
അടർന്ന ഇലയുടെ നാമ്പ്

അഭിരാം എം പി
ഇലകളില്ലാതാവുകയും
വേരുകൾ നിലനിൽപ്പിന്റെ
അവസാന ഉറുമ്പിൻ പാതകളിലൂടെ
ആഴ്ന്നു പോവുകയും ചെയ്യുമ്പോൾ
നീയെന്റെ കയ്യുകളില്ലാത്ത തടിയിൽ
രസം പകരും.
വസന്തത്തിന്റെ ചോരകുഞ്ഞ്
എന്റെ മടിയൽ കാലിട്ടടിക്കും.
ഇനിയൊരു ചിറകൊതുക്കൽ
കൊതിച്ചൊരു തുന്നാരൻ കിളി
എനിക്ക് ചുറ്റും ചിറകടിക്കും.
ഭംഗിവാക്കുകളുടെ അഭാവത്തിൽ
നാമൊരു മരണത്തിൽ കണ്ടുമുട്ടും.
ഇതൊരു തുടക്കമാവുന്നു.
ഒരിക്കലൊരു ഋതുവിൽ
തിരിച്ചു കിട്ടാത്ത വിധം
തർജ്ജമ ചെയ്തു പോയ
പൂമ്പാറ്റ ചിറകിന്റെയറ്റത്ത്
ഇപ്പോഴൊരു പുഴുകുഞ്ഞിനെ
കാണുന്നില്ലേ ?
കാളിയനോ തക്ഷകനോ
ആവാമത് ; എന്നിരുന്നാലും
ഇതൊരു തുടക്കമാവുന്നു.