
അച്ഛന്റെ ഷര്‍ട്ടുകള്‍

അഭിരാമി എസ്. ആര്.
അച്ഛന്റെ ഷര്‍ട്ടുകളെല്ലാം
അസാധാരണമാം വിധം
അഴകുള്ളവയായിരുന്നു
വൃത്തിയുള്ളവ,
വടിവില്‍
ഇസ്തിരിയിട്ടവ.
തുരുമ്പിച്ച ഇരുമ്പലമാരയുടെ
ഇടത്തേയറ്റത്തെ നാലഞ്ചു
ഹാങ്ങറുകളില്‍
അവ സ്വതന്ത്രറിപ്പബ്ലിക്
പ്രഖ്യാപിച്ചു
തൂങ്ങിയാടുന്ന ഷര്‍ട്ടുകള്‍ക്ക് കീഴെ
മാര്‍ക്കറ്റില്‍ കിട്ടുന്ന
ഒരുതരം വില കുറഞ്ഞ
പെര്ഫ്യൂമുണ്ട്
അച്ഛന്റെ ഷര്‍ട്ടുകളുടെ മണമാണ്
അവയ്ക്ക്.

നിറം മങ്ങിയതോ
പിഞ്ഞിയതോ ആയ ഷര്‍ട്ടുകള്‍
യഥാസമയം അമ്മ
മാറ്റിക്കൊണ്ടിരുന്നു
തണുപ്പുകാലങ്ങളില്‍
ഞങ്ങള്‍ക്ക് സ്വെറ്ററായോ
അടുക്കളയില്‍ കൈക്കലയായോ
അവ ഉപയോഗിച്ചു പോന്നു.
വീട്ടിലെ പ്രധാനികളാണ്
അച്ഛന്റെ ഷര്‍ട്ടുകള്‍
കാടിയിലൊഴിക്കാതെ മാറ്റിവയ്ക്കുന്ന
കഞ്ഞിയിലാണവയ്ക്കു നീരാട്ട്
അയലത്തെ പശു ഇതുകണ്ട്
മുരടനക്കാറുണ്ട്
കഞ്ഞിപ്പശ മുക്കിയാല്‍ പിന്നെ
ചുളിവു വീഴാത്ത വിധം
ഷര്‍ട്ട് ഹാങ്ങറില്‍ തൂക്കണം
അച്ഛന്റെ ഷര്ട്ടുകളൊരിക്കലും
അയ തൊട്ടിട്ടില്ല
എന്റുടുപ്പുകളിലെപ്പോലെ
അവയില്‍
കയര്പ്പാട് വീഴാറുമില്ല.
ഷര്‍ട്ട് ഞെക്കിപ്പിഴിഞ്ഞ വെള്ളത്തില്‍
അച്ഛന്റെ വിയര്‍പ്പു മണക്കുന്ന
ബനിയനുകള്‍
ആകാശം നോക്കിക്കിടന്നു
അവയിലെ തുളകളെണ്ണിയാണ്
ഞാന്‍ കണക്ക് പഠിച്ചത്!