണല്‍ എഴുത്താണ് എം.ടിയുടേത്.
കുട്ടിക്കാലത്ത് എപ്പോഴെങ്കിലും ഒരു എഴുത്തുകാരനാകുമെന്ന് കരുതിയിട്ടുണ്ടോ? ഇല്ലെങ്കിൽ മറ്റെന്താകുമെന്നാണ് കരുതിയിരുന്നത്?
ചെറുപ്പം മുതലേ സ്വപ്നജീവിയാണ്. അങ്ങനെയുള്ള ആലോചനകളായിരിക്കാം എഴുത്തില്‍ എത്തിച്ചത്. ഞങ്ങളുടെ പരിസരം സാഹിത്യത്തിലേക്കു വരാന്‍ പ്രചോദിപ്പിക്കുന്നതൊന്നുമല്ല. അത്തരമൊരു സാംസ്കാരിക അന്തരീക്ഷം നാട്ടിലുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. സാഹിത്യത്തിനും കലയ്ക്കുമൊക്കെ അപ്പുറം ജീവിതമാണ് എല്ലാവരുടെയും പ്രശ്നം. അല്ലലും അലച്ചിലുമുള്ള ജീവിതം. അരക്ഷിതമായ ജീവിതം. അതുകൊണ്ട് അങ്ങനെ എളുപ്പം എഴുത്തില്‍ എത്താന്‍ പറ്റാത്ത അവസ്ഥതന്നെയാണിപ്പോഴും. പക്ഷേ, എങ്ങനെയോ എഴുതാനുള്ള വെമ്പലുണ്ടായി. അതിനുവേണ്ടി ഒത്തിരി വായിച്ചു. ആളുകളോട് സംസാരിച്ചു, അവരെ നിരീക്ഷിച്ചു. അങ്ങനൊക്കെ അങ്ങ് എഴുതുന്നു..
തീർത്തും വ്യക്തിപരമായ ഒരു ചോദ്യം. എഴുത്തുകാരന്റെ പ്രണയം മറ്റെല്ലാത്തരം ആളുകളുടെ പ്രണയത്തേക്കാൾ മനോഹരമാണെന്ന തോന്നൽ എനിക്കുണ്ട്. അബിൻ ജോസഫ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?
വ്യക്തമായി ഓര്‍ക്കുന്നില്ല.
എഴുതണമെന്ന് ഒരുപാട് തവണ മനസ്സിൽ കരുതിയിട്ടും എഴുതാതെ പോയ കഥാപാത്രങ്ങളുണ്ടോ?
അങ്ങനത്തെ ഒരുപാട് കഥകളും കഥാപാത്രങ്ങളുമുണ്ട്. ഞാന്‍ എഴുതുന്നതിനേക്കാള്‍ കൂടുതല്‍ എഴുതാനുള്ളതിനെ വിഭാവനം ചെയ്യലാണ് പതിവ്. ഓരോരോ കഥകള്‍ ആലോചിക്കും. അത് എങ്ങനെ എഴുതണം എന്നു സങ്കല്‍പ്പിക്കും. പക്ഷേ, അതൊന്നുമായിരിക്കില്ല ചിലപ്പോള്‍ എഴുതുന്നത്. എഴുത്തിന്റെ വഴികള്‍ എപ്പോഴും നിഗൂഢമാണല്ലോ. ചില നേരങ്ങളില്‍ തീര്‍ത്തും അപ്രതീക്ഷിതമായി, നമ്മള് നേരത്തെ ആലോചിച്ച കഥയും കഥാപാത്രവുമൊക്കെ മനസിലേക്കു തിരിച്ചുകയറിവരും. പല നഗരങ്ങളില്‍ ജീവിക്കുകയും പലതരം മനുഷ്യരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. അതൊക്കെ എപ്പോഴാവും കഥയിലേക്കു വരിക, കഥയായി മാറുക എന്നൊന്നും അറിയാന്‍വയ്യ. എങ്കിലും എല്ലാ മനുഷ്യര്‍ക്കും കഥകളുണ്ടല്ലോ. എല്ലാ മനുഷ്യരും കഥാപാത്രങ്ങളുമാണല്ലോ. അതില്‍ എത്രയെണ്ണം നമുക്ക് എഴുതാന്‍ പറ്റുന്നു എന്നതാണ് പ്രധാനം.
അടുത്ത കാലത്തായി താങ്കളിൽ നിന്നും ഒരു നോവൽ പ്രതീക്ഷിക്കാമോ?
നോവല്‍ ഒരു സ്വപ്നമാണ്.
